Image

നമ്മളിലൂടെ കടന്നു പോയ ആളുകൾ (എന്റെ വൈക്കം -4: ജയലക്ഷ്മി)

Published on 05 January, 2020
നമ്മളിലൂടെ  കടന്നു പോയ ആളുകൾ (എന്റെ  വൈക്കം -4: ജയലക്ഷ്മി)
കുട്ടിക്കാലത്തു പറമ്പിലൂടെ നടന്നായിരുന്നു പല്ലു തേച്ചിരുന്നത്.തെക്കേ വേലിയുടെ അറ്റം വരെ പോകും അവിടെ ലതയും,ഗിരിയും എന്നെ നോക്കി നിൽപ്പുണ്ടാവും പേസ്റ്റു കിട്ടുവാൻ വേണ്ടി.അക്കാലത്തു "ബിനാക്ക" പേയ്സ്റ് ആയിരുന്നു.എന്ത് രസമാണ് നന്നേ രാവിലെ പറമ്പിലൂടെ നടക്കാൻ .

പുൽക്കൊടികളിൽ പറ്റിയ മഞ്ഞു തുള്ളികൾ കാലിൽ തൊടുമ്പോൾ ഉള്ള ഒരു പ്രത്യേക തണുപ്പുണ്ട്,ഞാൻ നടന്നു പോയി വരുമ്പോഴേക്കും അമ്മയുടെ ഒരു ചോദ്യം ഉണ്ട് "പല്ലു നന്നായി തേച്ചുവോ" ന്നു; അതിനുള്ള മറുപടി കല്യാണിയമ്മ ആവും പറയാറ് "പെയ്‌സ്റ്റൊക്കെ കൊണ്ടുപോയി ദാ അവർക്കൊക്കെ കൊടുത്തു,ഉമിക്കരി പകരം വാങ്ങി പല്ലു തേച്ചിട്ടാ വരുന്നേ"

'അമ്മ എന്നെ രൂക്ഷമായൊന്നു നോക്കും,അതൊരു വൃത്തികെട്ട കാര്യം ആയി അമ്മക്ക് തോന്നാത്തത് കൊണ്ടാവണം ഒന്നും മിണ്ടില്ല.വീട്ടിൽ ഉമി കരിക്കുകയും അമ്മമ്മ ഉമിക്കരി കൊണ്ട് പല്ലു തേക്കുകയും ചെയ്യും.വൈകുന്നേരം ഒരു മൂന്നു മണികഴിയുമ്പോൾ അമ്മമ്മ മാവില കൊണ്ടും പല്ലു തേയ്ക്കും.
സ്കൂൾ വിട്ടു വരുന്ന സമയത്തിനെല്ലാം പ്രത്യേക ഗന്ധങ്ങൾ ആയിരുന്നു, കാപ്പിയുടെ, ചായയുടെ ഹരിഹര വിലാസം ഹോട്ടലിൽ വറുത്തു കോരുന്ന ഉഴുന്ന് വടകളുടെ ..മഴ പെയ്തു തോരുന്ന വൈകുന്നേരങ്ങളിൽ ആവും ഈ ഗന്ധങ്ങൾ ഞങ്ങളിൽ കൊതിയുണർത്തുക.

വീട്ടിൽ നാട്ടു വളർത്തിയിരുന്ന പച്ചക്കറികൾക്ക് വെള്ളം കോരുക എന്നത് എനിക്കും അനിയത്തിക്കും ചേട്ടനും പകുത്തു തന്നിരുന്നു.കുളത്തിൽ നിന്ന് വെള്ളം കോരുന്നത്,പാതി വഴി വരെ കൊണ്ട് വരുന്നത് അത് നനക്കുന്നത്.പാവലും പടവലവും എല്ലാം പൂവിടുമ്പോൾ; ഉണ്ടാവുന്ന ഗന്ധം അമ്മമ്മയുടെ കൂടെ നടന്നു അവയ്‌ക്കെല്ലാം കുമ്പിൾ കുത്തി വയ്ക്കും.എനിക്കെന്നും അത്ഭുതമായിരുന്നു കാര്യം ആണ് അമ്മമ്മയുടെ വെളുത്ത മുണ്ടിലോ റൗക്കയിലോ എത്ര ജോലി ചെയ്താലും അഴുക്കു പുരളില്ല എന്നത്.ഞങ്ങൾക്കെല്ലാം നെയ്യുരുക്കുന്ന സമയത്തു ആ ചീന ചട്ടിയിൽ (ഇരുമ്പിൻറെ) ചോറിട്ടു പുരട്ടി ഉരുളകൾ ആക്കി തരും,മുറ്റത്തു കളിക്കുന്ന കുട്ടികൾക്കെല്ലാം ഈ ഉരുള കിട്ടിയിരുന്നു.

ഉമി കരിക്കൽ, ഭസ്മം ഉണ്ടാക്കൽ,കണ്മഷി ഉണ്ടാക്കൽ ഇവയെല്ലാം വീട്ടിൽ തന്നെ ചെയ്തിരുന്നു.അമ്മമ്മയോ,വല്യമ്
മയോ ആയിരുന്നു ഇതെല്ലാം ചെയ്തിരുന്നത്.
ഇടക്കൊരു കാലം സാബുചേട്ടൻറെ ഞങ്ങൾ ഒരുപറ്റം കുട്ടികൾ ട്യൂഷൻനു പോയിരുന്നു.സാബു ചേട്ടൻ ഇന്ന് ജീവിച്ചിരുപ്പില്ല.അക്കാലത്തൊക്
കെ അവരുടെ വീടിനു മുന്നിലുള്ള മുല്ല ധാരാളം പൂക്കുമായിരിന്നു എല്ലാ ദിവസവും പൂക്കൾ ഉണ്ടാവും.ഇടക്കൊക്കെ രമചേച്ചിയോടു പറഞ്ഞു പൂക്കൾ വാങ്ങും.പക്ഷെ;പെട്ടന്നൊരു ദിവസം ആയിരുന്നു സുകുമാരിയമ്മയുടെ പ്രഖ്യാപനം (സാബു ചേട്ടൻറെ അമ്മ) "നാളെ ഒറ്റ പൂവും തരില്ല ഉമ്മൻ ചാണ്ടി വരുമ്പോൾ മാലയുണ്ടാക്കി ഇടാൻ ഉള്ളതാണെന്ന്" പറഞ്ഞെ അന്ന് ഉമ്മൻ ചാണ്ടിയെ ഞങ്ങൾ കുറെ ശപിച്ചു.കരച്ചിലും ദേഷ്യവും എല്ലാം വന്നു പോയി.സാബു ചേട്ടൻ കോൺഗ്രസ് പ്രവർത്തകൻ ആയിരുന്നു,

വെള്ള ഖദറിൻറെ മുണ്ടും ഷർട്ടും ധരിച്ചു വളരെ വേഗത്തിൽ നടന്നു പോകുന്ന അദ്ദേഹത്തെ ഇപ്പോളും ഓർമ്മ വരുന്നു. ജീവിതത്തിൽ നിന്നും വേഗം കടന്നു പോയ ഒരാൾ. എവിടെ വച്ച് കണ്ടാലും "എങ്ങോട്ടാ' ന്നു ചോദിക്കും.അവരുടെ വീടിനെപ്പോഴും നെല്ലിൻറെ ഗന്ധം ആയിരുന്നു.അദ്ദേഹത്തിൻറെ പെങ്ങൾ രമ ചേച്ചി ഞങ്ങളുടെ വീട്ടിൽ വരുത്തുന്ന എല്ലാ പുസ്തകങ്ങളും കൊണ്ടുപോയി വായിക്കുമായിരുന്നു.എന്ത് പറഞ്ഞാലും"കൃഷ്‌ണാ" എന്ന് വിളിക്കുന്നത് കൊണ്ട് ഞാനെപ്പോഴും അവരെ കൃഷ്‌ണാ ന്നു വിളിച്ചു.ഓരോ കാലത്തിലും നമ്മൾക്കിടയിലൂടെ കടന്നു പോയ ആളുകൾ അവരുണർത്തിയ ശബ്ദങ്ങൾ, ചില സമയങ്ങളുടെ ഗന്ധങ്ങൾ ഇവയെല്ലാം ഇടക്കെങ്കിലും അതെ പോലെ ഓർമ്മകളിൽ ഓടിയെത്തും.എന്തിനെന്നോ ഏതിനെന്നോ അറിയാതെ നമ്മൾ അവയെ ചേർത്തും വയ്ക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക