Image

യുക്മ 'കേരളാ പൂരം 2019' വള്ളംകളി ഓഗസ്റ്റ് 31 ശനിയാഴ്ച; മന്ത്രി ഡോ. തോമസ് ഐസക്ക് ലോഗോ പ്രകാശനം ചെയ്തു

Published on 12 June, 2019
യുക്മ 'കേരളാ പൂരം 2019' വള്ളംകളി ഓഗസ്റ്റ് 31 ശനിയാഴ്ച; മന്ത്രി ഡോ. തോമസ് ഐസക്ക് ലോഗോ പ്രകാശനം ചെയ്തു

ലണ്ടന്‍: യുകെയിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ മൂന്നാമത് കേരളാ പൂരം വള്ളംകളി ഓഗസ്റ്റ് 31 ശനിയാഴ്ച നടത്തപ്പെടുന്നു. എല്ലാ മലയാളികള്‍ക്കും ആഘോഷിക്കുന്നതിനുള്ള അവസരം എന്ന നിലയില്‍ ശ്രദ്ധേയമായ വള്ളംകളി മത്സരവും കേരളീയ കലാരൂപങ്ങള്‍ ഉള്‍പ്പെടുന്ന ഘോഷയാത്രയും കുട്ടികള്‍കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉല്ലസിക്കാനുതകുന്ന കാര്‍ണിവലിന്റെയുമെല്ലാം അകന്പടിയോടെയാവും ഈ വര്‍ഷത്തെ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. 

കഐസ്എഫ്ഇ പ്രവാസിച്ചിട്ടിയുടെ യൂറോപ്പ് തല ഉദ്ഘാടനത്തിനുമായി ബ്രിട്ടനില്‍ എത്തിച്ചേര്‍ന്ന ധനമന്ത്രിയ്ക്ക് യുക്മ ദേശീയ ഭരണസമിതി മിഡ്‌ലാന്റ്‌സിലെ മാള്‍വേണില്‍ വച്ചു നല്‍കിയ സ്വീകരണയോഗത്തിലാണ് 'കേരളാ പൂരം 2019' ലോഗോ പ്രകാശനം ചെയ്ത് അദ്ദേഹം ഈ വര്‍ഷത്തെ പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കഐസ്എഫ്ഇ ചെയര്‍മാന്‍ അഡ്വ. ഫീലിപ്പോസ് തോമസ്, എംഡി. എ. പുരുഷോത്തമന്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. യുക്മ ദേശീയ പ്രസിഡന്റ് മനോജ് പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, കഴിഞ്ഞ രണ്ട് വള്ളംകളിയുടേയും ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍, യുക്മ ദേശീയ ഭാരവാഹികളായ ലിറ്റി ജിജോ, ടിറ്റോ തോമസ്, എ.ഐ.സി സെക്രട്ടറി ഹര്‍സേവ് ബെയിന്‍സ്, ലോകകേരളസഭ അംഗം രാജേഷ് കൃഷ്ണ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

യുക്മ ഭാരവാഹികളും വള്ളംകളി മുന്‍ ടീം മാനേജ്‌മെന്റ് കോര്‍ഡിനേറ്റര്‍ ജയകുമാര്‍ നായര്‍, ടൂറിസം ക്ലബ് വൈസ് ചെയര്‍മാന്‍ ഡിക്‌സ് ജോര്‍ജ്, പ്രഥമവള്ളംകളി വിജയികളായ കാരിച്ചാല്‍ ടീം ക്യാപ്റ്റന്‍ നോബി കെ. ജോസ് എന്നിവര്‍ ചേര്‍ന്ന് ധനവകുപ്പ് മന്ത്രിയെയും സംഘത്തെയും കഴിഞ്ഞ രണ്ടു വര്‍ഷം നടത്തിയ വള്ളംകളിയുടെ വിശദവിവരങ്ങള്‍ ബോധ്യപ്പെടുത്തി. ഈ വര്‍ഷം മുതല്‍ കേരളത്തില്‍ വള്ളംകളി ലീഗ് മത്സരങ്ങള്‍ നടക്കുന്നത് ഉള്‍പ്പെടെ വള്ളംകളിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്ന പ്രാധാന്യം മന്ത്രി വ്യക്തമാക്കി. 

2017 ജൂലൈ മാസം റഗ്ബിയില്‍ സംഘടിപ്പിച്ച പ്രഥമ വള്ളംകളി മത്സരത്തിന് എത്തിച്ചേര്‍ന്നത് 22 ടീമുകളായിരുന്നു. നോബി ജോസ് ക്യാപ്റ്റനായി വൂസ്റ്റര്‍ തെമ്മാടീസ് ടീം തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടനാണ് ജേതാക്കളായത്. 2018 ജൂണ്‍ മാസം ഓക്‌സ്‌ഫോര്‍ഡില്‍ സംഘടിപ്പിക്കപ്പെട്ട രണ്ടാമത് വള്ളംകളിയില്‍ ജേതാക്കളായതാവട്ടെ തോമസ്‌കുട്ടി ഫ്രാന്‍സിസ് ക്യാപ്റ്റനായ ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബിന്റെ തായങ്കരി ചുണ്ടനും. വള്ളംകളിയോടൊപ്പം തന്നെ കേരളത്തിന്റെ മഹത്തായ പൈതൃകം വിളിച്ചോതുന്ന പരന്പരാഗത കലാരൂപങ്ങളും നൃത്ത ഇനങ്ങളുമെല്ലാം ഉള്‍പ്പെടെയുള്ള സ്‌റ്റേജ് പ്രോഗ്രാമുകളും രണ്ട് തവണയും ഒരുക്കിയിരുന്നു. 

കേരള സംസ്ഥാനത്തിന്റെ ടൂറിസം പ്രമോഷന്‍, കുടിയേറ്റക്കാരും തദ്ദേശീയരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക, കേരളീയ സംസ്‌കാരവും, കലാകായിക പാരന്പര്യവും ഭക്ഷണ വൈവിധ്യവുമെല്ലാം ബ്രിട്ടണിലെ ഉള്‍പ്രദേശങ്ങളില്‍ പോലും പരിചയപ്പെടുത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് യുക്മ ഈ ബൃഹത്തായ പദ്ധതിയ്ക്ക് നേതൃത്വം നല്‍കിയത്. ഈ പദ്ധതിയുമായി സഹകരിക്കുന്നതിന് താത്പര്യമുള്ള യുകെയിലെ എല്ലാ മലയാളികളേയും സംഘാടകരംഗത്ത് ഉള്‍പ്പെടുത്തുകയും ചെയ്യുന്നതാണ്. 

മുന്‍ വര്‍ഷങ്ങളില്‍ നടത്തിയതിലും കൂടുതല്‍ വിപുലമായ രീതിയില്‍ കേരളാ പൂരം 2019 എന്ന് പേരിട്ടിരിക്കുന്ന വള്ളംകളി മത്സരവും കാര്‍ണിവലുമാവും 2019ല്‍ സംഘടിപ്പിക്കുവാന്‍ യുക്മ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് മനോജ് പിള്ള, സെക്രട്ടറി അലക്‌സ് വര്‍ഗീസ് എന്നിവര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച സ്വാഗതസംഘം ജൂണ്‍ 15 ശനിയാഴ്ച നടക്കുന്ന ദേശീയ കായികമേളയ്ക്ക് ശേഷം രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ടൂറിസത്തിന്റെ ചുമതലയുള്ള ദേശീയ വൈസ്പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക