Image

എന്റെ രാജ്യത്തിന് ഇതെന്തു പറ്റി? (പകല്‍ക്കിനാവ് 178: ജോര്‍ജ് തുമ്പയില്‍)

Published on 13 December, 2019
എന്റെ രാജ്യത്തിന് ഇതെന്തു പറ്റി? (പകല്‍ക്കിനാവ് 178: ജോര്‍ജ് തുമ്പയില്‍)
ഒരു പ്രത്യേക വിഷയത്തെക്കുറിച്ചാണ് ഈ കുറിപ്പെഴുതുന്നത്. മറ്റൊന്നുമല്ല ലൈംഗികതയുടെ അരാജകത്വത്തില്‍ അടിമപ്പെട്ട് ജീവിക്കുന്ന രാജ്യത്തെ സമകാലിക സംഭവത്തെക്കുറിച്ചാണ്. കാര്യം ഇതാണ്- തെലുങ്കാനയില്‍ ഒരു യുവ ഡോക്ടറേ കൂട്ട മാനഭംഗം നടത്തിയവരെ നിയമത്തിനു മുന്നിലേക്ക് ഇട്ടു കൊടുക്കാതെ വെടിവെച്ചു വീഴ്ത്തിയ നിയമപാലകര്‍. അതവിടെ നില്‍ക്കട്ടെ, നമുക്ക് ഇന്ത്യയിലെ ഉന്നാവ് എന്ന സ്ഥലത്തേക്ക് പോകാം. അവിടെ ഈ വര്‍ഷം കഴിഞ്ഞ 11 മാസത്തിനിടെ പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെ കണക്കു കേട്ടാല്‍ ഞെട്ടിപ്പോകും. 86 പേരെയാണ് അവിടെ ബലാത്സംഗം ചെയ്തത്. ഉത്തര്‍പ്രദേശില്‍ കാണ്‍പൂരിനും ലക്‌നൗവിനും സമീപമുള്ള ജില്ലയാണിത്. ഇവിടെ തുകല്‍ വ്യാപാരത്തിന്റെ കേന്ദ്രമാണ്. സ്ത്രീകളെ ഭോഗവസ്തുവായി മാത്രം കാണുന്ന ഇവിടെയാണ് പരാതി കൊടുത്ത സ്ത്രീയെ കഴിഞ്ഞ ദിവസം കത്തിച്ചുകളഞ്ഞത്. അതിനു മുന്നേ എത്രയോ കേസുകള്‍. ഗുണ്ടകള്‍ അരങ്ങു വാഴുന്ന ഇവിടെ പോലീസ് ഒക്കെ നോക്കികുത്തിയായിട്ട് എത്രയോ നാളുകളായി.

ഇതു പുറത്തു വരുന്ന കണക്കുകള്‍. മാനം പോകുമെന്നോര്‍ത്ത് പുറത്തു വരാത്ത കേസുകള്‍ ഇതിന്റെ നാലിരട്ടി വരുമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. എന്തായിരിക്കാം ഇതിനു കാരണം? ഇന്ത്യയുടെ അധോലോകം എന്നൊക്കെ പറയുന്നത് മുംബൈയാണ്. പക്ഷേ, അവിടെയൊന്നും ഇല്ലാത്ത എന്താണ് ഉന്നാവിലുള്ളത്. ഉന്നാവ് ഇന്ത്യയുടെ കറുത്ത പ്രദേശമായി ലോകരാജ്യങ്ങളിലെ മാധ്യമങ്ങളെല്ലാം ചിത്രീകരിക്കുകയാണ്. എന്തു പറ്റി എന്റെ രാജ്യത്തിന്?

ലോകമെങ്ങും ബലാത്സംഗത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ് ഉന്നാവോ കേസ്. 2017 ജൂണ്‍ 4 ന് 17 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് ഉണ്ടായ കേസ് ആണിത്. കേസില്‍ ഇതുവരെ രണ്ട് വ്യത്യസ്ത കുറ്റപത്രങ്ങള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. 17 കാരിയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഭാരതീയ ജനതാ പാര്‍ട്ടി നിയമസഭാംഗമായ കുല്‍ദീപ് സിംഗ് സെംഗറിനെതിരെ 2018 ജൂലൈ 11 ന് കേന്ദ്ര കുറ്റപത്രം സമര്‍പ്പിച്ചു. രണ്ടാമത്തെ കുറ്റപത്രം 2018 ജൂലൈ 13 ന് സമര്‍പ്പിച്ചു. കുല്‍ദീപ് സിംഗ് സെംഗാര്‍, സഹോദരന്‍, മൂന്ന് പോലീസുകാര്‍, മറ്റ് അഞ്ച് വ്യക്തികള്‍ എന്നിവരാണ് ഉണ്ണാവോ ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെ കുറ്റവാളിയാക്കിയത്.

ബലാത്സംഗത്തില്‍ നിന്ന് അതിജീവിച്ച പെണ്‍കുട്ടി 2018 ഏപ്രില്‍ 8 ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയില്‍ സ്വയം ആത്മാഹുതിക്ക് ശ്രമിച്ചു. താമസിയാതെ അവളുടെ പിതാവ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചു. ഈ സംഭവങ്ങള്‍ കേസില്‍ പൊതുജനശ്രദ്ധ ആകര്‍ഷിച്ചു. സംഭവം 2018 ഏപ്രിലില്‍ ദേശീയ മാധ്യമങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതേ കാലയളവില്‍ കതുവ ബലാത്സംഗ കേസ് ലോക ശ്രദ്ധ നേടിയത്. 2019 ജൂലൈ 28 ന് ട്രക്ക് കൂട്ടിയിടിച്ച് ഇരയുടെ ഗുരുതരമായ പരിക്കിനും രണ്ട് ബന്ധുക്കളുടെ മരണത്തിനും കാരണമായി. കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും സഹായത്തിനായി ഇന്ത്യന്‍ ചീഫ് ജസ്റ്റിസിന് കത്തെഴുതിയതായും വെളിപ്പെടുത്തി. 2019 ജൂലൈ 31 ന് സുപ്രീം കോടതിയും ചീഫ് ജസ്റ്റിസും കേസ് അംഗീകരിച്ചു.

ഉന്നാവില്‍ ബലാല്‍സംഗക്കേസ് പ്രതികള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മറ്റൊരു പെണ്‍കുട്ടിയെ കൊന്നു. 2019 ഡിസംബര്‍ 6 ന് രാത്രി 11.40ന് ഡല്‍ഹിയിലെ സഫ്ദര്‍ജംങ് ആശുപത്രിയിലായിരുന്നു മരണം. രാത്രിയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഡിസംബര്‍ 5 ന് വ്യാഴാഴ്ചയാണ് അഞ്ചംഗ സംഘം പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. പെണ്‍കുട്ടിക്ക് 90 ശതമാനം പൊള്ളലേറ്റിരുന്നു. പരാതി നല്‍കിയതിന്റ പ്രതികാരമായാണ് പ്രതികളടങ്ങുന്ന അഞ്ചംഗ സംഘം പെണ്‍കുട്ടിയെ തീകൊളുത്തിയത്. ഇനി തെലുങ്കാനയിലേക്ക് വരാം. അവിടെ പിച്ചിചിന്തിയെടുക്കപ്പെട്ട പെണ്‍കുട്ടിയുടെ മാനത്തിനും ജീവനും പോലീസുകാര്‍ നടത്തിയ തിരിച്ചടി ഒരു തരത്തില്‍ വലിയ വില കല്‍പ്പിക്കപ്പെടാം. പ്രതികളായ മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചിന്താകുന്ത ചെന്നകേശവാലു എന്നിവരെയാണ് പോലീസ് വെടിവച്ച് കൊന്നത്. 26 കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതികളെ സൈബരാബാദ് പോലീസ് കൊലപ്പെടുത്തിയത്. ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയിലെ ചതന്‍പള്ളിയിലെ ഒരു കലുങ്കിനടിയിലാണ് തെലങ്കാന ഡോക്ടറുടെ കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. അറസ്റ്റിലായി ഒരാഴ്ചയ്ക്കുള്ളില്‍ നാല് പ്രതികളെയും വെടിവച്ചു കൊന്നു. അന്വേഷണത്തിന്റെ ഭാഗമായി സംഭവങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനായി 10 അംഗ സംഘം ചട്ടന്‍പള്ളിയില്‍ കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോയപ്പോഴാണ് വെടിവയ്പ്പ് നടന്നത്.

പോലീസ് പ്രതികളെ മനപൂര്‍വ്വം വെടിവച്ചു കൊന്നതാണോ, അതു ന്യായമാണോ എന്നൊക്കെയുള്ള കാര്യങ്ങള്‍ അവിടെ നില്‍ക്കട്ടെ. എനിക്കു പറയാനുള്ളത്, സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ രാജ്യം അല്‍പ്പം കൂടി ശക്തിപ്രാപിക്കേണ്ടതുണ്ടെന്നാണ്. നിയമം പൊളിച്ചെഴുതണമെന്നാണ്. ബലാത്സംഗത്തിനും പീഡനത്തിനും കടുത്ത ശിക്ഷ നല്‍കിയേ തീരൂ. കാരണം, ആണിനും പെണ്ണിനും വേദന ഒന്നു തന്നെയാണ്. ജീവനും ഒന്നും തന്നെയാണ്. അതിനു അര്‍ഹിക്കുന്ന വില നല്‍കിയേ തീരൂ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക