Image

പ്രത്യാശയുടെ ക്രിസ്മസും പ്രതിജ്ഞ പുതുക്കുന്ന പുതുവര്‍ഷവും ചില സംഘടനാ ചിന്തകളും (ബെന്നി വാച്ചാച്ചിറ)

ബെന്നി വാച്ചാച്ചിറ/(ഫോമാ മുന്‍ നാഷണല്‍ പ്രസിഡന്റ്) Published on 19 December, 2018
പ്രത്യാശയുടെ ക്രിസ്മസും പ്രതിജ്ഞ പുതുക്കുന്ന പുതുവര്‍ഷവും ചില സംഘടനാ ചിന്തകളും (ബെന്നി വാച്ചാച്ചിറ)
പ്രത്യാശയുടെ പൊന്‍വെളിച്ചം മാനവരാശിയുടെ മേല്‍ വാരിവിതറുന്ന മറ്റൊരു ക്രിസ്മസ് കൂടി നാം സമുചിതമായി കൊണ്ടാടുകയാണ്. ഒപ്പം കഴിഞ്ഞ കാല വീഴ്ചകള്‍ തിരുത്തി പുതിയ പ്രതിജ്ഞകള്‍ കൈക്കൊള്ളാനുള്ള പുതുവര്‍ഷത്തിലേയ്ക്ക് നാമേവരും പദമൂന്നാന്‍ സജ്ജരാവുകയും ചെയ്യുന്നു. ക്രിസ്മസും പുതുവര്‍ഷവും മനുഷ്യ ജീവിതത്തിലെ വലിയ അടയാളപ്പെടുത്തലുകളുടെ ഉല്‍സവ വേളകളാണ്. ആ തിരിച്ചറിവോടെയായിരിക്കണം നാം വരുംകാല ജീവിത വ്യാപാരത്തെ നന്മയുടെ പാതയില്‍ ക്രമപ്പെടുത്തേണ്ടതും.

ഓരോ സംവല്‍സരത്തിലും കടന്നു വരുന്ന ഈ സുപ്രധാന ദിനങ്ങള്‍ സങ്കുചിതത്വങ്ങള്‍ക്കതീതമായി സ്വദേശത്തും വിദേശ നാടുകളിലുമുള്ള ഓരോ മലയാളിയും ഹൃദയത്തിലേറ്റി മുടക്കമില്ലാതെ ആഘോഷിക്കുന്നതാണ്. മനുഷ്യര്‍ തെറ്റുകള്‍ക്കതീതരല്ല. അത് തിരിച്ചറിഞ്ഞ് പ്രായശ്ചിത്തം ചെയ്യാനുള്ള അവസരമാണ് ഓരോ ക്രിസ്മസും ഒരുക്കുന്നത്. അപ്പോള്‍ നാം യേശുവിനെ അറിയും. ദൈവപുത്രന്‍ നമ്മുടെ പാപക്കറകള്‍ കഴുകിക്കളയുകയും ചെയ്യും. ഈയൊരു ചിന്ത ഏവരിലുമുണ്ടാവട്ടെയെന്ന് അകമഴിഞ്ഞ് പ്രാര്‍ത്ഥിക്കുന്നു.

പിന്നെ, ഒരു പുതുവര്‍ഷത്തിലേയ്ക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ സ്വാഭാവികമായും നിങ്ങളോരോരുത്തര്‍ക്കുമൊപ്പം സന്തോഷത്തിന്റെയും കൂടിച്ചരലുകളുടെയും സഹവര്‍ത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും അവസരമായാണ് ഞാനും അതിനെ മനസില്‍ ആവാഹിക്കുന്നത്. കേരളം നൂറ്റാണ്ടു കണ്ട മഹാപ്രളയത്തില്‍ മുങ്ങി. ജീവനും സ്വത്തിനും വലിയ നഷ്ടമുണ്ടായി. സമാനതകളില്ലാത്ത ദുരന്തത്തില്‍ അമേരിക്കന്‍ മലയാളികളും ജന്മഭൂമിക്ക് കൈത്താങ്ങായി പ്രാര്‍ത്ഥനാ പൂര്‍വം നിലയുറപ്പിച്ചത് അഭിമാനാര്‍ഹമായ കാര്യമാണ്. 

ഇനി ഒരു നവകേരള നിര്‍മിതിയാണ് നമുക്കു മുന്നിലുള്ളത്. അത് സാധ്യമാവും വരെ കൈയും മെയ്യും മറന്ന്, നമ്മെ ഇത്തരത്തില്‍ പ്രാപ്തമാക്കിയ ജന്മനാടിനൊപ്പം ഉറച്ച കാലടികളോടെ നിലകൊള്ളാന്‍ നാം അക്ഷരാര്‍ത്ഥത്തില്‍ ബാധ്യസ്ഥരാണ്. നമ്മുടെ കോട്ടങ്ങളെ നേട്ടങ്ങളാക്കാനും വീഴ്ചകളില്‍ നിന്ന് ഉയര്‍ന്ന് എഴുന്നേല്‍ക്കാനും തെറ്റുകളെ ശരികളാക്കാനും ലോകത്തിനു മുന്നില്‍ അഭിമാനിക്കുന്നതിന് തക്ക പുതുചക്രവാള സീമകള്‍ കീഴടക്കാനും ഈ പുതുവര്‍ഷം സഹായകരമാവട്ടെയെന്ന് മനസാ ആശിക്കുന്നു. 

അമേരിക്കന്‍ മലയാളികള്‍ ക്രിസ്മസിനെയും ന്യൂ ഇയറിനെയും പരമ്പരാഗത ഉത്സവത്തിമിര്‍പ്പോടെ വരവേല്‍ക്കാനൊരുങ്ങുന്ന ഈ സന്തോഷ വേളയില്‍ ഫോമാ പ്രസിഡന്റായി പ്രവര്‍ത്തിച്ച രണ്ടു വര്‍ഷക്കാലത്തെ എന്റെ അനുഭവങ്ങളും അറിവും എളിയ ചില നിര്‍ദേശങ്ങളും പങ്കുവയ്ക്കുകയാണിവിടെ.

നമ്മുടെ ഈ കര്‍മഭൂമിയിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടേറെ മാനങ്ങളുണ്ട്, സവിശേഷതകളുണ്ട്. മുന്‍കാല നേതാക്കളുടെ നിസ്തുലവും ത്യാഗോജ്വലവും കാര്യക്ഷമവുമായ പ്രവര്‍ത്തനങ്ങള്‍ ഇത്തരുണത്തില്‍ സ്മരണീയം. അവര്‍ തെളിച്ച മാര്‍ഗമാണ് നമ്മെ മാതൃകാപരമായി ഇന്നും നയിക്കുന്നത്. സംഘടനാ പ്രവര്‍ത്തനം യഥാര്‍ത്ഥത്തില്‍ ഒരു 'കമ്മ്യൂണിറ്റി സര്‍വീസ്' ആണെന്ന ഉത്തമബോധ്യത്തോടെയാവണം നേതൃനിരയില്‍ എത്തേണ്ടത് എന്ന് അനുഭവത്തിന്റെ സുതാര്യവെട്ടത്തില്‍ പറയട്ടെ.

സമൂഹത്തിനു വേണ്ടിയാണ് നാം സേവനം ചെയ്യുന്നത്. അതിനാല്‍ സ്ഥാനമാനങ്ങളോടുള്ള അമിതമായ ആഗ്രഹം എക്കാലത്തും ഉപേക്ഷിക്കപ്പെടണം. വഹിക്കുന്ന ചുമതലകളോട്, പരാതികള്‍ ഉണ്ടാവാത്ത വിധം നീതി പുലര്‍ത്തണം. നേതൃത്വത്തിലെത്തും മുമ്പ് വ്യക്തമായ പ്ലാനും കൃത്യമായ ധാരണയും ഉണ്ടായിരിക്കണം. സംഘടന സമൂഹ നന്‍മയ്ക്കു വേണ്ടിയാണെന്ന ജനാധിപത്യ ബോധത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സുതാര്യതയും കാര്യക്ഷമതയും ഉറപ്പു വരുത്തേണ്ടതാണ്. 

ജനമധ്യത്തിലിറങ്ങി വേണം പ്രവര്‍ത്തനങ്ങള്‍ ജനപക്ഷമുഖത്തോടെ വ്യാപിപ്പിക്കേണ്ടത്. ദിവസവും കുറഞ്ഞത് രണ്ടുമണിക്കൂറെങ്കിലും സംഘടനയ്ക്ക് വേണ്ടി മാറ്റിവയ്ക്കുന്നത് പ്രവര്‍ത്തകര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന വിശ്വാസം ജനങ്ങളിലുണ്ടാക്കും. ഇത്തരം കാര്യങ്ങള്‍ മതിയായ ഗൃഹപാഠത്തോടെ അനുവര്‍ത്തിച്ചാല്‍ സംഘടന യ്ക്ക് ജനങ്ങളിലേയ്ക്ക് ഇടിച്ച് ഇറങ്ങിച്ചെല്ലേണ്ടി വരില്ല. മറിച്ച്, ജനങ്ങള്‍ സംഘടനയിലേയ്ക്ക് സ്വാഭാവികമായും വന്നു ചേര്‍ന്ന്‌കൊള്ളും. ഇത് നൂറുശതമാനം എന്റെ അനുഭവത്തിന്റെ സാക്ഷ്യപ്പെടുത്തലായി കരുതുമല്ലോ.
വ്യക്തിവൈരാഗ്യം തീര്‍ക്കുവാനോ സ്ഥാപിത താത്പര്യം സംരക്ഷിക്കുവാനോ ഉള്ളതല്ല നേതാക്കളുടെ കസേരകള്‍. 

അവ ജനങ്ങള്‍ നല്‍കിയതാണല്ലോ. നമുക്ക് എത്ര പ്രിയപ്പെട്ടവരാണെങ്കില്‍ പോലും സംഘാടക മികവില്ലാത്തവരെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത് എന്ന അപേക്ഷയും ഇതോടൊപ്പം ചേര്‍ത്തു വയ്ക്കുകയാണ്. യോഗ്യതയില്ലാത്തവര്‍ തലപ്പത്തെത്തിയാല്‍ അതിന്റെ ദോഷം അവര്‍ക്കല്ല, സംഘടനയ്ക്ക് മാത്രമാണ്. ആവശ്യത്തിന് സമയവും അതിലേറെ താത്പര്യവും ഉള്ളവര്‍ മാത്രമേ ഭാരവാഹിത്വം വഹിക്കാവൂ. ചുമതലയേറ്റു കഴിഞ്ഞാല്‍ തങ്ങള്‍ എടുക്കുന്ന തീരുമാനങ്ങളും നിലപാടുകളും സംഘടനയുടെ ഭാവിക്ക് ഉചിതമാണെന്ന് പൂര്‍ണ ബോധ്യമുണ്ടെങ്കില്‍ അതില്‍ നിന്ന് അണുവിട വ്യതിചലിക്കാതെ സംഘടനയെ നയിക്കുവാനുള്ള ധൈര്യം കാട്ടണം.

ഇത്തരം സന്ദര്‍ഭങ്ങളില്‍ പലരില്‍ നിന്നും എതിര്‍പ്പിന്റെ ശബ്ദം മുഴങ്ങിയേക്കാം. വ്യാജപ്രചാരണങ്ങളും നേതൃവിരുദ്ധ പ്രവര്‍ത്തനങ്ങളും ഉണ്ടാവും. അങ്ങനെയുള്ളവരെ ഗൗനിക്കാതെ അവരുടെ വഴിക്ക് വിടുന്നതാണ് നല്ലത്. അത്തരക്കാരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കുന്നത് സമയ നഷ്ടത്തിടയാക്കുമെന്നല്ലാതെ മറ്റു പ്രയോജനമൊന്നുമില്ല. അതേസമയം എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ വൈരാഗ്യ ബുദ്ധിയോടെ സമീപിക്കുകയുമരുത്. പ്രായോഗിക സമീപനം സ്വീകരിക്കുകയാണ് അഭികാമ്യം. ആത്മാര്‍ത്ഥതയും അര്‍പണബോധവുമുള്ളവരെ ജനം എക്കാലത്തും അംഗീകരിച്ച ചരിത്രമേയുള്ളു. നമ്മുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ കളങ്കമില്ല എന്നതു തന്നെ കാരണം. 

അങ്ങനെയുള്ളവര്‍ക്ക് എപ്പോഴും ഈശ്വര കടാക്ഷമുണ്ടാവുമെന്നതാണ് ഇതുവരെയുള്ള പൊതു പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഞാന്‍ പഠിച്ച പാഠം.
ഉറച്ച് വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു ആത്മാര്‍ത്ഥ സുഹൃത്തിനെ ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള കാലമാണിത്. എന്റെ ഉത്തമ സുഹൃത്ത് എന്റെ ഭാര്യയാണ്. കാരണം എന്തും പറയുവാനുള്ള സ്വാതന്ത്ര്യം ഭാര്യ അനുവദിച്ചു തന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ എന്റെ സംഘടനാ പ്രവര്‍ത്തനത്തില്‍ എനിക്ക് താങ്ങും തണലുമായി ഒപ്പം നിന്നത് എന്റെ കുടുംബവും കുറച്ച് ഉത്തമ സുഹൃത്തുക്കളുമാണ്. അവരുടെ നിര്‍ലോഭമായ പിന്തുണയാണ് എന്റെ വിജയത്തിന് ആധാരം.

സംഘടനാ പ്രവര്‍ത്തനമെന്നത് തീര്‍ച്ചയായും ഒരു ടീം വര്‍ക്കാണ്. അവരുടെയെല്ലാം അഭിപ്രായങ്ങള്‍ മുഖവിലയ്‌ക്കെടുത്ത് കൂട്ടായ ചര്‍ച്ചയിലൂടെ ഒരു അജണ്ടയുണ്ടാക്കി അത് പ്രാവര്‍ത്തികമാക്കുകയെന്നതാണ് ഏതൊരു സംഘടനാ സാരഥിയുടെയും പ്രഥമ കര്‍ത്തവ്യം. അതാണ് യഥാര്‍ത്ഥ ജനാധിപത്യ രീതി. ഇത്തരത്തില്‍ സമന്വയത്തിന്റെ ശൈലിയാണ് സുനിശ്ചിതമായ വിജയത്തിന്റെ ആധാരശില. പുതുവര്‍ഷത്തിലെങ്കിലും സോഷ്യല്‍ മീഡിയയിലെ അസത്യങ്ങളും അര്‍ധ സത്യങ്ങളുമായ പിതൃശൂന്യ പ്രചാരണങ്ങളെ പാടേ അവഗണിക്കുക. അവയ്ക്ക് നമ്മുടെ ലൈക്കും ഷെയറും വേണ്ട. കാരണമെന്തെന്നാല്‍ നമുക്ക് ഇത്തരം പ്രചാരണങ്ങളുടെ സത്യാവസ്ഥ അറിയില്ല. അതിനാല്‍ ആരെയും വിധിക്കാന്‍ നമുക്ക് അധികാരവും അവകാശവുമില്ല.

ഒരിക്കല്‍ കൂടി പ്രിയമുള്ള ഏവര്‍ക്കും നറുനന്മയുടെയും ശാന്തിയുടെയും ക്രിസ്മസ്-പുതുവത്സരാശംസകള്‍ ഹൃദയപൂര്‍വം നേരുന്നു...
''ഹാപ്പി ക്രിസ്മസ്...'' 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക