Image

ഇന്ത്യയില്‍ സ്തനാര്‍ബുദ രോഗികളുടെ എണ്ണം കൂടുന്നു

Published on 13 December, 2019
ഇന്ത്യയില്‍ സ്തനാര്‍ബുദ രോഗികളുടെ എണ്ണം കൂടുന്നു
ഇന്ത്യയില്‍ സ്തനാര്‍ബുദം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്നു പഠനം. ലോകത്ത് പ്രതിവര്‍ഷം 2.1 ദശലക്ഷം സ്ത്രീകളെ സ്തനാര്‍ബുദം ബാധിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഓരോ വര്‍ഷവും 1,62,468 കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സ്ത്രീകള്‍ക്കിടയിലെ കാന്‍സര്‍ മരണങ്ങളില്‍ 15%വും സ്തനാര്‍ബുദം മൂലമാണെന്നാണ് റിപ്പോര്‍ട്ട്.

30 കളുടെ തുടക്കത്തിലുള്ള സ്ത്രീകളില്‍ സ്തനാര്‍ബുദം തിരിച്ചറിയുന്നത് വര്‍ധിച്ചിട്ടുണ്ടെന്ന് കണ്‍സല്‍റ്റന്റ് മെഡിക്കല്‍ ആന്‍ഡ് പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഡോ. ബോബന്‍ തോമസ് പറയുന്നു. തുടക്കത്തില്‍ കണ്ടെത്തുകയാണെങ്കില്‍ 90% സ്തനാര്‍ബുദങ്ങളും ചികിത്സിച്ച് ഭേദപ്പെടുത്താം. 2018ല്‍ ഇന്ത്യയില്‍ 87,090 സ്ത്രീകള്‍ കാന്‍സര്‍ ബാധിതരായി മരണത്തിന് കീഴടങ്ങയിട്ടുണ്ട്. ഇന്ത്യന്‍ നഗരങ്ങളില്‍ ഉടനീളം ഇത് ആശങ്കപ്പെടുത്തും വിധം വര്‍ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

സ്തനാര്‍ബുദം തുടക്കത്തില്‍തന്നെ കണ്ടെത്താന്‍ സാധിക്കുന്നതാണ് ചികിത്സയ്ക്കും രോഗിയെ രക്ഷപ്പെടുത്താനും അവസരം വര്‍ധിപ്പിക്കുന്നത്. വൈകുന്തോറും ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള സാധ്യത കുറയുകയാണ്. അതുകൊണ്ടുതന്നെ രോഗം തിരിച്ചറിയുന്നതിനുള്ള ബോധവല്‍ക്കരണം വളരെ പ്രധാനമാണ്. ലോകത്തെമ്പാടും സ്തനാര്‍ബുദം വ്യാപകമാണെങ്കിലും, ഇതിന്‍റെ കാരണങ്ങളെക്കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ്. സ്തനാര്‍ബുദത്തിനു വഴിവയ്ക്കുന്ന നിരവധി കാരണങ്ങളുണ്ടായേക്കാം. ജീവിതശൈലി, ജീന്‍ എന്നിവയോ ഇവ രണ്ടുമോ കാരണമാകാം. ഇന്ത്യയിലെ സ്തനാര്‍ബുദത്തിന്‍റെ സ്വഭാവം മറ്റു രാജ്യങ്ങളിലേതില്‍നിന്നു വ്യത്യസ്തമാണ്. ചില സ്തനാര്‍ബുദങ്ങള്‍ പരമ്പരാഗതമാണ്, അതില്‍ ബാഹ്യഘടകങ്ങള്‍ക്ക് പ്രസക്തിയില്ല.

നാഷനല്‍ ഹെല്‍ത്ത് മിഷനു കീഴില്‍ അര്‍ബുദം, പ്രമേഹം, ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം തുടങ്ങിയവയുടെ നിയന്ത്രണവും നിവാരണവും അടക്കം നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക