Image

അര്‍ണോസ് പാതിരി ഡോക്കുമെന്ററി പ്രദര്‍ശനം മാര്‍ച്ച് 17 ന്

Published on 16 March, 2019
അര്‍ണോസ് പാതിരി ഡോക്കുമെന്ററി പ്രദര്‍ശനം മാര്‍ച്ച് 17 ന്
 
തൃശൂര്‍ : മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ഒട്ടേറെ സംഭാവനകള്‍ നല്‍കുകയും സംസ്‌കൃതത്തെ യൂറോപ്പിന് പരിചയപ്പെടുത്തുകയും ചെയ്ത അര്‍ണോസ് പാതിരിയുടെ വേരുകള്‍ തേടി ജന്മനാടായ ജര്‍മനിയില്‍ ചിത്രീകരിച്ച ഡോക്യുമെന്ററി സിനിമ ’ഓസ്റ്റര്‍ കാപ്‌ളിനിലെ വെളിച്ചം’ മൂന്ന് നൂറ്റാണ്ട് മുന്‍പ് അര്‍ണോസ് പാതിരി പണി കഴിപ്പിച്ച വേലൂര്‍ സെന്റ്
ഫ്രാന്‍സിസ് സേവ്യര്‍ പള്ളി അങ്കണത്തില്‍ മാര്‍ച്ച് 17 ന് (ഞായര്‍) വൈകുന്നേരം 6.30 ന് നടക്കും.

ഒരേ സമയം മലയാളത്തിലും ജര്‍മന്‍ ഭാഷയിലും തയാറാക്കിയിരിക്കുന്ന ചിത്രത്തിന്റെ ആദ്യപ്രദര്‍ശനമാണിത്. മാധ്യമ പ്രവര്‍ത്തനായ രാജു റാഫേലാണ് ചിത്രത്തിന്റെ സംവിധായകന്‍.

1688 ല്‍ 18 വയസ് പ്രായമുള്ളപ്പോള്‍ ജന്മനാടായ ജര്‍മനിയില്‍ നിന്ന് മിഷനറി പ്രവര്‍ത്തനത്തിനായി ഇന്ത്യയിലേക്ക് പുറപ്പെട്ട് കേരളത്തില്‍ ജീവിച്ച് മരിച്ച കവിയും സംസ്‌കൃത പണ്ഡിതനുമായ ജോണ്‍ ഏണ്‍സ്റ്റ് ഹാന്‍സ്സ്‌ലേടന്‍ എന്ന അര്‍ണോസ് പാതിരിയുടെ പൂര്‍വാശ്രമത്തിലെ
വേരുകള്‍ തേടി ലക്‌സംബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ ചരിത്ര ഗവേഷകനായ
ഡോ.ജീന്‍ ക്‌ളോഡ് മുള്ളറുടെ നേതൃത്വത്തില്‍ ഒരു സംഘം ചരിത്രാനേഷികള്‍
രണ്ടു വര്‍ഷത്തോളം ജര്‍മനിയില്‍ നടത്തിയ അന്വേഷണത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് ഓസ്റ്റര്‍ കാപ്‌ളിനിലെ വെളിച്ചം. 

ഡോക്കുമെന്ററി സംവിധായകനായ രാജു റാഫേലും ബര്‍ലിനില്‍ താമസിക്കുന്ന പ്രവാസി മലയാളി ഡേവിസ് തെക്കുംതലയും ഈ അന്വേഷണ സംഘത്തില്‍ അംഗങ്ങളായിരുന്നു. ഡേവിസ്
തെക്കുംതലയും ദിനേഷ് കല്ലറയ്ക്കലും ചേര്‍ന്നാണ് തിരുവനന്തപുരത്തെ ഗോയ്ഥ
സെന്ററിന്റെ സഹകരണത്തോടെ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

അര്‍ണോസ് പാതിരി ജനിച്ച ജര്‍മനിയിലെ ഓസ്റ്റര്‍കാപ്‌ളിന്‍ ഗ്രാമത്തിലെ ഭവനം, മാമ്മോദീസ സ്വീകരിച്ച ഓസ്റ്റര്‍കാപ്‌ളിനിലെ സെന്റ് ലാബ്രട്ടസ് പള്ളി, സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഒസ്‌നാബ്രുക്ക് പട്ടണത്തിലെ കരോലിനം സ്‌കൂള്‍, ഹാന്‍സ്സ്‌ലേടന്‍ കുടുംബത്തിന്റെ കല്ലറ
തുടങ്ങിയ അര്‍ണോസ് പാതിരിയുടെ പൂര്‍വാശ്രമ ജീവിതത്തിലേക്ക് വെളിച്ചം
വീശുന്ന ഒട്ടേറെ ചരിത്ര വസ്തുതകള്‍ കണ്ടെത്താനും ചിത്രീകരിക്കാനും അന്വേഷണ
സംഘത്തിന് കഴിഞ്ഞു. ഈ അന്വേഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഉള്‍ക്കൊളളിച്ചുകൊണ്ടാണ് ഓസ്റ്റര്‍ കാപ്‌ളിനിലെ വെളിച്ചം തയാറാക്കിയിക്കുന്നത്. 

ജര്‍മന്‍, ഇംഗ്‌ളീഷ്, മലയാളം ഭാഷകളിലായി ചിത്രീകരിച്ചിരിക്കുന്ന (വെീീശേിഴ ഹമിഴൗമഴല)െ ഓസ്റ്റര്‍ കാപ്‌ളിനിലെ വെളിച്ചത്തില്‍ അര്‍ണോസ് പാതിരി സംസ്‌കൃതം അഭ്യസിച്ച തൃശൂരിലെ തെക്കെ
മഠം, പ്രേഷിത പ്രവര്‍ത്തനം നടത്തിയ വേലൂര്‍, അന്ത്യകാലഘട്ടം കഴിച്ച പഴുവില്‍ പള്ളി എന്നിവയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ കെ.ബി.വേണുവാണ് ഓസ്റ്റര്‍കാപ്‌ളിനിലെ വെളിച്ചത്തിന് ശബ്ദം നല്‍കിയിരിക്കുന്നത്. ഛായാഗ്രഹണം പ്രകാശ് റാണ, പശ്ചാത്തല സംഗീതം സത്യജിത്ത്.

അര്‍ണോസ് പാതിരിയുടെ ഭാഷാപരവും സാഹിത്യപരവുമായ സംഭാവനകളെ കുറിച്ച്
അന്താരാഷ്ട്ര തലത്തില്‍, പ്രത്യേകിച്ച് ജര്‍മന്‍ക്കാര്‍ക്ക് ഇടയില്‍ അവബോധം ഉണ്ടാകണം എന്ന ഉദ്ദേശത്തോടെയാണ് സിനിമ ഒരേ സമയം മലയാളത്തിലും ജര്‍മന്‍ ഭാഷയിലും നിര്‍മിച്ചതെന്ന് സംവിധായകനായ രാജു റാഫേല്‍ പറഞ്ഞു. ജര്‍മനിയിലെ കൊളോണിലെ കാമിയോ സ്റ്റൂഡിയോയിലാണ് ജര്‍മന്‍ എഡിഷന്റെ പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയത്. ജര്‍മന്‍ പരിഭാഷ ബര്‍ലിന്‍ മലയാളിയായ ഡെന്നിസ് ഡേവിസ് നിര്‍വഹിച്ചു. അര്‍ണോസ്
പാതിരിയുടെ ജന്മദേശമായ ഓസ്റ്റര്‍കാപ്‌ളിനില്‍ ജൂണില്‍ ജര്‍മന്‍ ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം നടക്കും. ഓസ്റ്റര്‍ കാപ്‌ളിന്‍ മുന്‍സിപ്പാലിറ്റിയുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഇതിനായി ഓസ്റ്റര്‍കാപ്‌ളില്‍ മേയര്‍ റെയ്‌നര്‍ എല്ലര്‍മാനുമായി
ധാരണയിലെത്തിയിട്ടുണ്ടെന്ന് നിര്‍മാതാവായ ഡേവിസ് തെക്കുംതല പറഞ്ഞു.
തുടര്‍ന്ന് ചിത്രം അര്‍ണോസ് പാതിരിയുടെ വിദ്യാലയമായ ഓസ്‌നാബ്രുക്ക്
കരോലിനം ഉള്‍പ്പടെ ജര്‍മനിയിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍
പ്രദര്‍ശിപ്പിക്കും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക