Image

അഗ്‌നിമീളേ (കവിത: രമ പ്രസന്ന പിഷാരടി)

Published on 14 January, 2020
അഗ്‌നിമീളേ (കവിത: രമ പ്രസന്ന പിഷാരടി)
ജാലകം  തുറക്കവെ
അഗ്‌നിനാളങ്ങള്‍ ചുറ്റി
യോടിയ ഭൂഖണ്ഡത്തിന്‍
പുകയാണിന്നും മുന്നില്‍.
പാതിനിര്‍ത്തിയ വരി
തെറ്റുന്നു പാഴ്ക്കാറ്റുകള്‍
പാതിരാച്ചോലയ്ക്കുള്ളില്‍
താഴ്ത്തുന്നു നിലാവിനെ
ചിറകറ്റൊരു പക്ഷി
കരിഞ്ഞ തൂവല്‍ക്കൂട്ടില്‍
കരയാന്‍ പോലും
മറന്നിരിക്കും യാമങ്ങളില്‍
ഉടഞ്ഞ ചില്ലില്‍ കനല്‍
ത്തരിവീണെരിയുന്ന
മുറിവായ് ആകാശവും
ഭൂമിയും നീറിടവെ 
അഗ്‌നിമീളേ പുരോഹിതം
അറിവിന്‍ വേദമെങ്കിലും
മന്ത്രഹീനം ദയാഹീനം
ആരോ ചൊല്ലിയുലച്ചത്
കത്തിയും ചോപ്പും, കരി
വേഷവും തീ തുപ്പുന്ന
നിത്യരൗദ്രമാം നിഴല്‍
മുഖങ്ങള്‍ ഗര്‍ജ്ജിക്കവെ
വനദേവകള്‍ പോറ്റി
പുലര്‍ത്തുമെന്നാശിച്ച
വനത്തെ തീജ്ജ്വാലകള്‍
കുടിച്ചു വറ്റിക്കവെ
ഇരുളിന്‍ നീരാളിക്കൈ
വലിച്ചു കുടയുന്ന
പ്രപഞ്ചദു:ഖത്തിന്റെ
പ്രക്ഷുബ്ദസമുദ്രമേ!
ഇത്തിരി ജലം തൂവി
ശാന്തമാക്കുക ദൂരെ
മൃത്യുവിന്‍ കൈയാല്‍
ചുറ്റിപ്പിടിച്ച ഭൂഖണ്ഡത്തെ
രക്തപുഷ്പങ്ങള്‍ ചൂടി
നില്‍ക്കുന്നു വസുന്ധര
കത്തുന്നു മഴക്കാടും
മൗനവും, വേഴാമ്പലും.

Join WhatsApp News
ജോസഫ് നമ്പിമഠം 2020-01-15 13:34:28
മനോഹരമായ കവിത. അഭിനന്ദനങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക