Image

മരടിന്റെ ദു:ഖം (ബാബു പാറയ്ക്കല്‍)

Published on 15 January, 2020
മരടിന്റെ ദു:ഖം (ബാബു പാറയ്ക്കല്‍)
കൂറ്റന്‍ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ മരടില്‍ മണ്ണിടിഞ്ഞ് ഭൂമികുലുക്കത്തില്‍ തകര്‍ന്നുവീണതല്ല. രാജ്യത്തിന്റെ പരമോന്നത കോടതി വിധി അനുസരിക്കാന്‍വേണ്ടി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തതാണ്. ഉയര്‍ന്നുപൊങ്ങിയ പൊടിപടലങ്ങള്‍ കെട്ടടങ്ങിയപ്പോള്‍ ഏതാണ് 70 ടണ്‍ കോണ്‍ക്രീറ്റ് കൂമ്പാരം അവിടെ അവശേഷിച്ചു. ലക്ഷക്കണക്കിന് ഞാനുള്‍പ്പടെയുള്ള ജനങ്ങള്‍ ടിവിയ്ക്കുമുന്നില്‍ മണിക്കൂറുകള്‍ ക്ഷമയോടെ കാത്തിരുന്നു. ചിലര്‍ ആര്‍പ്പുവിളിച്ചു. ചിലര്‍ പൊട്ടിക്കരഞ്ഞു. കോട്ടയത്ത് നാഗമ്പടത്ത് യില്‍ ഒരു ചെറിയ പാലം- ബ്രിട്ടീഷുകാരുടെ കാലത്ത് പണിതത് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ശ്രമിച്ചിട്ട് പാളിപ്പോയത് മറക്കാറായിട്ടില്ലല്ലോ. എന്നാല്‍ പാലാരിവട്ടം പാലം പണികഴിപ്പിച്ചിട്ട് രണ്ടു വര്‍ഷമായപ്പോഴേയ്ക്കും തന്നെ പൊളിഞ്ഞുവീണ ടെക്‌നോളജിയും നമുക്ക് മാത്രം അവകാശപ്പെട്ടതാണ്. അതുകൊണ്ട് മരടിലെ ഫ്‌ളാറ്റുകളുടെ അവസ്ഥ എന്താകും എന്ന ആകാംക്ഷയാണ് എന്വെ ടിവിയുടെ മുന്നിലിരുത്തിയത്. എന്തുതന്നെയായാലും ഇപ്രവാശ്യം ആസൂത്രണം ചെയ്തതുപോലെ തന്നെ കിറുകൃത്യമായി കാര്യങ്ങള്‍ നടന്നതില്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കഭിമാനിക്കാം.

ഈ കോണ്‍ക്രീറ്റ് കൂമ്പാരങ്ങള്‍ക്കിടയില്‍ തകര്‍ന്നടിഞ്ഞ ശവശരീരങ്ങളില്ല. പക്ഷെ അനേകരുടെ തകര്‍ന്നടിഞ്ഞ ജീവിതസ്വപ്നങ്ങളുണ്ട്. അവരുടെ ആത്മാവില്‍നിന്നുയരുന്ന തേങ്ങലുകള്‍ ചെവിയോര്‍ത്താല്‍ കേള്‍ക്കാവുന്നതാണ്. ആയുഷ്കാലം മുഴുവന്‍ പണിയെടുത്തുണ്ടാക്കിയ ജീവിതസമ്പാദ്യം ഒന്നാകെ ഒരു നിമിഷംകൊണ്ട് തകരുന്നത് കണ്ടു. ഞെട്ടിത്തരിച്ചു നില്‍ക്കുന്ന മനുഷ്യജീവികളുണ്ട്. അവരുടെ നിശ്വാസങ്ങള്‍ കായല്‍പ്പരപ്പിലെ ഓളങ്ങള്‍ പോലെ പരിണമിക്കുന്നുവെന്നു മാത്രം.  ഈ ദുരവസ്ഥയ്ക്ക് ആരാണുത്തരവാദികള്‍?

ഈ പൊളിഞ്ഞുവീണ ഫ്‌ളാറ്റുകളുടെ ഉടമസ്ഥര്‍ ആരൊക്കെയാണ്? മുഖ്യമായും അവര്‍ മൂന്നു ഗണത്തില്‍പ്പെടും.

ഒന്ന്: അനധികൃതമാണെന്നറിഞ്ഞിട്ടും ഇതിന്റെ നിര്‍മ്മാണത്തിന് സര്‍വ്വ ഒത്താശകളും ഒരുളുപ്പുമില്ലാതെ ചെയ്തുകൊടുത്തിട്ട് അതിന്റെ പ്രതിഫലമായി സൗജന്യമായി ഫ്‌ളാറ്റുകള്‍ കിട്ടിയ അധികാരശ്രേണിയിലുള്ളവര്‍.

രണ്ട്: ബിനാമിമാര്‍. അതായത് കള്ളപ്പണം വെളുപ്പിക്കാന്‍ വല്ലവരുടേയും പേരില്‍ വാങ്ങി സൂക്ഷിക്കുന്നവര്‍.

മൂന്ന്: സ്വന്തം കഠിനാധ്വാനത്തിന്റെ ഫലം കൊണ്ടു വാങ്ങുന്നവര്‍. ഇതില്‍ രണ്ടു വിഭാഗമുണ്ട്. ഒന്ന്- ധാരാളം പണമുള്ള നിക്ഷേപകര്‍. ഇവര്‍ ഒന്നോ അതിലധികമോ വാങ്ങിയിട്ട് വില കൂടുമ്പോള്‍ നല്ല ലാഭത്തില്‍ വില്‍ക്കും. രണ്ട്- ജീവിതകാലം മുഴുവന്‍ വിദേശ രാജ്യങ്ങളില്‍ കഷ്ടപ്പെട്ട് ജോലി ചെയ്ത് തിരിച്ചുവരുമ്പോള്‍ നഗരത്തില്‍ ഭേദപ്പെട്ട ഒരു താമസ സ്ഥലം സ്വപ്നം കണ്ട്, ജീവിത സമ്പാദ്യം മുഴുവന്‍ നല്കിയും കടമെടുത്തും ഫ്‌ളാറ്റ് വാങ്ങുന്നവര്‍. ഇതില്‍ ആദ്യത്തെ രണ്ടു കൂട്ടര്‍ക്കും ദു:ഖിക്കാനൊന്നുമില്ല. എന്നാല്‍ അതല്ലല്ലോ മറ്റുള്ളവരുടെ അവസ്ഥ.

സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കുമെന്നു പറയുന്നു. ആരുടെ പണമാണ് ഇവര്‍ എടുത്തുകൊടുക്കുന്നത്? ജീവിതം തന്നെ "ഫ്‌ളാറ്റായി' കിടക്കുന്ന ചെറുകിട കര്‍ഷകരും പാവപ്പെട്ടവരും നല്‍കുന്ന നികുതി പണത്തില്‍ നിന്നാണ് ഇതു കൈയിട്ടു വാരുന്നത്.

ഈ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി അവിടെ പണിത "ബില്‍ഡര്‍മാരരും, അതിന് അനധികൃതമായി സര്‍വ്വ പെര്‍മിറ്റുകളും ശരിയാക്കികൊടുത്ത സര്‍ക്കാര്‍ ജീവനക്കാരും ആരൊക്കെയാണ്? ഇത്ര വലിയ സംഭവമായിട്ടും ഇതിന്റെ നിര്‍മ്മാതാക്കള്‍ ആരാണെന്ന് ഒരു പ്രമുഖ പത്രമോ, ടിവി ചാനലോ ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല. അവര്‍ ആരാണെന്നും ആരൊക്കെയാണ് കൃത്രിമ രേഖകള്‍ ചമച്ചുകൊടുത്തതെന്നും കണ്ടു പിടിക്കാന്‍ "ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ'ത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്ന പത്രപ്രവര്‍ത്തര്‍ക്കാര്‍ക്കും കഴിയുന്നില്ലേ? ഇതിന്റെ പേരില്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരാരും ജയിലില്‍ പോകില്ലെന്നെല്ലാവര്‍ക്കുമറിയാം. കാരണം ഇതു കേരളമാണ്. ഏതു പാര്‍ട്ടി ഭരിച്ചാലും അധികാരത്തില്‍ വന്നാലും പണമുണ്ടെങ്കില്‍ ഏതു നിയമവും ലംഘിക്കാം. ബില്‍ഡര്‍മാര്‍ വീണ്ടും ഫ്‌ളാറ്റുകള്‍ പണിയും. ഒരു രാഷ്ട്രീയക്കാരനും, മാധ്യമ പ്രവര്‍ത്തകരും ചെറു വിരലുപോലുമനക്കില്ല. പണം മുടക്കുന്ന സാധാരണക്കാര്‍ സൂക്ഷിക്കുക. അത്രതന്നെ.

Join WhatsApp News
Sabu Scaria 2020-01-15 12:20:52
It is the story of unfortunate common man of our banana republic end up as collateral damages in the shady nexus of crooked politicians, corrupt officials and incorrigiblebuilders. God save us.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക