Image

കോട്ടയം പട്ടണത്തിലൂടെ മഞ്ജുവാര്യര്‍ നടക്കുന്നു...നടക്കുന്നു...പിന്നെയും നടക്കുന്നു... നടന്നുകൊണ്ടേയിരിക്കുന്നു. ഇതിനിടയില്‍ പൂവന്‍ കോഴി കൂവിയോ എന്ന സംശയം ബാക്കി

അനുരാജ് മോഹന്‍ Published on 22 December, 2019
കോട്ടയം പട്ടണത്തിലൂടെ മഞ്ജുവാര്യര്‍ നടക്കുന്നു...നടക്കുന്നു...പിന്നെയും നടക്കുന്നു... നടന്നുകൊണ്ടേയിരിക്കുന്നു. ഇതിനിടയില്‍ പൂവന്‍ കോഴി കൂവിയോ എന്ന സംശയം ബാക്കി

റിയലിസ്റ്റിക്ക് സിനിമയും പൊളിറ്റിക്കല്‍ കറക്ട്‌നെസുമാണ് ഇപ്പോള്‍ മലയാള സിനിമാക്കാരുടെ ഏറ്റവും പ്രീയപ്പെട്ട സംഗതികള്‍. ശ്യാം പുഷ്‌കരനും ദിലീപ് പോത്തനും മഹേഷിന്റെ പ്രതികാരവും തൊണ്ടിമുതലും ദൃക്‌സാക്ഷിയുമൊക്കെയായി ഈ പരിപാടി നന്നായി ചെയ്തപ്പോള്‍ ശ്യാമേട്ടന്‍ ബ്രില്യന്‍സ്, പോത്തേട്ടന്‍ ബ്രില്യന്‍സ് എന്നൊക്കെയുള്ള പ്രശംസകള്‍ പിറവികൊണ്ടു. കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്യാം പുഷ്‌കരന്‍ റിയലിസ്റ്റിക്ക് സിനിമയ്ക്ക് മലയാളത്തില്‍ പുതിയ മാനങ്ങള്‍ സൃഷ്ടിച്ചു.

തീര്‍ച്ചയായും മലയാളത്തിലെ ബഹുഭൂരിപക്ഷം സിനിമക്കാരെയും ശ്യാം പുഷ്‌കരന്‍ സിനിമകള്‍ ആകര്‍ഷിക്കുകയും അതുപോലെയൊന്ന് ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്ന് ലളിതമായി ബോധ്യപ്പെടുന്ന കാര്യമാണ്.

റിയലിസം പിടിക്കാന്‍ ഒരു വിധത്തിലും മനസുകൊണ്ട് പാങ്ങില്ലാത്തവര്‍ ഛായ് റിയലിസമോ അതു വെറുമൊരു ജനര്‍ മാത്രമല്ലേ... അതിലിത്ര സംഭവമൊന്നുമില്ല എന്ന് വിശദീകരിക്കുകയും ചെയ്യുന്നു. മറ്റു ചിലര്‍ റിയലിസം സിനിമയുടെ പാത പിന്തുടര്‍ന്ന് മികച്ച സിനിമകള്‍ സൃഷ്ടിക്കുന്നു. സുഡാനി ഫ്രം നൈജീരിയ മുതല്‍ കെട്ട്യോളാണ് മാലഖ വരെ മികച്ച സിനിമളുടെ ലിസ്റ്റ് നീളുന്നു.

ദോഷം പറയരുതല്ലോ മഞ്ജു വാര്യര്‍ സൂപ്പര്‍ നായികയായി നടിച്ചിരിക്കുന്ന പ്രതി പൂവന്‍ കോഴിയും പൊളിറ്റിക്കല്‍ കറക്ടനെസ് പിടിക്കാനും റിയലിസ്റ്റ് എക്പിരിമെന്റ് നടത്താനുമുള്ള റോഷന്‍ ആഡ്രൂസിന്റെയും ആര്‍. ഉണ്ണിയുടെയും പാഴായ ശ്രമമാണ്.

പൂവന്‍ കോഴി കൂവിയില്ല എന്ന് മാത്രമല്ല പടം കണ്ടു കഴിയുമ്പോള്‍ ഇതൊരുമാതിരി ബ്രോയിലര്‍ കോഴിയാണല്ലോ എന്ന് നാട്ടുകാര്‍ക്ക് തിരിയുകയും ചെയ്യും.

കാസനോവയും മുംബൈ പോലീസും പോലെ ഒന്നാന്തരം മൂന്നാംകിട അരാഷ്ട്രീയ പ്രതിലോമ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിലുള്ള നഷ്ടദുഖമായിരിക്കും റോഷന്‍ ആഡ്രൂസിനെ ഇതിന് പ്രേരിപ്പിച്ചത്. ആ ഐറ്റംസൊക്കെ റോഷന്‍ പിടിക്കുമ്പോള്‍ ശ്യാം പുഷ്‌കരന്‍ മലയാള സിനിമക്ക് പൊളിറ്റിക്കല്‍ കറക്ട്‌നെസ് ഇന്‍ട്രൊഡ്യൂസ് ചെയ്തിട്ടില്ലായിരുന്നു.

അല്ലെങ്കില്‍ എന്നെ വിവാഹം ചെയ്യുന്നവന് എന്റെ പരിശുദ്ധി വൈദ്യപരിശോധന നോക്കി ഉറപ്പാക്കേണ്ടി വരില്ല ഞാന്‍ സൂപ്പര്‍ പരിശുദ്ധയാണ് എന്ന കാസനോവയിലെ നായികയുടെ ഡയലോഗിനൊക്കെ ഇന്ന് നിരൂപകന്‍മാരും സിനിമാ പാരഡൈസോ ക്ലബുമൊക്കെ കേറി മേഞ്ഞേനെ. മുംബൈ പോലീസിലെ സ്വവര്‍ഗാനുരാഗിയായ പുരുഷന്‍ എന്തോ കുറഞ്ഞവനാണ് എന്ന അയാളുടെ സുഹൃത്തിന്റെ കണ്ടെത്തലിനും ഡയലോഗിനുമൊക്കെ പുരോഗമന രാഷ്ട്രീയ സിനിമാക്കാരുടെ ഇടി മേടിച്ചു കൂട്ടിയേനെ... എന്തിന് റോഷന്‍ ആന്‍ഡ്രൂസ് സിനിമയില്‍ അവതരിപ്പിച്ച പാര്‍വ്വതി തിരുവോത്ത് മമ്മൂട്ടിയെ പഞ്ഞിക്കിട്ടത് പോലെ റോഷന്‍ സാറിനെയും പഞ്ഞിക്കിട്ടേനെ.

(സിനിമ എന്നത് പുരോഗമന രാഷ്ട്രീയം കെട്ടിയെഴുന്നെള്ളിക്കാനും പൊളിറ്റക്കല്‍ കറക്ടനെസിനുമുള്ള സ്ഥലമല്ലെന്നുള്ള കോമണ്‍ സെന്‍സ് ഈ സിനിമാ ബുദ്ധിജീവികള്‍ക്ക് എന്നെങ്കിലും ഉണ്ടാവട്ടെ എന്ന് ആത്ഥമാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു)

പോട്ടെ പ്രതിപൂവന്‍ കോഴി എന്തായാലും റോഷന്‍ ആന്‍ഡ്രൂസ് പിടിച്ചുകളഞ്ഞല്ലോ. ആയതിനാല്‍ ഇതുവരെയുള്ള അദ്ദേഹത്തിന്റെ അരാഷ്ട്രീയ നിലപാടുകളെല്ലാം റദ്ദായിപ്പോയിരിക്കുന്നു. പ്രതി പൂവന്‍കോഴിയെന്ന പരിഹാര ക്രീയ അര്‍ബന്‍ നക്‌സലൈറ്റുകള്‍ വരവ് വെച്ചിരിക്കുന്നു.

അപ്പോള്‍ പ്രതിപൂവന്‍ കോഴിയിലേക്ക് കടക്കാം. ഉണ്ണി ആറിന്റെ 'സങ്കടം' എന്ന ചെറുകഥയാണ് സിനിമക്ക് ആധാരം. സാമാന്യം ഭേദപ്പെട്ട ചെറുകഥയായിരുന്നു സങ്കടം. എന്നാല്‍ ചെറുകഥയില്‍ നിന്ന് സിനിമയിലേക്ക് പ്രോജക്ട് വളര്‍ന്നപ്പോള്‍ സര്‍ഗശേഷിയുടെ പ്രകടനത്തില്‍ ആ വളര്‍ച്ചയുണ്ടായില്ല എന്നതാണ് പ്രധാന പ്രശ്‌നം.
ഏറിയാല്‍ ഒരു അരമണിക്കൂര്‍ ഷോര്‍ട്ട് ഫിലിമിനുള്ള കണ്ടന്റ്. എന്നാല്‍ അതുവെച്ച് ഒന്നേ മുക്കാല്‍ മണിക്കൂറിന്റെ പടം പിടിക്കുകയാണ് പിന്നീടങ്ങോട്ട് ഉണ്ണി ആറും റോഷന്‍ ആന്‍ഡ്രൂസും ചേര്‍ന്ന്.

മാധുരി എന്ന ടെക്‌സ്‌റ്റൈല്‍ ഷോപ്പിലെ സെയില്‍സ് വുമണിന് കോട്ടയം മാര്‍ക്കറ്റിനെ കിടുകിടുകിടുകിടാ വിറപ്പിക്കുന്ന ക്രൂരനും സ്ത്രീലമ്പടനും സര്‍വോപരി അരമൊട്ടത്തലയനുമായ ആന്റപ്പനോട് തോന്നുന്ന പ്രതികാരമാണ് സിനിമയുടെ കഥാതന്തു. മാധുരിക്ക് എന്തിന് ആന്റപ്പനോട് പ്രതികാരം തോന്നണം എന്നു ചോദിച്ചാല്‍ ആന്റപ്പന്‍ മാധുരിയുടെ സ്ത്രീത്വത്തെ അപമാനിച്ചു എന്നത് തന്നെ കാരണം. അതിന്റെ വിശദാംശങ്ങള്‍ സ്‌പോയിലര്‍ ആകുമെന്നതിനാല്‍ കൂടുതല്‍ പറയുന്നില്ല.

എന്നാലും ഇത്രയും കേള്‍ക്കുമ്പോള്‍ കിടിലം കൊള്ളാന്‍ വരട്ടെ. 22 ഫീമെയില്‍ കോട്ടയത്തിലെ ടെസ തന്റെ സ്ത്രീത്വത്തെ അപമാനിച്ചവന്റെ ആണത്തം ചെത്തിയെടുത്തത് പോലെയുള്ള പരിപാടിക്കൊന്നും മാധുരിക്ക് താത്പര്യമില്ല. ആന്റപ്പനെ മാധുരിക്ക് തല്ലണം.
അത്ര തന്നെ.

(എന്തായാലും തിരിച്ചു തല്ലിയിട്ടേ താന്‍ ഇനി മുടി വാരിക്കെട്ടു എന്ന് പാഞ്ചാലിയെപ്പോലെ മാധുരി പ്രതിജ്ഞയെടുക്കുന്നില്ല. തിരിച്ചു തല്ലിയിട്ടേ താന്‍ ചെരുപ്പിടു എന്ന് മഹേഷിനെപ്പോലെയും പ്രതിജ്ഞയെടുക്കുന്നില്ല)

തല്ലുക എന്ന് പറഞ്ഞാല്‍ മോഹന്‍ലാല്‍ കീരിക്കാടന്‍ ജോസിനെ വാരിയലക്കിയത് പോലെയാണോ, അതോ മഹേഷിന്റെ പ്രതികാരത്തിലെ മഹേഷിനെ കാമുകിയായ ജിന്‍സി ഉപദേശിക്കുന്നത് പോലെ കല്യാണമൊക്കെ കഴിയുമ്പോ എന്നാ ഉണ്ട് അളിയാ എന്ന് ചോദിച്ച് തോളത്തിനിട്ടൊന്ന് തട്ടിയിട്ട് അടിച്ചതായിട്ട് കൂട്ടിയാല്‍ മതിയോ എന്ന് മഞ്ജു വാര്യര്‍ ഇനിയുള്ള ചാനല്‍ അഭിമുഖ പരമ്പരകളില്‍ വിശദീകരിച്ചാല്‍ നന്ന്.

കാരണം പടത്തില്‍ നിന്ന് അതിനുള്ള സൂചനയൊന്നും കിട്ടുന്നില്ല. മാത്രമല്ല ഈ ആന്റപ്പനെ തല്ലാനുള്ള മാധുരിയുടെ നടപ്പ് തന്നെ കുറച്ച് അക്രമമല്ലേ എന്ന് പ്രേക്ഷകര്‍ക്ക് തോന്നുകയും ചെയ്യും. കാരണം എന്തിനും ഏതിനുമൊരു ലോജിക്ക് വേണ്ടേ. മാധുരിക്ക് ആന്റപ്പനെ തല്ലണം എന്നത് മാനസിക സംഘര്‍ഷത്തില്‍ നിന്നും ഉടലെടുക്കുന്ന പകയും പ്രതികാര വാഞ്ചയുമൊക്കെയായി മഞ്ജുവാര്യര്‍ അഭിനയിച്ചു ഒപ്പിച്ചെടുക്കുന്നുണ്ട്.

പക്ഷെ കടുവയെ തല്ലുമെന്ന് പറഞ്ഞ് മുയല്‍ കേവലം പകയുമായി നടക്കുന്നത് കണ്ടാല്‍ അതിലൊരു ലോജിക്കില്ല എന്നതാണ് പ്രധാന പ്രശ്‌നം. പേശിബലത്തില്‍ മാധുരിയും ആന്റപ്പനും യാതൊരു പൊരുത്തവുമില്ല. അല്ലെങ്കില്‍ തല്ലാനായി മറ്റ് ബുദ്ധിപരമായ മാര്‍ഗങ്ങള്‍ മാധുരി തേടേണ്ടതുണ്ട്. ആന്റപ്പന്റെ പേശിബലത്തെ നേരിടാന്‍ സംഘബലമൊക്കെ സംഘടിപ്പിക്കുന്നതോ ആനയെ വീഴ്ത്താന്‍ വാരിക്കുഴി കുത്തുന്നതോ.... അങ്ങനെയെന്തെങ്കിലും. പക്ഷെ ഇവിടെ അതുമില്ല. തല്ലണം തല്ലണം എന്ന് ജപിച്ചുകൊണ്ട കോട്ടയം മാര്‍ക്കറ്റിന് റോന്ത് ചുറ്റുന്നതിനിടയില്‍ എന്തോന്ന് ബുദ്ധി... എന്തോന്ന് കോമണ്‍സെന്‍സ്.... എന്തോന്ന് ലോജിക്ക്....

എട്ട് പത്ത് കാട്ടുമാക്കന്‍മാരെ വാരിയലക്കിക്കൊണ്ടാണ് കോട്ടയം പട്ടണത്തില്‍ ആന്റപ്പന്റെ ഇന്‍ഡ്രൊക്ഷന്‍. അതായത് എട്ടുപത്ത് സല്‍മാന്‍ഖാന്‍മാര്‍ ആവതു വിചാരിച്ചിട്ടും ആന്റപ്പനിട്ട് ഒന്ന് ഞൊട്ടാന്‍ പറ്റിയില്ല. എന്നിട്ടാണ് അര ഫര്‍ലോങ് നടക്കുമ്പോ ആഞ്ഞ് കിതയ്ക്കുന്ന ഭാവവുമായി നടക്കുന്ന മഞ്ജുവാര്യര്‍ ആന്റപ്പനെ തല്ലാന്‍ പോകുന്നത്. ആഗ്രഹത്തിനൊക്കെയൊരു ലോജിക്ക് വേണ്ടേ സാറേ എന്ന് ന്യായമായും തോന്നിപ്പോകും. ഈ ലോജിക്ക് രാഹിത്യത്തില്‍ പടുത്തുയര്‍ത്തിയിരിക്കുന്ന... അവനെ തല്ലും അവനെ തല്ലും.... അവനെ തല്ലും എന്ന് പറഞ്ഞ് മാധുരി കോട്ടയം ചന്തയിലൂടെയും പിന്നെ വീട്ടിലുമെല്ലാം നടക്കുന്ന ഒരു നടപ്പ് മാത്രമാണ് സിനിമ എന്നത് പരമദയനീമായിപ്പോയി.

എന്നുവെച്ചാല്‍ ഇത് മാത്രമാണ് സിനിമ എന്ന് നിങ്ങള്‍ തെറ്റുദ്ധരിക്കരുത്.
ഉണ്ണി ആറിന്റെ സര്‍ഗശേഷി പ്രകടമാകുന്ന അടിപ്പന്‍ സംഭാഷങ്ങളുണ്ട് സിനിമയില്‍.
ഒരു സാംപിളിന് മജ്ഞുവാര്യരുടെ വെല്‍വിഷറായ ഗോപിചേട്ടന്റെ ഡയലോഗ് ഒന്ന് ഉദാഹരിക്കാം.

ഗോപിചേട്ടന്‍ ആര് എന്ന് ചോദിച്ചാല്‍ പണിയൊന്നുമില്ലാതെ തെക്കുവടക്ക് നടക്കുന്ന ഒരു മധ്യവയസ്‌ക്കന്‍. അങ്ങേരുടെ ഭാര്യ ഒളിച്ചോടിപ്പോയി. ഒറ്റമകള്‍ ഇപ്പോള്‍ മൂപ്പില്‍സുമായി നല്ല രസത്തിലല്ല. ഗോപിച്ചേട്ടനാണെങ്കില്‍ പണിയെടുക്കാന്‍ തീരെ താത്പര്യമില്ല. കാരണം കുടിച്ച് രസിച്ചങ്ങനെ സൈക്കിള്‍ ചവിട്ടി നടക്കണം. എന്നാല്‍ ഗോപിച്ചേട്ടന്‍ ഗംഭീര തയ്യല്‍ക്കാരനാണ് താനും. പക്ഷെ തയ്യല്‍ മിഷ്യന്‍ ഗോപിച്ചേട്ടന് അലര്‍ജിയാണ്. പണിയെടുക്കാന്‍ കഴിയൂല എന്ന് മലയാളത്തില്‍ പറയും. തയ്യല്‍ മിഷ്യനില്‍ ചവിട്ടാന്‍ കഴിയില്ലെങ്കിലും മൂപ്പര്‍ സൈക്കിള്‍ എമ്പാടുമായി ചവിട്ടും.
പ്രസ്തുത ഗോപിച്ചേട്ടനോട് മാധുരി ചോദിക്കുന്നു നിങ്ങള്‍ക്ക് ഈ സൈക്കിള്‍ ചവിട്ടുന്ന നേരത്ത് ഒന്ന് തയ്യല്‍ മിഷ്യന്‍ ചവട്ടിയാലെന്താണ് ഹേ ?...

ആ നിമിഷം ഗോപിച്ചേട്ടന്റെ മറുപടി വരും. അതിങ്ങനെയാണ്, ശ്രദ്ധിച്ച് കേട്ടോണം.
ഭാര്യയും മകളുമില്ലാത്ത എനിക്ക് തയ്യില്‍ മെഷ്യന്‍ ചവിട്ടുമ്പോള്‍ ലോകം ഒരിടത്ത് നിന്ന് കറങ്ങുന്നത് പോലെ തോന്നും. എന്നാല്‍ സൈക്കിള്‍ ചവിട്ടമ്പോഴോ... ലോകം അതാ മുമ്പോട്ടു പോകുന്നത് പോലെ തോന്നും. ആയതിനാല്‍ ഞാന്‍ സൈക്കിള്‍ ചവിട്ടുന്നു.

ഇത്രയും ഗോപിച്ചേട്ടന്‍ പറയുമ്പോള്‍ സത്യമായിട്ടും മജ്ഞു വാര്യര്‍ ഇത്തിരി കഞ്ഞിയെടുക്കട്ടെ ഗോപിച്ചേട്ടാ എന്ന ചോദ്യം ചോദിക്കുമെന്ന് പ്രേക്ഷകന്‍ കരുതിയതാണ്. പക്ഷെ മൂപ്പത്തിയാര് ചോദിച്ചില്ല.

ഹൊ എന്നാലും പണിയെടുക്കാതെ വെള്ളമടിച്ച് നടക്കുന്നതിന് ഇത്രയും സര്‍ഗാത്മകവും സാഹിത്യാത്മകവുമായി ഒരു റിട്ടയേര്‍ഡ് തയ്യല്‍ക്കാരന്‍ മറുപടി പറയുന്നത് കേട്ട് കുളിരുകൊണ്ടു പോയി. ഒരു നിമിഷം ഗോപിച്ചേട്ടന്‍ ഇനിയെങ്ങാനും സുകുമാര്‍ അഴിക്കോട് വല്ലതുമാണോ എന്നു പോലും വൊക്കാബുലറി കേട്ടപ്പോള്‍ സംശയിക്കുകയുമുണ്ടായി. സൂക്ഷിച്ച് സ്‌ക്രീനിലൊന്ന് നോക്കിയപ്പോള്‍ അഴിക്കോട് മാഷല്ല അലന്‍സിയറാണ്. അലന്‍സിയാറിനൊക്കെ പിന്നെ എന്തുമാവാമല്ലോ. പോട്ടേന്ന് സമാധാനിച്ചു.

സ്ത്രീകളെ ശാക്തീകരിക്കുകയും സമൂഹത്തെക്കൊണ്ട് സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കുകയും പഠിച്ചില്ലെങ്കില്‍ മഞ്ജുവാര്യരെക്കൊണ്ട് ഇടിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശമാണ് ഉണ്ണി. ആര്‍ പ്രതി പൂവന്‍കോഴിയില്‍ നിവര്‍ത്തിച്ചിരിക്കുന്നത്. സംഭവം മറ്റതാണ്. പൊളിറ്റിക്കല്‍ കറക്ട്‌നെസ്.

എന്നാല്‍ ആ കറക്ട്‌നെസ് പിന്നെ പോകുന്ന വഴിയില്‍ പുല്ലു മുളച്ചിട്ടില്ല ചിത്രത്തിലെങ്ങും.

മാധുരിയുടെ കൂട്ടുകാരിയെ പ്രേമിക്കുന്ന കറുത്ത യുവാവിനെ അവന്റെ നിറത്തിന്റെ പേരില്‍ ദിലീപ് ചിത്രങ്ങളിലേത് പോലെ കോമാളിയായി അവതരിപ്പിക്കുക. കറുത്തവന്‍ വെളുത്ത പെണ്ണിനെ പ്രേമിച്ചത് തന്നെ ഒരു കോമഡിയായി കാണിക്കുക. പെണ്ണെന്ന് പറഞ്ഞാല്‍ ചുമ്മാ ഒരു പ്രേമക്കേസ് മാത്രമാണെന്ന ധാരണ ആയിരത്തിയൊന്ന് വട്ടം വീണ്ടും വിളമ്പുക തുടങ്ങിയ ഇടപാടൊക്കെ തന്നെയാ്ണ് ഉണ്ണി ആറിന്റെ തിരക്കഥയില്‍.

അതൊക്കെ പോട്ടെ അസ്ഥാനത്തുള്ള കോമഡികളാണ് സഹിക്ക വയ്യാത്തത്. വലിയ ടെന്‍ഷനില്‍ മാധുരിയും കൂട്ടുകാരിയും വരുമ്പോള്‍ ആ ടെന്‍ഷന്റെ പാരമ്യത്തില്‍ ഒരു ചീള് കോമഡി താങ്ങും. ഭാഗ്യം തീയറ്ററില്‍ ആരും ചിരിച്ചില്ല.

ഇടയ്‌ക്കൊരു കോമഡിയുണ്ട്. ഗോപിച്ചേട്ടന്‍ എന്ന മാധുരിയുടെ തയ്യല്‍ ആശാന്‍ തനിക്ക് ഗുരുദക്ഷിണയായി കുറച്ച് തുണി തയിച്ച് തരണം എന്ന് പറയുന്നു. ആഹാ ഗുരുദക്ഷിണ ഇത് കുറെയായി കേട്ടോ എന്ന മാധുരിയുടെ കൗണ്ടര്‍ കമന്റ്. ഈ ഡയലോഗ് എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന് ആലോചിച്ചപ്പോഴാണ് മീശമാധവന്‍ ഓര്‍മ്മ വന്നത്. മീശ മാധവന്‍ തന്റെ കള്ളന്‍ ആശാനോട് പറയുന്ന അതേ ഡയലോഗ്.

ഇതുപോലെ മറ്റു സിനിമകളില്‍ കേട്ട് പഴകിയ ചില വിറ്റുകള്‍ അവിടിവിടെയായി പ്രതിഷ്ഠിച്ചിട്ടുണ്ട് ഉണ്ണി ആര്‍.

തിരക്കഥയുടെ ദുര്‍ബലത തന്നെയാണ് ഈ സിനിമയെ ഒരു മികച്ച സിനിമയാക്കി മാറ്റുന്നതില്‍ നിന്ന് റോഷന്‍ ആന്‍ഡ്രൂസിനെ പിന്നിലേക്ക് വലിക്കുന്നത്. മിക്കപ്പോഴും ഒരു രംഗത്തില്‍ നിന്ന് അടുത്ത രംഗത്തിലേക്കുള്ള സഞ്ചാരം വളരെ ദയനീയമാണ്. ഓരോ സീനും ഒന്നൊന്നായി മാറി നില്‍ക്കുന്ന പ്രതീതിയും നാടകീയമായ ഡയലോഗുകളും എടുത്തു പറയേണ്ടത് തന്നെയാണ്. പലപ്പോഴും കഥാപാത്രങ്ങളെ വേണ്ടവിധം ഡെവലപ് ചെയ്യാനോ സജ്ജീകരിക്കാനോ പോലും ശ്രമിച്ചിട്ടില്ല.

മാധുരി നിന്ന നില്‍പ്പില്‍ വല്യ ക്വട്ടേഷന്‍കാരിയായി എന്ന് പറഞ്ഞ് മാധുരിയുമായി സിറ്റിംഗ് ചോദിച്ചുവരുന്ന കോളജ് പയ്യന്‍മാരുടെ സീനൊക്കെ ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും എന്ന ലെവലിലാണ് സിനിമയില്‍ കിടക്കുന്നത്. സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രമായ പോലീസ് ഇന്‍സ്‌പെക്ടറുടെ കഥാപാത്രവും യാതൊരു വിധത്തിലും ഡെവലപ്‌ചെയ്തിട്ടില്ല. ഒരു റിയലിസ്റ്റിക്ക് സിനിമയിലെ പോലീസ് കഥാപാത്രമായി ഇതിനെ കാണാനേ കഴിയില്ല. വലിയ വില്ലത്തരമൊക്കെ കാണിച്ച പോലീസ് ഓഫീസര്‍ അവസാനം ആന്റപ്പന്‍ വരുമെന്ന് കേട്ട് സ്റ്റേഷനില്‍ നിന്ന് ഇറങ്ങി ഓടുന്ന രംഗം മിഥുന്‍ മാനുവല്‍ സിനിമയിലെ കോമാളിത്തരം പോലെയുണ്ട്.

കോട്ടയം പട്ടണത്തെ കിടുകിടാ വിറപ്പിക്കുകയും കോട്ടയം പട്ടണത്തിലെ ഒരു ദാവൂദ് ഇബ്രഹീമായി വാണരുളുകയും ചെയ്യുന്ന ആന്റപ്പനെന്ന കഥാപാത്രത്തിന്റെ അവസ്ഥയും ദയനീയം തന്നെയാണ്. യാതൊരു ഡീറ്റെയിലിംഗുമില്ല.

എന്നാല്‍ റോഷന്‍ ആന്‍ഡ്രൂസ് എന്ന നടന്‍ ആന്റപ്പന് ഒരു ജീവന്‍ നല്‍കുന്നുണ്ട്. മറ്റേത് നടനെ കാസ്റ്റ് ചെയ്യുന്നതിലും മികച്ചതായിരുന്നു ആന്റപ്പനായിട്ടുള്ള റോഷന്റെ എന്‍ട്രി. സംഘട്ടന രംഗത്തിലൊക്കെ റോഷന്‍ മികച്ചു നിന്നു. റോഷന്‍ നല്ലൊരു നടനാണ് എന്ന് നോട്ട്ബുക്കിലെ പുതുമുഖങ്ങള്‍ സൂപ്പര്‍ പെര്‍ഫോം ചെയ്തപ്പോള്‍ തന്നെ മനസിലായിട്ടുള്ളതാണ്. മികച്ച നടന്‍ കൂടിയായ സംവിധായകന്‍ തന്നെയാണ് റോഷന്‍. എന്നാല്‍ കാസനോവയിലേത് പോലെ തന്നെ ദുര്‍ബലമായ തിരക്കഥയെ ഐഡന്റിഫൈ ചെയ്യാന്‍ റോഷന് കഴിഞ്ഞിട്ടില്ല എന്നതാണ് പ്രധാന പരിമിതി.

മഞ്ജു വാര്യര്‍ നടക്കുന്നതൊഴിച്ചാല്‍ ഒരു ചെറുകഥയില്‍ നിന്ന് യാതൊരു ഡെവലപ്‌മെന്റും ഉണ്ണി ആറിന്റെ തിരക്കഥയ്ക്കി്ല്ല എന്നതാണ് യഥാര്‍ഥ്യം.
മഞ്ജു വാര്യരെക്കുറിച്ച് പറയാതെ ഈ ലേഖനം അവസാനിപ്പിക്കാന്‍ സാധിക്കുകയില്ല.
മമ്മൂട്ടിയും മോഹന്‍ലാലും ്പ്രായത്തിനൊത്തുള്ള വേഷങ്ങള്‍ ചെയ്യണം വെറുതെ കല്യാണം കഴിക്കാന്‍ നടക്കുന്ന വേഷങ്ങള്‍ ചെയ്യരുത് എന്ന് പൃഥ്വിരാജ് മുതല്‍ സാദാ പ്രേക്ഷകന്‍ വരെ ഉപദേശിച്ചിട്ടുണ്ട്. ഇതേ ഉപദേശമാണ് മഞ്ജുവിനോടും പറയാനുള്ളത്. മഞ്ജുവിന് പ്രായമായി. അത് സ്‌ക്രീനില്‍ കാണാനുമുണ്ട്.
മിനിമം റിയലിസ്റ്റിക്ക് സിനിമയിലെങ്കിലും കല്യാണ പ്രായം ദാ ഇശ്ശി അങ്ങ് കഴിഞ്ഞതേയുള്ള എന്ന ലൈന്‍ വിട്ടുപിടിക്കുന്നതാണ് നല്ലത്.

ജോ ആന്‍ഡ് ദ ബോയ് ഒക്കെ ഒന്നര ദിവസം കൊണ്ട് പെട്ടിയിലായതാണ് എന്ന് മറക്കരുത്. കല്യാണം കഴിക്കാത്ത ഇരുപതുകളുടെ അവസാനത്തിലുള്ള പെണ്ണായി മഞ്ജു നല്ല ബോറായിരുന്നു സിനിമയില്‍. അനുശ്രീ പ്രായം കൊണ്ട് പെര്‍ഫെക്ടായപ്പോള്‍ മഞ്ജു ഒട്ടും ശരിയായതേയില്ല.

മഞ്ജുവിന്റെ ഏറ്റവും പ്രധാന ദൗര്‍ബല്യം അവരുടെ ശബ്ദം തന്നെയാണ്. മാധുരിയുടെ വൈകാരിക രംഗങ്ങളില്‍ മഞ്ജുവിന്റെ സൗണ്ട് മോഡുലേഷന്‍ ഒരു ബാധ്യതയാണ്. പ്രത്യേകിച്ചും ക്ലൈമാക്‌സ് രംഗത്തില്‍. അസുരനിലും ഇതേ പ്രശ്‌നമുണ്ടായിരുന്നുവെങ്കിലും അഭിനയശേഷികൊണ്ട് മഞ്ജു അതിനെ മറികടന്നു.

എന്നാല്‍ പൂവന്‍കോഴിയില്‍ അസുരനിലെ മഞ്ജുവിന്റെ നിഴല്‍ പോലും ഉണ്ടായിരുന്നില്ല.

എന്തായാലും ആകത്തുകയില്‍ സ്ത്രീപക്ഷ സിനിമയാണ് പ്രതി പൂവന്‍കോഴി എന്നാണ് പറയപ്പെടുന്നത്. അത് അങ്ങനെ തന്നെയാണോ എന്ന് പ്രേക്ഷകര്‍ വിലയിരുത്തട്ടെ. ചെറുകഥകള്‍ സിനിമയാക്കുമ്പോള്‍ അതൊരു സിനിമക്കഥയാക്കുവാന്‍ എഴുത്തുകാരും ശ്രമിക്കട്ടെ. എല്ലാത്തിനും ഉപരിയായി പ്രതി പൂവന്‍കോഴിയൊരു വന്‍ വിജയം കൂടിയാവട്ടെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക