Image

അജിനോമോട്ടോ കമ്പനിയുടെ പേര്; ചൈനീസ് ഉത്പന്നം വിഷമയമെന്ന് അധികൃതര്‍

Published on 11 November, 2019
അജിനോമോട്ടോ കമ്പനിയുടെ പേര്; ചൈനീസ് ഉത്പന്നം വിഷമയമെന്ന് അധികൃതര്‍
തിരുവനന്തപുരം : ഭക്ഷണ പദാര്‍ഥങ്ങളില്‍ ചേര്‍ക്കുന്ന അജിനോമോട്ടോ മാരക വിഷമാണെന്ന തെറ്റിദ്ധാരണ പരത്തുമ്പോള്‍ അതിന്റെ നേട്ടം വ്യാജ ഉല്‍പന്നങ്ങള്‍ക്കാണെന്ന് കമ്പനി അധികൃതര്‍. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടക്കുന്ന ന്യൂട്രീഷ്യന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനത്തില്‍ ഉല്‍പന്നം പരിചയപ്പെടുത്താന്‍ എത്തിയ കമ്പനി പ്രതിനിധി ഗോവിന്ദ് ബിശ്വാസാണ് ഇക്കാര്യം പറഞ്ഞത്.

അജിനോമോട്ടോയുടെ പേരില്‍ ഭക്ഷ്യ പരിശോധനാ വിഭാഗം ഉദ്യോഗസ്ഥരും ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നുണ്ട്. അജിനോമോട്ടോ രാസവസ്തുവിന്റെ പേരല്ല. 1909ല്‍ ജപ്പാനില്‍ ആരംഭിച്ച കമ്പനിയുടെ പേരാണ് അജിനോമോട്ടോ. മോണോസോഡിയം ഗ്ലൂട്ടാമേറ്റിനെയാണ് (എംഎസ്ജി) അജിനോമോട്ടോയെന്നു പറയുന്നത്.

കരിമ്പ്, മരച്ചീനി എന്നിവയില്‍ നിന്നാണ് എംഎസ്ജി  ഉല്‍പാദിപ്പിക്കുന്നത്. കരിമ്പാണു മുഖ്യം. അതിനു ക്ഷാമം ഉണ്ടാകുമ്പോള്‍ മരച്ചീനിയില്‍ നിന്ന് എംഎസ്ജി ഉല്‍പാദിപ്പിക്കും. കരിമ്പും മരച്ചീനിയും ശാസ്ത്രീയമായി സംസ്കരിച്ചെടുക്കുന്ന ഉല്‍പന്നത്തില്‍ രാസവസ്തുക്കള്‍ ചേര്‍ക്കില്ല. ഒന്നര നൂറ്റാണ്ടായി ലോകത്തെ പല രാജ്യങ്ങളിലെയും ജനങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമായി തുടരുന്ന അജിനോമോട്ടോയുടെ എംഎസ്ജിയെ ഇന്ത്യയില്‍ മോശമായാണു ചിത്രീകരിക്കുന്നത്.

ഇന്ത്യയില്‍ എംഎസ്ജി എന്ന പേരില്‍ ചൈനയില്‍ നിന്നുള്ള രാസവസ്തുക്കള്‍ ചേര്‍ന്ന സാധനം വില്‍ക്കുന്നുണ്ട്. അജിനോമോട്ടോ ഉല്‍പാദിപ്പിക്കുന്ന ഒരു കിലോഗ്രാം എംഎസ്ജിക്ക് 260 രൂപയാണു വില. ചൈനയില്‍ നിന്ന് എത്തുന്ന രാസവസ്തുക്കള്‍ ചേര്‍ന്ന എംഎസ്ജിക്ക് കിലോഗ്രാമിനു 100 രൂപയേയുള്ളൂ. ഇതില്‍ രാസവസ്തുക്കള്‍ ഉണ്ട്. ഇന്ത്യയിലെ എംഎസ്ജി വിപണിയില്‍ അജിനോമോട്ടോയുടെ വിഹിതം 10% ആണ്. വ്യാജ ഉല്‍പന്നങ്ങളാണു 90%ഉം വില്‍ക്കുന്നതെന്ന് ബിശ്വാസ് അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക