Image

കര്‍ക്കിടകത്തിലെ തിരുവോണം, ഇന്ന് പിള്ളേരറിയാത്ത പിള്ളേരോണം (ശ്രീനി)

Published on 15 August, 2019
കര്‍ക്കിടകത്തിലെ തിരുവോണം, ഇന്ന് പിള്ളേരറിയാത്ത പിള്ളേരോണം (ശ്രീനി)
ഇന്ന് ഓഗസ്റ്റ് 15, ഇന്ത്യയുടെ 73-ാമത് സ്വാതന്ത്ര്യ വാര്‍ഷിക ദിനവും പിള്ളേരോണവും ഒത്തുവന്ന ദിവസം. തിരുവോണത്തിന്റെ ഒരു കൊച്ചുപതിപ്പാണ് പിള്ളേരോണവും. ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ കര്‍ക്കിടക മാസത്തിലെ തിരുവോണ നാളില്‍ കൊണ്ടാടി വന്നിരുന്ന ആഘോഷമാണ് പിള്ളേരോണം. കുട്ടികളാണ് ഈ ആഘോഷത്തിലെ താരങ്ങള്‍. പക്ഷേ പിള്ളേര്‍ക്കെന്നല്ല, പല ന്യൂജെന്‍ മാതാപിതാക്കള്‍ക്കും പിള്ളേരോണം എന്നാണെന്നും എന്താണെന്നും അറിയില്ല. മുത്തച്ഛനോ മുത്തശ്ശിയോ ഉണ്ടെങ്കില്‍ അവര്‍ പറഞ്ഞു തരും പിള്ളേരോണത്തെപ്പറ്റി. ഒരുകാലത്ത് ബാല്യകാലത്തിന്റെ അവകാശവും ഉത്സവവുമായിരുന്ന പിള്ളേരോണം ഇന്നൊരു ഗൃഹാതുര ഒര്‍മ മാത്രമാണ്. ജീവിതത്തിന്റെ ഓട്ടപ്പാച്ചിലില്‍ അത് സ്വാഭാവികം. പക്ഷേ, പിള്ളേരോണമെന്ന പാരമ്പര്യ പൊലിമയുള്ള ആഘോഷം ഇന്നും കൊണ്ടാടുന്ന തറവാടുകള്‍ അങ്ങിങ്ങായി ഉണ്ട്. സമൃദ്ധിയുടേയും നന്‍മയുടേയും ചിങ്ങപ്പുലരിക്കായി അവര്‍ ഇതും ആഘോഷിച്ച് കാത്തിരിക്കുന്നു.

കൂട്ടുകുടുംബ കാലത്തെ വലിയ തറവാടുകളിലും മറ്റും വമ്പന്‍ ആഘോഷങ്ങളായിരുന്നു പിള്ളാരോണത്തിനുണ്ടായിരുന്നത്. കുട്ടികള്‍ കൂടുതലുണ്ടെന്നതുതന്നെയാണ് ഈ പിള്ളാരോണം ഗംഭീരമാകാന്‍ കാരണം. ഇന്ന് വീടുകളില്‍ ഒന്നോ കൂടിയാല്‍ രണ്ടോ പിള്ളേര് മാത്രം ഉള്ളപ്പോള്‍ പിന്നെന്ത് പിള്ളേരോണം. ന്യൂജെന്‍ കുട്ടികളുടെ ഒരു വലിയ നഷ്ടമാണ് പിള്ളേരോണം. കളികളും ആര്‍പ്പുവിളികളും സദ്യയുണ്ണലുമായുമായി വന്നുപോകുമായിരുന്ന പിള്ളേരോണത്തിന്റെ ഉല്‍സവപൂര്‍ണിമ ഇന്നത്തെ കുട്ടികള്‍ക്ക് അറിയില്ല. അത് അവരുടെ കുറ്റമല്ല. മുതിര്‍ന്നവര്‍ കുട്ടികള്‍ക്കത് മനസിലാക്കിക്കൊടുക്കാന്‍ ശ്രമിക്കുന്നില്ലെന്നതാണ് സത്യം. ഇങ്ങനെ മലയാളികളുടെ സുന്ദരമായ പല ആചാരങ്ങളും തലമുറകള്‍ കൊഴിയുമ്പോള്‍ വിസ്മൃതിയാലാണ്ടുപോകുന്നു.

പഞ്ഞക്കര്‍ക്കിടത്തിന്റെ കെടുതിയില്‍ പോലും ഓണാഘോഷത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സദ്യ  പിള്ളേരോണത്തിന്റേയും പ്രത്യേകതയാണ്. കര്‍ക്കിടകത്തിലെ തോരാ മഴമാറി പത്തുനാള്‍ വെയിലുണ്ടാവുമെന്നാണ് പഴമക്കാര്‍ പറയുന്നത്. ഈ പത്താം വെയിലിലാണ് പിള്ളേരോണം എത്തുന്നത്. കുടുംബത്തിലെ കാരണവന്മാരായിരുന്നു പണ്ടൊക്കെ പിള്ളേരോണം ഉല്‍സവമാക്കിയിരുന്നത്. പിള്ളേരോണത്തിന്റെ പുരാവൃത്തമെന്താണ്..? വാമനന്റെ ഓര്‍മ്മയ്ക്കായി വൈഷ്ണവര്‍ ആയിരുന്നു കര്‍ക്കിടകമാസത്തില്‍ ഇത് ആഘോഷിച്ചിരുന്നത്. പൂക്കളം, ഓണപ്പുടവ തുടങ്ങിയുള്ള ചിങ്ങമാസത്തിലെ ഓണസംബന്ധമായ വലിയ ആഘോഷങ്ങളൊന്നും തന്നെ പിള്ളേരോണത്തിന് ഉണ്ടാവാറില്ല.

എങ്കിലും, കര്‍ക്കിടക വറുതിയില്‍ പോലും ഓണാഘോഷത്തെ അനുസ്മരിപ്പിക്കുന്ന സദ്യ ഈ ആഘോഷത്തിന്റേയും പ്രത്യേകതയാണ്. പണ്ട്, തിരുവോണം പോലെ തന്നെ പിള്ളേരോണവും മലയാളികള്‍ക്ക് പ്രധാനപ്പെട്ട ആഘോഷമായിരുന്നു. ദുരിതവും പട്ടിണിയും നിറഞ്ഞ കര്‍ക്കിടകത്തിന്റെ കറുത്ത നാളുകള്‍ ഒരു കാലത്ത് മലയാളിക്ക് ഉണ്ടായിരുന്നു. വിശപ്പടക്കി കര്‍ക്കിടക മഴയെയും ശപിച്ച് അന്ന് തളര്‍ന്ന് ഉറങ്ങുന്ന ബാല്യങ്ങള്‍ കാത്തിരുന്നത് വയറുനിറയ്ക്കാനുള്ള പിള്ളേരോണമാണ്. മുമ്പ്, സാമൂതിരിയുടെ ഭരണകാലത്ത് തിരുനാവായില്‍ മാമാങ്കം അരങ്ങേറിയത് പിള്ളേരോണം മുതലുള്ള ദിവസങ്ങളിലായിരുന്നുവത്രേ.

പണ്ടുകാലത്ത് കര്‍ക്കിടകത്തിലെ പിള്ളേരോണം മുതല്‍ ഓണത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കും. പാടത്തും പറമ്പിലുമുള്ള നാട്ടുപൂക്കള്‍ കൊണ്ട് ചെറിയൊരു പൂക്കളം തീര്‍ത്ത് ചിങ്ങമാസത്തിലെ ഓണത്തിന്റെ വരവ് വിളിച്ചറിയിക്കും. പിള്ളേരോണത്തിന് രാവിലെ കുളികഴിഞ്ഞ് പുത്തനുടുപ്പിട്ട് കുട്ടികള്‍ക്ക് ഉച്ചയോടെ തഴപ്പായ വിരിച്ച് തൂശനിലയില്‍ വിഭവസമൃദ്ധമായ സദ്യ വിളമ്പിയൂട്ടും. കുട്ടികളെല്ലാം ഒത്തുചേരുമ്പോഴുള്ള കളികളെല്ലാം അപ്പോഴുമുണ്ടായിരുന്നു.

പ്രായമായവര്‍ മഹാബലി നാട് ഭരിച്ചിരുന്ന കാലത്തെ സമൃദ്ധിയും നീതിനിഷ്ഠയും അസുരചക്രവര്‍ത്തിയുടെ ധര്‍മ്മപുരാണം, വാമനന്‍ ഉള്‍പ്പെടെയുള്ളവരുടെ അവതാര കഥകള്‍ തുടങ്ങിയവ കുട്ടികള്‍ക്കായി പറഞ്ഞു കൊടുക്കും. പിള്ളേരോണം പാരമ്പര്യ രീതികളോടെ ആചരിക്കുന്ന നിരവധി വീടുകള്‍ ഇപ്പോഴുമുണ്ട്. കേരളപ്പഴമയുടെ പൈതൃകം പുതിയ തലമുറയ്ക്ക് കൈമാറുക എന്ന സന്ദേശമാണ് പിള്ളേരോണാഘോഷത്തിന്‍ നിഴലിക്കുന്നത്. വരാനിരിക്കുന്ന സമൃദ്ധിക്കു വേണ്ടി അണിഞ്ഞൊരുങ്ങുന്ന ഒരു സുദിനവുമാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക