Image

യോഗിവര്യന്‍മാരുടെ നാട് ഇങ്ങനെയൊക്കെയാണ് കലികാലവൈഭവം അല്ലാതെന്താണ്? (വെള്ളാശേരി ജോസഫ്)

Published on 09 December, 2019
യോഗിവര്യന്‍മാരുടെ നാട് ഇങ്ങനെയൊക്കെയാണ്  കലികാലവൈഭവം   അല്ലാതെന്താണ്? (വെള്ളാശേരി ജോസഫ്)
ഉന്നോവോ ഗ്രാമത്തിൽ കണ്ടതുപോലെ ഉത്തർപ്രദേശിൽ നിന്ന് ഇതും, ഇതിലപ്പുറവും  പ്രതീക്ഷിക്കാം. ഉത്തർപ്രദേശിലും ബീഹാറിലും പെൺകുട്ടികൾ സുരക്ഷിതരാകണമെങ്കിൽ പോലീസും, ജുഡീഷ്യറിയും സത്യസന്ധതയോടെ പ്രവർത്തിക്കണം. സ്ത്രീകൾക്കെതിരേയുള്ള അക്രമങ്ങൾ നടത്തുന്നവരോട് ജാതി, മത, രാഷ്ട്രീയ - പരിഗണനയൊന്നും പാടില്ല. നമുക്കിതൊക്ക പറയാമെന്നേ ഉള്ളൂ. ഗോഡ്ഫാദർമാരും, മാഫിയകളും സൃഷ്ടിക്കുന്ന ഫ്യുഡൽ സെറ്റപ്പിൽ ഇതൊന്നും അത്ര എളുപ്പത്തിൽ നടപ്പാക്കപ്പെടില്ലാ. അതാണ്‌ ഉത്തർപ്രദേശിലെ ഉന്നാവോയിൽ കഴിഞ്ഞ ദിവസം കണ്ടത്.

ബീഹാറിൽ ജോലി ചെയ്ത സുഹൃത്ത് ഒരു എം.എൽ.എ. ട്രെയിൻ കമ്പാർട്ട്മെൻറ്റിൽ കയറി യാത്രക്കാരെ പുറത്താക്കിയതിന് ശേഷം ഒരു യുവതിയെ ബലാത്‌സംഗം ചെയ്ത കഥ ഇതെഴുതുന്ന ആളോട് പറഞ്ഞിട്ടുണ്ട്. ബീഹാറിലും ഉത്തർപ്രദേശിലും ഇതൊന്നും വലിയ വാർത്തകളേ അല്ലാ. ഡൽഹിയിൽ നിന്ന് കൽക്കട്ടയിലേക്ക് യാത്ര ചെയ്തപ്പോൾ മറ്റൊരു സുഹൃത്തിന് ഉണ്ടായ അനുഭവവും രസകരമാണ്. ട്രെയിൻ ബീഹാർ അതിർത്തി കടന്നതും ഒരു ഗുണ്ടാ ലുക്കുള്ള ഒരാൾ വന്ന് ആക്രോശിച്ചത് "ഗാഡി ബീഹാർ മേം ആ ഗയാ, ഉഡ്" എന്നായിരുന്നു. ട്രെയിൻ ബീഹാർ അതിർത്തി കടന്നാൽ റിസേർവ് കമ്പാർട്ട്മെൻറ്റിൽ യാത്ര ചെയ്യുന്ന ആളുകൾ പോലും ഗുണ്ടകൾക്ക്‌ എഴുന്നേറ്റു കൊടുക്കണം എന്നാണ് അവിടെയൊക്കെ അലിഖിത നിയമം!!!

ബീഹാറിലെ ഫ്യുഡൽ-ഗുണ്ടാ ഭരണത്തിൽ നിന്ന് അധികം വ്യത്യസ്തമല്ല ഉത്തർപ്രദേശും. ഉത്തർപ്രദേശിന് മാത്രമായി ഒട്ടേറെ പ്രത്യേകതകളുമുണ്ട്. 2011-ലെ സെൻസസ് അനുസരിച്ച് ഉത്തർപ്രദേശിൽ 19 കോടിയിൽ മിച്ചമായിരുന്നു ജനസംഖ്യ. ഓരോ വർഷവും 20 ലക്ഷത്തിൽ മിച്ചം പേർ ജനസംഖ്യയിൽ ചേർക്കപ്പെടുന്നത് കൊണ്ട് 2019 - ൻറ്റെ അവസാനം 2011 - ൽ നിന്ന് ഭിന്നമായി 22 കോടിയിലേറെ ജനസംഖ്യ ഉത്തർപ്രദേശിൽ ഉണ്ടെന്നാണ് അനുമാനം. അതായത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. 

വടക്കേ ഇന്ത്യയുടെ ഫ്യുഡൽ സെറ്റപ്പിൽ പണവും സ്വാധീനവും ഉള്ളവനും ഇല്ലാത്തവനും തമ്മിൽ വലിയ അന്തരമുണ്ട്. വടക്കേ ഇന്ത്യൻ നഗരങ്ങളിലെ പാർശ്വവൽക്കരിക്കപ്പെട്ടവർ താമസിക്കുന്ന ഇടങ്ങൾ അതുകൊണ്ട് തന്നെ വൃത്തികേടിൻറ്റെ കൂമ്പാരങ്ങൾ തന്നെയാണ്. അവിടങ്ങളിലെ വി.ഐ.പി. ഏരിയകൾ കഴിഞ്ഞാൽ ചേരികളും പാവങ്ങളും താമസിക്കുന്ന സ്ഥലം ഇൻഡ്യാ മഹാരാജ്യത്തെ ഏറ്റവും അഴുക്കു നിറഞ്ഞ സ്ഥലങ്ങളാണ്. ഇന്ത്യയിലെ ഏറ്റവും വൃത്തിഹീനമായ സ്ഥലങ്ങളിൽ ചിലതൊക്കെ ഉത്തർപ്രദേശിൽ ഉണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങൾക്ക് മുമ്പ് നാഷണൽ ജോഗ്രഫിക്ക് ചാനൽ പ്രക്ഷേപണം ചെയ്ത ഗംഗയെ കുറിച്ചുള്ള ഡോക്കുമെൻറ്ററിയിൽ കാൺപൂർ പിന്നിടുന്ന ഗംഗ കറുത്ത നിറത്തിൽ ഒഴുകുന്നത് കാണിച്ചു. കാൺപൂരിലെ ലെതർ വ്യവസായം സൃഷ്ടിക്കുന്ന പ്രശ്നമാണത്. സായിപ്പ് ആയതുകൊണ്ട് മാത്രമാണ് അതൊക്കെ കാണിച്ചത്. പുണ്യനദിയായ ഗംഗയെ കുറിച്ച് ഇൻഡ്യാക്കാർ അത്തരമൊരു ഡോക്കുമെൻറ്ററി ബി.ജെ.പി. ഭരിക്കുമ്പോൾ എടുക്കാൻ ധൈര്യപ്പെടുകയില്ലാ. ഉത്തർപ്രദേശിലെ അസംഘടിതരായ മനുഷ്യർ താമസിക്കുന്ന ഇടം തെരുവുനായ്ക്കളും, മാലിന്യ കൂമ്പാരങ്ങളും ഒക്കെയായിട്ടാണ്. അവർക്കിടയിൽ പുഴുക്കളെ പോലെ ജീവിക്കുന്ന മനുഷ്യരും ഉണ്ട്. അതെല്ലാം നാഷണൽ ജോഗ്രഫിക്ക് കാണിച്ചുതന്നു. മിക്ക ഉത്തരേന്ത്യൻ  നഗരങ്ങളുടേയും സ്ഥിരം കാഴ്ചകളാണ് ഇതൊക്കെ. ദീർഘദൂര ട്രെയിനിലെ ലോക്കൽ കമ്പാർട്ട്മെൻറ്റ് കാലിത്തൊഴുത്തുകളെ അനുസ്മരിപ്പിക്കുന്നതാണ്. ലോക്കൽ ട്രെയിനുകളുടെ കാര്യം പറയുകയും വേണ്ടാ. 

നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിയായ നരേന്ദ്ര ദാമോദർ ദാസ് മോഡിയുടെ സ്വന്തം മണ്ഡലമായ വാരണാസിയിൽ പോയാൽ മതി വൃത്തിക്ക് വേണ്ടിയുണ്ടാക്കിയ 'സ്വച്ഛ് ഭാരത്' പദ്ധതി പ്രവർത്തിക്കുന്നുണ്ടോ എന്ന് കാണാൻ. ഇതെഴുതുന്നയാൾ മോഡിയുടെ തന്നെ ലോക്സഭാ മണ്ഡലമായ വാരണാസിയിൽ കുറെ നാൾ മുമ്പ് സന്ദർശനം നടത്തിയിരുന്നു. എൻറ്റെ അനുഭവം വെച്ച് പറഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും വൃത്തികെട്ട നഗരങ്ങളിൽ ഒന്നാണ് വാരണാസി. അത് വാരണാസിയിൽ പോകുന്ന ആർക്കും തികഞ്ഞ സത്യ സന്ധതയോടെ തന്നെ പറയാൻ സാധിക്കും. വാരണാസിയുടെ ഇടുങ്ങിയ വഴികളിലെ ഇരുവശവും രണ്ടും മൂന്നും നിലകളുള്ള പഴയ കെട്ടിടങ്ങളും, വീടുകളും, ലോഡ്ജുകളും ആണ്. ആ പഴകിയ കെട്ടിടങ്ങളിൽ നിന്ന് ഇടുങ്ങിയ ഗലികളിലേക്ക് വഴി തുറക്കുന്നു. നഗരത്തിൽ മൊത്തം മാലിന്യക്കൂമ്പാരം. പശുക്കൾ, എരുമകൾ, വിസർജ്ജ്യങ്ങൾ. പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കഴിച്ച് സ്വപ്ന സന്ജാരിണികളെ പോലെ അലഞ്ഞു തിരിയുന്ന പശുക്കളെ എവിടേയും കാണാം. ഗംഗ കാണുന്ന ആർക്കും ഗംഗയുടെ കരയിൽ നടക്കുന്ന യാതൊരു തത്വദീക്ഷയുമില്ലതെ നടക്കുന്ന കയ്യേറ്റങ്ങളും, മലിനീകരണങ്ങളും കാണാം. രാജ്യ തലസ്ഥാനത്ത് യമുനാ നദി ഒരു അഴുക്കു ചാലു പോലെയാണ് ഒഴുകുന്നത്. ആർക്കു വേണമെങ്കിലും വന്നു കാണാം. പിന്നെ എവിടെയാണീ 'സ്വച്ഛ് ഭാരത്' പദ്ധതി പ്രവർത്തിക്കുന്നത്? സ്വച്ഛ് ഭാരത് പദ്ധതി ഉത്തർപ്രദേശ് പോലുള്ള ഹിന്ദി ബെൽറ്റിൽ വിജയമാകാനുള്ള സാധ്യത കുറവാണ്. കാരണം ജനങ്ങളുടെ സാമൂഹ്യ ബോധത്തിൻറ്റെ അഭാവം തന്നെ.

ഇങ്ങനെ വൃത്തികേടും അഴുക്കും ഒക്കെയുണ്ടെങ്കിലും മറുവശത്ത് സ്നേഹവും പ്രേമവും ഒക്കെ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രാദേശിലുണ്ട്. കുറേ നാൾ മുമ്പ് "സ്നേഹം എത്ര മറച്ചുവെച്ചാലും അതൊരിക്കൽ മറ നീക്കി പുറത്തുവരും" എന്നായിരുന്നു ഒരു മാധ്യമ പ്രവർത്തകൻറ്റെ യോഗി ആദിത്യനാധിനോടായുള്ള ട്വീറ്റ്!!! ഇവരാരും നമ്മൾ കരുതുന്നത് പോലെ ബ്രഹ്മചാരികളോ, യോഗികളോ അല്ലെന്നാണ് തോന്നുന്നത്. അധികാരവും ലൈംഗികതയും തമ്മിൽ പണ്ടേ ബന്ധമുണ്ടല്ലോ. ഇവരൊക്കെ സർവ സംഗ പരിത്യാഗികളാണെന്ന് തെറ്റിദ്ധരിച്ച ഇന്ത്യക്കാരൻ സാമാന്യ ബുദ്ധി എന്നൊന്നുള്ളത് ഉപയോഗിച്ചില്ല. ബ്രഹ്മചാരികൾക്കും, യോഗികൾക്കും എന്തിനാണ് അധികാരവും മുഖ്യമന്ത്രി പദവിയുമൊക്കെ???

അധികാരവും പണവുമുള്ള ലക്നൗ, കാൺപൂർ പോലുള്ള നഗരങ്ങളിൽ നിന്നുമാറി കൃഷിയും എരുമവളർത്തലും ആയി ജീവിക്കുന്നവരാണ് ഉത്തർപ്രദേശിലെ ഗ്രാമീണർ. കൃഷിയും പാലുമാണ് അവരുടെ  വരുമാനമാർഗ്ഗം. വിവാഹാലോചന പോലും എത്ര എരുമയും പശുവും വീട്ടിലെ  തൊഴുത്തിൽ ഉണ്ടെന്ന് ചോദിച്ചിട്ടാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അവിടെ നിശ്ചയിക്കുന്നത്. സമ്പന്നതയുടെ അളവുകോൽ എരുമ ആയിട്ടുള്ള ആ ഉത്തർപ്രദേശിൽ നിന്നുതന്നെയാണ് ലോക്സഭയിലേക്ക് ഏറ്റവും കൂടുതൽ എം.പി. - മാർ വരുന്നതെന്നുള്ള വിധിവൈപരീത്യം സമകാലീന ഇന്ത്യക്കുണ്ട്!!!

സക്കറിയയുടെ 'ഭാസ്കര പട്ടേലരും എൻറ്റെ ജീവിതവും' എന്ന നോവലിലുള്ളതു പോലെ അനേകം ഭാസ്കര പട്ടേലന്മാർ ഇന്നും ഉത്തർപ്രദേശിലെ ഫ്യുഡൽ ഇന്ത്യയിൽ ഉണ്ട്. ഭാസ്കര പട്ടേൽ അനേകം ഗൗഢത്തി പെണ്ണുങ്ങളുടെ മാനം കവർന്ന പോലെ ഫ്യുഡൽ മുഷ്ക്ക് കാണിക്കുന്ന പല പ്രഭുക്കളും ഇന്നും ഉത്തർപ്രദേശിൽ പല സ്ത്രീകളുടേയും മാനം കവരുന്നൂ. 'വിധേയൻമാർക്ക്' മാത്രമേ ഫ്യുഡൽ അവസ്ഥയിൽ നിലനിൽപ്പ് സാധ്യമുള്ളൂ. മധ്യകാല ഇന്ത്യയുടെ ഭാഗമായിരുന്ന ആ മഹത്ത്വങ്ങൾ ഇന്നും ഉത്തർപ്രദേശിൽ കാണാം. ഏതൊരു സമ്മേളനത്തിലും യോഗി ആദിത്യനാഥിൻറ്റെ കാല് തൊട്ട് വന്ദിക്കാൻ ചെറുപ്പക്കാർ മത്സരിക്കുന്നത് ഉത്തർപ്രദേശിലെ ഒരു സ്ഥിരം കാഴ്ചയുമാണ്.

ഫ്യുഡൽ മൂല്യങ്ങൾ ബീഹാറിലേയും, ഉത്തർ പ്രദേശിലേയും പോലെ പല സ്ഥലങ്ങളിലും ഇപ്പോഴും നിലവിൽ ഉണ്ട്. ഉത്തർ പ്രദേശ് ബി.ജെ.പി. എം.എല്‍.എ. കുൽദീപ് സെൻഗർ ബലാത്സംഗം നടത്തിയതും, പിന്നീട് തുടർച്ചയായി ഉന്നാവോ പെൺകുട്ടിക്കും,കുടുംബത്തിനും എതിരെ ഭീഷണിയും, പിന്നീട് കൊലപാതക ശ്രമവും ഉണ്ടായത് ഫ്യുഡൽ മുഷ്ക്കും, വയലൻസും ഉത്തരേന്ത്യയിൽ പല സ്ഥലങ്ങളിലും ഇപ്പോഴും നിലവിൽ ഉള്ളതുകൊണ്ടാണ്. കുൽദീപ് സെൻഗർ ബലാത്‌സംഗം നടത്തിയ പെൺകുട്ടിയുടെ വീട്ടിൽ നിന്ന് കേവലം 10 കിലോമീറ്റർ ദൂരമേ ഉള്ളൂ ഇപ്പോൾ മണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്തിയ പെൺകുട്ടിയുടെ വീട്ടിലേക്ക് എന്നാണ് മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ഉന്നാവോ പെൺകുട്ടിയുടെ ദുരിതം സുപ്രീം കോടതി വരെ എത്തിയെങ്കിലും വീണ്ടും മറ്റൊരു ദുരന്തം കൂടി അതേ ഗ്രാമത്തിൽ ആവർത്തിക്കുകയാണ്. ഫ്യുഡൽ മുഷ്ക്ക് തന്നെയാണ് ഇതിനൊക്കെ കാരണം. അധികാര ബോധങ്ങളുടെ ഇത്തരം മുഷ്ക്കുകളോട് 'നോ' പറയാനുള്ള ധൈര്യം സമൂഹത്തിൻറ്റെ താഴെ തട്ടിലുള്ള ജനങ്ങൾക്ക് ഉണ്ടാവാത്തിടത്തോളം കാലം ഉത്തരേന്ത്യയിൽ ഈ നിലയിൽ വലിയ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല.

“End of violence is the end of poverty” - എന്ന് ഉത്തരേന്ത്യയുടെ ഈ നിലയെ നോക്കി വേണമെങ്കിൽ പറയാം. ഇന്ത്യയുടെ പല ഭാഗങ്ങളിലും ദാരിദ്ര്യം അടിച്ചേൽപ്പിക്കുന്നത് വയലൻസിലൂടെയാണ്. സ്ത്രീകളുടേയും, താഴെ തട്ടിലുള്ള ആളുകളുടേയും നേർക്ക് കണ്ടമാനം അതിക്രമങ്ങൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിൽ ഇപ്പോഴും നടക്കുന്നുണ്ട്. അവരുടെ അടിസ്ഥാനപരമായ അവകാശങ്ങൾ വയലൻസിലൂടെ നിഷേധിക്കപ്പെടുന്നു. ഉത്തരേന്ത്യയിൽ നിരന്തരം നടക്കുന്ന ഒന്നാണ് പാവപ്പെട്ടവർക്കെതിരേയുള്ള വയലൻസ്. ഇന്ത്യയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ കാണണമെങ്കിൽ ഉത്തർ പ്രദേശ്, ബീഹാർ - ഈ സംസ്ഥാനങ്ങളിലൂടെ ഒന്ന് യാത്ര ചെയ്താൽ മാത്രം മതി. ലോകത്തൊരിടത്തും മനുഷ്യൻ മനുഷ്യനെതിരെ ഇത്രയധികം അക്രമം കാണിക്കുന്നില്ലെന്ന് തോന്നിപോകും. അതുപോലെ നമ്മുടെ പോലീസുകാർ - സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നിൽക്കുന്നവരോട് ഒരു കരുണയും കാണിക്കാറില്ല. മനുഷ്യപ്പറ്റില്ലാത്ത കൂട്ടരാണ് പലപ്പോഴും നമ്മുടെ പോലീസുകാർ. ജീവിക്കാൻ വഴിയില്ലാത്ത പട്ടിണിക്കോലങ്ങളായ റിക്ഷാക്കാരേയും ഭിക്ഷക്കാരെയുമൊക്കെ വലിയ ലാത്തി കൊണ്ട് അടിച്ചു പൊട്ടിക്കുന്നത് ഉത്തരേന്ത്യയിൽ ഒരുപാടു കണ്ടിട്ടുണ്ട്. ഉത്തരേന്ത്യയിൽ പ്രത്യേകിച്ച് ഉത്തർപ്രദേശ്, ബീഹാർ - ഇവിടങ്ങളിലൊക്കെ മനുഷ്യാവകാശ ലംഘനം സർവ്വ സാധാരണമാണ്. 

കുറച്ചു മാസങ്ങൾക്ക്‌ മുമ്പാണ് രാജസ്ഥാനിലെ ചിരുവിൽ മോഷണകുറ്റം ആരോപിച്ച് ഭർത്താവിൻറ്റെ സഹോദരനെ മൃഗീയമായി കൊലപ്പെടുത്തിയതിന് ശേഷം 6 പോലീസുകാർ ചേർന്ന് ഒരു ദളിത് സ്ത്രീയെ അനേകം ദിവസങ്ങളോളം കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. ആ വാർത്ത മലയാള പത്രങ്ങളിൽ പോലും വന്നിരുന്നൂ. ഇത്തരം വാർത്തകൾ വായിക്കുമ്പോൾ കേരളവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും തമ്മിലുള്ള വിത്യാസം മനസിലാകും. കേരളത്തിലെ സാമൂഹ്യാന്തരീക്ഷം എന്തുകൊണ്ട് വിത്യാസപെട്ടു എന്നും അപ്പോൾ ചിന്തിക്കേണ്ടതായി വരും. ഇവിടെയാണ് ക്രിസ്ത്യൻ മിഷനറിമാരുടെയും, സാമൂഹ്യ പരിഷ്കർത്താക്കളുടേയും പങ്ക്. ദീർഘവീക്ഷണമുണ്ടായിരുന്ന അവരാണ് കേരളീയ സമൂഹത്തെ ഉത്തരേന്ത്യയിൽ നിന്ന് വ്യത്യസ്തമായി മാറ്റത്തിൻറ്റെ പാതയിലൂടെ നയിച്ചത്. ഉത്തരേന്ത്യയിൽ നിരന്തരം നടക്കുന്ന പാവപ്പെട്ടവർക്കെതിരേയുള്ള അക്രമങ്ങൾ കാണുമ്പോൾ കേരളം ഈ സംസ്ഥാനങ്ങളിൽ നിന്നൊക്കെ എന്തുകൊണ്ട് വ്യത്യസ്തമാണ് എന്ന് നാം ചിന്തിക്കേണ്ടതുണ്ട്.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിൽ പോലും അടിമത്തം പകൽ പോലെ ഉണ്ട്. ഏതാനും മാസങ്ങൾക്കു മുമ്പാണ് തമിഴ്നാട്ടിൽ 'ബോണ്ടഡ് ലേബറിന്' വിധേയനായ ഒരാൾ വനിതാ കളക്റ്ററുടെ കാലിൽ വീണ് രക്ഷിക്കാൻ അപേക്ഷിക്കുന്ന ഫോട്ടോ പത്രങ്ങളിലെല്ലാം വന്നത്. ഇപ്പോൾ ഉന്നാവോ പെൺകുട്ടികൾക്കെതിരെ കുറെ കാലമായി നടക്കുന്ന നടക്കുന്ന അക്രമ പരമ്പരകളുടെ നടുക്കുന്ന വാർത്തകൾ വായിക്കുമ്പോൾ ഇത്തരം ഫ്യുഡൽ സംസ്കാരം കേരളത്തിൽ ഇല്ലാതായതിന് മിഷനറിമാരോടും, കമ്മ്യൂണിസ്റ്റുകാരോടും, സാമൂഹ്യ നവോന്ധാന പ്രസ്ഥാനങ്ങളോടും നമുക്ക് നന്ദി പറയാം.

ആധുനിക സമൂഹത്തിൽ കുറ്റ കൃത്യങ്ങൾ ഒരു പരിധി വരെ മാത്രമേ തടയാൻ സാധിക്കൂ. പക്ഷെ അതിനോടുള്ള പ്രതികരണം മെച്ചപ്പെട്ടതാകാം. ഇവിടെയാണ് നാം ശരിക്കും പരാജയപ്പെടുന്നത്. നമ്മുടെ പോലീസ്-ജുഡീഷ്യൽ സംവിധാനങ്ങൾ അങ്ങേയറ്റം കാലഹരണപ്പെട്ടതാണ്. പലപ്പോഴും ഇവ ക്രിമിനലുകൾക്ക് കൂട്ടും നിൽക്കുന്നു. അഴിമതിയിൽ മുങ്ങി കുളിച്ചു നിൽക്കുന്ന ഭരണ സംവിധാനത്തെയാണ് നമുക്ക് ഉത്തർ പ്രദേശിലെ ഉന്നോവ കേസുകളിലും, കത്വയിലെ കാശ്മീർ പെൺകുട്ടിയുടെ കാര്യത്തിലും കാണാൻ സാധിക്കുന്നത്. കാശ്മീരിലെ കത്വയിൽ പോലീസുകാർ തന്നെ ബലാത്സംഗ വീരന്മാരായി. ആ കേസുമായി ബന്ധപെട്ട് ഇതിനോടകം ഒരു സബ് ഇൻസ്പെക്റ്ററടക്കം മൂന്ന് പൊലീസുകാരെ സർവീസിൽ നിന്ന് പിരിച്ചു വിട്ടിരിക്കയാണ്. 

എന്തായാലും കത്വ, ഉന്നോവാ സംഭവങ്ങൾ കാണിക്കുന്നത് നമ്മുടെ പോലീസ് സംവിധാനത്തിൽ കൊടികുത്തി വാഴുന്ന അഴിമതിയും സ്ത്രീകൾക്കെതിരേയുള്ള അക്രമങ്ങളോടുള്ള അലംഭാവവും തന്നെയാണ്. കേരളത്തിൽ പോലും മുഖ്യമന്ത്രി കുറച്ചു നാൾ മുമ്പ് പോലീസുകാർ തന്നെ പൊലീസുകാരെ വിലങ്ങുവെക്കേണ്ട സ്ഥിതിവിശേഷം വന്നെന്ന് പറഞ്ഞു. നമ്മുടെ പോലീസ് സേനയെ ആധുനികവൽക്കരിക്കേണ്ട ആവശ്യകതയിലേക്കാണ് ഇതെല്ലാം വിരൽ ചൂണ്ടുന്നത്. ബലാത്‌സംഗ പരാതിയുമായി ചെന്ന ഉന്നോവാ പെൺകുട്ടിയോട് പലതവണ ഉത്തർപ്രദേശ് പോലീസ് പൃഷ്ഠം കാണിച്ചു. ബി.ജെ.പി. - യുടെ എം.എൽ.എ. ആയിരുന്ന കുൽദിപ് സെൻഗറിനെതിരെ പരാതിയുമായി പോയ പെൺകുട്ടിക്കും ഇതുതന്നെ സംഭവിച്ചു. കുൽദിപ് സെൻഗറിനെതിരെ പരാതിപറഞ്ഞതിന് ശേഷം പെൺകുട്ടിയുടെ അച്ഛനെ എം.എൽ.എ. - യുടെ ഗുണ്ടകൾ അടിച്ചു ചതച്ചു. ആ അച്ഛൻറ്റെ മുറിവുകളെ നോക്കി ഉത്തർപ്രദേശ് പോലീസുകാർ പരിഹസിച്ചു ചിരിച്ചു. പൊലീസുകാരുടെ ആ പരിഹാസവും അപഹാസ്യവുമൊക്ക അനേകം ടി.വി. ചാനലുകൾ കുറച്ചു മാസങ്ങൾക്ക്‌ മുമ്പ് കാണിച്ചതാണ്. ഇംഗ്ളീഷിൽ പറയുന്ന 'ജെണ്ടർ  സെൻസിറ്റിവിറ്റി' നമ്മുടെ പോലീസ് സേന ഉൾക്കൊള്ളേണ്ടിയിരിക്കുന്നു എന്നുതന്നെയാണ് ഇതൊക്കെ കാണിക്കുന്നത്. ആ 'ജെണ്ടർ സെൻസിറ്റിവിറ്റി' ഉൾക്കൊള്ളാൻ തയാറില്ലെങ്കിൽ അത്തരം പൊലീസുകാരെ സർവീസിൽ നിന്ന് നീക്കേണ്ടതുണ്ട്. ഒപ്പം ഉത്തർപ്രദേശിലെ ഉന്നോവയിൽ കണ്ടത് പോലുള്ള ഗുണ്ടാ, മാഫിയാ നേതാക്കളേയും, ഫ്യുഡൽ രീതികളേയും ഈ രാജ്യം ഒഴിവാക്കേണ്ടിയിരിക്കുന്നു.

(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്.  ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക