Image

ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദ് ഒമാന്റെ പുതിയ സുല്‍ത്താന്‍

Published on 11 January, 2020
ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദ് ഒമാന്റെ പുതിയ സുല്‍ത്താന്‍
മസ്‌കറ്റ്: ഒമാന്റെ പുതിയ സുല്‍ത്താനായി ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദ് ചുമതലയേറ്റു. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് അല്‍ സയിദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഹൈതം ബിന്‍ താരിഖിനെ പുതിയ ഭരണാധികാരിയായി തെരഞ്ഞെടുത്തത്. പൈതൃക, സാംസ്‌കാരിക മന്ത്രിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. അന്തരിച്ച സുല്‍ത്താന്‍ ഖാബൂസിന്റെ ബന്ധു കൂടിയാണ് ഹൈതം.

ശനിയാഴ്ച രാവിലെ ഫാമിലി കൗണ്‍സലിനു മുന്നില്‍ ഹൈതം ബിന്‍ താരിഖ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

പുതിയ സുല്‍ത്താനെ നേരത്തേ സുല്‍ത്താന്‍ ഖാബൂസ് തീരുമാനിച്ചിരുന്നു. സുല്‍ത്താന്‍ ഖാബൂസ് മുദ്ര വച്ചു നല്കിയിരുന്ന വില്പത്രം മരിച്ചു കബറടക്കത്തിനു തൊട്ടു മുന്‍പ് അല്‍ ബുസ്താന്‍ പാലസില്‍ റോയല്‍ ഫാമിലി കൗണ്‍സില്‍ തുറന്നു തീരുമാനങ്ങള്‍ വെളിപ്പെടുത്തി.

എല്ലാ രാജ്യങ്ങളുമായും സമാധാനപരമായ സഹവര്‍ത്തിത്വവും സൗഹൃദ്ബന്ധവും സ്ഥാപിക്കുമെന്ന് അദ്ദേഹം രാജ്യത്തോടായി നടത്തിയ സന്ദേശത്തില്‍ പറഞ്ഞു. സുല്‍ത്താന്‍ ഖാബൂസ് പുലര്‍ത്തിയ നയങ്ങള്‍ തന്നെയാവും രാജ്യം തുടരുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1954 ഒക്ടോബര്‍ 23-നു ജനിച്ച അല്‍ സയിദ് രാജകുടുംബാംഗമായ ഹൈതം ബിന്‍ താരിക് അല്‍ സയിദ് തികഞ്ഞ കായിക പ്രേമി കൂടിയാണ്. എണ്‍പതുകളില്‍ ഒമാന്‍ ഫുട്ബോള്‍ അസോസിയേഷന്റെ ആദ്യ തലവനായി. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടി. പിംബോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ ഉന്നതപഠനം. വിവിധ മന്ത്രാലയങ്ങളിലും സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക