Image

അയോദ്ധ്യ അല്ലെങ്കില്‍ അയുത്തായ (തായ്‌ലന്‍ഡ് യാത്ര 2: വിനോദ് കുറൂര്‍)

Published on 13 January, 2020
  അയോദ്ധ്യ അല്ലെങ്കില്‍ അയുത്തായ (തായ്‌ലന്‍ഡ് യാത്ര 2: വിനോദ് കുറൂര്‍)
ബാങ്കോക് സിറ്റി പരിധിയിൽ ഉള്ള ഖ്ലോങ്ങ് ലാഡ്‌ മയോം (Khlong Lad Mayom) എന്ന ഫ്ലോട്ടിങ് മാർക്കറ്റ് ഒന്ന് സന്ദർശിക്കുന്നത് കേരളീയർക്ക് കൗതുകകരം ആയിരിക്കും. കുമരകം ആലപ്പുഴ എറണാകുളം തുടങ്ങിയ വേമ്പനാട്ടുകായൽ പ്രദേശങ്ങളിലേക്ക് കൂടുതൽ വിദേശ സഞ്ചാരികളെ ആകർഷിക്കുവാനായി അധികം പരിസ്‌ഥിതി നാശം കൂടാതെ പണിതെടുക്കാവുന്ന ഒന്നാണ് ഫ്‌ളോട്ടിങ് മാർക്കറ്റ്. ചെറിയ തോടുകളുടേയും കനാൽ കൈവഴികളുടേയും വശങ്ങളിൽ വെള്ളത്തിൽ തൂണുറപ്പിച്ച് നിർത്തി വെള്ളത്തിൽ നിന്ന് രണ്ടടിയോളം പൊങ്ങി നിൽക്കുന്ന രീതിയിൽ ഒരു പ്ലാറ്റ് ഫോം കെട്ടിപ്പൊക്കി ഷീറ്റുകൊണ്ട് മേൽക്കൂരയും ഉണ്ടാക്കിയാൽ അത് ഫ്‌ളോട്ടിങ് മാർക്കറ്റ് ആയി. കൗതുക വസ്തുക്കൾ തുണിത്തരങ്ങൾ നാടൻ ഭക്ഷണപാനീയങ്ങൾ എന്നു തുടങ്ങി എന്ത് സാധനവും ഈ മാർക്കറ്റിൽ വിൽക്കുവാൻ സാധിക്കും. ചെറു ബോട്ടുകളിൽ സഞ്ചരിക്കുന്നവർക്ക് ഇരുകരയിലും അത് അടുപ്പിക്കുവാനും ബോട്ടിലിരുന്നു തന്നെ സാധനങ്ങൾ മേടിക്കുവാനും സാധിക്കും. ഒരേ സമയം തന്നെ ബോട്ടു തൊഴിലാളികൾക്കും സാധനങ്ങൾ വിൽക്കുന്ന കടക്കാർക്കും ഒക്കെ സ്ഥിരമായ വരുമാനം ഉണ്ടാക്കുവാൻ ഇതുവഴി സാധിക്കും. നാല് പേർക്ക് ഒരു മണിക്കൂർ നേരത്തേക്ക് രണ്ടായിരം ബാത്ത് (ഏകദേശം അയ്യായിരം രൂപാ) ആണ് കൂലി. ഇതിന്റെ നാലിലൊന്നു ചിലവിൽ നമുക്ക് ഇത് നമ്മുടെ നാട്ടിലും നടപ്പാക്കാം. ആനപ്പുറത്തിരുന്ന് സഞ്ചരിക്കൽ ട്രാക്ടറിന്റെ ചെറുപതിപ്പ് ചേറിൽക്കൂടെ ഓടിക്കൽ അങ്ങനെ മറ്റുപരിപാടികൾ കൂടി ചേർത്താൽ നമുക്ക് ധാരാളം വരുമാനമുണ്ടാക്കാൻ സാധിക്കും. കരിക്കു വെട്ടുന്നതും തെങ്ങു കയറുന്നതും റബര് വെട്ടുന്നതും ഒക്കെ കാഴ്ചകളാക്കി മാറ്റി നമ്മുടെ കാശ് പിടുങ്ങാൻ തായ്‌ലാൻഡ് നിവാസികൾക്ക് നല്ല കഴിവാണ്.    

ബാങ്കോക്കിന് എൺപത് കിലോമീറ്റര് വടക്കായി സ്ഥിതിചെയ്യുന്ന ഒരു പൗരാണിക സിറ്റിയാണ് അയുത്തായ. അയോദ്ധ്യ എന്ന പേരിൽ നിന്നാണ് അയുത്തായ എന്ന പേരുണ്ടായത് എന്ന് കരുതുന്നു. സിയാം (ശ്യാം എന്ന സംസ്കൃതം വാക്കിൽ നിന്നാണ് സിയാം എന്ന പേരുണ്ടായത്. ഇരുണ്ടത് എന്നർത്ഥം) രാജവംശം തായ്‌ലാൻഡിന്റെ ഭരണം നടത്തിവന്ന സമയത്ത് അതിന്റെ തലസ്ഥാനം ആയി വർത്തിച്ചത് അയുത്തായ ആണ്. പതിനാല് തൊട്ട് പതിനെട്ട് നൂറ്റാണ്ടു വരെ നാട് ഭരിച്ചിരുന്നത് സിയാം രാജവംശമാണ്. ബർമ്മയിൽ നിന്നുള്ള തുടർച്ചയായ ആക്രമണങ്ങൾ നേരിടേണ്ടി വന്നു ഇവർക്ക്. ഇടക്ക് പലപ്പോഴും രാജ്യം കൈവിട്ടുപോയെങ്കിലും ഉടൻ തന്നെ തിരിച്ചുപിടിക്കുവാൻ ഇവർക്കായി. പക്ഷെ തുടർച്ചയായുള്ള ആക്രമണങ്ങൾ ക്ഷീണിപ്പിച്ച് ഒടുവിൽ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ ബർമയ്ക്കു മുന്നിൽ കീഴടങ്ങാൻ ആയിരുന്നു ഇവരുടെ വിധി. പാനിപ്പത്ത് യുദ്ധം പോലെ തുടർ യുദ്ധങ്ങൾ ആയിരുന്നു അവയെല്ലാം. അവസാന യുദ്ധത്തിൽ വിജയിച്ച ബർമക്കാർ അയുത്തായ എന്ന പൗരാണിക നഗരത്തെ തവിടുപൊടിയാക്കി. കോട്ടകളും ബുദ്ധക്ഷേത്രങ്ങളും കൊട്ടാരങ്ങളും ഒക്കെ അവർ തട്ടി മറിച്ചു. ഇപ്പോഴും ഇടിവുതട്ടാതെ നിൽക്കുന്ന കുറച്ചു ഭാഗങ്ങൾ ഒഴിച്ചാൽ ഒന്നും മിച്ചമില്ലാത്ത അവസ്‌ഥ. പതിനെട്ടാം നൂറ്റാണ്ടിൽ തെക്കുംകൂർ ആക്രമിച്ച മാർത്താണ്ഡവർമ കോട്ടയുണ്ടായിരുന്ന കോട്ടയത്തെ തച്ചുടച്ചതുപോലെ ബർമക്കാരും ചെയ്തു. കിംഗ് ടാക്സിനെ (Taksin)  അയുത്തായ തിരിച്ചുപിടിക്കാൻ സഹായിച്ചത് സൈന്യത്തിൽ ജനറൽ ആയിരുന്ന ഫ്രാ ബുദ്ധ യോഡ്ഫാ ചുലലോകേ  Phra Buddha Yodfa Chulaloke
(പിന്നീട് രാമ ഒന്നാമൻ എന്ന പേരിൽ ചക്രി രാജവംശം സ്ഥാപിച്ചു) ആണ്. ബർമ്മക്കാരെ തോൽപ്പിച്ച് തിരിച്ചുപിടിച്ച രാജ്യം പിന്നീട് ടാക്‌സിൻ രാജാവിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കുകയായിരുന്നു രാമ ഒന്നാമൻ. അദ്ദേഹം അയുത്തായ നഗരം ഉപേക്ഷിച്ച് സിയാമിന്റെ തലസ്‌ഥാനം ബാങ്കോക്കിലേക്ക് മാറ്റുകയാണുണ്ടായത്.

അയുത്തായ ഹിസ്റ്റോറിക്കൽ പാർക്കും വാട്ട് മഹാതടും (വാട്ട് എന്ന തായ് പ്രയോഗം ക്ഷേത്രത്തെ സൂചിപ്പിക്കുന്നു. കംബോഡിയയിലെ ആങ്കർ വാട്ടും പ്രസിദ്ധ ക്ഷേത്രമാണല്ലോ) കാണേണ്ട സ്ഥലങ്ങൾ തന്നെ. സ്ലീപ്പിങ് ബുദ്ധ, ആൽമരത്തിന്റെ വേരിൽ തല മാത്രം കാണുന്ന തരത്തിലുള്ള ബുദ്ധൻ എന്നിവയൊക്കെയാണ് ഇവിടുത്തെ പ്രത്യേകതകൾ. യുദ്ധങ്ങളുണ്ടാക്കുന്ന സാംസ്കാരികവും സാമൂഹികവുമായിട്ടുള്ള നാശങ്ങൾ നമ്മെ ഓർമ്മിപ്പിക്കാൻ ഈ വേൾഡ് ഹെറിറ്റേജ് സൈറ്റ് സഹായിക്കും.

ഒരു രാജ്യത്തിൻറെ നിലനിൽപ്പ് അതിന്റെ ചരിത്രത്തോടുള്ള, ഭൂതകാലത്തോടുള്ള സ്നേഹത്തിലാണ്. ഓർമ്മിക്കത്തക്കതായ ഒരു ചരിത്രമുള്ള സിയാം (ഇപ്പോഴത്തെ തായ്‌ലാൻഡ്)  ജനത എന്തുകൊണ്ട് ചരിത്രത്തെ മറക്കുന്നു എന്നുള്ള ചോദ്യത്തിന് ഉത്തരമായാണ് ലേക് വിരിയഫന്ത് (Lek Viriyaphant) എന്ന വ്യവസായി ബാങ്കോക് നഗരത്തിൽ നിന്ന് അൻപതോളം കിലോമീറ്റര് അകലെ എൻഷ്യന്റ് സിറ്റി സ്ഥാപിച്ചത്. അയുത്തായ എന്ന സ്വപ്നനഗരത്തെ തച്ചുടച്ച ബർമക്കാർ ഒരു സംസ്കാരത്തെയാണ് ഇല്ലാതാക്കാൻ നോക്കിയത്. അതിനാൽത്തന്നെ അതിന്റെ പുനർനിർമാണം മറ്റൊരു സ്ഥലത്ത് നടത്തുക എന്ന മഹത്തായ ദൗത്യം ആണ് ഇദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്. നൂറുകണക്കിന് ഏക്കറുകളായി വ്യാപിച്ചുകിടക്കുന്ന ഒരു പാർക്ക്. അതിൽ  വിസ്തൃതമായ തടാകം. അയുത്തായയിലുണ്ടായിരുന്ന ബുദ്ധ ക്ഷേത്രങ്ങളും കൊട്ടാരവും ഒക്കെ അതേ കൊത്തുപണികളോടെ എട്ടിൽ ഒന്നും പന്ത്രണ്ടിൽ ഒന്നും സ്കെയിൽ സൈസുകളിൽ പുനർ നിർമ്മിച്ച് ജനങ്ങളെ ചരിത്രപഠനത്തിന് പ്രേരിപ്പിക്കുക എന്ന മഹത്തായ ദൗത്യം ലക്‌ഷ്യം നിറവേറ്റും എന്നുള്ള സൂചനകൾ ആണ് നൽകുന്നത്. ഇപ്പോഴും ഉള്ളിൽ പണികൾ നടന്നുകൊണ്ടിരിക്കുന്നു. അയുത്തായയിലെ ദ്രവിച്ച തൂണുകൾ ഇവിടെയുമുണ്ട്. പക്ഷേ അവയെ സ്മാരകമാക്കി നിലനിർത്തിക്കൊണ്ട് കൊട്ടാരങ്ങളും ക്ഷേത്രങ്ങളും പുനർജനിക്കുന്നു ഇവിടെ. എന്തൊരു ഭംഗിയാണ് അവ കാണുവാൻ. സ്വർണ വർണമുള്ളത് കറുത്ത മേൽക്കൂര ഉള്ളത്. അസ്തമയ സൂര്യന്റെ കിരണങ്ങളേറ്റ് തിളങ്ങുന്ന നിർമ്മിതികൾ. ഉള്ളിലേക്ക് പോകുവാനും വരുവാനും തികച്ചും സൗജന്യം ആയി സൈക്കിളും. ഞാനും ഭാര്യയും കുട്ടികളും സൈക്കിളിൽ കയറി അവിടെ മുഴുവൻ ചുറ്റിക്കണ്ടു. കുറെ സ്ഥലങ്ങൾ നടന്നു കണ്ടു. തായ്‌ലൻഡിലെ ചൂടിനെ മറികടക്കാൻ ഒത്തിരി വെള്ളം കുടിക്കേണ്ടി വന്നു. ഒടുവിൽ വൈദ്യുത ദീപപ്രഭയിൽ ഇവയൊക്കെ തിളങ്ങി നിൽക്കുന്നത് കണ്ടിട്ടാണ് ഞങ്ങൾ അവിടം വിട്ടത്. തായ്‌ലാൻഡ് പെൺകുട്ടികളുടെ പരമ്പരാഗത നൃത്തവും അവിടെ അരങ്ങേറിയിരുന്നു. തിരുവാതിരയുടെ നൃത്തച്ചുവടുകളെ അനുസ്മരിപ്പിക്കുന്ന ഒരു നൃത്തരൂപം. ശരീരം വളരെ പതുക്കെമാത്രം ചലിപ്പിക്കുന്നു. പക്ഷെ പരമ്പരാഗത വേഷത്തിൽ അവരുടെ കലാപ്രകടനം നല്ല ഓർമ്മകൾ ആണ് ഞങ്ങൾക്ക് നൽകിയത്. ഭാര്യയും മക്കളും അതിലൊരാളുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. മറ്റൊരു സ്ഥലത്ത് ബോക്സിങ് പരിശീലനവും നടക്കുന്നുണ്ടായിരുന്നു.

ഒരു ദിവസം പട്ടായയിൽ കടൽത്തീരമാസ്വദിക്കുകയും ബിഗ് ബുദ്ധ ക്ഷേത്രം സന്ദർശിക്കുകയും ചെയ്തിരുന്നു. കടുവകളുടെ കൂടെ നിന്ന് ഫോട്ടോ എടുക്കാവുന്ന ടൈഗർ പാർക്കും അന്ന് കണ്ടു.മറ്റൊരു ദിവസം ബാങ്കോക്കിൽ വാട്ട്  അരുൺ ക്ഷേത്രവും ചൈനീസ് മാർക്കറ്റും ഒക്കെയായി പോയിക്കിട്ടി. ബാങ്കോക്കിൽ അവസാന ദിവസം മസ്സാജും പ്രതുനാം എന്ന സ്ഥലത്തെ ഷോപ്പിംഗ്‌മാൾ സന്ദർശനവും ഒക്കെയായി ചിലവഴിച്ചു. മലേഷ്യയിലെ മലാക്ക സന്ദർശനം ബാക്കി വച്ചതുപോലെ  ഗ്രാൻഡ് പാലസ് സന്ദർശനവും  വാട്ട് ഫോ എന്ന ക്ഷേത്ര സന്ദർശനവും ബാക്കി വച്ചിട്ട് ഞങ്ങൾ നാട്ടിലേക്ക് തിരികെ പോന്നു. മഴയുണ്ടെകിലും 38 മുതൽ 42 ഡിഗ്രി വരെ പോകുന്ന ചൂടൻ കാലാവസ്ഥ ചില സമയത്ത് നമ്മുടെ തമിഴ്‌നാടിനെ ഓർമിപ്പിക്കും. ചോളന്മാരും തായ്‌ലണ്ടിന്റെ ഭാഗം കുറച്ചുനാൾ കൈവശം വച്ചിരുന്നല്ലോ.

രാത്രിയിൽ പുറത്തിറങ്ങിയാൽ റോഡ് സൈഡിൽ ഇരുന്ന് മദ്യപിക്കുന്ന സ്ത്രീ പുരുഷന്മാരെ കാണാം. അൽപ വസ്ത്ര ധാരിണികൾ സ്ട്രീറ്റ് കയ്യടക്കും. ഇന്ത്യയിൽ വിൽപ്പന നിരോധിക്കപ്പെട്ട സെക്സ് ടോയ്‌സ് ഒക്കെ അവിടെ വഴിയരികിൽ കിട്ടും. ജീവിതം ആഘോഷിക്കുവാനുള്ളതാണ്. അതാണ് ആ ജനതയുടെ തത്വശാസ്ത്രം.  

ഒരു മലേഷ്യൻ റിങ്കിറ്റ് 18.3 രൂപയായിരിക്കുമ്പോഴാണ് ഞങ്ങൾ മലേഷ്യക്ക് യാത്ര നടത്തിയത്. നാലുപേർക്ക് ഒരു ദിവസത്തെ ആഹാരം ടാക്സി ചാർജ് ബസ് ട്രെയിൻ ചാർജ് വിവിധ സ്ഥലങ്ങളിലെ എൻട്രി ഫീ എന്നിവ ചേർത്ത് ഒരു ദിവസം പതിനായിരം രൂപ ആവറേജിൽ നിന്നപ്പോൾ തായ്‌ലൻഡിൽ അത് പതിനയ്യായിരം ആയി മാറി.  അതും രണ്ടര രൂപക്ക് ഒരു തായ് ബാത്ത് കിട്ടുമ്പോൾ. അതുകൂടി മനസ്സിൽ വച്ചേ തായ്‌ലാൻഡിലേക്ക് ഒരു ട്രിപ്പ് നിങ്ങൾ പ്ലാൻ ചെയ്യാവൂ.

ലോഡ്ജ് സെപ്പറേറ്റ് ബുക്ക് ചെയ്ത് ഫ്ലൈറ്റ് മറ്റു യാത്രാമാർഗങ്ങൾ ഒക്കെ അവനവൻ തന്നെ  ബുക്ക് ചെയ്തുപോയാൽ നമുക്കാവശ്യമുള്ള സ്ഥലങ്ങൾ കാണാം- നമ്മുടെ സമയത്തിന്, നമ്മുടെ ഇഷ്ടത്തിന്. ചിലവും താരതമ്യേന കുറവായിരിക്കും. ഇന്ത്യൻ ഹോട്ടലുകൾ മിക്ക വലിയ സിറ്റികളിലും ഉണ്ട്. പ്യുവർ വെജ്ജും ഹലാലും ഒക്കെയുണ്ട്. സ്ട്രീറ്റ് ഫുഡിന് വില കുറവുണ്ട്. പക്ഷെ കൂടുതലും തായ് ചൈനീസ് വിഭവങ്ങൾ ഒക്കെത്തന്നെ. രാത്രി ജീവിതം ആഘോഷിക്കുന്നവർ ആയതിനാൽ മിക്ക ഹോട്ടലുകളും രാവിലെ പതിനൊന്നു മണിക്ക് ശേഷമേ തുറക്കൂ. അതിനാൽ രാവിലത്തെ ഭക്ഷണം ബ്രെഡ് ജാം ഫ്രൂട്സ് നട്സ് ഇവയിലൊതുക്കുക. ഉച്ചക്ക് ഇന്ത്യൻ ഹോട്ടലിൽ കഴിക്കുവാൻ പാകത്തിന് യാത്ര പ്ലാൻ ചെയ്യുക. ഇല്ലെങ്കിൽ ബ്രഞ്ച് കഴിച്ചിട്ട് വൈകിട്ട് നല്ലവണ്ണം ഭക്ഷണം കഴിക്കുക. ലഘു ഭക്ഷണം വെള്ളം എന്നിവ എപ്പോഴും കയ്യിൽ കരുതുക. ടാക്സികൾക്ക് പൊതുവെ ഇന്ത്യൻ റേറ്റ് ഒക്കെയേ ഉള്ളൂ. ടുക് ടുക്  എന്ന ത്രീ വീലർ നമ്മുടെ ഓട്ടോയെ അനുസ്മരിപ്പിക്കും. റേറ്റും ഡ്രൈവറുടെ സ്വഭാവവും ഒക്കെ അതുപോലെ തന്നെ. ഗ്യാസിലാണ് വണ്ടി ഓടുന്നത്, മിക്കതിനും സൈഡ് മൂടിയിട്ടില്ല എന്നതൊക്കെയാണ് വ്യത്യാസം. മഴപെയ്താൽ നാം നനയുകയും ചെയ്യും.

ആറു മാസം മുൻപെങ്കിലും  ഫ്ലൈറ്റ് ബുക്ക് ചെയ്താൽ കുറഞ്ഞ വിലക്ക് ടിക്കറ്റ് കിട്ടും. സ്വന്തം പ്ലാനിങ്ങിൽ വിശ്വാസം ഇല്ലാത്തവർ പാക്കേജ് ടൂർ തന്നെ തിരഞ്ഞെടുക്കുക.
  അയോദ്ധ്യ അല്ലെങ്കില്‍ അയുത്തായ (തായ്‌ലന്‍ഡ് യാത്ര 2: വിനോദ് കുറൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക