Image

തെരഞ്ഞെടുപ്പ് എന്ന മഹാസംഭവം (പകല്‍ക്കിനാവ് 172: ജോര്‍ജ് തുമ്പയില്‍)

Published on 31 October, 2019
തെരഞ്ഞെടുപ്പ് എന്ന മഹാസംഭവം (പകല്‍ക്കിനാവ് 172: ജോര്‍ജ് തുമ്പയില്‍)
തെരഞ്ഞെടുപ്പു വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് നാവെടുക്കുമ്പോള്‍ തന്നെ വീണ്ടും ഇലക്ഷന്‍ എന്നതാണ് ഇപ്പോള്‍ കേരളത്തിലെ സ്ഥിതി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്നു നടവു നിവര്‍ക്കും മുന്നേ എത്തി ഉപതെരഞ്ഞെടുപ്പ്. ഇനി അതിന്റെ ക്ഷീണമവസാനിക്കും മുന്നേ വീണ്ടുമെത്തും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും. അതിന്റെ കൊട്ടിക്കലാശം തീരും മുന്നേ നാടാകെ ഉറ്റു നോക്കുന്ന തെരഞ്ഞെടുപ്പ് എത്തും. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും തമ്മില്‍. സാക്ഷാല്‍ ട്രംപ് തന്നെ വീണ്ടും അമേരിക്കയുടെ നാഥനാകുമോയെന്നു കണ്ടറിയണം. അതിനും മുന്നേ ബ്രിട്ടണില്‍ തെരഞ്ഞെടുപ്പ്. എന്റെ കര്‍ത്താവേ, അങ്ങനെ നോക്കിയാല്‍ എല്ലാ മാസവും കാണും തെരഞ്ഞെടുപ്പുകളുടെ പൊടിപൂരം. ശരിക്കും ഇതൊക്കെയെന്തിനാണെന്നു തോന്നിപ്പോകും, ഈ ബഹളവും സമ്പര്‍ക്ക തര്‍ക്ക പരിഹാരപ്രതിക്രിയകളൊക്കെ കാണുമ്പോള്‍. വോട്ടവകാശം എന്നത് വലിയൊരു അവകാശമാണെന്നും അതിന്റെ പച്ചപ്പിലാണ് ജീവിതമായ ജീവിതം മുഴുവന്‍ ജീവിച്ചു തീര്‍ക്കുന്നതെന്നും വീമ്പു പറയുന്ന സാധാരണക്കാരന്റെ വമ്പത്തരമാണ് ശരിക്കും തെരഞ്ഞെടുപ്പെന്ന വലിയ പെരുന്നാളെന്നു വേണമെങ്കില്‍ പറയാം. ഒന്നോര്‍ത്തു നോക്കൂ, കുളങ്ങളില്‍ വലിയ കുളമായ എറണാകുളത്ത് വലിയ തെരഞ്ഞെടുപ്പ് നടന്നു, നാലഞ്ചു മാസങ്ങള്‍ക്ക് മുന്‍പ്. അവിടെയുണ്ടായിരുന്ന എംഎല്‍എ തിരുവനന്തപുരം സേവ മതിയാക്കി നേരെ ഡല്‍ഹിയിലേക്ക് വിമാനം കയറി. (എറണാകുളത്തു മാത്രമല്ല, കേരളത്തില്‍ നാലിടത്താണ് ഇങ്ങനെ വീണ്ടും കബഢി കളിക്ക് അരങ്ങൊരുങ്ങിയത്) ഇപ്പോഴിതാ, അവിടെ വീണ്ടും ഒഴിവ് വന്നത് നികത്താന്‍ തെരഞ്ഞെടുപ്പ് വന്നപ്പോഴല്ലേ രസം. വികസനത്തില്‍ വലിയ കുളമാണെന്നു നേരത്തെ തന്നെ കൊട്ടിക്കയറിയ എറണാകുളം ഇലക്ഷന്‍ ദിവസം വെള്ളത്തില്‍ കുളിച്ചു കിടന്നു. ലുലുമാളിലേക്കും ഇടപ്പള്ളിയിലേക്കും പോകാന്‍ വാഹനത്തിന് തോട്ടിലൂടെന്നതു പോലെ ഫോര്‍വീല്‍ ഡ്രൈവ് നടത്തേണ്ടി വന്നു. സമസ്തമേഖലയും സ്തംഭിച്ചു നിന്നു പോയെങ്കിലും ഇലക്ഷന്‍ മാത്രം മാറ്റിവച്ചില്ല. വെള്ളം പൊങ്ങിയതിനു കൊച്ചി മേയര്‍ രാജിവെക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.

ഓടകളില്ലാത്തതു കൊണ്ടാണു വെള്ളം റോഡിനെ മുക്കിനിവര്‍ത്തിയതെന്ന് നാട്ടുകാരു മുഴുവന്‍ പറഞ്ഞു നടന്നു. ശരിയാണ്. കോടികള്‍ മുടക്കി മെട്രൊ ട്രെയ്ന്‍ ഓടിക്കുന്നതിന്റെ തൊട്ടുതാഴെ മുട്ടറ്റം വെള്ളം പൊങ്ങിയപ്പോള്‍ അതു വികസനത്തിന്റെ തലയ്ക്ക് കിട്ടിയ വലിയ അടിയാണെന്ന് അധികൃതര്‍ മാത്രം അറിഞ്ഞില്ല. കോടികള്‍ മുടക്കി നിര്‍മ്മിച്ച പാലം തല്ലിപ്പൊളിക്കുന്നത് വെള്ളക്കെട്ടില്‍ നിന്നും ഏതാനും വാരമാത്രം അകലെയാണ്. പാലാരിവട്ടം പാലം എന്നത് പഞ്ചവടിപ്പാലം പോലെ ലോകമെങ്ങും വലിയ ട്രോളായി മാറിയിരിക്കുന്നു. അപ്പോഴാണ് കൊല്ലത്തില്‍ നാലു തവണ എന്ന കണക്കില്‍ ഇലക്ഷന്‍ നടക്കുന്നത്. തലതിരിഞ്ഞ ഈ നയങ്ങളുടെ കീഴ്‌വഴക്കവും പ്രഹസനവും കാണണമെങ്കില്‍ കേരളത്തില്‍ നിന്നും മാറി നിന്നു നോക്കണം. അപ്പോഴും കാണാം പൊതുജനമെന്ന കഴുത വെള്ളത്തില്‍ തുണിയും പൊക്കിപിടിച്ചു അധികാരിയെ തെരഞ്ഞെടുക്കാന്‍ വോട്ട് കുത്തിയതിന്റെ ധന്യതയില്‍ നടുവിരലും പൊക്കിപിടിച്ചു കൊണ്ടു വരുന്നത്.

ഇന്ത്യയില്‍ മാത്രം നടക്കുന്നൊരു കാര്യമല്ലിതെന്ന് അറിയാം. ജനാധിപത്യമര്യാദകള്‍ പാലിക്കാന്‍ ലോകമായ ലോകത്തെങ്ങും ഇങ്ങനെ തെരഞ്ഞെടുപ്പും വോട്ട് കുത്തലുമൊക്കെ അഹോരാത്രം നടക്കുന്നുണ്ട്. ഒരു സാധാരണ സംശയമാണ്. ഇന്ത്യയില്‍ തെരഞ്ഞെടുപ്പിനു വേണ്ടി കോടിക്കണക്കിനു രൂപയാണ് ചെലവഴിക്കുന്നത്. എങ്കില്‍ പിന്നെ, പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റു വരെയുള്ള ഇലക്ഷന്‍ ഒരു സമയത്ത് നടത്തിയാല്‍ എന്താണ് കുഴപ്പം? എത്രയോ മാനവവിഭവ ശേഷികളാണ് ലാഭമായി ലഭിക്കുന്നത്. ഒരു സമയം ഒരു സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി അതിന്റെ കാലാവധി അവസാനിക്കും മുന്നേ മറ്റൊരു സ്ഥാനത്തിനു വേണ്ടി കടിപിടി കൂട്ടി രാജിവച്ച് പൊതുജനങ്ങളുടെ പോക്കറ്റില്‍ നിന്നും പിടിച്ചു വാങ്ങുന്ന നികുതി പണം ധൂര്‍ത്തടിക്കുന്ന രീതിയെക്കുറിച്ച് സാമാന്യേ ഓര്‍ത്തപ്പോള്‍ തോന്നിയ രോഷം കൊണ്ട് ചോദിക്കുകയാണ്. ഇതൊക്കെ എന്തൊരു പ്രഹസനമാണ് സാര്‍?

നിര്‍മ്മിക്കുക, പൊളിക്കുക, പിന്നെയും നിര്‍മ്മിക്കുക, എന്നിട്ട് എന്തൊരു പൊളിയാണ് സംഭവമെന്നോര്‍ത്ത് സ്വയം അഭിമാനിക്കുക തുടങ്ങിയ ബഹുപ്രഹസനങ്ങളെ ചുറ്റിപ്പറ്റി വികസനമെന്ന അഴിമതികുംഭകോണം നടക്കുന്ന നാട്ടിലാണ് വീണ്ടും വീണ്ടും അധികാരത്തിലേക്ക് ആളെ കയറ്റി വിടുന്നതെന്ന് ഓര്‍ക്കണം. ഒരു പ്രവാസി നാട്ടിലേക്ക് വിമാനം കയറിയെത്തിയാല്‍ എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലെത്തുമ്പോഴേയ്ക്ക് ദേഹമാസകലം  തൊട്ടുഴിയാന്‍ വൈദ്യനെ നേരത്തെ തയ്യാറാക്കി നിര്‍ത്തണമെന്നതാണ് അവസ്ഥ. റോഡുകളെല്ലാം കുഴിയായിരിക്കുന്നതായിരുന്നു അടുത്ത കാലം വരെ ടിവി ചാനലുകളിലെ വലിയ ചര്‍ച്ച. വികസനമെന്നത് വഴിമുട്ടി നില്‍ക്കുന്നു, സര്‍ക്കാരിന് കടുത്ത സാമ്പത്തിക പ്രതിസന്ധി. കടമെടുത്തു കടമെടുത്തു ഇനി കടപ്പത്രം പോലുമില്ലാത്ത അവസ്ഥ. ആ നിലയ്ക്കാണ് പിന്നെയും പിന്നെയും പതിവു തെറ്റിക്കാതെ പ്രകൃതിദുരന്തങ്ങളെന്നതു പോലെയാണ് തെരഞ്ഞെടുപ്പ് ഇടിത്തീ സാധാരണക്കാരന്റെ നെഞ്ചിലേക്ക് പതിക്കുന്നത്. എത്ര പറഞ്ഞാലും ഇതൊക്കെയും അനുഭവിക്കാതെ വയ്യെന്നാണല്ലോ- ഇതൊക്കെ വച്ചു നോക്കുമ്പോള്‍ അമേരിക്കന്‍ ഇലക്ഷനൊക്കെ സോ, സിംപിള്‍! ആരോ ഉണ്ടാക്കി വച്ച നാടകം ആടിതീര്‍ക്കുന്ന അധികാരികളെ ഒന്നു പറഞ്ഞോട്ടേ, ഇനിയെങ്കിലും ഒരു മാറ്റം വേണ്ടേ- കാരണം നമ്മളും മോഡേണ്‍ അല്ലേ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക