Image

ആറു മാസമായി ശമ്പളമില്ലാതെ വലഞ്ഞ തമിഴ്‌നാട്ടുകാരി നാട്ടിലേയ്ക്ക് മടങ്ങി

Published on 01 September, 2019
ആറു മാസമായി ശമ്പളമില്ലാതെ വലഞ്ഞ തമിഴ്‌നാട്ടുകാരി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: സ്‌പോണ്‍സര്‍ ആറു മാസമായി ശമ്പളം നല്‍കാത്തതിനെത്തുടര്‍ന്ന് ദുരിതത്തിലായ വീട്ടുജോലിക്കാരി, നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും, ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തമിഴ്നാട് ചെന്നൈ സ്വദേശിനിയായ അഫ്‌സല്‍ അശറഫ് എന്ന വനിതയാണ് ദമ്മാം അഭയകേന്ദ്രത്തില്‍ നിന്നും നാട്ടിലേയ്ക്ക് മടങ്ങിയത്. എട്ടു മാസങ്ങള്‍ക്ക് മുന്‍പാണ് അഫ്‌സല്‍ അശറഫ് സൗദി അറേബ്യയിലെ ഹഫര്‍ അല്‍ ബത്തീന്‍ എന്ന പട്ടണത്തിലെ ഒരു ഭവനത്തില്‍ വീട്ടുജോലിക്കാരിയായി നാട്ടില്‍ നിന്നും എത്തിയത്. നല്ല ശമ്പളവും, ജോലി സാഹചര്യങ്ങളും ഉറപ്പ് നല്‍കിയ ട്രാവല്‍ ഏജന്റിനെ വിശ്വസിച്ചാണ്, സ്വന്തം കുടുംബത്തിന്റെ സാമ്പത്തിക പരാധീനത അവസാനിപ്പിയ്ക്കുക എന്ന ലക്ഷ്യത്തോടെ അവര്‍ പ്രവാസജോലിയ്ക്ക് എത്തിയത്.

എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായിരുന്നു ജോലിസ്ഥലത്തെ സാഹചര്യങ്ങള്‍. പകലന്തിയോളം വിശ്രമമില്ലാതെ ആ വീട്ടുകാര്‍ അവരെക്കൊണ്ട് പണി ചെയ്യിച്ചു. എന്നാല്‍ ഒരു റിയാല്‍ പോലും ശമ്പളമായി നല്‍കിയില്ല. ഓരോ മാസവും ചോദിയ്ക്കുമ്പോള്‍, അടുത്ത മാസം ഒരുമിച്ചു തരാം എന്ന് പറയും. അവര്‍ പ്രതിഷേധിച്ചെങ്കിലും, ആ വീട്ടുകാരുടെ ശകാരം കിട്ടിയതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല. ജോലിയ്ക്ക് ചേര്‍ന്നിട്ട് ആറു മാസം കഴിഞ്ഞിട്ടും, ഒരു മാസത്തെ ശമ്പളം പോലും അവര്‍ക്ക് കിട്ടിയില്ല.

ഗതികേട്ടപ്പോള്‍, അഫ്‌സല്‍ അശറഫ് ആരുമറിയാതെ ആ വീടിന് പുറത്തു കടന്ന്, അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞു. പോലീസുകാര്‍ അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ട് ചെന്നാക്കി.
അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണികുട്ടനോട് അഫ്‌സല്‍ അശറഫ് സ്വന്തം അവസ്ഥ പറഞ്ഞു, നാട്ടിലേയ്ക്ക് പോകാന്‍ സഹായിയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. മഞ്ജു മണിക്കുട്ടന്‍ അഫ്‌സല്‍ അശറഫിന്റെ സ്പോണ്‍സറെ ഫോണില്‍ വിളിച്ചു സംസാരിച്ചെങ്കിലും, അവര്‍ യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറായില്ല. അഫ്‌സല്‍ അശറഫിന്റെ കാര്യത്തില്‍ തനിയ്ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന നിലപാടായിരുന്നു സ്‌പോണ്‍സര്‍ സ്വീകരിച്ചത്.

കുടിശ്ശിക ശമ്പളം കിട്ടിയില്ലെങ്കിലും വേണ്ട, തനിയ്ക്ക് നാട്ടിലേയ്ക്ക് തിരികെ പോയാല്‍ മതി എന്ന തീരുമാനം എടുത്ത അഫ്‌സല്‍ അശറഫ്, അതിനാല്‍ ലേബര്‍ കോടതിയില്‍ കേസിന് പോകാന്‍ തയ്യാറായില്ല.

തുടര്‍ന്ന് മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസ്സിയുടെ സഹായത്തോടെ അഫ്‌സല്‍ അശറഫിന് ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു കൊടുക്കുകയും ചെയ്തു. മണിക്കുട്ടന്റെ സുഹൃത്തും ജുബൈലിലെ സാമൂഹ്യപ്രവര്‍ത്തകനുമായ മുഹമ്മദ് യാസിം വിമാനടിക്കറ്റ് എടുത്തു കൊടുത്തു.

അങ്ങനെ അഫ്‌സല്‍ അശറഫ്, പരാജയപ്പെട്ട ഒരു പ്രവാസജീവിതം അവസാനിപ്പിച്ചു. നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: അഫ്‌സല്‍ അശറഫ് (ഇടത്ത്) മഞ്ജു മണിക്കുട്ടനൊപ്പം ദമ്മാം വിമാനത്താവളത്തില്‍ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക