Image

വിപ്ലവം ജയിക്കട്ടെ ! പക്ഷെ, എന്തിനായിരുന്നു വിപ്ലവം എന്ന് കൂടി പറഞ്ഞിട്ട് പോകൂ (വാല്‍ക്കണ്ണാടി: കോരസണ്‍)

Published on 19 July, 2019
വിപ്ലവം ജയിക്കട്ടെ ! പക്ഷെ, എന്തിനായിരുന്നു വിപ്ലവം എന്ന് കൂടി പറഞ്ഞിട്ട് പോകൂ (വാല്‍ക്കണ്ണാടി: കോരസണ്‍)

പന്തളം എന്‍ എസ് എസ് ബോയിസ് സ്‌കൂളിലെ കെ എസ് യു - എസ്. എഫ്. ഐ സംഘട്ടനങ്ങള്‍ എഴുപതുകളില്‍ ഒരു പുതുമ ആയിരുന്നില്ല. തോരാത്ത സമര ദിവസങ്ങളില്‍ എന്തെങ്കിലും പഠിക്കാന്‍ സാധിച്ചിരുന്നത് അടുത്തുള്ള സ്റ്റുഡന്റസ് സെന്റ്റര്‍ എന്ന ട്യൂഷന്‍ സ്ഥാപനംകൊണ്ടു മാത്രമായിരുന്നു. സമരങ്ങള്‍ അങ്ങനെ ആഘോഷപൂര്‍വ്വം കൊണ്ടാടിവന്നു. തന്നെയുമല്ല ഗേള്‍സ് സ്‌ക്കൂള്‍ വിട്ടുവരുന്ന പെണ്‍കുട്ടികളും ഒത്തു ഒരു ക്ലാസ്സില്‍ പഠിക്കാനുള്ള ഒരു ത്രില്ലും ഉണ്ടെന്നു കൂട്ടിക്കോ. രണ്ടു കണ്ണുകള്‍ക്കും കാഴ്ച ഇല്ലെങ്കിലും ഒരു പേപ്പര്‍ താഴെ വീണാല്‍ പോലും കൃത്യമായി ശ്രദ്ധിക്കുന്ന, തെറ്റിയാല്‍ ചൂരല്‍ കഷായത്തിനു ഒരു കുറവും വരുത്താതെ, ലോകത്തിന്റെ എല്ലാ ദിശകളും മനസ്സില്‍ വരച്ചിടുന്ന ഗോപിസാര്‍ സോഷ്യല്‍ സ്റ്റഡീസ് അധ്യാപകരില്‍ ഏറ്റവും മുന്‍ പന്തിയിലായിരുന്നു. പിന്നെ ഹിന്ദി പഠിക്കാന്‍ അതിരാവിലെ ശ്യാമളടീച്ചറിന്റെ വീട്ടില്‍ പ്രത്യേകം ക്ലാസ്. അല്‍പ്പം പണച്ചിലവുള്ള ട്യൂഷന്‍പഠനം ഉണ്ടായിരുന്നതിനാല്‍ സമര ദിവസങ്ങള്‍ പഠനത്തെ അത്ര ബാധിച്ചില്ല എന്ന് പറയാം. ശശിയും, വേണുവും രവിയും ജോര്‍ജും എല്ലാം ചേര്‍ന്ന ക്രിക്കറ്റ് കളിയും കൂട്ടത്തില്‍ സമരദിവസങ്ങളെ ഉല്ലാസഭരിതമാക്കി.
.
പന്തളം NSS കോളേജിലെ കലാപരാഷ്ട്രീയം SFI - KSU തമ്മിലായിരുന്നു. ബോറായ ബോയിസ് സ്‌കൂള്‍ അന്തരീക്ഷം വിട്ടു, കോളേജിലെ മിശ്രലിംഗ പ്രീഡിഗ്രി, രാഷ്ട്രീയത്തിനു പറ്റിയ അന്തരീക്ഷം ആയിരുന്നു. സഹോദരിമാരോടും ചേച്ചിമാരോടും വോട്ടു ചോദിച്ചു പരിചയപ്പെടാന്‍ കാട്ടിയ ഉത്സാഹം പറഞ്ഞാല്‍ മതിയാവുകയില്ല. ട്യൂഷന്‍ ഉണ്ടായിരുന്നതിനാല്‍ ക്ലാസ്സില്‍ ശ്രദ്ധിച്ചില്ലെങ്കിലോ അല്‍പ്പം കൂടുതല്‍ സമയം രാഷ്ട്രീയം കളിച്ചതുകൊണ്ടോ വലിയ കുഴപ്പമില്ലാതെ കാര്യങ്ങള്‍ പോയി. പെട്ടന്നാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്.

അന്നു എന്നത്തേയും പോലെ തുടങ്ങിയ സാധാരണ അടിപിടിസമരം കൈവിട്ടു പോകുന്നതായാണ് കണ്ടത്. സൈക്കിള്‍ ചെയിനും കമ്പിയും വടിയുമായി SFI - KSU സമരക്കാര്‍ നെടുകയും കുറുകയും ഓടുന്നു. അത്ര പരിചയമുള്ള സമര മേഖല അല്ലായിരുന്നതിനാലും അടിപിടിയോടു കുറച്ചു ഭയം ഉണ്ടായിരുന്നതിനാലും ദൂരെ നിന്ന് സമര മേഖല വീക്ഷിക്കുകയായിരുന്നു. പെട്ടന്ന് മുകളിലെ നിലയിലുള്ള പ്രിന്‍സിപ്പലിന്റെ മുറിയിലെ ഗ്ലാസ് ജനലുകള്‍ പൊട്ടിത്തെറിച്ചു വീഴുന്നു. അവിടെ ആരൊക്കൊയോ ഓടുകയും അടിക്കുകയും ഒക്കെ ചെയ്യുന്നത് ഒരു നൂറു വാര അകലെ നിന്ന് കണ്ടു ഭയന്നുനിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ രക്തത്തില്‍ കുളിച്ച ആരെയോ തോളിലേറ്റി കുറച്ചുപേര്‍ ഓടുന്നു. കുറച്ചു പഞ്ഞി ദേഹത്തു അവിടവിടെയായി ചിതറികിടക്കുന്നതിനാല്‍ ആരാണെന്നോ ഒരു രൂപവും കിട്ടിയില്ല.

പെട്ടന്ന് പോലീസും പത്രക്കാരും അങ്ങോട്ട് പോകുന്നത് കണ്ടു, രംഗം അത്ര പന്തിയല്ല എന്ന് കണ്ടു വീട്ടിലേക്കു പോയി. പിറ്റേദിവസം പത്രത്തില്‍ നിന്നുമാണ് ഞങ്ങള്‍ കണ്ടിരുന്ന സംഘട്ടനത്തിന്റെ രവുദ്രത തിരിച്ചറിഞ്ഞത്. ദിവസങ്ങള്‍ക്കുള്ളില്‍ SFI പ്രവര്‍ത്തകനായിരുന്ന ഭുവനേശ്വരന്‍ മരിച്ചു, കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. വീണ്ടും പൂര്‍ണ്ണമായി ട്യൂഷന്‍ സ്‌കൂള്‍ തന്നെ ശരണം.

കോളേജ് തുറന്നപ്പോള്‍ SFI - KSU നേതാക്കളില്‍ പലരും കോളേജില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. അങ്ങനെ പിന്‍നിരയില്‍ നിന്ന വിപ്ലവ വീര്യം ലേശം കുറഞ്ഞ, ഞങ്ങളൊക്കെ കുട്ടിനേതാക്കളായി അറിയപ്പെട്ടുതുടങ്ങി. KSU ഇന്ദിര - ആന്തണി എന്ന നിലയില്‍ പിളരുകയും അങ്ങനെ അടിയന്തരാവസ്ഥക്ക് ശേഷം വന്ന അടുത്ത യൂണിയന്‍ ഇലക്ഷനില്‍ കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായി SFI യൂണിയന്‍ പിടിച്ചടക്കുകയും ചെയ്തു. ആന്തണികോണ്‍ഗ്രസ് KSU സ്ഥാനാര്‍ഥിയായ ഈയുള്ളവന്‍ മാത്രം വിജയിച്ചു ഒരു പുതിയ ചരിത്രവും എഴുതിച്ചേര്‍ത്തു. ഒറ്റയാന്‍ പ്രതിപക്ഷമായി കോളേജ് യൂണിയനില്‍ പ്രവര്‍ത്തിക്കാന്‍ ശങ്കിച്ചെങ്കിലും SFI ക്കാരോട് യോജിച്ചു പോകാന്‍ ബുദ്ധിമുട്ടു വന്നില്ല. 1977 ലെ SFI കോളേജ് യൂണിയന്‍ മികച്ചതു തന്നെയായിരുന്നു. ആദര്‍ശവും പുരോഗമന ആശയവുമുള്ള ഒരു കൂട്ടം.

രാഷ്ട്രീയത്തിനപ്പുറം ഒരു സൗഹൃദം ഉണ്ടാക്കാന്‍ സാധിച്ചത് അന്നത്തെ അടുത്ത സുഹൃത്തുക്കളായിരുന്ന പന്തളം സുധാകരനും, SFI നേതാവു അജന്താലയം അജിത്കുമാറും (മംഗളം CFO) കൂടിയായിരുന്നു. വൈകുന്നേരങ്ങളില്‍ എന്റെ റാലി സൈക്കളിലെ ഫ്രണ്ട് ബാറില്‍ പന്തളം സുധാകരനും, പിറകില്‍ അജന്താലയം അജിത്കുമാറും യാത്ര ചെയ്യുന്നത് കലാപ കലാലയത്തില്‍ ഇങ്ങനെയും ഒരു സാധ്യത ഉണ്ട് എന്നതിന് തെളിവായിരുന്നു. ഞങ്ങള്‍ മൂവരും ചേര്‍ന്ന് അവതരിപ്പിക്കുന്ന കുസൃതികളും ഒട്ടും കുറവായിരുന്നില്ല. കാലം ഏറെ കഴിഞ്ഞിട്ടും ഈ സൗഹൃദങ്ങള്‍ ഇന്നും തുടരാനാവുന്നുണ്ട്.

അതിനുശേഷം KSU സംയുക്തമായി തിരഞ്ഞെടുപ്പ് നേരിടുകയും കോളേജ് യൂണിയന്‍ തിരിച്ചു പിടിക്കയും ചെയ്തു. കോളേജ് യൂണിയന്‍ ആദ്യമായി ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാന്‍ തീരുമാനിച്ചത് പിന്നെയും പ്രശ്‌നമുണ്ടാക്കി. ചില വര്‍ഗ്ഗീയ ഇടപെടലുകള്‍ മൂലം പ്രിന്‍സിപ്പല്‍ ഏക പക്ഷീയമായി പരിപാടി റദ്ദു ചെയ്തു. എന്നാല്‍ കോളേജ് യൂണിയന്‍ ഏകകണ്ഠമായി തീരുമാനിച്ച പ്രോഗ്രാമുമായി മുന്നോട്ടു പോയി. യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് സോണല്‍ മീറ്റിനു വന്ന മറ്റു കോളേജിലെ കുട്ടികളോട് തിരിച്ചു പോകാനും ഇല്ലെങ്കില്‍ അത്ലറ്റിക് മീറ്റ് അലമ്പാക്കുമെന്നും വിരട്ടി. മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്കായി NSS ജനറല്‍ സെക്രട്ടറി കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള , പഞ്ചായത്തു പ്രസിഡന്റ് തങ്കപ്പന്‍പിള്ള, പ്രിന്‍സിപ്പല്‍ പ്രൊഫ.PC മേനോന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ റോയി, സെക്രട്ടറി മോഹനന്‍, ഈയുള്ളവനും NSS മന്ദിരത്തില്‍ കൂടി. വര്‍ഗീയ കാലാപം ഉണ്ടാകുമെന്നു പ്രിന്‍സിപ്പല്‍, അങ്ങനെ ഒന്ന് സംഭവിക്കുകയില്ല എന്ന് എല്ലാ മതവിഭാഗംങ്ങളും ഉണ്ടായിരുന്ന കുട്ടിനേതാക്കള്‍. വിഷയം കോളേജിന് പുറത്തും സജീവമായി ആളും പണവും സന്നാഹങ്ങളും വരാന്‍ തുടങ്ങി.

സമ്മേളനം കോളേജിന് മുന്നിലേക്ക് മാറ്റി. കോളേജ് വിടില്ലെന്ന് പ്രിന്‍സിപ്പല്‍, അവധികൊടുക്കണമെന്നു നേതാക്കള്‍. പ്രിന്‍സിപ്പലിന്റെ മുറിക്കു മുന്നില്‍ കാവല്‍ നിന്ന കുട്ടികളുടെ പേടി സ്വപ്നം പഞ്ചാരപോലീസ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അജാനബാഹുവിനെ ആരോ പിടിച്ചു തള്ളി. അയാള്‍ ഒരു വലിയ തടിക്കഷണവും എടുത്തു ജോസിന്റെ തലക്കു അടിക്കാന്‍ ശ്രമിക്കുന്നു, അങ്ങനെ സംഗതി കൈവിട്ടുപോയി. പിന്നെ അവിടെ നടന്നൊതൊക്കെ തനി കാടത്തരം. പ്രിന്‍സിപ്പലിന്റെ റൂമിന്റെ ഹാഫ് ഡോര്‍ ഊരിയെടുത്തു, അദ്ദേഹത്തിന്റെ റൂമില്‍ ഇരച്ചു കയറി സാധനങ്ങള്‍ തല്ലി തകര്‍ക്കാന്‍ തുടങ്ങി. അങ്ങനെ കോളേജ് വിട്ടു. ന്യൂഇയര്‍ ആഘോഷവും ഗംഭീരമായിത്തന്നെ നടത്തി. മീറ്റിംഗ് നടത്തണം എന്ന് പറഞ്ഞു ഗ്രൂപ് ആയി പ്രിന്‍സിപ്പലിനെ കാണാന്‍ ഞങ്ങളുടെകൂടെ പോയ പലരും, ഒരു കാരണവശാലും അനുവദിക്കരുത് എന്ന് രഹസ്യമായി പറഞ്ഞിരുന്നതായി പ്രിന്‍സിപ്പല്‍ കുറെ നാളുകള്‍ക്കു ശേഷം എന്നോട് പറഞ്ഞതോര്‍ക്കുന്നു. അങ്ങനെ രാഷ്രീയത്തിന്റെ ബാലപാഠങ്ങള്‍ ഞങ്ങള്‍ ഉള്‍ക്കൊണ്ടു.

ആ വര്‍ഷം യൂണിവേര്‍സിറ്റി കലോത്സവം കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ വച്ചായിരുന്നു. യൂണിവേര്‍സിറ്റി യൂണിയന്‍ SFI നിയന്ത്രണത്തിലായിരുന്നതു കൊണ്ടു എങ്ങനെയും കുഴപ്പം ഉണ്ടാക്കാന്‍ KSU അണികള്‍ പദ്ധതിയിട്ടിരുന്നു. എന്തു നടന്നാലും മുടിഞ്ഞ കൂകല്‍കൊണ്ട് ഒന്നും കേള്‍ക്കാന്‍ സാധിക്കുന്നില്ല. കസേരയില്‍ എഴുനേറ്റു നിന്ന് കൂകിത്തകര്‍ക്കുന്ന ആളിനെ ശ്രദ്ധിച്ചു, ഏതോ സമ്മേളനത്തില്‍ വച്ച് പരിചയപ്പെട്ട മാത്യു. കൂക്കിന്റ്‌റെ മൊത്തക്കച്ചവടം അവന്‍ ഏറ്റെടുത്തു എന്ന് തോന്നും, ആള് ഒരു സംഭവമായി മാറിക്കൊണ്ടിരുന്നു. ഇടയ്ക്കു വെള്ളം കുടിക്കാന്‍ കസേരയില്‍ നിന്നും താഴെ വന്നപ്പോള്‍ എന്നെ കണ്ടു. പിന്നെ ആളിന് പെരുത്ത സന്തോഷം, കൂകാന്‍ എന്നെയും കൂട്ടി. കൂകിയില്ലെങ്കിലും അവനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഞാന്‍ അടുത്തുള്ളതു അവന്റെ കൂകലിനെ ഉത്തങ്കശൃഗത്തില്‍ എത്തിച്ചു. ഉച്ച ഊണിനു ഞങ്ങള്‍ ഒന്നിച്ചു പുറത്തുപോയി.

എവിടുന്നോ പാഞ്ഞു അടുക്കുന്ന സഖാക്കള്‍ ഞങ്ങളെ വളഞ്ഞു. മാത്യുവിനെ കോളറില്‍ പിടിച്ചു വായുവില്‍ നിര്‍ത്തിയിരിക്കയാണ്. അവന്റെ പോക്കറ്റിലി നിന്നും വിലപിടിപ്പുള്ള ഹീറോപേന വീണു. ഒരു സഖാവ് അത് ചവിട്ടി പൊട്ടിച്ചു. അയാളുടെ ചൂണ്ടുവിരല്‍ മാത്യുവിന്റെ പള്ളക്ക് കുത്തികയറ്റിയിരിക്കയാണ്. ചുറ്റും കൂടിയിരിക്കുന്ന സഖാക്കളുടെ മുഖഭാവത്തില്‍ അടുത്ത നിമിഷം എന്തും സംഭവിക്കാം എന്ന് തീര്‍ച്ചപ്പെടുത്തി. മാത്യു ആലിലപോലെ നിന്ന് വിറക്കയാണ്. ' ഇവിടെങ്ങും ഇനിയും കണ്ടുപോകരുത്, ഇപ്പൊ സ്ഥലം വിട്ടോണം' നേതാവ് ആക്രോശിച്ചു അവന്റെ കണ്ണും ശബ്ദവും അത്ര ഭീകരമായിരുന്നു. തടി കേടാകാതെ ഞങ്ങള്‍ വണ്ടി കയറി സ്ഥലം കാലിയാക്കി.

എന്തോ കാര്യത്തിനെന്നു ആര്ക്കും വലിയ നിശ്ചയമില്ല പക്ഷെ പാര്‍ട്ടി സംസ്ഥാന പഠിപ്പുമുടക്ക് പ്രഖ്യാപിച്ചു. KSU ക്കാര് മുദ്രാവാക്യം വിളിച്ചു വരാന്തകളില്‍ കൂടി നടക്കുകയാണ്. ഓരോ ക്ലാസ്സുകളിലായി കയറി ക്ലാസുകള്‍ നിര്‍ത്തുകയായിരുന്നു. KSU സമരം പൊളിക്കാനും പണി തരാനുമായി SFI കൂട്ടം കൂടി പുറകെ ഉണ്ട്. മുന്നില്‍ നിന്നു സമരം നയിച്ച നേതാക്കള്‍ ഓരോരുത്തരായി അപ്രത്യക്ഷമായിത്തുടങ്ങി. അപ്പോഴേക്കും മുദ്രാവാക്യം വിളിക്കാന്‍ പോലും ആളില്ലാത്ത അവസ്ഥ! അങ്ങനെ ആ ജോലിയും ഏറ്റെടുത്തു ഒരു നേര്‍ത്ത കൂട്ടമായി ക്ളാസ്സുകളില്‍ പോകയാണ്. എങ്ങനെയെങ്കിലും കോളേജ് വിടണേ എന്ന് ആത്മാര്‍ഥമായി പ്രാത്ഥിച്ചു കൊണ്ട് ഒരു ചെറുകൂട്ടത്തിനെയും കൂട്ടി സമരം നയിക്കുകയാണ്. എന്തിനാണ് KSU നേതാക്കള്‍ അപ്രത്യക്ഷമായത് എന്ന് കുറേക്കാലം കഴിഞ്ഞു SFI യിലുള്ള ഒരു സുഹൃത്ത് ജോസ് പറഞ്ഞാണ് കാര്യം പിടികിട്ടിയത്. അന്ന് ഒരു മേജര്‍ തല്ലിനുള്ള സന്നാഹം ഒരുക്കിയിരുന്നു. മുന്‍നിരയില്‍ നിര്‍ദോഷിയായ ഈയുള്ളവന്‍ മാത്രം ഉള്ളതുകൊണ്ട് അത് അന്നത്തേക്കു ഒഴിവാക്കുകയായിരുന്നത്രെ.

നീണ്ട കുറേ വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ ഒരു പുസ്തകപ്രകാശനം തിരുവന്തപുരത്തു വച്ച് നടന്നു . കന്നി പുസ്തകമായിരുന്നതിനാല്‍ സുഹൃത്തുക്കളായ അജന്താലയം അജിത്കുമാറും പന്തളം സുധാകരനുമാണ് ലോക്കല്‍ സംഘാടകര്‍. പന്തളത്തുനിന്നും കുറെ സുഹൃത്തുക്കളെ കൂടി കൂട്ടി. ചടങ്ങു കഴിഞ്ഞു അടുത്ത ബാര്‍ ഹോട്ടലില്‍ കയറി സുഹൃത്തുക്കള്‍ എല്ലാം ഒന്ന് മിനുങ്ങി. ഒരു സന്തോഷം ആകട്ടെ എന്ന് കരുതി എല്ലാ ചിലവും ഈയുള്ളവന്‍ വഹിച്ചു എന്ന് പറയേണ്ടതില്ലല്ലോ. അപ്പോള്‍ ഒരു സഖാവിനു എന്നെ തല്ലിയെ അടങ്ങൂ. എന്താ കാര്യം എന്ന് അറിയില്ല, ഇത്രയും നേരം അടിച്ചു പൊളിച്ചു സന്തോഷമായിരുന്ന കമ്മ്യൂണിസ്റ്റു പ്രവര്ത്തകന് എങ്ങനെ ഞാന്‍ അമേരിക്കന്‍ ചാരനും വര്‍ഗ്ഗ ശത്രുവായ ബൂര്‍ഷ്വായും ആയി മാറിയത് എന്ന് പിടി കിട്ടിയില്ല. ഒരു വിധം മയപ്പെടുത്തി അദ്ദേഹത്തെ മറ്റു സുഹൃത്തുക്കള്‍ കൊണ്ടുപോയി. ഉള്ളില്‍ തുള്ളി വിപ്ലവം ചെന്നാല്‍ മുഖം നോക്കാതെ പോരാടാനുള്ള ഇച്ഛാശക്തി പഴയ സഖാവിനു ഇപ്പോഴും ഉണ്ട് എന്ന് അന്ന് മനസ്സിലായി.

വിപ്ലവം ജയിക്കട്ടെ ! പക്ഷെ, എന്തിനായിരുന്നു വിപ്ലവം എന്ന് കൂടി പറഞ്ഞിട്ട് പോകൂ.
വിപ്ലവം ജയിക്കട്ടെ ! പക്ഷെ, എന്തിനായിരുന്നു വിപ്ലവം എന്ന് കൂടി പറഞ്ഞിട്ട് പോകൂ (വാല്‍ക്കണ്ണാടി: കോരസണ്‍)വിപ്ലവം ജയിക്കട്ടെ ! പക്ഷെ, എന്തിനായിരുന്നു വിപ്ലവം എന്ന് കൂടി പറഞ്ഞിട്ട് പോകൂ (വാല്‍ക്കണ്ണാടി: കോരസണ്‍)വിപ്ലവം ജയിക്കട്ടെ ! പക്ഷെ, എന്തിനായിരുന്നു വിപ്ലവം എന്ന് കൂടി പറഞ്ഞിട്ട് പോകൂ (വാല്‍ക്കണ്ണാടി: കോരസണ്‍)
Join WhatsApp News
josecheripuram 2019-07-19 16:37:16
Have your ever thought how politics came to our schools?Before 1957 there was no school politics.To ousted the first elected communist party,with the support of Christians&Nairs "Orchestrated a drama, to ousted the elect government.The students knew their strength, that if they    want they can be above the Government ,     When you use a force to  destroy your enemy,the same force will strike you back.That's the law of the Nature.You let the "BOOTAM" out of the Jar.
Joseph Padannamakkel 2019-07-19 21:08:23
ശ്രീ കോരസൺ വർഗീസിന്റെ കലാലയ രാഷ്ട്രീയത്തെപ്പറ്റിയുള്ള ഈ ലേഖനം വായനക്കാരെ പുറകോട്ടുള്ള കാലഘട്ടത്തിലേക്കു കൊണ്ടുപോവുന്നു. 1970-നുശേഷം കലാലയ രാഷ്ട്രീയം വളരെയധികം വഷളായതും കാണാം. 1960-ന്റെ മദ്ധ്യകാലങ്ങളിൽ രാഷ്ട്രീയം കളിച്ചു നടന്ന എന്റെ ചില സുഹൃത്തുക്കളും മന്ത്രിമാരായി സ്റ്റേറ്റ് കാറിൽ സഞ്ചരിച്ചു നടക്കുന്നതു ഓർക്കുന്നു. അന്നത്തെ കുട്ടി രാഷ്ട്രീയക്കാർ പഠനത്തിൽ വളരെ മോശമായവരായിരുന്നു. തൊഴിലില്ലായ്‌മ രൂക്ഷമായിരുന്ന ഒരു കാലഘട്ടത്തിലാണ് വിദ്യാർത്ഥി രാഷ്ട്രീയം വളരുന്നതും. ഇന്നത്തെ പോലെ വിദേശത്തേക്കു ജോലി തേടി പോവുന്നവരുടെ എണ്ണവും കുറവായിരുന്നു. ചില രാഷ്ട്രീയ പാർട്ടികൾ കുട്ടികളെ സമരത്തിന് തെരുവിലിറക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയം കളിക്കുന്നവർക്കെല്ലാം മന്ത്രിമാരും എംഎൽഎ മാരും ആകാമെന്നുള്ള ചിന്തകളാണ് പാകത വരാത്ത വിദ്യാർത്ഥികൾക്കുള്ളത്. 

സമരങ്ങളും ബസ് കത്തിക്കലും കോളേജിലെ ഉപകരണങ്ങൾ തകർക്കുകയും വ്യാപകമായുണ്ടായിരുന്നത് കേരളത്തിലായിരുന്നു. ഞാൻ അലിഗഢിൽ പഠിക്കുന്ന കാലത്ത് ഒരു ദിവസം പോലും അവിടെ സമരങ്ങളുണ്ടായിട്ടില്ല. ശാന്തമായി എനിക്ക് അവിടെ പഠിക്കാൻ സാധിച്ചു. എങ്കിലും  യൂണിവേഴ്‌സിറ്റിയുടെ മുസ്ലിം ന്യുനപക്ഷാവകാശം എടുത്തുകളയുന്ന ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കാൻ ശ്രമിക്കുമ്പോഴെല്ലാം ശക്തമായ പ്രക്ഷോപണങ്ങൾ അവിടെ ഉണ്ടാകാറുണ്ട്. 

1970-കളിൽ ഞാൻ കോളേജ് അദ്ധ്യാപകനായിരുന്ന കാലവും അന്നത്തെ വിദ്യാർഥി സമരങ്ങളും ഓർക്കുന്നു. ചില അദ്ധ്യാപകർ തന്നെ വിദ്യാർഥികളെ സ്റ്റാഫ് റൂമിൽ വിളിച്ചു വരുത്തി സമരം നടത്താൻ പ്രേരിപ്പിക്കുമായിരുന്നു. ഇല്ലാത്ത കാരണങ്ങളുണ്ടാക്കി കുട്ടികളെ സമരത്തിലിറക്കിയാൽ അദ്ധ്യാപകർക്കും അവധി കിട്ടുമായിരുന്നു. കുട്ടികൾ സമരം നടത്തുമ്പോൾ കോളേജ് സ്റ്റാഫിനുണ്ടാകുന്ന സന്തോഷവും ഓർമ്മിക്കുന്നു. "ചിലരെ വിളിച്ച് "ഇന്ന് സമരമൊന്നും ഇല്ലെടോ" എന്നും അന്വേഷിക്കും. 

ഇന്ന് കലാലയ രാഷ്ട്രീയം, രാഷ്ട്രീയക്കാരുടെ നിലനില്പിനുതന്നെ ആവശ്യമായി വരുന്നു. രാഷ്ട്രീയം കളിച്ച് പലരും തങ്ങളുടെ ഭാവി നശിപ്പിക്കുന്നു. മറ്റു ചിലർ മാർക്കുകൾ തിരുത്തിയും പകരം ഉത്തരക്കടലാസുകൾ തിരുകിയും എംഎൽഎ മാരും മന്ത്രിമാരുമാകുന്നു. പഠിച്ചിരുന്ന കാലങ്ങളിൽ  ക്ലാസിൽ കയറാതെ രാഷ്ട്രീയം കളിച്ചു നടന്നവർ, പിന്നീട് ബിരുദധാരികളും നിയമബിരുദധാരികളും ആയതെങ്ങനെയെന്നും ഓർക്കാറുണ്ട്. 

കോരസൺന്റെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള ഈ ലേഖനം, രാഷ്ട്രീയ മോഹമുള്ള പാകത വരാത്ത വിദ്യാർത്ഥികൾക്ക് തികച്ചും ഉപകാരപ്രദമായിരിക്കും. വിദ്യാർത്ഥി രാഷ്ട്രീയത്തിലെ ദോഷഫലങ്ങളും മനസിലാക്കാൻ സാധിക്കും. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക