Image

വാല്മീകി രാമായണം ഇരുപത്തിയേഴാം ദിനം (ദുര്‍ഗ മനോജ്)

Published on 12 August, 2019
വാല്മീകി രാമായണം ഇരുപത്തിയേഴാം ദിനം (ദുര്‍ഗ മനോജ്)
ഉത്തരകാണ്ഡം ഇരുപത്തി ഒന്ന് മുതല്‍ നാല്‍പ്പത് വരെ സര്‍ഗ്ഗങ്ങള്‍

മഹാമുനിമാര്‍ രാമനോട് രാവണചരിതം വിശദമായി പറയുന്നത് തുടര്‍ന്നു.

അവര്‍ പറഞ്ഞു, ലോകത്തെ കിടുകിടാ വിറപ്പിച്ച രാവണന്‍ ഒരു ദിവസം മഹര്‍ഷി നാരദനെ കണ്ടുമുട്ടി. ഇനി ആരുണ്ട് തന്നെ വെല്ലാന്‍ എന്നു നിനച്ചു നടന്ന രാവണനോട് 'ജയിക്കുന്നുവെങ്കില്‍ യമനെ ജയിക്കണം' എന്ന് ഉപദേശിച്ചു. ലോകത്തെ സര്‍വ്വജീവജാലങ്ങളുടെയും കര്‍മ്മത്തിനനുസരിച്ച് ഫലം നിര്‍ണ്ണയിക്കുന്ന അതേ യമനെ വെല്ലാന്‍ രാവണന്‍ പുറപ്പെട്ടു. യുദ്ധം തുടങ്ങി, യമന്റെ മുന്നിന്‍ പിടിച്ചു നില്‍ക്കാനാകാതെ രാക്ഷസപ്പട ഓടിയൊളിച്ചു തുടങ്ങി. ഈ ഘട്ടത്തില്‍ രാവണനെ മൃത്യുദണ്ഡ് കൊണ്ട് പ്രഹരിക്കുവാനൊരുങ്ങിയ യമന്റെ മുന്നില്‍ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ട് അരുത് എന്ന് വിലക്കി. ദേവകളാല്‍ അവധ്യനെന്ന് രാവണന് താന്‍ വരം നല്‍കിയിട്ടുള്ളതിനാല്‍ ദണ്ഡ് ഉപയോഗിച്ചാല്‍ അത് സര്‍വ്വനാശം വരുത്തുമെന്ന് പറഞ്ഞതിനാല്‍ യമന്‍ ദണ്ഡ് പിന്‍വലിച്ച് അപ്രത്യക്ഷനായി. അതുകണ്ട് യമന്‍ ഭയന്നോടി എന്ന് രാവണന്‍ തെറ്റിദ്ധരിച്ചു. അതോടെ അഹങ്കാരം വര്‍ദ്ധിച്ച അവന്‍ വരുണനേയും ആക്രമിച്ച് ജയിച്ചു. ഒടുവില്‍ യുദ്ധം ചെയ്ത് സ്വന്തം സഹോദരി ശൂര്‍പ്പണഖയുടെ ഭര്‍ത്താവ് വിദ്യുത്ജിഹ്വനേയും വധിച്ചു.

എല്ലാവരേയും കൊന്നൊടുക്കിയും കണ്ണില്‍പ്പെട്ട സുന്ദരികളായ സ്ത്രീകളെ അപഹരിച്ച് പുഷ്പകവിമാനത്തില്‍ ബന്ധിച്ചും രാവണന്‍ മദിച്ചു. തടങ്കലിലാക്കപ്പെട്ട പതിവ്രതകള്‍, 'നിന്റെ മരണം സ്ത്രീ നിമിത്തമാകുമെന്ന് ശപിച്ചു.' അവന്‍ ലങ്കയില്‍ എത്തുമ്പോഴേക്ക് ശൂര്‍പ്പണഖയും നിലവിളിച്ചു കൊണ്ടെത്തി ഭര്‍ത്താവിനെ വധിച്ച രാവണനോട് പരാതി പറഞ്ഞ് കരഞ്ഞു. അതുകേട്ട് രാവണന്‍ ഖരന്‍ എന്ന അസുരനെ അവളുടെ സഹോദരസ്ഥാനത്ത് നിര്‍ത്തി, പതിനാലായിരം രാക്ഷസരുടെ പടയോടെ ദണ്ഡകവനം പൂകി അവിടെ വസിക്കുവാന്‍ ആവശ്യപ്പെട്ടു. അവിടെ ജനസ്ഥാനം എന്ന രാക്ഷസരാജ്യം സൃഷ്ടിച്ച് അവര്‍ പാര്‍ക്കുവാന്‍ തുടങ്ങി.

ഈ സന്ദര്‍ഭത്തില്‍ ലങ്കയില്‍ കഠിനയജ്ഞം നടത്തുന്ന മേഘനാദനെ രാവണന്‍ കണ്ടു.
അഗ്‌നിഷ്ട ഹോമം, അശ്വമേധം, ബഹുസുവര്‍ണ യജ്ഞം, ഗോമേധം, രാജസൂയം, വൈഷ്ണവം എന്നീ യജ്ഞങ്ങള്‍ പൂര്‍ത്തിയാക്കി മാഹേശ്വരയജ്ഞം നടത്തുന്ന വേളയിലാണ് രാവണന്‍ എത്തിയത്. ദേവകളെ വിജയിച്ചുവെന്ന സ്ഥിതിക്ക് ഇനി യാഗം വേണ്ട എന്നുപറഞ്ഞ് നേരെ ദേവന്മാരുമായി യുദ്ധം ചെയ്യുവാന്‍ വേണ്ടി മേഘനാദനെയും കൂട്ടുവാന്‍ രാവണന്‍ താല്‍പര്യപ്പെട്ടു. ഈ സമയം രാവണന്റെ മുന്നില്‍ വിഭീഷണന്‍ എത്തി, മാല്യവാന്റെ ദൗഹിത്രി കുംഭിനസിയെ മധു എന്ന രാക്ഷസന്‍ അപഹരിച്ചു കൊണ്ടുപോയി എന്ന് പറഞ്ഞു. ഇത് കേട്ട് രാവണന്‍ ആ അസുരനെ ജയിക്കുവാന്‍ പുറപ്പെട്ടു. എന്നാല്‍ മധുവിന്റെ പുരിയില്‍ എത്തിയപ്പോള്‍ കുംഭിനസി അത് തടഞ്ഞു. അങ്ങനെ മധുവിന്റെ ആതിഥ്യും സ്വീകരിച്ച് അവിടെ തങ്ങുന്ന വേളയില്‍, രാവില്‍ അതിസുന്ദരിയായ ഒരു സ്ത്രീ നടന്നുവരുന്നത് കണ്ടു. രാവണന്‍ അത് ആരെന്നും എന്തെന്നും ചോദിച്ചപ്പോള്‍, രാവണന്റെ പുത്രപത്‌നിയായ രംഭയാണ് എന്ന് മറുപടി കിട്ടി. ഏത് പുത്രന്റെ എന്ന ചോദ്യത്തിന്, രാവണ സഹോദരനായ വൈശ്രവണപുത്രന്‍ നളകുബരന്റെ ഭാര്യയാണ് താന്‍ എന്ന് അറിയിച്ചു. എന്നാല്‍ അത്തരം ചിന്തകള്‍ ഏകപത്‌നീവ്രതക്കാര്‍ക്ക് ഉള്ളതാണ് എന്നു പറഞ്ഞ് രംഭയെ ബലമായി പ്രാപിച്ചു. രാവണനില്‍ നിന്ന് രക്ഷപ്പെട്ട രംഭ കാര്യങ്ങള്‍ പൊട്ടിക്കരഞ്ഞ് കാല്‍ക്കല്‍ വീണുകൊണ്ട് നളകുബരനോട് പറഞ്ഞു. അതുകേട്ട് മനംനൊന്ത അദ്ദേഹം രാവണനെ ഇങ്ങനെ ശപിച്ചു, 'ഇനി ഏതെങ്കിലും ഒരു സ്ത്രീയെ അവളുടെ അനുവാദമില്ലാതെ പ്രാപിച്ചാല്‍ ആ നിമിഷം നീ തലപൊട്ടിച്ചിതറി മരിക്കും.' അതിനുശേഷം രാവണന്‍ അനുവാദമില്ലാതെ ഒരു സ്ത്രിയേയും തൊട്ടിട്ടില്ല.

ശാപം അറിഞ്ഞ രാവണന്‍ അവിടെ തുടര്‍ന്നില്ല. വേഗംതന്നെ ദേവലോകത്തെ ലക്ഷ്യമാക്കി യാത്ര തുടങ്ങി. ആ ദേവാസുര യുദ്ധത്തില്‍ സുമാലി കൊല്ലപ്പെട്ടത് കണ്ട് ക്രുദ്ധനായ രാവണന്‍ ഇന്ദ്രനോട് നേരിട്ട് യുദ്ധത്തിനിറങ്ങി. ആ യുദ്ധഫലമായി ഭൂമി ഇരുളടഞ്ഞ ഘട്ടത്തില്‍ രാവണനെ വധിക്കാനാകില്ല എങ്കിലും പിടിച്ചുകെട്ടണം എന്ന് ദേവപക്ഷത്ത് തീരുമാനമായി. ഇന്ദ്രന്‍ രാവണനെ ബന്ധിച്ചത് കണ്ട് മേഘനാദന്‍ നേരിട്ട് യുദ്ധത്തിനിറങ്ങി ഇന്ദ്രനെ പിടിച്ചുകെട്ടി കൊണ്ടുപോയി.

രാവണപുത്രനില്‍ നിന്ന് ഇന്ദ്രനെ രക്ഷിക്കുവാനായി ബ്രഹ്മാവും ദേവതകളും എത്തി. ബ്രഹ്മാവ് മേഘനാദന്, ഇന്ദ്രനെ ജയിച്ചവന്‍ എന്ന അര്‍ത്ഥത്തില്‍ ഇന്ദ്രജിത്ത് എന്ന് പേരു നല്‍കി. എന്നിട്ട് ഇന്ദ്രനോട് എന്തുകൊണ്ടാണ് അദ്ദേഹം ഈ വിധം തടവിലാക്കപ്പെട്ടത് എന്ന് വിശദീകരിച്ചു.

പണ്ട് ബ്രഹ്മാവ് പ്രജകളെ സൃഷ്ടിച്ചു, എല്ലാം ഒന്നുപോലെ ബുദ്ധിയും നിറവും തരവും ഒക്കെ. പിന്നെ അവരില്‍ നിന്നും ഏറ്റവും വിശിഷ്ട ഗുണങ്ങള്‍ മാത്രമെടുത്ത് ഒരു സ്ത്രീയെ സൃഷ്ടിച്ചു. ഹലം എന്നാല്‍ വൈരൂപ്യം. അങ്ങനെ ഹലമില്ലാത്ത അവള്‍ക്ക് അഹല്യ എന്ന് പേര് നല്‍കി. അവളെ കുറച്ചുകാലം മഹാത്മാവായ ഗൗതമന്റെ ആശ്രമത്തില്‍ പാര്‍പ്പിച്ചുവെങ്കിലും അദ്ദേഹം അവളെ ശ്രദ്ധിക്കുക പോലും ചെയ്തില്ല. പിന്നീട് ജിതേന്ദ്രിയനായ അദ്ദേഹത്തിന് തന്നെ അവളെ ഭാര്യയായി നല്‍കി. എന്നാല്‍ അവളില്‍ താത്പര്യമുണ്ടായ ദേവേന്ദ്രന്‍, ഗൗതമ വേഷത്തില്‍ ചെന്ന് അവളെ പ്രാപിച്ചു. അതറിഞ്ഞ മുനി രണ്ട് പേരേയും ശപിച്ചു. ഗൗതമശാപം ഇങ്ങനെ ആയിരുന്നു, 'ദേവേന്ദ്രാ, നീ ചെയ്ത തെറ്റ് ഇനി മനുഷ്യരും ആവര്‍ത്തിക്കും. ഒപ്പം നീ ഇടക്കിടെ പോരില്‍ ശത്രുവിന്റെ കയ്യില്‍പ്പെടും. ഒപ്പം അഹല്യയോട്, ഇനി നീ ഒരുവള്‍ മാത്രമാകില്ല സുന്ദരി. ആശ്രമ സമീപം നീ മുടിഞ്ഞു പോകട്ടെ', എന്നും ശപിച്ചു. എന്നാല്‍ കരഞ്ഞപേക്ഷിച്ച അഹല്യയോട് ത്രേതായുഗത്തില്‍ ദശരഥപുത്രന്‍ രാമന്‍ ശാപമോഷം നല്‍കുന്നതോടെ തന്റെ സമീപം വന്നുചേരാന്‍ കഴിയും എന്നും അറിയിച്ചു.

ആ ഗൗതമശാപമാണ് ഇന്ദ്രന് ഇപ്പോള്‍ ഫലിച്ചത്.

ഇന്ദ്രനെ മോചിപ്പിച്ച ശേഷം രാവണന്‍ വീണ്ടും ആരെടാ ഞാനെടാ ഭാവത്തില്‍ ഉലകം ചുറ്റി. അങ്ങനെ ഒരുനാള്‍ നര്‍മ്മദാ നദിയുടെ കരയില്‍ പരിവാരങ്ങളുമായി എത്തി അവിടെ മണലില്‍ ശിവലിംഗം ഉണ്ടാക്കി പൂജ തുടങ്ങി. എന്നാല്‍ ഇതേ സമയം ആയിരം കൈകള്‍ ഉള്ള അര്‍ജുനന്‍ എന്ന് പേരായ ഒരു രാജാവ് തന്റെ ആയിരം പത്‌നിമാരുമായി നര്‍മ്മദയില്‍ കുളിക്കാനിറങ്ങി. അവന്‍ തന്റെ പത്‌നിമാരെ രസിപ്പിക്കാന്‍ നര്‍മദയിലെ ഒഴുക്ക് തടഞ്ഞു. അതോടെ നദി കരകവിഞ്ഞ് രാവണന്റെ പൂജ മുടങ്ങി. കാര്യമറിഞ്ഞ രാവണന്‍ അര്‍ജ്ജുനനുമായി യുദ്ധത്തിനൊരുങ്ങിയെങ്കിലും അവന്‍ രാവണനെ നിഷ്പ്രയാസം തടവിലാക്കി. അതറിഞ്ഞ് പുലസ്ത്യന്‍ നേരിട്ട് ചെന്ന് മകനെ വിട്ടയക്കണം എന്നപേക്ഷിച്ചു. പുലസ്ത്യന്റെ അപേക്ഷ കൈക്കൊണ്ട് രാവണനെ അവന്‍ വിട്ടയച്ചു. എന്നാല്‍ അവിടം കൊണ്ടും അഹങ്കാരം തീരാതെ പിന്നീട് ബാലിയുമായി യുദ്ധത്തിന് ചെന്നു. സന്ധ്യാവന്ദനം ചെയ്തുകൊണ്ടിരുന്ന ബാലി രാവണന്റെ വരവ് കണ്ട് അവന്റെ കൈകള്‍ കൂട്ടിപിടിച്ച് കക്ഷത്തില്‍ ഒതുക്കി സര്‍വ്വസാഗരങ്ങളിലും മുങ്ങി നിവര്‍ന്നു. ജാള്യതയോടെ ബാലിയുമായും രാവണന്‍ സഖ്യം ചെയ്തു. തുടര്‍ന്ന് രാവണനെ സഹോദരനായി കണ്ട് സംരക്ഷിക്കും എന്ന് ബാലി വാക്കും കൊടുത്തു.

രാവണ കഥകള്‍ കേട്ടുകൊണ്ടിരിക്കുമ്പോള്‍ രാമന്‍ മുനിമാരോട് ഹനുമാനെക്കുറിച്ച് അന്വേഷിച്ചു. എന്തുകൊണ്ടാണ് ബാലിയേക്കാളും രാവണനേക്കാളും ബലവാനായ ഹനുമാന്‍ സ്വന്തം ബലം തിരിച്ചറിയാത്തത് എന്ന് ചോദിച്ചു. അതിനുത്തരമായി മുനി ഇങ്ങനെ പറഞ്ഞു,

'സുമേരു എന്ന രാജ്യത്തെ രാജാവ് കേസരിയുടെ ഭാര്യ അഞ്ജനക്ക് വായുവില്‍ ജനിച്ച പുത്രനാണ് മാരുതി. അവനെ പ്രസവിച്ചശേഷം കായ്കനികള്‍ ശേഖരിക്കാന്‍ അമ്മ പുറത്തിറങ്ങിയ നേരം വിശപ്പ് മൂത്ത മാരുതി സൂര്യനെ പഴമെന്ന് കരുതി പിടിച്ച് തിന്നുവാന്‍ ആകാശത്തേക്ക് കുതിച്ചു. ഈ സമയം രാഹു സൂര്യനെ ഗ്രസിക്കുവാന്‍ തുടങ്ങുകയായിരുന്നു. എന്നാല്‍ മാരുതിയും സൂര്യനെ ഗ്രസിക്കുവാന്‍ ചെന്നു എന്നുകണ്ട് രാഹു പരാതിയുമായി ഇന്ദ്രനു സമീപം എത്തി. കാര്യമന്വേഷിക്കാന്‍ ഇന്ദ്രന്‍ ഐരാവതത്തില്‍ എഴുന്നള്ളിയത് കണ്ട് മാരുതി അങ്ങോട്ട് തിരിഞ്ഞു. കോപം കൊണ്ട് ഇന്ദന്‍ പ്രയോഗിച്ച വജ്രായുധമേറ്റ് മാരുതി താഴെ പതിച്ചു. വീഴ്ചയില്‍ ഒരു ഹനു ഒടിഞ്ഞു. അങ്ങനെ മാരുതിക്ക് ഹനുമാന്‍ എന്ന പേര് വന്നു. ഹനുമാന് അപകടം പറ്റിയതിറഞ്ഞ് വായു മകന് സമീപത്തു നിന്നും മാറാന്‍ കൂട്ടാക്കിയില്ല. അതോടെ ലോകം വായുവില്ലാതെ സ്തംഭിച്ചതോടെ ദേവകള്‍ ഹനുമാന് ജീവന്‍ നല്‍കി വായുവിനെ സന്തോഷിപ്പിച്ചു.

ജീവന്‍ തിരിച്ചു കിട്ടിയ ഹനുമാന്‍ വല്ലാത്ത പരാക്രമി ആയിരുന്നു. അവന്റെ ശല്യം സഹിക്കാതെ മുനിമാര്‍ 'നീ നിന്റെ ബലം തിരിച്ചറിയാതെ പോകട്ടെ എന്നും, ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ മാത്രമേ നിനക്ക് സ്വന്തം ബലത്തെക്കുറിച്ച് ഓര്‍മ വരൂ' എന്നും ശപിച്ചു.
അതിനാലാണ് മാരുതിക്ക് സ്വന്തം ബലത്തെക്കുറിച്ച് ബോധ്യമില്ലാത്തത് എന്നും മുനിമാര്‍ രാമനോട് പറഞ്ഞു കൊടുത്തു.

പിന്നെ ശ്രീരാമചന്ദ്രനെ അനുഗ്രഹിച്ച് ആശീര്‍വദിച്ച് ഗുരുജനങ്ങള്‍ മടങ്ങി.

എന്തുകൊണ്ട് ബാലീ വധം ന്യായമാണ് എന്നതിന്റെ ഉത്തരം ഈ സര്‍ഗങ്ങളില്‍ തന്നെ കണ്ടെത്താനാകും. അതുപോലെ സീതയുടെ നേര്‍ക്ക് മറ്റൊരു ആക്രമണത്തിനും രാവണന്‍ തയ്യാറാകാതിരുന്നതിന്റയും കാരണം സ്പഷ്ടമാണ്.

ഇരുപത്തിയേഴാം ദിനം സമാപ്തം
വാല്മീകി രാമായണം ഇരുപത്തിയേഴാം ദിനം (ദുര്‍ഗ മനോജ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക