Image

അഹല്യ (കവിത: ഡോ.എസ് രമ)

Published on 11 January, 2020
അഹല്യ (കവിത: ഡോ.എസ് രമ)
വിധാതാവിന്‍  പുത്രി
ഗൗതമ പത്‌നി
കരിനീലമിഴികളില്‍
കറുത്തിരുണ്ട കാര്‍
കൂന്തലിലതിമനോഹരിയും

 ഗര്‍വ്വിഷ്ടനാം ഗൗതമനെ
പ്രിയമോടെ പരിചരിച്ച
പ്രിയതമയവള്‍..
കാമം കത്തുമന്യപുരുഷന്റെ
കണ്ണുകളിലംഗലാവണ്യ
മവള്‍ക്കു  ശാപമായി...

ഒരു ദിനം പ്രഭാതസന്ധ്യയിലെത്തി..
പ്രിയതമ രൂപധാരിയാം
ദേവരാജന്‍...
ഭോഗാസക്തിയൊരഗ്‌നി
യാകവേ....
ദൃക്‌സാക്ഷിയായെത്തി
മാമുനിയും..
ദൃഷ്ടികളഗ്‌നി ഗോളങ്ങളായി....

ശാപവചസ്സുകളില്‍
ശിരസ്സു കുമ്പിട്ടവളൊരു
ശാപശിലയായി...
കാനന മധ്യേ തപസ്സു ചെയ്തു.

തപിക്കും വേനലില്‍..
ചൊരിയും പേമാരിയില്‍..
വര്‍ഷിക്കും ഹിമപാതങ്ങളില്‍
പൊടിപടലങ്ങള്‍ മൂടിയൊരു
പാപപങ്കിലയവള്‍...

പൈതങ്ങളെ കാണാതൊരമ്മമനം  വിങ്ങി...
വന്യമൃഗപാദതാഡനങ്ങളൊരു
വേദനയാകവേവള്ളിപടര്‍പ്പുക
ളവള്‍ക്കാവരണമായി....

തീഷ്ണയൗവ്വനമൊരു
തപശിലയായിരുണ്ടു...
ത്രേതായുഗത്തിലെത്തീ
മര്യാദാ പുരുഷോത്തമന്‍..
പാദസ്പര്‍ശത്തിലവള്‍ക്കും
പാപമോചനം...

പല മുഖങ്ങളിലവളിന്നും
യുഗങ്ങള്‍ താണ്ടുന്നു...
അഭിനവ ഗൗതമന്‍മാരിന്നും
 സ്വന്തം നേട്ടങ്ങള്‍
 ലക്ഷ്യമാക്കു ന്നു...

ആത്മരതികളിലവരുതിര്‍ക്കും
അവഗണനകളുടെ..
ശാപവചസ്സുകളിലവളെന്നും
തിരസ്കൃത...
കാമത്തിന്‍ പ്രതിരൂപങ്ങള്‍
തീര്‍ക്കും മായാവലയങ്ങ
ളിലപമാനിക്കപ്പെടുമനവധി
സ്ത്രീജന്മങ്ങളുടെ  പ്രതീകമവള്‍...
കാമാര്‍ത്തി നിറയും..
കഴുകന്‍ കണ്ണുകളില്‍
നിന്നുമോടിയൊളിക്കവേ...
രാമാഗമനമൊരു
മിഥ്യയെന്നവളറിയുന്നു...

കഠിനതപസിന്‍  നെരിപ്പോടുകളില്‍..
സ്വയമെരിയും
മുഖങ്ങളിലഹല്യമാരിനിയും
പിറക്കും....



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക