Image

ഫാസിസം, പാളം തെറ്റി ഓടുന്നൊരു ട്രെയിനാണ്,അത് നിങ്ങളെയും തേടി വരും (മനോജ് വെള്ളനാട്)

Published on 16 December, 2019
ഫാസിസം, പാളം തെറ്റി  ഓടുന്നൊരു ട്രെയിനാണ്,അത് നിങ്ങളെയും തേടി വരും (മനോജ് വെള്ളനാട്)
നമ്മളെ നമ്മളാക്കുന്നത് നമ്മുടെ പാരമ്പര്യം അഥവാ ജനിതകമാണെല്ലാര്‍ക്കുമറിയാം. മനുഷ്യന്റെ ജനിതകവും ചിമ്പന്‍സിയുടെ ജനിതകവും 96 ശതമാനവും ഒന്നാണ്. വെറും 4% വ്യത്യാസമേ ഇതു വായിക്കുന്ന നിങ്ങളും ഇതേസമയം അങ്ങു ദൂരെയൊരു കാട്ടില്‍ ഘ്യാ...ഖൂ.. എന്നൊക്കെ ശബ്ദങ്ങളുണ്ടാക്കി, നഷ്ടമായതെന്തിനെയോ ഓര്‍ത്ത് നെടുവീര്‍പ്പെട്ട്, തലയും ചൊറിഞ്ഞിരിക്കുന്ന തടിയന്‍ ചിമ്പാന്‍സിയങ്കിളും തമ്മിലുള്ളൂ.

എന്റെയും നിങ്ങളുടെയും ചിമ്പന്‍സിയങ്കിളിന്റെയും പൂര്‍വ്വികര്‍ ഒന്നായിരുന്നതു കൊണ്ടാണത്. ആ കഥ അവസാനിക്കുന്നത് 2 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ആഫ്രിക്കയിലെ ഒരു കാട്ടില്‍. അവിടെയാണ് എന്റെയും നിങ്ങളുടെയും അപ്പൂപ്പനമ്മൂമ്മമാരായ, മിസ്റ്റര്‍ & മിസിസ് ഹോമോ സാപ്പിയന്‍ ഉണ്ടായത്. അന്നത്തെ കാലമല്ലേ, നമ്മുടേത് പോലെ വാഹന സൗകര്യങ്ങളൊന്നുമില്ലല്ലോ. എന്നാലും സാഹസികരായ അപ്പൂപ്പനമ്മൂമ്മമാര്‍ മാക്ക് മാക്കനെ നടന്ന് നടന്ന് ആഫ്രിക്കേന്ന് പുറത്തു കടന്നു.

കുറേ പേര്‍ പടിഞ്ഞാറ്റ് പോയി, ഇന്നത്തെ ഇറാന്‍, സിറിയ പിന്നെ യൂറോപ്പ് എന്നിവിടങ്ങളില്‍ കുഞ്ഞുകുട്ടി പരാധീനങ്ങളോടെ ജീവിച്ചു. കുറേപേര്‍ കിഴക്കോട്ട് വച്ചുപിടിച്ചു. അങ്ങനെ 65000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ന് നമ്മള്‍ ഇന്ത്യ എന്ന് വിളിക്കുന്ന ദേശത്തും അവരെത്തി. അവരാണ് ഇന്ത്യയിലെ ആദ്യത്തെ മനുഷ്യര്‍.

വേട്ടയാടിയും മരംകേറി കായ്കനികള്‍ പറിച്ചും മേല്‍വയറിന്റെ കാച്ചിലും, തോന്നുമ്പോള്‍ തോന്നുമ്പോള്‍ തോന്നുന്നവരോടൊക്കെ രതിയിലേര്‍പ്പെട്ട് അടിവയറിന്റെ കാച്ചിലും ശമിപ്പിച്ചും, സന്തതി പരമ്പരകളെ സൃഷ്ടിച്ചും, രോഗം വന്നും പരസ്പരം തല്ലുകൂടിയും പട്ടിണികിടന്നുമൊക്കെ മരിച്ചും സഹസ്രാബ്ദങ്ങള്‍ കഴിച്ചുകൂട്ടി അവര്‍. പരദൂഷണം പറയാനുള്ള വ്യഗ്രതയും കൃഷിയുടെ കണ്ടുപിടിത്തവും സമൂഹമായി താമസിക്കാന്‍ ഈ ഹോമോ സാപ്പിയന്മാരെ നിര്‍ബന്ധിതരാക്കി.

അങ്ങനെ വെറും ഹോമോ സാപ്പിയന്മാരായി തന്നെ ഇവിടെ ജീവിച്ചു വരുന്നതിനിടയിലാണ് ഏതാണ്ട് 9000 വര്‍ഷം മുമ്പ്, ഇറാനിലും സിറിയയിലും കുടിയേറി സാഗ്രോസ് താഴ്വരകളില്‍ കൃഷിയും മറ്റുമായി ജീവിച്ചിരുന്ന കുറേയെണ്ണം ഒരു സംഘമായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് കടന്നുവരുന്നത്. രണ്ടാം കുടിയേറ്റം. അവര്‍ അവരുടെ കുറേ ജീവിതരീതികള്‍ പലതും ഇവിടെയുണ്ടായിരുന്ന ഒന്നാം കുടിയേറ്റ ജനതയുടെ രീതികളില്‍ മിക്‌സ് ചെയ്തു. ഇവിടെ സങ്കരസന്തതികളുണ്ടായി. സങ്കരസന്തതികള്‍ തമ്മില്‍ സംയോഗിച്ച് സങ്കരസങ്കരസന്തതികളുണ്ടായി. അതങ്ങനെ തുടര്‍ന്നു. അങ്ങനെയുണ്ടായ സങ്കരസങ്കരസങ്കര 1000 സങ്കര സന്തതികളിലൊന്നാണ് നമ്മള്‍.

പറഞ്ഞതിത്രേ ഉള്ളൂ, ഞാനും നീയുമൊക്കെ 65000 വര്‍ഷം മുമ്പ് ആഫ്രിക്കേന്ന് ഇങ്ങോട്ട് 'കുടിയേറി'യവരാണ്. അവരുടെയും 9000 വര്‍ഷം മുമ്പ് സാഗ്രോസ് താഴ്വരേന്ന്, പിന്നേം 'കുടിയേറിയ'വരുടെയും സങ്കര സന്തതികളാണ്. ചെറുതും വലുതുമായ വേറെയും കുടിയേറ്റങ്ങളും അതുവഴിയുള്ള ജനിതകസങ്കലനവും ഈ മണ്ണില്‍ നടന്നിട്ടുണ്ട്. സ്വയം ബ്രാഹ്മണനെന്നും ഹിന്ദുവെന്നും നായരെന്നും ക്രിസ്ത്യനെന്നും ഷിയയെന്നും സുന്നിയെന്നും ബുദ്ധനെന്നും ജൈനനെന്നുമൊക്കെ വിളിച്ചാലും, നിങ്ങള്‍ അടിസ്ഥാനപരമായി മേല്‍പ്പറഞ്ഞതാണ്. ഇങ്ങനെ പല പേര് വിളിച്ച്, സ്വയം പറ്റിക്കാമെന്ന് മാത്രം.

ആഹാരവും വെള്ളവും വായുവും വസ്ത്രവും മനസമാധാനവുമാണ് മനുഷ്യന് ജീവനോടിരിക്കുമ്പോള്‍ വേണ്ട സാധനങ്ങള്‍. പക്ഷികള്‍ക്കും മൃഗക്കള്‍ക്കും ചെടികള്‍ക്കും വൈറസിനും ബാക്ടീരിയക്കുമെല്ലാം ഇതൊക്കെ തന്നെയാണ് വേണ്ടതും (വസ്ത്രമൊഴികെ). കുടിയേറ്റക്കാരേ പറയൂ, ഇതിലെവിടെ മതവും ജാതിയും?

ജീവിക്കാന്‍ ഒട്ടും ആവശ്യമില്ലാത്തതും എന്നാല്‍ ജനനം മുതല്‍ ശവപ്പറമ്പ് വരെ നമ്മള്‍ പേറി നടക്കുന്ന ഒന്നാന്തരം വിഴുപ്പാണ് മതമെന്നും അതുവച്ച് മനുഷ്യരെ വേര്‍തിരിക്കുന്നത് സ്വയം ലജ്ജ തോന്നേണ്ടതാണെന്നും എന്നെങ്കിലും ചിമ്പന്‍സി അങ്കിളിന്റെ നീസായ നമുക്ക് തിരിച്ചറിവുണ്ടാവുമോ? സംശയമാണ്.

പക്ഷെ, ഒട്ടും പ്രിയമില്ലാത്ത മതഭ്രാന്തരേ, ഒരു ബാക്ടീരിയയോ വൈറസോ വിചാരിച്ചാല്‍ മതി, ഒന്ന് നിലവിളിക്കാന്‍ കൂടി കഴിയാതെയങ്ങ് ചത്തുപോകാന്‍ സാധ്യതയുള്ളവരാണ് നമ്മളെന്ന് അറിഞ്ഞു വയ്ക്കണം. ചത്തു മണ്ണില്‍ കിടക്കുമ്പോള്‍ മതം നോക്കിയല്ലാ പുഴുവരിക്കുന്നതെന്നെങ്കിലും അപരന്റെ മതം നോക്കി വെറുപ്പ് വര്‍ഷിക്കുമ്മുമ്പോര്‍ക്കണം.

ആരോട് പറയാനാണ്! CAB മനുഷ്യവിരുദ്ധമാണെന്ന് 100 വട്ടം ആവര്‍ത്തിച്ച് പറഞ്ഞാലും അതിനെ അനുകൂലിക്കുന്നവരത് ചെവികൊള്ളാത്തത്, അവരേറ്റവും ആസ്വദിക്കുന്നത് ആ 'മനുഷ്യവിരുദ്ധത' തന്നെയായത് കൊണ്ടാണ്. എന്നാലും എന്റെ മനസമാധാനത്തിന് വേണ്ടി പറയുവാണ്, നിങ്ങളിപ്പൊ ആര്‍പ്പുവിളിച്ചും നിഷ്പക്ഷ മൗനം കൊണ്ടും ആസ്വദിക്കുന്ന ഫാസിസം, പാളം തെറ്റി പാടത്തൂടെ ഓടുന്നൊരു ട്രെയിനാണ്. അത് നിങ്ങളെയും തേടി വരും.



ഫാസിസം, പാളം തെറ്റി  ഓടുന്നൊരു ട്രെയിനാണ്,അത് നിങ്ങളെയും തേടി വരും (മനോജ് വെള്ളനാട്)
Join WhatsApp News
josecheripuram 2019-12-17 08:31:48
India was the only country which welcomed all the religions,Then why now they changed and want to have a Hindu country?Is it because the minority gets more benefits?or Hindus feel unsecured?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക