Image

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍: കശ്മീരികള്‍ എന്തു പറയുന്നു? (കുര്യന്‍ പാമ്പാടി)

Published on 10 August, 2019
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍: കശ്മീരികള്‍ എന്തു പറയുന്നു? (കുര്യന്‍ പാമ്പാടി)
ഭരണഘടനയുടെ 370 ആം വകുപ്പ് ചീന്തിയെറിഞ്ഞുകൊണ്ടു ജമ്മു കാഷ്മീറിനെ ഭാരതത്തിന്റെ തുല്യ ഘടകമായി പ്രഖ്യാപിച്ചതിന്റെ ചൂടാറും മുമ്പ് ശ്രീനഗറിലെ ദാല്‍ തടാകക്കരയില്‍ നിന്ന് പറന്നെത്തിയ ചുണക്കുട്ടികള്‍   അറുപത്തേഴാമത് നെഹ്‌റു ട്രോഫി ജലോത്സവത്തെ രോമാഞ്ചം അണിയിക്കാന്‍ തയ്യാറെടുത്തെങ്കിലും പേമാരിമൂലം മത്സരം മാറ്റിവച്ചു.

ശനിയാഴ്ച്ച  ആലപ്പുഴ പുന്നമടക്കായലില്‍ നടക്കേണ്ടിയിരുന്ന  മത്സരത്തില്‍ 24  ചുണ്ടന്‍ ഉള്‍പ്പെടെ 82   വള്ളങ്ങളാണ് അണിനിരന്നിരുന്നത്. മത്സരത്തിന്  21 ചുണ്ടനും ജലഘോഷയാത്രക്ക് 24 ചുണ്ടനും എന്നായിരുന്നു കണക്ക്. അവയില്‍ കുമരകം ടൌണ്‍ ബോട്ട് ക്‌ളബ്ബിന്റെ കാരിച്ചാല്‍ ചുണ്ടനില്‍ 25 കാശ്മീരികള്‍ പരിശീലനം നടത്തി വരികയായിരുന്നു. മറ്റൊരു 25 പേര്‍  ജിഎസ്ടി ഗ്ലോബല്‍ എന്ന കമ്പനി സ്വന്തമാക്കിയ ചമ്പക്കുളം ചുണ്ടനിലും ചേക്കേറി.

മത്സരത്തോടൊപ്പം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റ്  പോലെ ആരംഭിക്കാന്‍ കേരള ടൂറിസം പ്ലാന്‍ ചെയ്തിരുന്ന ചാംമ്പ്യന്‍സ് ബോട്ട് ലീഗ്  മത്സരങ്ങളും മാറ്റിവച്ചു. ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ഒമ്പതു ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ മത്സരത്തിനു  5.9 കോടി  രൂപയാണ്  സമ്മാനത്തുക. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലീഗ് മത്സരം ഉദ്ഘാടനം ചെയ്യാന്‍ എത്തുമെന്നും പ്രഖ്യാപനം വന്നു. അതെല്ലാം ഇനി വെള്ളപ്പൊക്കം കഴിഞ്ഞു മാത്രം.

മത്സരം മാറ്റിവച്ചതു മൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചുവെന്നു ക്ലബ് ഭാരവാഹികള്‍ പ്രസ്താവിച്ചു. ഗവര്‍മെന്റ് നഷ്ടം നികത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. കാശ്മീരില്‍ നിന്നും കനോയിയിങ്-കയാക്കിങ് മത്സരങ്ങളില്‍ മികവു കാട്ടുന്ന മണിപ്പൂരില്‍ നിന്നും തുഴക്കാരെ കൊണ്ടുവന്നു പരിശീലിപ്പിക്കുന്നതിനു കോടിയിലേറെ ചെലവുണ്ടെന്നാണ് അവര്‍ പറയുന്നത്. 

ജമ്മു കാശ്മീരിനെയും ലഡാക്കിനെയും വിഭജിച്ച് കേന്ര ഭരണ പ്രാദേശങ്ങളായി പ്രഖ്യാപിച്ച ചരിത്രപ്രധാനമായ നിയമം ബഹുഭൂരിപക്ഷത്തോടെ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയത് ഓഗസ്‌റ് അഞ്ചിനാണ്. തിരുവ
ന്തപുരത്തും കോവളത്തും കൊച്ചിയിലും മട്ടാഞ്ചേരിയിലുമുള്ള കാശ്മീരി കച്ചവടക്കാര്‍, ശ്രീനഗറിലും ബാരാമുളയിലും  അനന്തനാഗിലും ഷുപ്പിയാനിലുമുള്ള കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ പാടുപെട്ടു. എല്ലാ കമ്യുണിക്കേഷന്‍ ബന്ധങ്ങളും മുറിഞ്ഞിരുന്നു.

തിരുവനന്തപുരത്തും കൊച്ചിയിലും മറ്റിടങ്ങളിലുമായി കാശ്മീരി ഷാളുകളും പുതപ്പുകളും കമ്പിളി ഉടുപ്പുകളും തൊപ്പികളും പളുങ്കു മാലകളും നിറഞ്ഞ എംപോറിയങ്ങള്‍ നടത്തുന്ന അഞ്ഞൂറോളം കാശ്മീരികളുണ്ട്. ചിലര്‍ മുപ്പതു വര്‍ഷമായി കേരളത്തില്‍ തമ്പടിച്ചവരാണ്. ഇടയ്ക്കിടെ നാട്ടില്‍ പോയി വരും. ചിലര്‍ പോയി വന്നിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളു.

കൊച്ചിയില്‍ ഞങ്ങള്‍ അനുഭവിക്കുന്ന സ്വാതന്ത്യ്രവും സമാധാനവുമാണ് കാശ്മീരില്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഞങ്ങളെ സാംബന്ധിച്ചിടത്തോളം കേരളം സ്വര്‍ഗമാണ് എന്ന് പറയുന്നു മട്ടാഞ്ചേരിയിലെ വാണി നിസാര്‍ ഇഷ്ഫാക്കും, അഹമ്മദ് മാലിക്കും, ഇനായത് ഫറൂക്കും. കാശ്മീര്‍  സ്വര്‍ഗ്ഗത്തിലെ നീരുറവ സല്‍ സബീല്‍ എന്നു എക്കാലവും കരുതിപ്പോരുന്നു.  കേരളീയര്‍ക്ക് ഇതില്‍ കൂടുതല്‍ എന്ത് കിട്ടാന്‍!

കാശ്മീര്‍ കഴിഞ്ഞ  മുപ്പതു വര്‍ഷമായി തീവ്രവാദികളെക്കൊണ്ട് പൊറുതി മുട്ടിയിരിക്കയാണ്. പുതിയ മാറ്റങ്ങളിലൂടെ അതിനു ഒരു അറുതി വന്നാല്‍ നന്നായിരുന്നു എന്നാണ് 1991 ല്‍ മുപ്പതാം വയസില്‍ കേരളത്തിലേക്ക് ഓടിപ്പോന്ന അബ്ദുല്‍ ഹമീദ് പറയുന്നത്. കോവളത്ത് പഷ്മിന ഷാളും   മുത്തു മാലകളും വില്‍ക്കുന്ന ജിപ്‌സി ഹാന്റിക്രാഫ്‌റ്‌സ് നടത്തുന്നു അദ്ദേഹം.

അബ്ദുല്‍ ഹമീദ് നൂറാം തവണയും മൊബൈലില്‍ വിരലമര്‍ത്തി.. കാള്‍ പോകുന്നില്ല. എംബിബിഎസിനും എം ടെക്കിനും പഠിക്കുന്ന രണ്ടു പെണ്മക്കളുണ്ട് അദ്ദേഹത്തിന്. അവരോടു ദിവസവും നാല് തവണയെങ്കിലും സംസാരിക്കാറുള്ളതാണ്. ഒരുവാക്ക് കേട്ടാല്‍ മതി. കുഴപ്പം ഒന്നും ഇല്ലെന്ന്. മൊബൈല്‍ ഞാന്‍ എടുത്തില്ലെങ്കില്‍ ഉടനെ കടയിലെ ലാന്‍ഡ് ഫോണിലേക്കു വിളിക്കും ഇളയ മോള്‍.

കോവളത്ത് യൂണിക് ആര്‍ട്‌സ് എംപോറിയം നടത്തുന്ന രാഹില്‍ ഖാന് കാശ്മീര്‍ പോലീസ്‌സേനയില്‍ ഒരു സഹോദരനും ഒരു മരുമകനുമുണ്ട്. അവരില്‍ ആരെയെങ്കിലും കിട്ടാനാണ് ശ്രമിക്കുന്നത്. ഒരു രക്ഷയുമില്ല. ഞായറാഴ്ച രാത്രി പതിനൊന്നരയ്ക്കു ഭാര്യ വിളിച്ച് പറഞ്ഞു മൊബൈലും ബ്രോഡ്ബാന്‍ഡുമെല്ലാം ഓഫ് ആക്കാന്‍ പോവുകയാണെന്ന്. അതോടെ എല്ലാ ബന്ധങ്ങളും നിലച്ചു.

ഭരണഘടനയുടെ 370 ആം വകുപ്പ് എടുത്തു കളഞ്ഞു കാശ്മീരിനെ ഇന്ത്യയുടെ മറ്റെല്ലാ സംസ്ഥാനങ്ങളെയും പോലെ കരുതാന്‍ തീരുമാനിച്ച വിവരം കശ്മീരികള്‍ അറിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ് കോവളത്തെ കാശ്മീര്‍ എക്‌സോട്ടിക്ക നടത്തുന്ന ആരിഫിന്. എല്ലാ കമ്മ്യുണിക്കേഷന്‍ മാര്‍ഗങ്ങളും അടഞ്ഞാല്‍ പിന്നെ എന്ത് ചെയ്യും!  21കാരനായ ആരിഫ് കോവളത്തെ ഏറ്റം  പ്രായം  കുറഞ്ഞ കാശ്മീരിയാണ്.

ശ്രീനഗര്‍ നഗര ഹൃദയത്തില്‍ നിന്ന് ദാല്‍ ലേക്കിലേക്കു നടക്കുമ്പോള്‍ ലഡാക്കിലെ ലേയിലേക്കും കാര്‍ഗിലിലേക്കും വഴികാട്ടുന്ന പച്ച ബോര്‍ഡു  കാണാം. അതിനടുത്ത് സവിശേഷമായ ഒരു മൈല്‍കുറ്റിയും. കന്യാകുമാരിയിലേക്കു  3655 കി.മീ.എന്ന് അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. എന്‍എച്ച് 44 വഴി. കേരളത്തില്‍ നിന്നുള്ള ഒരു സഞ്ചാരി എന്ന നിലയില്‍ എന്നെ അത് പുളകം കൊള്ളിച്ചു.

ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ ചെനാബ് നദിക്കു കുറുകെയുള്ള പാലം പൂര്‍ത്തിയായിട്ടുണ്ട്. 2004ല്‍ തുടങ്ങിയ നിര്‍മാണമാണിത്. ഇതോടെ കന്യാകുമാരി-കാശ്മീര്‍ റെയില്‍പാത ഉദ്ഘാടനവും താമസിയാതെ നടക്കും. കാശ്മീര്‍ താഴ്വരയില്‍ ബനിഹാളില്‍ നിന്ന് ശ്രീനഗര്‍ വഴി ബാരാമുള്ള വരെയുള്ള റെയില്‍പാത തുറന്നിട്ട് നാളുകളായി. ഇനി  ജമ്മുവില്‍നിന്നുള്ള ലൈന്‍ ബനിഹാളുമായി കണക്ട് ചെയ്താല്‍ മതി. 
  
ദാല്‍  തടാകത്തിന്റെ ഓരത്തെ ചെറിയ കരിങ്കല്‍ ഭിത്തിയില്‍  ഇരുന്നു പുകവലിക്കുന്നു കട്ടികൂടിയ യൂണിഫോം ധാരികളായ കുറെ സൈനികര്‍. ചുവന്ന പിടിയുള്ള ഇന്‍സാസ് ഓട്ടോമാറ്റിക് തോക്കുകള്‍  പുറത്ത് തൂക്കിയിട്ടവരില്‍ ഒരാള്‍ ''എന്തൊരു തണുപ്പു!'' എന്ന് പറയുന്നത് കേട്ടപ്പോള്‍ എന്റെ ആഹ്ലാദം ഇരട്ടിച്ചു. റാന്നിക്കാരനാണ്. സിആര്‍പിഎഫിലായിട്ടു 22  വര്‍ഷങ്ങളായി. ഫുള്‍ പെന്‍ഷനു  വേണ്ട സര്‍വീസ് പൂര്‍ത്തിയാകാന്‍ നോക്കിപ്പാര്‍ത്തിരിക്കുന്നു.  ആരെന്തു പറഞ്ഞാലും കേരളം തന്നെ സ്വര്‍ഗം എന്നാണ് അദ്ദേഹത്തിന്റെ മതം.

ശ്രീനഗര്‍, അനന്തനാഗ് റെയില്‍വേ സ്‌റ്റേഷനുകളിലും ഇന്‍സാസ് തോക്കുകളുമായി  മലയാളികള്‍ ഉള്‍പ്പെടെയുള്ള പട്ടാളക്കാരെ കണ്ടു. എല്ലാ സ്‌റ്റേഷനുകളിലും നല്ല തിരക്കുണ്ട്. അന്ന് ബന്ദ് ആയിരുന്നിട്ടു പോലും തണുപ്പുമാറ്റാന്‍ നീണ്ട രോമക്കുപ്പായങ്ങള്‍ അണിഞ്ഞ ആബാലവൃദ്ധം ജനങ്ങള്‍ ട്രെയിന്‍ യാത്രക്കായി ഓടിയെത്തി. റയില്‍വേയില്‍ ധാരാളം കാശ്മീരികള്‍ക്കു ജോലി ആയിട്ടുണ്ടെന്നു എനിക്ക് ചായ വാങ്ങിത്തന്ന അസിസ്റ്റന്റ് സ്‌റ്റേഷന്‍ മാസ്റ്റര്‍ അബ്ദുല്‍ മാലിക് പറഞ്ഞു. 

ദാല്‍ തടാകത്തില്‍ നീന്തിക്കളിച്ച് വളര്‍ന്ന കാശ്മീരി ചെറുപ്പക്കാര്‍ നെഹ്‌റു ട്രോഫി  മത്സരത്തില്‍ തുഴയെറിയാന്‍ ആരംഭിച്ചത് 2017 ലാണ്.  മെഹ്ബൂബയുടെ നേതൃത്വത്തില്‍ പിഡിപി ഗവര്‍മെന്റ് ബിജെപി പിന്തുണയോടെ ഭരിച്ചിരുന്ന കാലത്ത്. ജമ്മുകാശ്മീര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലും ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷനും ചേര്‍ന്ന് നടത്തിയ ദേശീയ ഡ്രാഗണ്‍ ബോട്ട് റേസില്‍ ഇന്ത്യന്‍ നേവിയെ തോല്‍പ്പിച്ച് ട്രോഫി നേടിയ ടീമിലെ 28 പേരാണ് ആദ്യം എത്തിയത്. അവര്‍ അന്നു ആലപ്പി ബോട്ട് ക്ലബ്ബിന്റെ ദേവാസ് ചുണ്ടനില്‍ തുഴയെറിഞ്ഞു.

ഒരു വള്ളത്തില്‍ അന്യസംസ്ഥാനക്കാര്‍ 25ല്‍ കവിയരുതെന്നു നിബന്ധന വന്നതോടെ മറ്റു ടീമുകളിലും അവരെ സ്വാഗതം ചെയ്തു തുടങ്ങി. ഇത്തവണ കാരിച്ചാല്‍ ചുണ്ടനില്‍ 25 കാശ്മീരികള്‍ ചേക്കേറിയപ്പോള്‍  ടെക്‌നോപാര്‍ക്കിലെ ജിഎസ് ടി ഗ്ലോബല്‍ സ്‌പോണ്‍സര്‍ ചെയ്ത ചമ്പക്കുളം ചുണ്ടനില്‍ മറ്റുള്ളവര്‍ സ്ഥാനം പിടിച്ചു. ചമ്പക്കുളം ചുണ്ടന്‍ പുതിയതാണ്. 1989 മുതല്‍ 2014 വരെ ഒമ്പതുതവണ നെഹ്‌റു ട്രോഫി നേടിയിട്ടുള്ള പഴയ ചുണ്ടന്‍ ജിഎസ്ടി ഗ്ലോബല്‍ വാങ്ങി തിരുവനന്തപുരത്തെ അവരുടെ ആസ്ഥാനത്തു പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

പ്രളയം മൂലം കഴിഞ്ഞ വര്‍ഷവും നെഹ്‌റു ട്രോഫി മത്സരം മാറ്റി വച്ചിരുന്നു. നവംബറിലാണ് നടന്നത്. മുഹമ്മ ബോട്ടപകടം നടന്ന 2002-ലും മാറ്റിവച്ചിരുന്നു. കഴിഞ്ഞ വര്‍ഷം  ആലപ്പുഴ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ പായിപ്പാടന്‍ ചുണ്ടനാണ് ട്രോഫി നേടിയത്.  നെഹ്‌റു ട്രോഫിയുടെ 66 വര്‍ഷത്തെ ചരിത്രത്തില്‍ നാലാം തവണയാണ് പായിപ്പാടന്‍ ഒന്നാമതെത്തുന്നത്.

മത്സരം മാറ്റിവച്ചെങ്കിലും  നെഹ്‌റു ട്രോഫിക്കു കേളികൊട്ടായി നടത്താറുള്ള മാരത്തണ്‍ ഓട്ടവും മറ്റും പതിവുപോലെ ഇതവണയും നടന്നു. കഴിഞ്ഞ തവണത്തെ ഏറ്റവും മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്കാരം ആലപ്പുഴയുടെ പുതിയ കളക്ടര്‍ ഡോ. അദീല അബ്ദുള്ള   പ്രഖ്യാപിക്കുകയും ചെയ്തു. ഫിനിഷിങ് പോയിന്റ് എന്ന പരമ്പരക്ക് കേരളകൗമുദി ആലപുഴ റിപ്പോര്‍ട്ടര്‍ പി. അഭിലാഷ് ആണ് പതിനായിരത്തൊന്നു രൂപയുടെ അവാര്‍ഡ് നേടിയത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍: കശ്മീരികള്‍ എന്തു പറയുന്നു? (കുര്യന്‍ പാമ്പാടി)ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍: കശ്മീരികള്‍ എന്തു പറയുന്നു? (കുര്യന്‍ പാമ്പാടി)ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍: കശ്മീരികള്‍ എന്തു പറയുന്നു? (കുര്യന്‍ പാമ്പാടി)ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍: കശ്മീരികള്‍ എന്തു പറയുന്നു? (കുര്യന്‍ പാമ്പാടി)ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍: കശ്മീരികള്‍ എന്തു പറയുന്നു? (കുര്യന്‍ പാമ്പാടി)ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍: കശ്മീരികള്‍ എന്തു പറയുന്നു? (കുര്യന്‍ പാമ്പാടി)ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍: കശ്മീരികള്‍ എന്തു പറയുന്നു? (കുര്യന്‍ പാമ്പാടി)ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍: കശ്മീരികള്‍ എന്തു പറയുന്നു? (കുര്യന്‍ പാമ്പാടി)ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍: കശ്മീരികള്‍ എന്തു പറയുന്നു? (കുര്യന്‍ പാമ്പാടി)ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍: കശ്മീരികള്‍ എന്തു പറയുന്നു? (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക