Image

സമരം തുടരുന്നു; പ്രതികാര നടപടികളുമായി മാനേജ്‌മെന്റ്‌

Published on 08 May, 2012
സമരം തുടരുന്നു; പ്രതികാര നടപടികളുമായി മാനേജ്‌മെന്റ്‌
ന്യൂഡല്‍ഹി: ഫരീദാബാദിലെ രണ്ട് ആസ്പത്രികളില്‍ സമരം നടത്തുന്ന നഴ്‌സുമാര്‍ക്കെതിരെ മാനേജ്‌മെന്റുകള്‍ ശക്തമായ പ്രതികാര നടപടികള്‍ തുടരുന്നു. ഗുണ്ടകളെയും പോലീസിനെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും ഹോസ്റ്റലുകളില്‍ വെള്ളവും വെളിച്ചവും നല്‍കാതെയുമാണ് നഴ്‌സുമാര്‍ക്കെതിരെ മാനേജ്‌മെന്റ് അങ്കംകുറിക്കുന്നത്. പുറത്തുനിന്നുള്ള നഴ്‌സിങ് വിദ്യാര്‍ഥികളെ നിയോഗിച്ചാണ് ആസ്പത്രികള്‍ പ്രവര്‍ത്തിക്കുന്നത്.


ഫരീദാബാദ് സെക്ടര്‍ 20 എ യിലെ ക്യു.ആര്‍.ജി. സെന്‍ട്രല്‍ ആസ്പത്രിയിലും സെക്ടര്‍ 21 എ യിലെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലുമാണ് നഴ്‌സുമാര്‍ സമരം നടത്തുന്നത്.

ഏഷ്യന്‍ ആസ്പത്രിയില്‍ ഏതാണ്ട് 320 നഴ്‌സുമാരും സെന്‍ട്രല്‍ ആസ്പത്രിയില്‍ 120 നഴ്‌സുമാരുമാണുള്ളത്. രണ്ട് ആസ്പത്രികളിലെയും മാനേജ്‌മെന്റുകള്‍ സമരക്കാര്‍ക്കെതിരെ ഏതാണ്ട് ഒരേ രീതിയിലുള്ള നടപടികളാണ് സ്വീകരിക്കുന്നത്. നഴ്‌സുമാരില്‍ ചിലരെ പുറത്താക്കുന്നതായി മാനേജ്‌മെന്റുകള്‍ അവരെ അറിയിക്കുകയും ചെയ്തു.

ഫരീദാബാദ് ക്യു.ആര്‍.ജി. സെന്‍ട്രല്‍ ആസ്പത്രിയിലെ നഴ്‌സുമാര്‍ തിങ്കളാഴ്ച രാവിലെ ആരംഭിച്ച സമരം രാത്രി രണ്ടു മണിവരെ നീണ്ടു. ഹോസ്റ്റലില്‍ വെള്ളവും വൈദ്യുതിയും നിര്‍ത്തലാക്കിയതിനെത്തുടര്‍ന്നാണ് രാത്രി രണ്ടുമണിവരെ പുറത്തിരുന്നു സമരം ചെയ്യാന്‍ നഴ്‌സുമാര്‍ തീരുമാനിച്ചത്. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ മുതല്‍ വൈകിട്ടുവരെയും ശക്തമായി സമരം നടത്തി.

സമരക്കാര്‍ക്ക് പിന്തുണ നല്‍കുന്നുവെന്നാരോപിച്ച് ഇവിടത്തെ മലയാളിയായ നഴ്‌സിങ് സൂപ്രണ്ട് ഷീബ ഉമ്മനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.

സെന്‍ട്രല്‍ ആസ്പത്രിയിലെ നഴ്‌സുമാര്‍ ചൊവ്വാഴ്ച ലേബര്‍ കമ്മീഷണറുമായി ചര്‍ച്ച നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. ജോലിയില്‍ പ്രവേശിച്ചാല്‍ മൂന്നുദിവസത്തിനകം പ്രശ്‌നങ്ങള്‍ പരിഗണിക്കാം എന്നാണ് ലേബര്‍ കമ്മീഷണര്‍ പറഞ്ഞത്. എന്നാല്‍, ദിവസങ്ങള്‍ക്കു മുമ്പുതന്നെ ലേബര്‍ കമ്മീഷണറെ വിവരം അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് നഴ്‌സുമാര്‍ പറയുന്നു.

ഹോസ്റ്റലില്‍ വെള്ളവും വെളിച്ചവും നിലച്ചതോടെ എണ്‍പതോളം നഴ്‌സുമാര്‍ ദുരിതത്തിലായി. മുമ്പൊരിക്കലും ഹോസ്റ്റലില്‍ വെള്ളമോ വെളിച്ചമോ ഇല്ലാതായിട്ടില്ലെന്ന് നഴ്‌സുമാര്‍ പറയുന്നു. ഇതിനിടെ, പതിനേഴ് നഴ്‌സുമാരെ പുറത്താക്കുന്നതായി അധികൃതര്‍ നോട്ടീസ് വായിച്ചു. എന്നാല്‍, ഇതിന്റെ കോപ്പി നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറായിട്ടില്ലെന്ന് പറയുന്നു. ബുധനാഴ്ചയും ശക്തമായി സമരം തുടരുമെന്ന് നഴ്‌സുമാര്‍ അറിയിച്ചു.

ഏഷ്യന്‍ ആസ്പത്രിയില്‍ ഇതിനേക്കാള്‍ ക്രൂരമായ നടപടികളാണ് മാനേജ്‌മെന്റ് സ്വീകരിക്കുന്നതെന്ന് നഴ്‌സുമാര്‍ പറയുന്നു. വനിതാ നഴ്‌സുമാര്‍ താമസിക്കുന്ന ഹോസ്റ്റലിലേക്ക് രാത്രി 11 മണിക്ക് ഗുണ്ടകളെ കയറ്റിവിട്ടതായി പറയുന്നു. നഴ്‌സുമാരെ പുറത്താക്കിയതായി അറിയിക്കുന്ന നോട്ടീസ് ഒപ്പിട്ടുവാങ്ങുന്നതിനെന്ന പേരിലാണ് മുമ്പ് കണ്ടിട്ടുപോലുമില്ലാത്തവരെ സമരം തുടങ്ങുന്നതിന്റെ തലേന്ന് ഹോസ്റ്റലിലേക്ക് രാത്രി അയച്ചത്.

പൂട്ടുപോലുമില്ലാത്ത ഹാളിലാണ് വനിതാ നഴ്‌സുമാര്‍ കഴിയുന്നത്. അപരിചിതരെ രാത്രി കണ്ടതോടെ നഴ്‌സുമാര്‍ ഭയന്നുവിറച്ചതായി പറയുന്നു. സമരം ചെയ്യുന്ന പന്തലിനടുത്തുവന്ന് പോലീസുകാര്‍ ഭീഷണിപ്പെടുത്തുന്നതായും ഏഷ്യന്‍ ആസ്പത്രി നഴ്‌സുമാര്‍ പറഞ്ഞു.

ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രണ്ട് ആസ്പത്രികളിലും സമരം ആരംഭിച്ചത്.

ശമ്പളം വര്‍ധിപ്പിക്കുക, രോഗി - നഴ്‌സ് അനുപാതം യുക്തിസഹമാക്കുക, ഇരട്ടഡ്യൂട്ടിക്ക് അതിനനുസൃതമായ വേതനം നല്‍കുക, വനിതാ നഴ്‌സുമാര്‍ക്കെതിരെയുള്ള പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് രണ്ട് ആസ്പത്രികളിലെയും നഴ്‌സുമാര്‍ ഉന്നയിക്കുന്നത്. സംഘടനയ്ക്ക് നേതൃത്വം നല്‍കിയതിന്റെ പേരില്‍ കഴിഞ്ഞ നവംബറില്‍ ഏഷ്യന്‍ ആസ്പത്രിയില്‍ മലയാളി നഴ്‌സുമാരെ പുറത്താക്കിയതിനെത്തുടര്‍ന്ന് സമരം നടന്നിരുന്നു. സമരത്തിനൊരുങ്ങുന്ന നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ നശിപ്പിച്ചുകളയുമെന്നും കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിക്കൊണ്ട് ഇവരുടെ വീടുകളിലേക്ക് ആസ്പത്രി അധികൃതര്‍ ഫോണ്‍ ചെയ്തതായും അന്ന് പരാതിയുണ്ടായിരുന്നു. എന്നാല്‍, പുറത്താക്കിയ നഴ്‌സുമാരെ പിന്നീട് തിരിച്ചെടുത്തു.


നഴ്‌സുമാര്‍ക്കെതിരെ പ്രസ്താവനയുമായി മാനേജ്‌മെന്റ്


ന്യൂഡല്‍ഹി: ഏഷ്യന്‍ ആസ്പത്രിയില്‍ സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ മാനേജ്‌മെന്റ് പ്രസ്താവനയുമായി രംഗത്ത്. ആസ്പത്രിയിലെ ഭൂരിഭാഗം നഴ്‌സുമാര്‍ക്കും സമരം ചെയ്യാന്‍ താത്പര്യമില്ലെന്നും അവരെ ഭീഷണിപ്പെടുത്തി സമരം ചെയ്യിപ്പിക്കുകയാണെന്നും മാനേജ്‌മെന്റ് പ്രസ്താവനയില്‍ പറഞ്ഞു. ഇതിനാല്‍ രോഗികള്‍ ഏറേ പ്രയാസപ്പെടുകയാണ്. 150-ലേറെ രോഗികളുള്ള ആസ്പത്രിയില്‍ 75 പേര്‍ ഗുരുതര സാഹചര്യത്തിലുള്ളവരാണ്. അതിനാല്‍ സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് പകരം ബി.എസ്‌സി നഴ്‌സിങ് കഴിഞ്ഞവരെ ആസ്പത്രിയില്‍ നിയോഗിച്ചു. നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് മാനേജ്‌മെന്റ് അവകാശപ്പെടുന്നത്. വേതനം ആ മേഖലയിലെ നിലവാരത്തിനനുസരിച്ച് നല്‍കുന്നുണ്ടെന്നും മാനേജ്‌മെന്റ് പറയുന്നു.
(mathrubhumi)
സമരം തുടരുന്നു; പ്രതികാര നടപടികളുമായി മാനേജ്‌മെന്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക