Image

നേട്ടങ്ങളുടെ ഒരു വര്‍ഷം: ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ വിജയ കഥയുമായി ജഡ്ജി കെ.പി. ജോര്‍ജ്

Published on 01 January, 2020
നേട്ടങ്ങളുടെ ഒരു വര്‍ഷം: ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ വിജയ കഥയുമായി ജഡ്ജി കെ.പി. ജോര്‍ജ്
കെ.പി. ജോര്‍ജ് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് ആയി ഒരു വര്‍ഷം മുന്‍പ് സ്ഥാനമേല്‍ക്കുമ്പോള്‍ പലര്‍ക്കും ആശങ്കകളുണ്ടായിരുന്നു. ഒരു കുടിയേറ്റക്കാരന്, രാഷ്ട്രീയ രംഗത്ത് വലിയ പരിചയമൊന്നുമില്ലാത്ത ഒരാള്‍ക്ക് സുപ്രധാനമായ ഈ സ്ഥാനത്ത് ശോഭിക്കാനാവുമോ?

ഒരു വര്‍ഷം കഴിയുമ്പോള്‍ തികച്ചും ആത്മവിശ്വാസമുള്ള, ജോലിയില്‍ മികവ് തെളിയിച്ച, എല്ലാവരുടെയും പിന്തുണ ആര്‍ജിച്ച ജഡ്ജ് കെ.പി. ജോര്‍ജിനെയാണു സമൂഹം എതിരേല്‍ക്കുന്നത്. ഗ്ലാസ് സീലിംഗുകള്‍ പലതും പൊട്ടി വീണു. ജനസേവനത്തിലെ നിസ്വാര്‍ഥത വ്യക്തമായി. പെട്ടെന്നു വെള്ളം പൊങ്ങിയാല്‍, തങ്ങളുടെ രക്ഷ മാത്രം ഓര്‍ത്ത് ഒരാള്‍ കൗണ്ടി ഓഫീസില്‍ ഉണ്ടാകുമെന്ന വിശ്വാസത്തില്‍ ജനത്തിനു ശാന്തമായി ഉറങ്ങാം.

ജോര്‍ജ് കൗണ്ടി ജഡ്ജ് ആയി ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതു പ്രമാണിച്ച് ഫോര്‍ട്ട് ബെന്‍ഡ് സ്റ്റാറില്‍ ലന്‍ഡന്‍ കുഹ്ല്മാന്‍ എഴുതിയ ലേഖനം തുടങ്ങുന്നത് ഇപ്രകാരമാണ്: കെ പി ജോര്‍ജ് തന്റെ ജീവിതകാലം മുഴുവന്‍ പ്രതിബന്ധങ്ങളെ മറികടന്ന വ്യക്തിയാണ്. (വളരെ ശരി)

കഠിനാധ്വാനം, വിശ്വാസം, സ്ഥിരോത്സാഹം എന്നിവയിലൂടെ വിജയം സാധ്യമാണെന്ന് മറ്റുള്ളവര്‍ക്ക് മാത്രുകയാകുമ്പോള്‍ തന്നെ അദ്ദേഹം ഇപ്പോള്‍ കൗണ്ടിയില്‍ തന്റെ പാദമുദ്ര പതിപ്പിക്കാനും ശ്രമിക്കുന്നു.

'നിങ്ങളുടെ ഉദ്ദേശ്യം ശുദ്ധമാകുമ്പോള്‍, ദൈവം നിങ്ങള്‍ക്കായി വാതില്‍ തുറക്കും. ദൈവം നമ്മെ ഇവിടെ എത്തിച്ചതില്‍ ദൈവത്തിനു ഒരു ഉദ്ദേശ്യം ഉണ്ടെന്നു ഞാന്‍ എപ്പോഴും വിശ്വസിച്ചിരുന്നു- ജോര്‍ജ് പറയുന്നു

കൗണ്ടി മേധാവിയായുള്ള ആദ്യ വര്‍ഷം ജീവിതത്തെ മാറ്റിമറിക്കുന്ന അനുഭവമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

'നാമെല്ലാവരും ഒരു ഉദ്ദേശ്യത്തിനായി ഈ ഭൂമിയില്‍ എത്തിക്കപ്പെടുന്നു. മിക്കപ്പോഴും നാം ആ ഉദ്ദേശ്യം തിരിച്ചറിയുന്നില്ലെന്ന് ഞാന്‍ കരുതുന്നു.

ഇത്തരമൊരു അനുഭവം എന്റേതായിരിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. എല്ലാ ദിവസവും ഞാന്‍ എന്തെങ്കിലും മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കും, കാരണം ഇവിടെ എത്തിയത് വലിയൊരു അംഗീകാരമാണ്.

'മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്ന നിരവധി മേഖലകളുണ്ട്. ആളുകളിലേക്ക് എത്തിച്ചേരാന്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തുകയാണ്-അദ്ധേഹം പറഞ്ഞു

'സമ്മര്‍ദ്ദവും വിഷമതകളുമുണ്ട്, പക്ഷേ ദൈവം എന്നെ ഇവിടെ ഒരു ഉദ്ദേശ്യത്തിനായി എത്തിച്ചുവെന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്നു. അതിനാല്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. ആളുകളെ സേവിക്കുക എന്നതാണ് എന്റെ ജോലി. നിങ്ങള്‍ 10 അടി വെള്ളത്തില്‍ മുങ്ങി നില്‍ക്കുമ്പോള്‍, കൗണ്ടി ജഡ്ജി റിപ്പബ്ലിക്കന്‍ ആണോ ഡെമോക്രാറ്റ് ആണോ എന്നത് പ്രശ്നമല്ല. വെള്ളം ഉയരുന്നതിന് മുമ്പ് ആരെങ്കിലും രക്ഷിക്കണം എന്നു മാത്രമേ നിങ്ങള്‍ ആഗ്രഹിക്കുന്നുള്ളൂ . എന്റെ ലക്ഷ്യവും അതു തന്നെ. യാത്രയുടെ ആരംഭം മാത്രമാണിത്. ആളുകളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റം വരുത്തുക എന്നതാണ് ലക്ഷ്യം.'

ജോര്‍ജിന്റെ കാലാവധി ആരംഭിച്ചതു മുതല്‍ ഇമെല്‍ഡ പോലുള്ള പ്രളയം ഉണ്ടായി. അവയെ കരുതലോടെ നേരിടുവനായി

നവംബറില്‍ 100 മില്യണ്‍ ഡോളറിന്റെ ബോണ്ടിനു വേണ്ടിയുള്ള വോട്ടെടുപ്പാണു ജനം പ്രതീക്ഷിച്ചത്. പക്ഷെ അത് 83 മില്യനായി കുറഞ്ഞു. 70 ശതമാനം വോട്ടോടെ അതു പാസായി.

ഏറ്റവും പുതിയ സെന്‍സസ് അനുസരിച്ച് കൗണ്ടി ജനസംഖ്യ 800,000 ആകുന്നു. യാത്രാ സൗകര്യം ഒരു വെല്ലുവിളി തന്നെ. അതിനാല്‍ പാര്‍ക്ക്-ആന്‍ഡ്-റൈഡ് ക്രമീകരണത്തിനായി ജോര്‍ജിന്റെ ഓഫീസ് മെട്രോയുമായി ചര്‍ച്ചകള്‍ നടത്തി ക്രമീകരണം ഒരുക്കി. വെസ്റ്റ്പാര്‍ക്ക് ടോള്‍ റോഡ്, ഹൈവേ 99 എന്നിവ പുതുവര്‍ഷം പകുതിയോടെ പ്രവര്‍ത്തിക്കും.

സ്ഥാനമേറ്റയുടന്‍ ജോര്‍ജ് ചെയ്തത് ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടാന്‍ 'ലിസണിംഗ് ടൂര്‍' സംഘടിപ്പിക്കുകയായിരുന്നു. ജനത്തിന്റെ പ്രശ്നങ്ങള്‍ അങ്ങനെ നേരിട്ടു മനസിലാക്കി. പ്രശ്നങ്ങള്‍ ഏറെ ഉണ്ടെന്നറിയാം. ആളുകളുടെ ജീവിതത്തില്‍ കൗണ്ടി ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതു മനസിലാക്കി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു.

ജൂണില്‍ ഹ്യൂസ്റ്റണിലെ കോണ്‍സുലര്‍ കോറിന്റെ ആദ്യ ഉന്നതതല മീറ്റിംഗ് നടത്തി. ഓഗസ്റ്റില്‍ കൗണ്ടിയുടെ ആദ്യ ടെക്നോളജി ടാസ്‌ക് ഫോഴ്‌സ് ആരംഭിച്ചു. കോണ്‍ഗ്രസംഗം പീറ്റ് ഓള്‍സണും മറ്റ് ഏജന്‍സികളുമായി സഹകരിച്ച് മനുഷ്യക്കടത്ത് ടാസ്‌ക് ഫോഴ്‌സും സ്ഥാപിച്ചു. മത സ്ഥാപനങ്ങള്‍ക്ക് സുരക്ഷക്കായി രണ്ട് ആക്റ്റീവ്-ഷൂട്ടര്‍ ക്ലാസുകളും സംഘടിപ്പിച്ചു

വിമുക്ത ഭടന്മാരെ തുണക്കുന്നതിലുള്ള ഒരു കരാര്‍, മാനസികാരോഗ്യ വെല്ലുവിളികള്‍ ഉള്ളവര്‍ക്കായി പ്രോഗ്രാം എന്നിവയും ആരംഭിച്ചു.

ഒഴിവ് സമയങ്ങളില്‍ വെയിറ്റ് ലിഫ്റ്റിംഗ്, റാക്കറ്റ്ബോള്‍ കളി, കുടുംബത്തിലെ രണ്ട് നായ്ക്കളെ പുറത്തു കൊണ്ടു പോകല്‍ എന്നിവയൊക്കെയാണു വിനോദം. നാട്ടിലെ ഗ്രാമത്തിന് സഹായം നല്‍കുന്നതിന് അദ്ദേഹം ഒരു സുഹൃത്തുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു.

കൗണ്ടി ജഡ്ജി എന്ന ഉന്നത സ്ഥാനത്ത് എത്തിയതിനു പിന്നിലെ പ്രയാണമാണ് ജോര്‍ജിനെ വ്യത്യസ്ഥനാക്കുന്നത്. പൈപ്പ് വെള്ളമോ വൈദ്യുതിയോ ഇല്ലാത്ത ഗ്രാമമായ കക്കോഡില്‍ നിന്നുള്ള പ്രയാണം. ജോര്‍ജും അദ്ദേഹത്തിന്റെ ആറ് സഹോദരങ്ങളും പ്രാദേശിക സ്‌കൂളിലേക്ക് നഗ്‌നപാദരായി നടക്കുകയും വീട്ടിലെ വിളക്കിന്റെ വെളിച്ചത്തില്‍ ഗൃഹപാഠം ചെയ്യുകയും വേണം.

പക്ഷെ അതൊന്നും തുടര്‍ വിദ്യാഭ്യാസം നേടുന്നതിനു പ്രതിബന്ധമായില്ല. 1993 ല്‍ വര്‍ക്ക് വിസയില്‍ അമേരിക്കയില്‍. 1999 ല്‍ ഫോര്‍ട്ട് ബെന്‍ഡിലേക്ക് മാറിയ അദ്ദേഹം പിന്നീട് ഫോര്‍ട്ട് ബെന്‍ഡ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്ട് ട്രസ്റ്റിയായി. 2018 ല്‍കൗണ്ടി ജഡ്ജിയാകുന്ന ആദ്യ ന്യൂനപ്കഷാംഗമായി.

ഡ്രാബെക് എലിമെന്ററിയിലെ കണക്ക്, സയന്‍സ് അദ്ധ്യാപികയായ ഭാര്യ ഷീബ, മൂന്ന് മക്കള്‍ എന്നിവരോടൊപ്പം ഷുഗര്‍ലാഡില്‍ താമസം. മകന്‍ രോഹിത് അടുത്തിടെ ഹൈറ്റവര്‍ ഹൈസ്‌കൂളില്‍ നിന്ന് ഗ്രാഡ്വേറ്റ ്‌ചെയ്ത് മെഡിക്കല്‍ സ്‌കൂളില്‍. മൂത്തമകള്‍ ഹെലന്‍ നഴ്സ്. ഇളയമകള്‍ സ്നേഹ എല്‍ക്കിന്‍സ് ഹൈസ്‌കൂളില്‍ സീനിയര്‍.

തന്റെ വിജയങ്ങള്‍ക്ക് കാരണം ട്രക്ക് ഡ്രൈവര്‍ ആയിരുന്ന പിതാവിന്റെ ഉപദേശവും മക്കളെ വിദ്യാഭാസം ചെയ്യിക്കുവാനുള്ള താല്പര്യവുമായിരുന്നെന്നു ജോര്‍ജ് വിലയിരുത്തുന്നു. വിദ്യാഭ്യാസമില്ലെങ്കില്‍ ഗ്രാമത്തില്‍ ഒതുങ്ങി കൂടി ജീവിക്കേണ്ടി വരുമെന്നും മക്കള്‍ക്ക് അത് സംഭവിക്കരുതെന്നും പിതാവ് ആഗ്രഹിച്ചു.

'അതാണ് ഞാന്‍ ഇപ്പോള്‍ ഇവിടെ ഇരിക്കുന്നതിന്റെ കാരണം. വിദ്യാഭ്യാസം മറ്റൊരാള്‍ക്ക് നിങ്ങളില്‍ നിന്ന് ഒരിക്കലും എടുത്തുകളയാന്‍ കഴിയില്ലെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. നിങ്ങള്‍ക്കത് ലഭിച്ചു കഴിഞ്ഞാല്‍, അത് നിങ്ങളുടേതു മാത്രമാണ്. ഞങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ആണ് എല്ല ഉയര്‍ച്ചക്കും കാരണം. ഞാനും സഹോദരരും എവിടെ എങ്കിലും എത്തിയെങ്കില്‍ അതിനുള്ള കാരണം അദ്ധേഹത്തിന്റെ കരുതല്‍ തന്നെ.'

വന്നപ്പോള്‍ മുതല്‍ സേവന പ്രവര്‍ത്തനങ്ങളിലൂടെ ഫോര്‍ട്ട് ബെന്‍ഡ് കമ്മ്യൂണിറ്റിയില്‍ ഉറച്ചു നില്‍ക്കാന്‍ ജോര്‍ജ് എല്ലാ ശ്രമങ്ങളും നടത്തി. 2013 ല്‍ ഹൈറ്റവര്‍ ഹൈസ്‌കൂള്‍ അക്കാദമിക് ബൂസ്റ്റര്‍ ക്ലബ് സ്ഥാപിക്കാന്‍ സഹായിക്കുകയും ആദ്യ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഷുഗര്‍ ലാന്‍ഡ് റോട്ടറി ക്ലബ്, ഫോര്‍ട്ട് ബെന്‍ഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ്, ഇന്തോ-അമേരിക്കന്‍ ഗ്രൂപ്പുകള്‍ എന്നിവയിലും പ്രവര്‍ത്തിച്ചു.

2014-ല്‍ സ്‌കൂള്‍ ബോര്‍ഡിലേക്ക് മത്സരിച്ചു. 'ഏതൊരു സമുദായത്തിനും പ്രാതിനിധ്യം വളരെ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. ന്യൂനപക്ഷങ്ങള്‍ തങ്ങള്‍ക്ക് ഒരു പ്രശ്‌നമുണ്ടെങ്കില്‍ മിക്കവാറും മിണ്ടാതിരിക്കും. എന്നാല്‍ ഇപ്പോള്‍ ആ സ്ഥിതി മാറി. ആളുകള്‍ എന്നോട് സംസാരിക്കാന്‍ മുന്നോട്ട് വരുന്നു. മുമ്പ്, അത്തരമൊരു ബന്ധം അവര്‍ക്ക് ഇല്ലായിരുന്നു.

ന്യായമായ പരിഗണന നിഷേധിക്കപ്പെട്ട സംഭവങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട്. പരാതിപ്പെടുന്നതിനു പകരം അതിനെതിരെ എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെയാണു രാഷ്ട്രീയത്തില്‍ സജീവമായത്.'

ഇലക്ഷനു നില്‍ക്കുമ്പോള്‍ വോട്ടര്‍മാര്‍ക്ക് അപരിചിതമായ മുഖം. കടുത്ത പ്രതിബന്ധങ്ങള്‍. പക്ഷെ അവയെ അതിജീവിച്ച വിജയം.

'ആദ്യമൊക്കെ ആളുകള്‍ എന്നെ പരിഹാസത്തോടെയാണു നോക്കിയത്. എന്നാല്‍ സ്‌കൂള്‍ ബോര്‍ഡില്‍ കുട്ടികളുമായി പ്രവര്‍ത്തിക്കുകയും അവരുടെ ആവശ്യങ്ങള്‍ക്കായി പോരാടുകയും ചെയ്തത് ഏറ്റവും മികച്ച അനുഭവമായിരുന്നു

അതിനു ശേഷമാണു പതിനാറു വര്‍ഷം ജഡ്ജിയായിരുന്ന ബോബ് ഹെബര്‍ട്ടിനെ കൗണ്ടി ജഡ്ജിയായി വെല്ലുവിളിക്കാന്‍ തീരുമാനിച്ചത്. രാഷ്ട്രീയരംഗത്ത് താന്‍ അറിയപ്പെടാത്ത വ്യക്തി ആയിട്ടും ജോര്‍ജ് മല്‍സരത്തെ ഭയന്നില്ല

വോട്ട് എണ്ണിയപ്പോള്‍ വന്‍ വിജയം. രണ്ട് പതിറ്റാണ്ടില്‍ ആദ്യമായി ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജിയായി വിജയിക്കുന്ന ആദ്യത്തെ ഡെമോക്രാറ്റ്. കൗണ്ടിയിലെ ടോപ്പ് ബോസായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍-അമേരിക്കന്‍

'ഇലക്ഷനില്‍ മല്‍സരിക്കുക എന്നതിനര്‍ഥം നിങ്ങളുടെ പക്കലില്ലാത്ത പണം ചെലവഴിക്കുക, നിങ്ങളില്‍ ഇനിയും വിശ്വസിക്കാത്ത ആളുകളുമായി സംസാരിക്കുക എന്നൊക്കെയാണ്. ചിലര്‍ എന്നെ പരിഹസിച്ചു ചിരിച്ചു. അതുകൊണ്ടാണ് നിങ്ങള്‍ സ്വയം വിശ്വസിക്കണമെന്ന് ഞാന്‍ എല്ലായ്‌പ്പോഴും ആളുകളോട് പറയുന്നത്. സാധ്യതയുണ്ടെന്ന് നിങ്ങള്‍ ഉറച്ചു വിശ്വസിക്കണം. മറ്റാര്‍ക്കില്ലെങ്കിലും നിങ്ങള്‍ക്ക് അത് ബോധ്യമായാല്‍ അതിനായി പരിശ്രമിക്കണം.

'ആശയം നിങ്ങളുടെ മനസില്‍ ആരംഭിക്കുന്നു, പക്ഷേ അത് നിങ്ങളുടെ ഹൃദയത്തിലേക്ക് നീങ്ങുമ്പോള്‍ അത് ഒരു അഭിനിവേശവും ലക്ഷ്യവുമായി. ഇത് എന്റെ ജീവിത ലക്ഷ്യമാണെന്നു ഞാന്‍ വിശ്വസിച്ചു. പെട്ടെന്ന് ആളുകള്‍ക്ക് തങ്ങളോട് സംസാരിക്കാന്‍ മടിയില്ലാത്ത ഒരാള്‍ കൗണ്ടി ഓഫീസില്‍ഉണ്ടെന്ന് ബോധ്യമായി. മല്‍സരിക്കുമ്പോള്‍ ഇതൊന്നും അറിയില്ലായിരുന്നു. എന്റെ കഥ ധാരാളം ആളുകള്‍ക്ക് പ്രചോദനമായി'

തന്റെ പിതാവില്‍ നിന്നു ലഭിച്ച ഉപദേശവും ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയിലെ ജനം നല്കിയ അവസരവും ഉപയോഗിച്ച് മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തുക ലക്ഷ്യമായി ജോര്‍ജ് കാണുന്നു. (കടപ്പാട്: ഫോര്‍ട്ട് ബെന്‍ഡ് സ്റ്റാര്‍) 
നേട്ടങ്ങളുടെ ഒരു വര്‍ഷം: ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ വിജയ കഥയുമായി ജഡ്ജി കെ.പി. ജോര്‍ജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക