Image

സ്വാമി വിശുദ്ധാനന്ദയെ ബഹറിനിലെ ഇന്ത്യന്‍ സമൂഹം ആദരിക്കുന്നു

Published on 20 November, 2019
സ്വാമി വിശുദ്ധാനന്ദയെ ബഹറിനിലെ ഇന്ത്യന്‍ സമൂഹം ആദരിക്കുന്നു


തിരുവനന്തപുരം: രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ച ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയെ ബഹറിനിലെ പ്രവാസി ഇന്ത്യന്‍ സമൂഹം ആദരിക്കുന്നു. നവംബര്‍ 21ന് (വ്യാഴം) ആണ് പരിപാടി.

ശ്രീനാരായണ ഗുരുദേവന്റെ പാത പിന്തുടര്‍ന്ന് ഗുരു ദര്‍ശനങ്ങള്‍ പ്രാവര്‍ത്തികമാക്കി നന്മയുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുവാന്‍ നടത്തിയ സ്വാമി വിശുദ്ധാനന്ദയുടെ നിസ്വാര്‍ഥവും അക്ഷീണവുമായ യത്‌നത്തിനാണ് രാജ്യം ഒടുവില്‍ അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചത്.

ബഹറിനിലെ ഇന്ത്യന്‍ സമൂഹവും കേരള സമാജവും സംയുക്തമായാണ് ആദരിയ്ക്കല്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്. പ്രവാസി വ്യവസായിയും ശിവഗിരി തീര്‍ത്ഥാടന കമ്മിറ്റിയുടെ വര്‍ക്കിംഗ് ചെയര്‍മാനുമായ കെ.ജി.ബാബുരാജ്, ബഹറിന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

ശിവഗിരി മഠത്തില്‍ നിന്നും ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, ശിവഗിരി തീര്‍ത്ഥാടന മീഡിയ കമ്മിറ്റി ചീഫ് കോഓര്‍ഡിനേറ്റര്‍ വണ്ടന്നൂര്‍ സന്തോഷ് എന്നിവര്‍ അതിഥികളായി പങ്കെടുക്കുന്ന ചടങ്ങില്‍ വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും സംബന്ധിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക