Image

ഒരുവട്ടംകൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റം; ഒന്നര നൂറ്റാണ്ടു കൊണ്ട് ഗാന്ധിജിയെ തൊട്ടറിഞ്ഞു കേരളം (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 09 November, 2019
ഒരുവട്ടംകൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റം; ഒന്നര   നൂറ്റാണ്ടു കൊണ്ട് ഗാന്ധിജിയെ തൊട്ടറിഞ്ഞു കേരളം   (കുര്യന്‍ പാമ്പാടി)
വൈഷ്ണവ ജനതോ, തേനേ കഹിയേജെ
പീദ് പരായെ ജാനേ രെ
പര്‍ ദുഃഖേ ഉപകാര്‍ കരെ തോയെ
മാന്‍ അഭിമാന്‍ ന ആനേരെ

ലതാമങ്കേഷ്‌കര്‍ പാടിയ ഈ ഭജനഗീതം ഉച്ച ഭാഷിണിയിലൂടെ കേട്ട് കോരിത്തരിച്ചുകൊണ്ടു കൊച്ചുവെളുപ്പിനു ആയിരങ്ങള്‍ സബര്‍മതിയില്‍ നിന്ന് യാത്ര തിരിച്ചു. 1930ല്‍ ദണ്ഡി വരെ ഗാന്ധിജി നടത്തിയ 386 കിമീ.പദയാത്രയുടെ സുവര്‍ണജൂബിലി പ്രമാണിച്ചുള്ള 1980 മാര്‍ച്ച് 12ലെ പുനര്‍ജനിയുടെ തുടക്കം അങ്ങിനെ ആയിരുന്നു.  

ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദില്‍ ടൗണ്‍ഹാളിനു നാല് കി.മീ.അകലെ സബര്‍മതി നദിയോരത്ത് 1915ല്‍ ഗാന്ധിജി സ്ഥാപിച്ച ആശ്രമത്തില്‍ നിന്ന് തുടങ്ങിയ പ്രയാണം  ദണ്ഡിയിലെത്താന്‍ 24 ദിവസം എടുത്തു. ആയിരങ്ങളില്‍ ഒരാളായി ആരോരുമറിയാതെ ഞാനും നടന്നു. അസ്‌ലാലി വരെ 14 കി.മീറ്റര്‍.

അന്ന് അറുപത്തൊന്നു വയസുള്ള മഹാത്മജിയെ അര്‍ദ്ധ നഗ്‌നയായ സന്യാസി എന്നാണല്ലോ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ വിളിച്ചത്.   മുട്ടറ്റമുള്ള വേഷ്ടി ധരിച്ച്, നെഞ്ചില്‍ പുതപ്പു ചുറ്റി, വടിയും കുത്തി സ്പീഡിലാണ് അദ്ദേഹം നടക്കുക. കൂടെയുള്ളവര്‍ക്ക് ഒപ്പമെത്താന്‍ ഓടേണ്ടിവരും. അസ് ലാലിയില്‍ ഉച്ചഭക്ഷണത്തിനു ബ്രേക്ക്. ആദ്യദണ്ഡിയാത്രയുടെ അതേ റൂട്ടില്‍ അതേ സമയക്രമം പാലിച്ചായിരുന്നു ജൂബിലി യാത്രയും.  മധുരം കലശലായുള്ള ഗുജറാത്തി ഭക്ഷണം വിളമ്പി നാട്ടുകാര്‍ സ്‌നേഹം കൊണ്ട് യാത്രികരെ ശ്വാസം മുട്ടിച്ചു.
 
കത്തിയവാറിലെ പോര്‍ബന്ദറില്‍ ഗാന്ധിജി ജനിച്ച വീടും രാജക്കോട്ടില്‍ അദ്ദേഹം പഠിച്ച  സ്‌കൂളും കണ്ട ശേഷമാണ് ഞാന്‍ സബര്‍മതിയില്‍ എത്തിയത്. രണ്ടും ഇന്ന് ദേശിയ സ്മാരകങ്ങളാണ്. രാജക്കോട്ടെ ബസ് സ്‌റ്റേഷന്‍ എയര്‍പോര്‍ട്ട് പോലുണ്ട്. നാട്ടുരാജ്യമായ കത്തിയവാറില്‍ ദിവാന്മാരായിരുന്നു ഗാന്ധിജിയുടെ പിതാവും മുത്തച്ഛനും. ദണ്ഡിയാകട്ടെ ഗാന്ധിയുടെ കൂടെ യാത്രചെയ്തവരുടെയെല്ലാം സിലിക്കോണ്‍ ബ്രോണ്‍സ് പ്രതിമകള്‍ സ്ഥാപിച്ച് ദേശിയ സ്മൃതി മണ്ഡപം ആക്കിയിരിക്കുന്നു. അങ്ങോട്ടുള്ള വഴി ഇപ്പോള്‍ നാഷണല്‍ ഹൈവേ.    

പതിനഞ്ചാം നൂറ്റാണ്ടില്‍ നരസിംഹ മേത്ത ഗുജാത്തിയില്‍ രചിച്ച വൈഷ്ണവ ജനതോ ഗാന്ധിജിക്കു എന്നും പ്രിയപ്പെട്ട ഭജനഗീതം ആയിരുന്നു. അന്യരുടെ വേദന അറിയുകയും അവരുടെ ദുരിതങ്ങള്‍ അകറ്റുകയും സ്വാര്‍ത്ഥത വെടിയുകയും ചെയ്യുന്നവരാണ് ദൈവമക്കള്‍ എന്നാണ് ആദ്യ ഖണ്ഡികയുടെ അര്‍ത്ഥം. സബര്‍മതി ആശ്രമത്തില്‍ ഗോട്ടുവാദ്യം നാരായണ അയ്യങ്കാര്‍ അത് നിത്യേന ആലപിക്കുമായിരുന്നു. കാലാന്തരത്തില്‍ ലതാമങ്കേഷ്‌കര്‍ മുതല്‍ ശ്രെയാഘോശാല്‍, കെഎസ് ചിത്ര വരെ ഒരുപാട് പേര്‍ അത് പാടി. ഗാംഗുഭായി ഹംഗാള്‍, പണ്ഡിറ്റ് ജസ് രാജ്, റെനോഫെര്‍ണാണ്ടസ്, അംജത് അലിഖാന്‍, പണ്ഡിറ്റ് നാരായണ്‍, ഹരിപ്രസാദ് ചൗരസ്യ, ശിവകുമാര്‍ ശര്‍മ്മ തുടങ്ങിയവര്‍ ചേര്‍ന്നുള്ള ആല്‍ബവും ഇറങ്ങി.

റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി മുതല്‍ മലയാളത്തിലെ ഇന്ത്യന്‍ റുപ്പി വരെയുള്ള ഒരുപാട് ചിത്രങ്ങളില്‍ ആ ഗാനം ഉള്‍പ്പെടുത്തി. മഹാത്മജിജിയുടെ നൂറ്റമ്പതാം പിറന്നാള്‍ പ്രമാണിച്ച് റഷ്യ, പാക്കിസ്ഥാന്‍, ബംഗ്‌ളാദേശ്, സൗദി, ഗയാന, നൈജീരിയ, ജപ്പാന്‍, സിംഗപ്പൂര്‍ തുടങ്ങി നാല്‍പതു രാജ്യങ്ങളിലെ കലാകാരന്‍മാര്‍ കൂടിച്ചുചേര്‍ന്നു അവതരിപ്പിച്ച ആഗോള സംഗീത ആല്‍ബവും 2018ല്‍ പുറത്തിറങ്ങി.

ഗാന്ധിജി നയിച്ച ദണ്ഡി യാത്രയില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളെ പ്രതിനിധീകരിച്ച് തെരഞ്ഞെടുക്കപ്പെട്ട 80 പേര്‍ അണി നിരന്നിരുന്നു. മലയാളികളായ ശങ്കരന്‍, രാഘവന്‍, തങ്കപ്പന്‍ നായര്‍, കൃഷ്ണന്‍ നായര്‍, തേവര്‍തുണ്ടിയില്‍ ടൈറ്റസ് എന്നിവര്‍ ഉപെട്ടിരുന്നു. കേരള ഗാന്ധി കെ കേളപ്പന്‍, മുഹമ്മദ് അബ്ദുള്‍ റഹിമാന്‍, കെ. മാധവന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ പയ്യന്നൂരിലും രാജാജിയുടെ നേതൃത്വത്തില്‍ തമിഴ് നാ ട്ടിലെ വേദാരണ്യത്തിലും തത്സമയ പദയാത്രകള്‍ നടത്തുകയുണ്ടായി.

ഗാന്ധിജി വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്ത ആളാണ്. ശ്രീനാരായണ ഗുരു, രാമസ്വാമി പെരിയോര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. മഹാത്മജി അഞ്ചു തവണ കേരളം സന്ദര്‍ശിച്ചു. നെയ്യാറ്റിന്‍കരയില്‍ തുടങ്ങി തലശ്ശേരി, വയനാട് വരെ അദ്ദേഹം സഞ്ചരിച്ചു. ഗാന്ധിജിയെ നേരിട്ട് കണ്ടവരില്‍ ജീവിച്ചിരിക്കുന്നവര്‍ ചുരുങ്ങും.  97 വയസുള്ള പി. ഗോപിനാഥന്‍ നായര്‍ നെയ്യാറ്റിന്‍കരയിലും തലശ്ശേരികടലോരത്ത് ഗാന്ധിജിയെ കണ്ട 87 എത്തിയ തായാട്ട് ബാലന്‍ കോഴിക്കോട്ടും ഓര്‍മ്മകള്‍ അയവിറക്കി കഴിയുന്നു. ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അടിയുറച്ചു ജീവിതം നയിക്കുന്നത് എങ്ങനെയെന്ന് ലോകത്തിനു കാണിച്ചു കൊടുക്കുന്നു.

പി. ഗോപിനാഥന്‍ നായര്‍ പതിനൊന്നു വയസുള്ളപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ വീടിനടുത്തുള്ള മൈതാനിയില്‍ ഗാന്ധിജിയെ ആദ്യം കണ്ട ആളാണ്. ബിഎസ് സി  എടുത്തു വിശ്വഭാരതി സര്‍വകലാശാലയില്‍ ചൈനാ സംസ്‌കാരത്തില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കെ കല്‍ക്കത്തയില്‍ പൊട്ടിപ്പുറപ്പെട്ട ഹിന്ദുമുസ്ലിം ലഹള ശമിപ്പിക്കാന്‍ ഗാന്ധജി നടത്തിയ ശ്രമം വിജയിക്കുന്നത് നേരില്‍ കണ്ടു വിസ്മയിച്ചു ഗാന്ധിജിയുടെ ശിഷ്യനായി. ഗാന്ധി സ്മാരക നിധിയുടെ അഖിലേന്ത്യ അദ്ധ്യക്ഷനായി 11 വര്‍ഷം  സേവനം ചെയ്തു. കേരളത്തിലും നിധിയുടെ നായകന്‍ ആയിരുന്നു. പദ്മശ്രീയും ജാമ്‌നലാല്‍ ബജാജ് പുരസ്‌കാരവും നേടി. ബജാജ് പുരസ്‌കാരം സമ്മാനിച്ചത് നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യാസെന്‍.

ഗാന്ധിയന്‍ തത്വങ്ങളില്‍ അധിഷ്ഠിതമായ വികസന തന്ത്രങ്ങള്‍ ഏറ്റവും വിജയകരമായി നടപ്പാക്കിയതാണ് കേരള വികസനത്തെ ലോക മാതൃകയായി അംഗീകരിക്കാന്‍  ഇടയാക്കിയതെന്ന് വിശ്വസിക്കുന്ന നിരവധി പേരുണ്ട്. ഇടത്തോ വലത്തോ ആരു ഭരിച്ചാലും അദ്ദേഹം വിഭാവനം ചെയ്ത ഗ്രാമ സ്വരാജ് ജന  പങ്കാളിത്തത്തോടെയുള്ള വികസന യജ്ഞം ആണ് കേരളം നടപ്പാക്കുന്നത്. ജനകീയാസൂത്രണം, സാക്ഷരതായജ്ഞം,  ജനങ്ങളെ  ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രളയദുരന്തനിവാരണം ഒക്കെ ഇതില്‍ പെടുമെന്ന് മുന്‍ ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ് പറയുന്നു.

മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി നൂറ്റമ്പതാം ജന്മ ദിനത്തില്‍ പങ്കാളിയായതു രണ്ടു ഗാന്ധിയന്മാരുടെ പ്രഭാഷണം അരങ്ങേറ്റിക്കൊണ്ടായിരുന്നു. ഡോ..എംഎച്ച് ഇല്യാസ് നയിക്കുന്ന ഗാന്ധിയന്‍ സ്‌കൂളില്‍ കോഴിക്കോട് സര്‍വകലാശാലയില്‍ മലയാളം പ്രഫസര്‍ ആയിരുന്ന ഡോ. എംഎന്‍ കാരശ്ശേരിയും ഡോ. കെഎം കൃഷ്ണന്‍ ഡയറക്ടര്‍ ആയ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍ ഫിലോസഫി പ്രഫസര്‍ ആയിരുന്ന ഡോ. കെ.പി. ശങ്കരനും മഹാത്മായുടെ ജീവിത സരണികളിലൂടെ സഞ്ചരിച്ചു.

തൊണ്ണൂറ്റെട്ടു വാല്യങ്ങളിലായി ഒരുലക്ഷം പേജുകള്‍ കവിഞ്ഞ ഗാന്ധിജിയുടെ  ജീവിതപ്രമാണങ്ങള്‍ ആരെയും വിസ്മയിപ്പിക്കുന്ന  സത്യാന്വേഷണപരീക്ഷണങ്ങളിലൂടെ സ്പുടം ചെയ്‌തെടുത്തവയാണെന്നു കാരശ്ശേരി സമര്‍ഥിച്ചു.  ബൃഹത്തായ  മഹാഭാരതത്തില്‍ 1,25,000  ശ്ലോകങ്ങളേ ഉള്ളു. ഗാന്ധിജിയുടെ മൊഴിയും പൊരുളും ലോകമാനവന് പൈതൃകമായി ലഭിച്ച മഹത്തായ പാഠശാലയാണ്. അദ്ദേഹത്തിന്റെ ദണ്ഡി യാത്ര സാമ്രാജ്യത്വത്തിന്റെ അടിവേരു പിഴുതു മാറ്റുകയാണ് ഉണ്ടായത്.

ഗാന്ധിജിയുടെ അവസാന കാലത്തെ െ്രെപവറ്റ് സെക്രട്ടറി വി. കല്യാണം 98ആം വയസില്‍ ചെന്നൈയില്‍ ജീവിച്ചിരിപ്പുണ്ട്. ഗാന്ധിജിക്ക് വെടിയേല്‍ക്കുമ്പോള്‍ തൊട്ടു പിന്നില്‍ നിന്ന ആളാണ്. അഞ്ചുവര്‍ഷം   മുമ്പ് തൃശൂരിലെ  കിലയില്‍,ഒരു പ്രഭാഷണത്തിന് എത്തിയിരുന്നു. ഗാന്ധിജി അവസാന നിമിഷം ഹേ റാം എന്ന് ഉരുവിട്ടുകൊണ്ടാണ് ലോകം വെടിഞ്ഞതെന്ന പ്രചാരണം ശരിയല്ലെന്ന് അന്നദ്ദേഹം പറഞ്ഞു. കല്യാണത്തെപ്പറ്റി കാരശ്ശേരി എഴുതിയിട്ടുമുണ്ട്.

ഗാന്ധിജി വര്‍ഗീയവാദി ആയിരുന്നെന്ന അരുധതി റോയിയുടെ വാദം ശുദ്ധ അസംബന്ധം ആണെന്ന് പ്രഫ.കെപി ശങ്കരന്‍ കാര്യകാരണ സഹിതം സമര്‍ദ്ധിച്ചു. സുളുപ്രശ്‌നത്തില്‍ വെള്ളക്കാരെ പിന്തങ്ങിയ ആളാണ് ഗാന്ധിജി. ഒന്നരലക്ഷം വരുന്ന ഇന്ത്യാക്കാരെ കരുത്തവരില്‍ നിന്ന് വേര്‍തിരിച്ചു കാണണമെന്ന് വാദിച്ച ഗാന്ധി ഇന്ത്യാക്കാരുടെ രക്ഷക്കാണ് അങ്ങിനെ ചെയ്തത്. കറുത്തവരെ കാഫിര്‍ എന്ന് വിളിച്ചുവെന്നാണ് മറ്റൊരു ആക്ഷേപം. കറുത്തവരെ കാഫിര്‍ അഥവാ കാപ്പിരികള്‍ എന്നു വിളിക്കുന്നത് അന്ന് സര്‍വ സാധാരണമായിരുന്നു. എസ്‌കെ പൊറ്റക്കാടിന്റെ  പുസ്തകത്തിന്റെ പേരു തന്നെ കാപ്പിരികളുടെ നാട്ടില്‍ എന്നാണല്ലോ.

ഘാനാ സര്‍വകലാശാലയുടെ കവാടത്തില്‍ നിന്ന് ഗാന്ധിജിയുടെ പ്രതിമ മാറ്റാന്‍ നടന്ന വിദ്യാര്‍ഥിപ്രക്ഷോഭണം യഥാര്‍ഥത്തില്‍ പ്രതിമ അവിടെ വച്ച വൈസ് ചാന്‍സലരോടുള്ള വിരോധത്തില്‍ നിന്നു ഉടലെടുത്തതായിരുന്നുവെന്നു അവിടെ വിസിറ്റിംഗ് പ്രൊഫസറായി പലതവണ പോയിട്ടുള്ള പ്രമുഖ ഗാന്ധിയന്‍ ഡോ. എം.പി. മത്തായി ഈ ലേഖകനോട് പറഞ്ഞു. നെല്‍സന്‍ മണ്ടേലയുടെയും മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെയും ആരാധനാ മൂര്‍ത്തിയായ ഗന്ധിജിയോടു ആഫ്രിക്കക്കാര്‍ക്ക് ആരാധനയേയുള്ളു.



ഒരുവട്ടംകൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റം; ഒന്നര   നൂറ്റാണ്ടു കൊണ്ട് ഗാന്ധിജിയെ തൊട്ടറിഞ്ഞു കേരളം   (കുര്യന്‍ പാമ്പാടി)ഒരുവട്ടംകൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റം; ഒന്നര   നൂറ്റാണ്ടു കൊണ്ട് ഗാന്ധിജിയെ തൊട്ടറിഞ്ഞു കേരളം   (കുര്യന്‍ പാമ്പാടി)ഒരുവട്ടംകൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റം; ഒന്നര   നൂറ്റാണ്ടു കൊണ്ട് ഗാന്ധിജിയെ തൊട്ടറിഞ്ഞു കേരളം   (കുര്യന്‍ പാമ്പാടി)ഒരുവട്ടംകൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റം; ഒന്നര   നൂറ്റാണ്ടു കൊണ്ട് ഗാന്ധിജിയെ തൊട്ടറിഞ്ഞു കേരളം   (കുര്യന്‍ പാമ്പാടി)ഒരുവട്ടംകൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റം; ഒന്നര   നൂറ്റാണ്ടു കൊണ്ട് ഗാന്ധിജിയെ തൊട്ടറിഞ്ഞു കേരളം   (കുര്യന്‍ പാമ്പാടി)ഒരുവട്ടംകൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റം; ഒന്നര   നൂറ്റാണ്ടു കൊണ്ട് ഗാന്ധിജിയെ തൊട്ടറിഞ്ഞു കേരളം   (കുര്യന്‍ പാമ്പാടി)ഒരുവട്ടംകൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റം; ഒന്നര   നൂറ്റാണ്ടു കൊണ്ട് ഗാന്ധിജിയെ തൊട്ടറിഞ്ഞു കേരളം   (കുര്യന്‍ പാമ്പാടി)ഒരുവട്ടംകൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റം; ഒന്നര   നൂറ്റാണ്ടു കൊണ്ട് ഗാന്ധിജിയെ തൊട്ടറിഞ്ഞു കേരളം   (കുര്യന്‍ പാമ്പാടി)ഒരുവട്ടംകൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റം; ഒന്നര   നൂറ്റാണ്ടു കൊണ്ട് ഗാന്ധിജിയെ തൊട്ടറിഞ്ഞു കേരളം   (കുര്യന്‍ പാമ്പാടി)ഒരുവട്ടംകൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റം; ഒന്നര   നൂറ്റാണ്ടു കൊണ്ട് ഗാന്ധിജിയെ തൊട്ടറിഞ്ഞു കേരളം   (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക