Image

കഥ പറയുന്ന കവിതകള്‍ (നിരൂപണം- അര്‍ദ്ധനാരീശ്വരം- രമ പ്രസന്ന പിഷാരടി: സുധീര്‍ പണിക്കവീട്ടില്‍)

Published on 21 November, 2019
കഥ പറയുന്ന കവിതകള്‍ (നിരൂപണം- അര്‍ദ്ധനാരീശ്വരം- രമ പ്രസന്ന പിഷാരടി: സുധീര്‍ പണിക്കവീട്ടില്‍)
സര്‍ഗ്ഗശക്തിയുള്ള ഒരാള്‍ക്ക് അയാളുടെ എല്ലാ അനുഭവങ്ങളെയും ആവിഷ്കാരയോഗ്യമുള്ളതാക്കാന്‍ കഴിയും.  ആ കഴിവ്  അയാള്‍ക്ക് ലഭിക്കുന്നത് ജീവിതത്തെ സൂക്ഷ്മ നിരീക്ഷണം ചെയ്യുന്നത്‌കൊണ്ടാവാം. നൈസര്‍ഗ്ഗികമായ വാസനാബലത്തോടൊപ്പം അറിവിന്റെ മികവ് കൊണ്ടും ആകാം.  ശ്രീമതി പിഷാരടിയുടെ ഇരുപത് കവിതകള്‍ അടങ്ങിയ "അര്‍ദ്ധനാരീശ്വരം" എന്ന കവിതയിലൂടെ കടന്നുപോകുമ്പോള്‍ നമ്മള്‍ ചുറ്റിലും കണ്ട് മറന്ന, നമ്മളെ പലപ്പോഴും ഒന്ന് ചിന്തിപ്പിച്ച് അപ്രത്യക്ഷമായ ജീവിതരംഗങ്ങള്‍ നിവര്‍ന്നു വരുന്നത് കാണാം. നിസ്സാര കാര്യങ്ങള്‍പോലും വായനക്കാരുടെ ചിന്തകളെ സ്പര്ശിക്കുന്നവിധം എഴുതാനുള്ള ഇവരുടെ കഴിവ് അനുമോദനാര്‍ഹം തന്നെ. പുരാണേതിഹാസങ്ങളില്‍ അവര്‍ക്കുള്ള അറിവ് സീമാതീതമാണെന്നും  കവിതകള്‍ പ്രകടമാക്കുന്നു.
സ്വന്തമായ ഒരു കാവ്യരചനാശൈലി രൂപപ്പെടുത്തിയിരിക്കുന്ന ഇവരുടെ കവിതകള്‍ ഉത്തരാധുനികത  എന്ന പേരില്‍ അറിയപ്പെടുന്ന കവിതകളുമായി ബന്ധം പുലര്‍ത്തുന്നില്ലെന്നാണ് ഈ ലേഖകന്‍ മനസ്സിലാക്കുന്നത്. കൃതികളുടെ ആസ്വാദനം സഹൃദയരുടെ അറിവിനേയും സംസ്കാരത്തെയും ആശ്രയിച്ച്  വ്യത്യസ്തമായിരിക്കും. അതുകൊണ്ട് നിരൂപകന്റെ കണ്ടെത്തലുകള്‍ക്ക് അപ്രമാദിത്യം ഇല്ലായെന്ന് സമ്മതിക്കുന്നു. പണ്ടത്തെ കവികളൊക്കെ കവിതകള്‍ രചിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ അനുസരിച്ച് അല്ലെങ്കില്‍ വൃത്തനിബദ്ധമായ കവിതകള്‍ എഴുതിയിരുന്നു.  ഇന്ന് കവിയുടെ സ്വാതന്ത്ര്യത്തിനെഴുതാമെന്നായപ്പോള്‍ വായനക്കാര്‍ക്ക് കൂടുതല്‍ അനുഭൂതികള്‍ പകരുന്ന സൃഷ്ടികള്‍ ഉണ്ടാക്കാന്‍ ചിലര്‍ക്ക് മാത്രം കഴിഞ്ഞു.

ശ്രീമതി പിഷാരടി സ്വയംസ്രഷ്ടമായ ചില കാവ്യശൈലികള്‍ കണ്ടെത്തിയിട്ടുള്ളതിനാല്‍ അവരുടെ കവിതകളെക്കുറിച്ചുള്ള നിരൂപണങ്ങള്‍ കാവ്യനിരൂപണത്തിന്റെ സാമ്പ്രദായികമായ പരിധികളില്‍ ഒതുങ്ങുകയില്ല. ആധുനിക/ഉത്തരാധുനിക കവിതകള്‍ നിരൂപകന്റെ ഭാവനാസാമ്രാജ്യത്തിന്റെ വലുപ്പമനുസരിച്ച് വ്യാഖാനിക്കപ്പെടുകയാണിപ്പോള്‍. അവ നിരൂപണത്തില്‍  പെടുമോ എന്ന് സംശയമാണ്. ശ്രീമതി പിഷാരടിയുടെ കവിതകള്‍ ആ ഇനത്തില്‍ പെടാത്തതുകൊണ്ട് വായനക്കാരനും നിരൂപകനും അവരുടെ രചനാസങ്കേതങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കിക്കൊള്ളണമെന്നില്ല. ഇവിടെ നമ്മള്‍ കുട്ടികൃഷ്ണമാരാരെ ഓര്‍ക്കുക. അദ്ദേഹം എഴുതി (നിഷ്പ്പക്ഷനിരൂപണം) ...ആര്‍ക്കും തന്റെ വ്യക്തിപരമായ കഴിവിനും അഭിരുചിക്കുമൊത്തവണ്ണമേ ഒരു കാലാവസ്തുവിനെ കാണുവാനും ആസ്വദിപ്പാനും സാധിക്കു.

അര്‍ദ്ധനാരീശ്വരം എന്ന ആദ്യ കവിത ഇന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്നറിയപ്പെടുന്ന ഹിജഡകളെ പരാമര്‍ശിക്കുന്നതാണ്. അര്‍ദ്ധനാരീശ്വര  എന്ന വാക്കിന്  പകുതി സ്ത്രീയും പകുതി ഈശ്വരനുമെന്നാണര്‍ത്ഥം എന്നാല്‍ ഹിജഡകള്‍ അര്‍ദ്ധനാരികളാണ്. അവരുടെ കൂടെ ഈശ്വരന്‍ ഇല്ല !! അര്‍ദ്ധനാരീശ്വര സങ്കല്പം ശിവനെയും പാര്‍വതിയെയും സൂചിപ്പിക്കുന്നത്‌കൊണ്ട് കവിതയില്‍ പാര്‍വതി പരമേശ്വരന്മാരെ  കുറിച്ച് പറയുന്നു. ശിവനെക്കുറിച്ചുള്ള അപദാനങ്ങളും പാര്‍വതി ദേവിയുടെ തപസ്സും പിന്നീട് പാര്‍വതി പരമേശ്വരന്മാരുടെ അര്‍ദ്ധനാരീശ്വര സങ്കല്‍പ്പവും സൂചനകളിലൂടെ വ്യക്തമാക്കുന്നുണ്ട്. കവിതയുടെ ആദ്യഭാഗത്തില്‍ താരകബ്രഹ്മത്തെക്കുറിച്ച് പറയുന്നത് ഒരു പക്ഷെ ലിംഗഭേദങ്ങള്‍ ഉണ്ടായതിനെപ്പറ്റി കവയിത്രി വിവരിക്കയാണോ?  കാരണം ആദ്യം നിര്‍ഗുണ ബ്രഹ്മം ഉണ്ടായി പിന്നെ സദ്ഗുണ ബ്രഹ്മമുണ്ടായി. സദ്ഗുണ ബ്രഹ്മം പ്രകൃതിയെ കാണിക്കുന്നു. താരകബ്രഹ്മത്തെ അവതാരങ്ങളുമായി ബന്ധിപ്പിക്കുന്നുണ്ട്.

 ദ്രുപദന്റെ കൊട്ടാരപടിവാതിലില്‍ ശിഖണ്ഡി ഉപേക്ഷിച്ചുപോയ നീല താമരപ്പൂക്കളും അവളുടെ അനേകം പുനര്‍ജനികളും കവയിത്രി  പറഞ്ഞുപോകുന്നു. സ്ത്രീക്ക് ആയുധപരിശീലനം നല്‍കാത്ത ഒരു സമൂഹത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ മരണം വരിച്ചു. അവസാനം അനുകൂലസാഹചര്യം ലഭിക്കുന്നത് വരെ. പിതാമഹന്‍ പ്രകോപിപ്പിച്ച ശിഖണ്ഡിയുടെ സാന്നിദ്ധ്യം ഭഗവാന്‍ കൃഷ്ണനെക്കൊണ്ട്  ആയുധമെടുപ്പിച്ചു.  ആയുധം തൊടില്ലെന്ന ശപഥ ലംഘനം. ശിഖണ്ഡിയെ മുന്‍  നിര്‍ത്തി പിതാമഹനെ അമ്പെയ്ത വില്ലാളി വീരന്‍ അര്‍ജുന്‍. ഈ യുഗം തിരിഞ്ഞു കലിയുഗമായപ്പോള്‍ ഇവിടെ അര്‍ദ്ധനാരികള്‍ക്ക് പാര്‍വതിയെപോലെ തപസ്സ് ചെയ്ത പരമേശ്വരനെ വരിച്ച് പൂര്‍ണ്ണത ലഭിക്കുക അസാധ്യം.  അവര്‍ ഭിക്ഷാടകരാകുന്നു.  അവരുടെ ജീവിതം പൂക്കുന്നില്ല, കായ്ക്കുന്നില്ല. അവര്‍ക്കായി യുദ്ധം ചെയ്യുന്നവര്‍ ശിഖണ്ഡിയെപ്പോലെ വിജയശ്രീലാളിതരാകുന്നില്ല.  അര്ധനാരീരൂപം മാത്രം പേറി സമൂഹത്തില്‍ നിന്നകന്ന് ദൂരെ ആരും കാണാത്തിടങ്ങളില്‍ ജീവിതത്തിന്റെ കൈപ്പുനീര്‍   കുടിക്കുന്നവര്‍.

ട്രാന്‌സ്‌ജെന്‌ഡേഴ്‌സിന്റെ ജീവിതം  തലമാത്രമുള്ള ഒരു വിഗ്രഹത്തെ മാല ചാര്‍ത്തി സുമംഗലികളായി എന്ന വിശ്വാസത്തില്‍ തിരിച്ചുപോകാന്‍   വിധിക്കപ്പെട്ടതാകുന്നുവെന്നു എന്ന സത്യം വെളിപ്പെടുത്തുന്നു കവയിത്രി. ശിഖണ്ഡിയുടെ ജീവിത ചരിത്രവും കാണിക്കുന്നത് പുരുഷ മേല്‍ക്കോയ്മയില്‍ തകര്‍ന്നുവീണ ഒരു ജന്മത്തിന്റെയാണ്. ഇന്നത്തെ ശിഖണ്ഡികളും അങ്ങനെ ഒരു പരീക്ഷണത്തിലൂടെ കടന്നുപോയി മരണം പ്രാപിക്കുന്നു. ഓരോ കവിതകളിലും അറിവിന്റെ  ഒരു സമുദ്രം അവര്‍ ഉള്‍ക്കൊള്ളിക്കുന്നു. വായനക്കാരനായി അറിവിന്റെ വാതായനങ്ങള്‍ അവര്‍ തുറന്നിടുന്നു. ഓരോ കവിതകളും ചിന്തകളുടെ ഒരു വിശാലലോകം വായനക്കാരന് സമ്മാനിക്കുന്നു.

കവിയുടെ വാക്കുകള്‍ക്ക് അവയുടെ അക്ഷരാര്‍ത്ഥത്തേക്കാള്‍ അവ ധ്വനിപ്പിക്കുന്ന വികാരപരമായ, പ്രതീകാത്മകമായ അര്‍ത്ഥങ്ങള്‍      സൂക്ഷ്മമായ  വായനയിലൂടെ കണ്ടെത്താന്‍ കഴിയും. ശ്രീമതി പിഷാരടി കവിതകളില്‍ ഉപയോഗിക്കുന്ന  ഭാഷയും വരികളിലെ ഘടനയും  കവിതയുടെ മൂല്യം വര്‍ധിപ്പിക്കുന്നതായി കാണാം. ഹൃദയവഴികള്‍ എന്ന കവിതയിലെ ആദ്യഭാഗം തന്നെ  നോക്കുക. “അനുദിനം നീ തുടിക്കുന്നുവെങ്കിലും അതില്‍ ഒരു ദിനം നീ എടുത്തീടുക.  മറ്റ്  ദിവസങ്ങളെപോലെ   ഹൃദയത്തിനായ്  ഒരു ദിവസം നീക്കിവയ്ക്കുന്ന മനുഷ്യരുടെ  അവിവേകത്തേ (ളീഹഹ്യ) കവയിത്രി വിമര്‍ശിക്കുന്നു. ഹൃദയതാളത്തിലാണ് ജീവന്റെ നിലനില്‍പ്പ്. നിതാന്തമായ ആ താളങ്ങളില്‍ എന്തെല്ലാമടങ്ങുന്നു. അത് വാക്കുകളിലൂടെ നിരത്തുകയാണ് അവര്‍. വായനക്കാരന്‍ കാതോര്‍ക്കുമ്പോള്‍  അവനു  ശ്രദ്ധിക്കാന്‍ കഴിയുന്നത് ഹൃദയമിടിപ്പുകളുടെ വാക്ള്‍രൂപങ്ങളാണ്. "നിരന്തരം വിങ്ങുന്നുണ്ടെങ്കിലും ഹൃദയം തുടിയിട്ടുണരുന്നു പിന്നെയും.. ഒരു സ്വരം, ലയം.." കവിതയിലെ രണ്ട് വാക്കുകള്‍ ശ്രദ്ധേയങ്ങളാണ്. കര്‍ണ്ണാട്ടിക്ക് സംഗീതത്തിലെ ലയം ഒരു താളക്രമമാണ്. സ്വരത്തിനു അതേപോലെ സംഗീതത്തില്‍ ചില സ്ഥാനങ്ങള്‍ ഉണ്ട്. അതിന്റെ ആരോഹണാവരോഹണത്തില്‍ അതിനു വികൃതസ്വരം എന്ന പേര് വരും.  രാ, ഗ, മ, ധ, നി എന്നീ അര്‍ത്ഥ ശബ്ദങ്ങള്‍ ഈ സ്വരത്തില്‍ ചേരുന്നു.  ഹൃദയമിടിപ്പുകള്‍ക്ക് ഒരു താളമുണ്ട്. സ്വരങ്ങളിലൂടെ ഈശ്വര സാക്ഷാത്കാരം ഉണ്ടാകുമെന്ന് സംഗീതജ്ഞര്‍ വിശ്വസിക്കുന്നു. ഈശ്വരന്‍ ഹൃദയത്തില്‍ വസിക്കുന്നു. വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത് ഏത്രയോ സൂക്ഷ്മമായും അതേസമയം കവിതയുടെ ആശയത്തെ വായനക്കാരില്‍ പൂര്‍ണ്ണമായി എത്തിക്കാന്‍ സാധിക്കുന്നവിധത്തിലുമാണ്.  ഈ വരപ്രസാദം മിക്ക കവിതകളിലും  പ്രകടമാണ്.

ഒരു കവിതയുടെ ശീര്‍ഷകം "കാറ്റിന്റെ ഗസലുകള്‍" എന്നാണു. ഇവിടെയും ഉപയോഗിക്കപ്പെടുന്ന വാക്കിന്റെ അര്‍ത്ഥങ്ങള്‍ക്ക് വിവിധ മാനങ്ങള്‍ കൈവരുന്നു. ഗസല്‍ അറബി ഭാഷയില്‍ നിന്നുത്ഭവിച്ച് ഉറുദു  ഭാഷാ സാഹിത്യത്തിലെ  പദ്യവിഭാഗത്തില്‍പ്പെടുന്ന ഒരു സാഹിത്യരൂപമാണ്.   ഗസല്‍ കാറ്റ് പാടുന്നു എന്ന കാവ്യഭാവന വളരെ ആസ്വാദകരമാണ്.  ഗസലിന്റെ അവസാന വരികള്‍ നാനാര്‍ത്ഥങ്ങള്‍ നിറഞ്ഞതും, നമ്മെ ആശ്ചര്യഭരിതരാക്കുന്നതുമാണ്. ഏതോ യുദ്ധഭൂമിയുടെ മൂകതയില്‍ ശോകം നിറയുമ്പോഴും കാറ്റ് ഉയര്‍ത്തുന്ന തിരകള്‍ കൈവീശി പുതിയ ഇടങ്ങളിലേക്ക് നയിക്കപ്പെടുന്ന  ഒരാളുടെ മുന്നില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല.  ഒരു പക്ഷെ വഴിമധ്യേ ഗസലിന്റെ അവസാനം നമ്മെ ആശ്ചര്യപ്പെടുത്തികൊണ്ട് പ്രത്യക്ഷപ്പെടുന്ന വരികള്‍ പോലെ കാറ്റില്‍    നിന്നും ഊര്‍ന്നുവീഴാം ദിശാനിര്‍ദ്ദേശങ്ങള്‍.

എഴുത്തുകാര്‍ ധാര്‍മ്മികമായ  വിഷയങ്ങളും സൗന്ദര്യാത്മകമായ വിഷയങ്ങളും പ്രയുക്തമാക്കാറുണ്ട്. പഴയകാല കവിതകള്‍ ധാര്‍മ്മികമൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്നു.  ശ്രീമതി പിഷാരടിയുടെ കവിതകളില്‍ ഇത് രണ്ടും പ്രയോഗിച്ചിട്ടുണ്ട്. ബിംബങ്ങളെ ഒരു ചിത്രരൂപത്തില്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് ഇവരുടെ കവിതകളില്‍ അതങ്ങനെ കാണാന്‍ സാധിക്കുകയില്ല. കാരണം മാനസിക കല്‍പ്പനകള്‍ ഒരു ബിംബമാകണമെന്നില്ല. മനുഷ്യരുടെ പഞ്ചേന്ദ്രിയങ്ങളെ  കവിയുടെ വര്‍ണ്ണനകള്‍ക്ക് സ്പര്‍ശിക്കാന്‍    കഴിയുമ്പോള്‍ അതൊരു ബിംബമായി കണക്കാക്കാം. ഭാഷയുടെ സൗന്ദര്യം പോലും പ്രതിമാനമായി കരുതാന്‍ കഴിയും. കാരണം അനുഭൂതികളുടെ ഒരു ലോകം അത് വായനക്കാരന് നല്‍കുന്നു. ഇവരുടെ കവിതകളില്‍ ചരിത്രം, പ്രകൃതി, പുരാണം, ആനുകാലിക സംഭവങ്ങള്‍ എന്നിവ നിറയുന്നു. കവിതയിലെ വിഷയം ജീവിതവുമായി ബന്ധപ്പെടുന്നതാണ്.  ഇന്നലെകളില്ലാതെ ഇന്ന് ജീവിക്കാന്‍ കഴിയില്ലെന്ന ഒരു സന്ദേശം ഇവരുടെ കവിതകളില്‍ കാണാം. അറ്റ്‌ലാന്റിക്കിന്റെ അഴിമുഖം എന്ന കവിതയില്‍  അടിമകച്ചവടം നടന്നിരുന്ന ഭൂതകാലം പുനഃ:സൃഷ്ഠിക്കപ്പെടുമ്പോള്‍ അടിമകളുടെ ദുഖവും അവരുടെ കണ്ണുനീര്‍ ഏറ്റുവാങ്ങുന്ന തിരമാലകളും, വിലപേശലിന്റെ ശബ്ദവും വായനക്കാരനുഭവപ്പെടുന്നു. പിന്നീട് അവര്‍ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യത്തെ ഒരു പുനര്‍ജന്മമായി, കണ്ണുനീര്‍ തോര്‍ന്ന ഒരു ദിനാന്ത്യം പോലെ അവര്‍ വിശേഷിപ്പിക്കുന്നു. 

പുരാണങ്ങളെ ഇന്നത്തെ ജീവിത സാഹചര്യങ്ങളോട് ബന്ധിപ്പിക്കുന്ന കവിതകളും ഇവര്‍ എഴുതുന്നു. ഗൃഹാതുരത്വത്തിന്റെ സ്പന്ദനങ്ങള്‍ ചില കവിതകളില്‍ കാണാം. നഷ്ടപ്പെട്ടുപോയി എന്ന വിലാപമല്ല മറിച്ച് വര്‍ത്തമാനകാലത്തില്‍  ആ ഓര്‍മ്മകളെ ആവാഹിച്ച് അയവിറക്കുകയാണ്.  ഒന്നിടവിടാതെ ആ ഓര്‍മ്മകള്‍ക്ക് വീണ്ടും ഒരു പുനര്‍ജനി ലഭിക്കുന്നു അപ്പോള്‍. (ഇന്നെന്റെ വിഷു നിന്റെയും പേജ് 20 21, പുതുവഴിയിടങ്ങളും ഓണവും പേജ് 3637). ചില വര്‍ത്തമാന സംഭവങ്ങള്‍ കവയിത്രിയെ ഭൂതകാലത്തിലേക്ക് നയിക്കുന്നു. ഭൂതകാലം മറക്കുവാനുള്ളതല്ല മറിച്ച് അവ ഓര്‍ക്കുക എന്ന ഒരു സന്ദേശം നമുക്ക് കിട്ടുന്നുണ്ട്. വാസ്തവത്തില്‍ അവര്‍ ആര്‍ജ്ജിച്ച അറിവിന്റെ പ്രകാശം വര്‍ത്തമാനകാല സംഭവങ്ങളില്‍, ജീവിതങ്ങളില്‍,  വസ്തുക്കളില്‍ പതിയുമ്പോള്‍ അവിടെ നിവരുന്നത് കഴിഞ്ഞുപോയ കാലത്തിന്റെ അവശിഷ്ടങ്ങളാണ്. അതേക്കുറിച്ച് അവരുടെ അറിവും, ആ അറിവിലൂടെ അവര്‍ കണ്ടെത്തുന്ന നിഗമനങ്ങളും അപ്പോള്‍ കാവ്യഭംഗിയോടെ ഒഴുകി വരുന്നു. ചിലപ്പോഴെല്ലാം  വര്‍ത്തമാനകാലം ഭൂതകാലത്തിനോട് നീതി പുലര്‍ത്തുന്നില്ലെന്ന ഒരു വിമര്‍ശനവും കാണാം. (നദിയൊഴുക്കുമിടങ്ങള്‍ പേജ് 34 35 ).

വിഷയങ്ങളില്‍ നിന്ന് വ്യതിചലിച്ച് പോകുന്ന ഒരു പ്രവണത ഇവരുടെ കവിതകളില്‍ പ്രകടമാണ്. അതായത് ആവശ്യത്തില്‍ കൂടുതല്‍ എന്ന്  വായനക്കാരന് തോന്നുംവിധമുള്ള വര്‍ണ്ണനകള്‍, വിവരണങ്ങള്‍, സൂചനകള്‍. പറഞ്ഞിട്ടും പറഞ്ഞിട്ടും പോരാ എന്ന് തോന്നുന്ന ഒരു മനസ്സ് കവിക്കുള്ളതായി അനുഭവപ്പെടാം.അതേസമയം അത്തരം വ്യതിയാനങ്ങള്‍ വിഷയത്തെ കൂടുതല്‍ സുഗമമാക്കാനും അതിനെ വിശാലമായ ഒരു ക്യാന്‍വാസിലൂടെ വായനക്കാരന്റെ മുന്നില്‍ പ്രദര്ശിപ്പിക്കാനുമാണ് അവര്‍ ശ്രമിക്കുന്നത്.  ഇങ്ങനെയുള്ള അവസരങ്ങളില്‍ ഇവര്‍ ധാരാളമായി സൂചനകള്‍ (അഹഹൗശെീി) ഉള്‍പ്പെടുത്തുന്നു. അതുകൊണ്ട് കവിതകളില്‍ കഥ നിറയുന്നു. കാവ്യഭംഗിക്ക് മാറ്റുകൂട്ടാന്‍ കഥകളും ഒരു പങ്ക് വഹിക്കുന്നു. ആംഗല കവി സാമുവല്‍ കോള്‍റിഡ്ഗ് പറഞ്ഞു. "ഗദ്യം=വാക്കുകള്‍ അവയുടെ ഏറ്റവും നല്ല ക്രമത്തില്‍, പദ്യം = ഏറ്റവും നല്ല വാക്കുകള്‍ ഏറ്റവും നല്ല ക്രമത്തില്‍. കഥകളെ കവിതയിലേക്ക് കൊണ്ട് വന്നപ്പോള്‍ മേല്പറഞ്ഞ ഉദ്ധരണിയുടെ മുഴുവന്‍ സൗന്ദര്യവും ഇവരുടെ കവിതകള്‍ക്ക് നേടാന്‍ കഴിയുന്നു. പല കവിതകള്‍ക്കും ടിപ്പണികള്‍ നല്കിയിട്ടുള്ളതിനാല്‍ വായനക്കാര്‍ക്ക് അത് പ്രയോജനകരവും കവിതകളെ ആസ്വാദകരമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. യാഥാര്‍ഥ്യങ്ങളില്‍ നിന്നും തെന്നിപ്പോകാതെ പുരാതനവും, നവീനവുമായ തത്വചിന്തയുടെ സ്വാധീനം ജീവിതത്തില്‍ സംഭവിക്കുന്നത് കണ്ടെത്തി അവയെ ആവിഷ്ക്കരിക്കുന്നതാണ് ഇവരുടെ കാവ്യദര്‍ശനം  എന്ന് അനുമാനിക്കാവുന്നതാണ്.

ശ്രീമതി രമ പ്രസന്ന പിഷാരടിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. അര്‍ദ്ധനാരീശ്വരം എന്ന കവിതാസമാഹാരം മഹാകവി അക്കിത്തത്തിന്റെ  അവതാരികയോടെ സര്‍ഗ്ഗഭൂമി ബുക്‌സാണ് (പാലക്കാട്)  പ്രസിദ്ധീകരിച്ചിരിക്കുന്നത്.കോപ്പികള്‍ ആവശ്യമുള്ളവര്‍ സര്‍ഗ്ഗഭൂമി ബുക്‌സ്, ഇമെയില്‍ sargabhumi@gmail.com /ഫോണ്‍  9809367872 വഴി ബന്ധപ്പെടുക.

ശുഭം


കഥ പറയുന്ന കവിതകള്‍ (നിരൂപണം- അര്‍ദ്ധനാരീശ്വരം- രമ പ്രസന്ന പിഷാരടി: സുധീര്‍ പണിക്കവീട്ടില്‍)കഥ പറയുന്ന കവിതകള്‍ (നിരൂപണം- അര്‍ദ്ധനാരീശ്വരം- രമ പ്രസന്ന പിഷാരടി: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
Jyothylakshmy 2019-11-24 18:46:21
ശ്രീമതി രമ പ്രസന്ന പിഷാരടിയുടെ "അർദ്ധനാരീശ്വരം " എന്ന കവിത പുസ്തകത്തെക്കുറിച്ചുള്ള ശ്രീ സുധീർ പണിക്കവീട്ടിലിന്റെ നിരൂപണം അവരുടെ കവിതകളെക്കുറിച്ച് കൂടുതൽ അറിയാൻ സഹായകമായി.നിരൂപണം സരള ഗംഭീരം തന്നെ. ഹൃദ്യമായ ഭാഷാ സ്വാധീനം ഇദ്ദേഹത്തിന്റെ രചനകളെ ആസ്വാദകരമാക്കുന്നു. നിരൂപണ നൈപുണ്യവും അവതരണ ശൈലിയും കവിത പുസ്തകം വായിക്കാൻ വായനക്കാർക്ക് പ്രചോദനം നൽകുന്ന വിധത്തിലാണ്.ശ്രീമതി പിഷാരടിയുടെ കവിതകൾ ഇമലയാളിയുടെ താളുകളെ ധന്യമാക്കട്ടെ. കവയിത്രിക്കും നിരൂപകനും ആശംസകൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക