Image

ലോക മലയാളികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം (ജോയ് ഇട്ടന്‍)

Published on 14 August, 2018
ലോക മലയാളികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം (ജോയ് ഇട്ടന്‍)
കേരളത്തില്‍ ദിവസങ്ങളായി കോരിച്ചൊരിയുന്ന മഴ മൂലം ഉണ്ടായ ഉരുള്‍പൊട്ടലുകളും വെള്ളക്കെട്ടും കേരളത്തിലുടനീളം ദുരിതം വിതച്ചിരിക്കുകയാണ്. മുപ്പതുവര്‍ഷത്തിനിടയില്‍ ഇതുപോലൊരു പേമാരിയും ഉരുള്‍പൊട്ടലുകളുമുണ്ടായിട്ടില്ലെന്നാണ് എന്റെ ഓര്‍മ്മ . സംസ്ഥാനം സ്തംഭിച്ചുനില്‍ക്കുകയാണ്. അതീവ ഗുരുതരമായ ഒരവസ്ഥയാണിപ്പോള്‍ ഉള്ളത് .ലോകത്തുള്ള മലയാളികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം .
പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണിത്. എത്രയോ കാലമായി പശ്ചിമഘട്ടത്തെവരെ മനുഷ്യന്റെ കരങ്ങള്‍ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. പരിസ്ഥിതിലോല പ്രദേശങ്ങളിലെ മനുഷ്യന്റെ കടന്നുകയറ്റം പ്രകൃതിയുടെ നിലനില്‍പ്പിനെ അസ്ഥിരപ്പെടുത്തിയെന്നു മാധവ്ഗാഡ്ഗില്‍ കേന്ദ്രസര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കാടില്ലാതാകുമ്പോള്‍, പുഴകള്‍ മരിക്കുമ്പോള്‍, വെള്ളത്തിന്റെ ഒഴുക്കു തടഞ്ഞു നിര്‍മാണപ്രവര്‍ത്തനം നടത്തുമ്പോള്‍, പശ്ചിമഘട്ട മലനിരകളില്‍ ക്വാറികള്‍ പെരുകുമ്പോള്‍, വെള്ളച്ചാലുകള്‍ നികത്തി കോണ്‍ക്രീറ്റ് കുന്നുകള്‍ നിര്‍മിക്കുമ്പോള്‍ ഓരോ മഴയോടൊപ്പം പ്രളയവും ഉരുള്‍പൊട്ടലുകളും ഉണ്ടാകുമെന്നു ഗാഡ്ഗില്‍ സമര്‍ഥിക്കുന്നുണ്ട്.

ലോകത്തിലെ 35 ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നമാണു പശ്ചിമഘട്ടമെന്നു ക്വാറിമാഫിയക്ക് അറിയില്ല. അറിയുന്ന സര്‍ക്കാര്‍ അതു സംരക്ഷിക്കാനും ഒരുക്കമല്ല. നവലിബറല്‍ പരിഷ്കാരങ്ങള്‍ വരുത്തിവച്ച വിനകളാണു കാലവര്‍ഷത്തോടൊപ്പം കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളുടെ മുഖ്യകാരണം. ശക്തമായ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ കേരളംതന്നെ മുങ്ങിപ്പോകുന്ന അവസ്ഥയുണ്ടായേക്കാം. അങ്ങനെ സംഭവിക്കാതിരിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കാനേ ഭീതിപടര്‍ത്തിക്കൊണ്ടിരിക്കുന്ന ഈ ദുരിതപ്പെയിത്തില്‍ നമുക്കു കഴിയൂ.

ഈ മലവെള്ളപ്പാച്ചിലിലും ,പേമാരിയിലും ഇതിനോടകം
ഇരുപത്തിയാറോളം ആളുകള്‍ മരിച്ചു. പലരെയും കാണാതായി. നാടിനെ പ്രളയജലത്തില്‍ മുക്കാന്‍പോന്നത്ര പേമാരിയും ഉരുള്‍പൊട്ടലുമാണ് ഉണ്ടായിരിക്കുന്നത്. ഇടുക്കി പദ്ധതിപ്രദേശത്തിനു ചുറ്റം നാല് പ്രാവശ്യം ഉരുള്‍പൊട്ടലുണ്ടായി. ഇടുക്കി ഡാമിന്റെ ചരിത്രത്തില്‍ മൂന്നാംതവണയാണു ഷട്ടര്‍ തുറക്കുന്നത്. 1981 ലും 1992 ലുമാണ് ഇതിനുമുമ്പ് ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറന്നത്.പാലക്കാട് ജില്ല ചരിത്രത്തിലാദ്യമായി വെള്ളപ്പൊക്കത്തില്‍ മുങ്ങി . മലമ്പുഴ അണക്കെട്ടു തുറന്നുവിട്ടതിനെ തുടര്‍ന്ന് നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വെള്ളം കയറി.വയനാട്ടിലും സ്ഥിതി മറിച്ചല്ല.കുട്ടനാട് പ്രളയക്കെടുതി മാറിയാലും ദുരിതത്തില്‍ തന്നെയാകും മാസങ്ങളോളം.

പെരിയാര്‍ നിറഞ്ഞുകവിഞ്ഞ് എറണാകുളം ജില്ലയിലെ താഴ്ന്നപ്രദേശങ്ങളെല്ലാം മുങ്ങി. പലരുടെയും സമ്പാദ്യങ്ങളും വിലപ്പെട്ട രേഖകളും വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടു. മഴ ശമനമില്ലാതെ തുടരുന്നതിനാല്‍ നാശനഷ്ടങ്ങളും ഭീതിദമാംവിധം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മണ്ണിടിഞ്ഞു കുത്തൊഴുക്കില്‍പ്പെട്ടും റോഡുകള്‍ തകര്‍ന്നു ഗതാഗതം തടസ്സപ്പെട്ടതിനാല്‍ പല സ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്നില്ല.

നാശനഷ്ടങ്ങള്‍ എത്രയും പെട്ടെന്നു തിട്ടപ്പെടുത്തി അടിയന്തരമായി നഷ്ടപരിഹാരം നല്‍കാന്‍ ഭരണകൂടം ഉണര്‍ന്നു പ്രവര്‍ത്തിക്കണം. പാവപ്പെട്ടവരും ഇടത്തരക്കാരുമാണ് പ്രളയക്കെടുതി ഏറ്റവും അനുഭവിക്കുന്നത്. അവര്‍ക്ക് എത്രയും പെട്ടെന്ന് അടിയന്തരസഹായം ലഭ്യമാക്കണം.അതിനായി നമുക്കൊരുമിച്ചു പ്രവര്‍ത്തിക്കാം.നമുക്കാവുന്നത് കേരളത്തില്‍ പ്രളയക്കെടുതിയില്‍ കഴിയുന്നവര്‍ക്ക് എത്തിക്കുവാന്‍ ശ്രമിക്കാം .അത് ഉടനെ വേണം .എല്ലാ സംഘടനകളും ആഘോഷങ്ങള്‍ കുറച്ചും ചെറിയ സഹായങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലോ നേരിട്ടോ എത്തിക്കുവാന്‍ ശ്രമിക്കണം.ദുരന്ത മുഖത്തു നില്‍ക്കുന്ന സഹോദരങ്ങളെ സഹായിക്കുവാന്‍ ഇനിയും അമാന്തം അരുത് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക