അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമ ലോക മലയാളി സമൂഹത്തിന്റെ അഭിമാനമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ.വി മുരളീധരന്‍ അഭിപ്രായപ്പെട്ടു.
ന്യൂയോര്‍ക്കില്‍ ഫോമാ നേതാക്കളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
' ഫോമയുടെ ജീവകാരുണ് പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. ലോകത്തുള്ള ഏത് സംഘടനകള്‍ക്കും മാതൃകയാവുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് നമ്മുടെ നാടിന് ആവശ്യം. തന്നെയുമല്ല അത് ലഭിക്കേണ്ട വ്യക്തിത്വങ്ങള്‍ക്കോ, സമൂഹങ്ങള്‍ക്കോ ആയിക്കോട്ടെ, കൃത്യ സമയത്ത് നല്‍കുന്നതിലാണ് അതിന്റെ പൂര്‍ണ്ണ നില നില്‍ക്കുന്നത്. ആ പൂര്‍ണ്ണത നിലനിര്‍ത്തുന്നതില്‍ ഫോമ വിജയിച്ചു. ഫോമയുടെ ഏറ്റവും പുതിയ പ്രോജക്ടായ വില്ലേജ് പ്രോജക്ട് തന്നെ ഉദാഹരണം.
കേരളം പ്രളയത്തിലകപ്പെട്ടപ്പോള്‍ ദുരിതക്കയത്തിലായ ജനസമൂഹത്തിന് കയറി.ക്കിടക്കാന്‍ വീടും അനുബന്ധ സാമഗ്രികളും നല്‍കി അവരെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ സദ് പ്രവൃത്തി ഏറ്റവും ബഹുമാനിക്കപ്പെടേണ്ടതാണ്. ആ പ്രോജക്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും അഭിനന്ദിക്കുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ലൈഫ് പദ്ധതി കൂടി ഉള്‍പ്പെടുത്തി നാല്‍പ്പതിലധികം വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയതില്‍ സന്തോഷമുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളിലായി കേന്ദ്ര ജനോപകാര പദ്ധതികള്‍ ഇന്ത്യയിലെ ജനങ്ങള്‍ കൃത്യമായി ഉപയോഗിക്കുന്നതും അത് അര്‍ഹതയുള്ളവരുടെ കൈകളില്‍ എത്തിക്കുവാന്‍ സാധിക്കുന്നതും അഭിമാനം നല്‍കുന്ന വസ്തുതയാണ്. കേന്ദ്ര വിദേശകാര്യ മന്ത്രിയായിരുന്ന ശ്രീമതി സുഷമ്മ സ്വരാജ് നടത്തിയ ജനോപകാരപ്രദമായ ഇടപെടലുകള്‍ പ്രവാസ ലോകത്തിന് നല്‍കിയ പ്രതീക്ഷ വളരെ വലുതാണ്. എത്ര ചെറിയ പ്രശ്‌നങ്ങളായാലും അവയെ അര്‍ഹിക്കുന്ന പരിഗണനയോടെ വിലയിരുത്തുകയും, വേണ്ട സഹായങ്ങള്‍ ഉടന്‍ നല്‍കുകയും ചെയ്തിരുന്നത് പ്രവാസികളില്‍ വലിയ സന്തോഷമാണ് നല്‍കിയിരുന്നത്.ആ സന്തോഷത്തിന് മങ്ങലേല്‍ക്കാതെ മുന്നോട്ടു കൊണ്ടുപോവുക എന്നതാണ് എന്റെ ദൗത്യം.
അമേരിക്കന്‍ മലയാളി സമൂഹത്തിനും, പ്രവാസി സമൂഹത്തിനും ഏത് ആവശ്യങ്ങള്‍ക്കും തന്നെ ഏത് സമയത്തും സമീപിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂയോര്‍ക്കില്‍ കുറച്ചു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര മന്ത്രിക്ക് ഫോമാ നേതാക്കള്‍ വളരെ ഹൃദ്യമായ സ്വീകരണമാണ് നല്‍കിയത്. ഫോമാ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം ഡാളസില്‍ നടക്കുന്ന ഫോമാ അന്തര്‍ദേശീയ കണ്‍വന്‍ഷനിലേക്ക് കേന്ദ്ര മന്ത്രിയെ ഔദ്യോകികമായി ക്ഷണിക്കുകയും ചെയ്തു.
ഫോമാ ട്രഷറര്‍ ഷിനു ജോസഫ്, ഫോമാ വില്ലേജ് പ്രോജക്ട് ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്, കോ ഓര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍, മുന്‍ ജനറല്‍ സെക്രട്ടറി ജിബി തോമസ് ,ബിജു തുടങ്ങിയവര്‍ കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.