Image

വാല്മീകി രാമായണം ഇരുപത്തിമൂന്നാം ദിനം (ദുര്‍ഗ മനോജ്)

Published on 08 August, 2019
വാല്മീകി രാമായണം ഇരുപത്തിമൂന്നാം ദിനം (ദുര്‍ഗ മനോജ്)
യുദ്ധകാണ്ഡം
എഴുപത്തിരണ്ട് മുതല്‍ തൊണ്ണൂറ്റിയൊന്ന് വരെ സര്‍ഗ്ഗങ്ങള്‍ 

തന്റെ സേനയിലെ പ്രമുഖര്‍ ഓരോരുത്തരായി നഷ്ടപ്പെടുന്നതില്‍ രാവണന് ഉള്ളില്‍ ഭീതി തോന്നിത്തുടങ്ങി. പിന്നെ കാത്തുനില്‍ക്കാതെ ഇന്ദ്രനെപ്പോലും ഭീഷണിപ്പെടുത്തിയ, മകന്‍ ഇന്ദ്രജിത്തിന് സമീപം എത്തി.

അച്ഛന്റെ തപം കണ്ടറിഞ്ഞ മകന്‍, താന്‍ 'ഇപ്പോള്‍ തന്നെ വാനര സൈന്യത്തെ മുച്ചൂടും നശിപ്പിക്കുന്നുണ്ട്' എന്ന് പറഞ്ഞു യുദ്ധത്തിനിറങ്ങുവാന്‍ സന്നദ്ധനായി. അടര്‍ക്കളത്തിലെത്തി രാക്ഷസരെ ചുറ്റും നിര്‍ത്തി യഥാവിധി അഗ്‌നിയില്‍ ഹോമം ചെയ്തു. പുകയറ്റ് ആളിക്കത്തുന്ന തീയില്‍ വിജയചിഹ്നങ്ങള്‍ കണ്ടുതുടങ്ങിയതുകണ്ട് സന്തോഷിച്ച് ഇന്ദ്രജിത്ത് യുദ്ധമാരംഭിച്ചു. അവന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള യുദ്ധത്തില്‍ വാനര സൈന്യത്തിലെ എല്ലാവര്‍ക്കും മാരകമായ മുറിവുകള്‍ ഉണ്ടായി. ഏറ്റവും ഒടുവില്‍ ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്ര പ്രയോഗത്തില്‍ രാമലക്ഷ്മണന്മാര്‍ ബോധംകെട്ടുവീണു. അതുകണ്ട് സന്തോഷത്തോടെ അവന്‍ വേഗം ലങ്കാനഗരത്തില്‍ തിരികെ പ്രവേശിച്ച് അച്ഛന് ശുഭവാര്‍ത്ത നല്‍കി.

ഇതേസമയം വാനര വീരന്മാര്‍ ഏവരും ശരമാരിയേറ്റ് തളര്‍ന്ന് അവശരായി രണാങ്കണത്തില്‍ വീണു കിടക്കുകയായിരുന്നു. എങ്ങനെയാണ് ബ്രഹ്മാസ്ത്ര ബന്ധനത്തില്‍ നിന്ന് രക്ഷപ്പെടുക എന്നറിയുവാനായി വിഭീഷണനും ഹനുമാനും തലമുതിര്‍ന്ന ജാംബവാനു സമീപം എത്തി. അസ്ത്രമേറ്റ് കിടപ്പാണെങ്കിലും അദ്ദേഹം പറഞ്ഞു, 'ശരമേറ്റ് കിടക്കുന്നതിനാല്‍ കണ്ണുതുറക്കുവാന്‍ വയ്യ, ഹനുമാന്‍ ഇവിടെ എവിടെങ്കിലും ഉണ്ടോ?' അതുകേട്ട് വിഭീഷണ്‍ ചോദിച്ചു, 'അതെന്താണ്, അങ്ങ് ഹനുമാനെക്കുറിച്ച് മാത്രം ചോദിക്കുന്നത്?'

ജാംബവാന്‍ പറഞ്ഞു, 'ഹനുമാന്‍ ഒരാള്‍ ജീവനോടുണ്ടെങ്കില്‍, പടമുടിഞ്ഞാലും മുടിഞ്ഞിട്ടില്ല, ഹനുമാന്‍ പ്രാണന്‍ വെടിഞ്ഞെങ്കില്‍ നാമൊക്കെ ഒടുങ്ങി.'

അതുകേട്ട് ഹനുമാന്‍ താന്‍ കൂടെ ഉണ്ടെന്ന് അദ്ദേഹത്തെ അറിയിച്ചു. അപ്പോള്‍ ജാംബവാന്‍ ഹനുമാനെ അടുത്ത് വിളിച്ച്, ഹിമാലയത്തില്‍ ചെന്ന് ഋഷഭം, കൈലാസം എന്നീ പര്‍വ്വതങ്ങള്‍ക്കിടയിലുള്ള ഔഷധി പര്‍വ്വതത്തില്‍ നിന്ന് മൃതസഞ്ജീവനി, വിശല്യകരിണി, സുവര്‍ണ കരണി, സന്ധാനകരണി എന്നീ സസ്യങ്ങള്‍ ശേഖരിച്ച് വരുവാന്‍ ആവശ്യപ്പെട്ടു. ജാംബവ വാക്യം കേട്ട മാരുതി വായുവേഗം കൊണ്ട് കടല്‍ പോലെ നിറഞ്ഞു. ആ രാത്രി ലങ്ക വിറകൊണ്ടു.. പിന്നെ പാമ്പിനൊത്ത വാല്‍ ഉയര്‍ത്തി, പുറം കുനിച്ച്, കാത് കൂര്‍പ്പിച്ച്, അവന്‍ തീവ്രവേഗത്തില്‍ വാനിലേക്ക് കുതിച്ചു. ആദിത്യ മാര്‍ഗത്തില്‍ പ്രവേശിച്ച് വേഗം ഹിമവാനെ ലക്ഷ്യമാക്കി യാത്രയായി. അവിടെയെത്തി സര്‍വ്വൗഷധിപര്‍വ്വതം കണ്ടു. അഗ്നി പോലെ തിളങ്ങുന്ന അത് കണ്ട മാരുത പുത്രന്‍, വിസ്മയിച്ചു. എന്നാല്‍ തങ്ങളെത്തേടി വന്നത് കണ്ട് ഔഷധികള്‍ വേഗം ഹനുമാന്റെ ദൃഷ്ടിയില്‍ നിന്നും മറഞ്ഞു. കോപം കൊണ്ട ഹനുമാന്‍ രാമനില്‍ തീരെ അനുകമ്പയില്ലേ നിനക്ക് എന്ന് ചോദിച്ചു കൊണ്ട് ആ മാമല അടര്‍ത്തി എടുത്തു. എന്നിട്ട് ഗരുഡ വേഗത്തില്‍ തിരിച്ച് ലങ്കയിലെത്തി.

വിശിഷ്ടസസ്യങ്ങളുടെ ഗന്ധമേറ്റ ഉടനെ രാമലക്ഷ്മണന്മാരും വാനര വീരന്മാരും ബന്ധനം ഒഴിഞ്ഞ്, ഉറക്കം ഉണര്‍ന്നെണീറ്റവരെപ്പോലെ എഴുന്നേറ്റു. വിഭീഷണന്‍ ഹനുമാനെ ആലിംഗനം ചെയ്തു. അത്രയുമായപ്പോള്‍ സുഗ്രീവന്‍ പറഞ്ഞു, ഇനി നാം കാത്ത് നില്‍ക്കേണ്ടതില്ല, വാനരന്‍മാര്‍ ലങ്കയിലേക്ക് കടക്കട്ടെ.

സൂര്യന്‍ അസ്തമിക്കെ പന്തവും കൊളുത്തി വാനരന്‍മാര്‍ ലങ്കയില്‍ കടന്നു. ലങ്കയെ തീ വിഴുങ്ങി. രാക്ഷസരും മര്‍ക്കടന്മാരും തമ്മില്‍ ഘോരയുദ്ധം തുടങ്ങി. ആ യുദ്ധത്തില്‍ കുംഭനേയും, നികുംഭനേയും, മകരാക്ഷനേയും വാനരര്‍ വധിച്ചു. അതോടെ രാവണന്‍ ഇന്ദ്രജിത്തിനോട് ഏത് വിധേനയും രാമലക്ഷ്മണന്മാരെ കൊല്ലുക എന്ന് ആജ്ഞാപിച്ചു. ഇന്ദ്രജിത്ത് ഒളിഞ്ഞും തെളിഞ്ഞും അമ്പെയ്തു തുടങ്ങി. ആ ശരമാരിയില്‍ വാനരര്‍ ചിതറി. അതിന് പ്രതികാരമായി ലക്ഷ്മണന്‍ ബ്രഹ്മാസ്ത്രം പ്രയോഗിക്കാനൊരുങ്ങിയത് രാമന്‍ തടഞ്ഞു. ഒളിഞ്ഞുനില്‍ക്കുന്നവനു നേരെ ബ്രഹ്മാസ്ത്രം ഉപയോഗിക്കരുത് എന്നുണ്ട്. അവന്‍ പുറത്തു വരട്ടെ, അവനെ നശിപ്പിക്കാം.

എന്നാല്‍ ഇന്ദ്രജിത്ത്, രാമനെ തളര്‍ത്താനായി പുതിയ തന്ത്രത്തിന് രൂപം കൊടുത്തു. അവന്‍ തന്റെ ശക്തിയാല്‍ മായാസീതയെ സൃഷ്ടിച്ചു, എന്നിട്ട് രണാങ്കണത്തില്‍ തേര്‍ നിര്‍ത്തി മായാസീതയെ വാളുകൊണ്ട് വെട്ടിത്തുണ്ടമാക്കി. അതുകണ്ട് അമ്പരന്ന വാനരന്മാര്‍ പരിഭ്രമിച്ച് രാമസവിധത്തിലെത്തി. എന്നാല്‍ വാനരന്മാരോട് വിഭീഷണന്‍ അത് ഇന്ദ്രജിത്തിന്റെ മായ ആണെന്ന് അറിയിച്ചു. ഒപ്പം വിഭീഷണന്‍ ഇതു കൂടി അറിയിച്ചു, 'രാവണി ഇപ്പോള്‍ നികുംഭിലാ ചൈത്യത്തിലെത്തി ഹോമം നടത്തും. അത് നടന്നു കഴിഞ്ഞാല്‍ ആ രാവണപുത്രനെ ആര്‍ക്കും കൊല്ലാനാകില്ല. അതിനാല്‍ മഹാബാഹോ, ശുഭലക്ഷണനായ സൗമിത്രിയെ ഇപ്പോള്‍ തന്നെ രാവണിയെ വധിക്കുവാന്‍ നിയോഗിച്ചാലും.'

അങ്ങനെ, ഇന്ദ്രജിത്തിനെ ഉടന്‍ തന്നെ വധിക്കുവാന്‍ ഉദ്ദേശിച്ച് ലക്ഷ്മണന്‍ അവന്റെ ഹോമസ്ഥലത്ത് എത്തി. ഉഗ്രമായ പോര് ആരംഭിച്ചു. ലക്ഷ്മണന് ഒപ്പം വിഭീഷണനെ കണ്ട ഇന്ദ്രജിത്ത്, താങ്കള്‍ അധര്‍മ്മം പ്രവര്‍ത്തിച്ചു എന്നുപറഞ്ഞുകൊണ്ട് ഹോമം നിര്‍ത്തി തിരിച്ച് ആക്രമിച്ചു തുടങ്ങി. ഒളിഞ്ഞും തെളിഞ്ഞുമുള്ള ആ യുദ്ധം ഏറെ നീണ്ടില്ല. ആ കൊടും യുദ്ധത്തില്‍ ലക്ഷ്മണനാല്‍ ഇന്ദ്രജിത്ത് കൊല്ലപ്പെട്ടു.

രാവണ പുത്രനായ രാവണി, ദേവകളെ വെന്നവനാണ്. അവന്റെ മായാ യുദ്ധം തെല്ലൊന്നുമല്ല രാമനെ കഷ്ടത്തിലാക്കിയത്. അതിനാല്‍ തന്നെ ഇന്ദ്രജിത്ത് വധം രാമായണത്തിലെ ഒരു നിര്‍ണ്ണായക മുഹൂര്‍ത്തമാണ്.

ഇരുപത്തിമൂന്നാം ദിനം സമാപ്തം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക