Image

ഒസിഐ കാര്‍ഡുമായി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; കോണ്‍ഫറന്‍സ് കോള്‍ ഇന്ന് (ബുധന്‍)

മൊയ്തീന്‍ പുത്തന്‍ചിറ Published on 02 December, 2019
ഒസിഐ കാര്‍ഡുമായി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; കോണ്‍ഫറന്‍സ് കോള്‍ ഇന്ന് (ബുധന്‍)
ന്യൂജെഴ്‌സി: അമേരിക്കയില്‍ നിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ചില വിമാനക്കമ്പനികള്‍ പഴയ ഒസിഐ കാര്‍ഡുമായി യാത്ര ചെയ്യുവാന്‍ വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാരെ മടക്കി അയക്കുന്നത് ഒരു തുടര്‍ക്കഥയാകുകയാണ്. ഒസിഐ അഥവാ ആജീവനാന്ത വിസ അമേരിക്കന്‍ പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്തിട്ടുണ്ടെന്ന വിശ്വാസത്തില്‍ യാത്ര ചെയ്യുന്ന പലരും ഒസിഐ കാര്‍ഡിന്റെ നിബന്ധനകള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കേണ്ടതാണ്. താഴെ പറയുന്ന ചില കാര്യങ്ങളിലേക്ക് അവരുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ഫോമ മുന്‍ സെക്രട്ടറിയും സാമൂഹ്യപ്രവര്‍ത്തകനുമായ ന്യൂജെഴ്‌സിയില്‍ നിന്നുള്ള അനിയന്‍ ജോര്‍ജ്.

1. ഒരു വ്യക്തി 50 വയസ്സിനു മുന്‍പാണ് ഒസിഐ എടുത്തതെങ്കില്‍ അയാള്‍ 50 വയസ്സിനു ശേഷം അമേരിക്കന്‍ പാസ്‌പോര്‍ട്ട് പുതുക്കുകയാണെങ്കില്‍ ഒസിഐ കാര്‍ഡ് പുതുക്കേണ്ടതാണ്. 50 വയസ്സ് കഴിഞ്ഞതിനുശേഷം ഒസിഐ പുതുക്കിയവരും 50 വയസ്സിനു ശേഷം ഒസിഐ എടുത്തവരും പുതിയ പാസ്‌പോര്‍ട്ട് എടുക്കുമ്പോള്‍ ഒസിഐ പുതുക്കേണ്ടതില്ല.

2. 20 വയസ്സിനു മുന്‍പാണ് ഒസിഐ എടുത്തതെങ്കില്‍ ആ വ്യക്തി ഓരോ പ്രാവശ്യവും അമേരിക്കന്‍ പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ ഒസിഐയും പുതുക്കേണ്ടതാണ്.

3. 21നും 50 വയസ്സിനുമിടയില്‍ ഒസിഐ കാര്‍ഡ് ലഭിച്ചവര്‍ ഒസിഐ കാര്‍ഡും 'യു' വിസ സ്റ്റാമ്പ് ചെയ്ത പാസ്‌പോര്‍ട്ടും യാത്ര ചെയ്യുമ്പോള്‍ കൈവശം വെയ്‌ക്കേണ്ടതാണ്.

ഒസിഐ പുതുക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ അംഗീകൃത ഏജന്‍സിയായ സികെജിഎസിനെയാണ് സമീപിക്കേണ്ടത്. ഏജന്‍സിയുടെ പൂര്‍ണ്ണ വിവരങ്ങള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെബ്‌സൈറ്റില്‍ https://www.indiainnewyork.gov.in/ ലഭ്യമാണ്. ആ സൈറ്റില്‍ നിങ്ങള്‍ ചെയ്യേണ്ടത് എന്തെല്ലാമാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. എല്ലാം കൃത്യതയോടെ ചെയ്യാന്‍ ശ്രദ്ധിക്കണം.

പുതിയ ഒസിഐ ലഭിക്കുവാന്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് 10 ദിവസവും മറ്റു സ്ഥലങ്ങളിലെ കോണ്‍സുലേറ്റുകള്‍ രണ്ട് മാസത്തിലധികവും എടുക്കുമെന്നാണ് അറിവ്.

പഴയ ഒസിഐ കാര്‍ഡും 'യു' വിസയുമുള്ളവരെ 2020 മാര്‍ച്ച് 31 വരെ വിമാനത്താവളങ്ങളില്‍ നിന്ന് മടക്കി അയക്കാതിരിക്കാന്‍ കേന്ദ്ര ഗവണ്മെന്റിലും കോണ്‍സുലേറ്റുകളിലും സമ്മര്‍ദ്ദം ചെലുത്തുന്നതിനെക്കുറിച്ച് ആലോചിക്കുവാനും, സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനുമായി ഡിസംബര്‍ 4 ബുധനാഴ്ച രാത്രി 8:00 മണിക്ക് (ന്യൂയോര്‍ക്ക് സമയം) ദേശീയതലത്തില്‍, എല്ലാ സംഘടനകളേയും ഉള്‍പ്പെടുത്തി ഒരു ടെലകോണ്‍ഫറന്‍സ് നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അനിയന്‍ ജോര്‍ജ് അറിയിച്ചു.

കോണ്‍ഫറന്‍സ് കോള്‍ വിവരങ്ങള്‍:

ഡിസംബര്‍ 4 ബുധന്‍. സമയം രാത്രി 8:00 മണി (ന്യൂയോര്‍ക്ക് സമയം).
വിളിക്കേണ്ട നമ്പര്‍: 425 436 6200.
ആക്‌സസ് കോഡ്: 234922#

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനിയന്‍ ജോര്‍ജ് 908 337 1289.
Join WhatsApp News
Philip 2019-12-03 08:34:06
ഒരാൾ 38   വയസ്സിൽ ഒസിഐ കാർഡ് എടുത്തു.. എന്നിട്ടു 48  വയസ്സിൽ പാസ്പോര്ട്ട് പുതുക്കി... ഇപ്പോൾ 51  വയസ്സ് ... ഇനി പാസ്പോര്ട്ട് പുതുക്കേണ്ടത് 58  വയസ്സിൽ ആണ്... ഓസിഐ ഇപ്പോൾ യാത്ര ചെയ്യുവാൻ പുതുക്കേണ്ടതുണ്ടോ ? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക