Image

സര്‍വീസ്‌ ചാര്‍ജ്‌

അബൂബക്കര്‍ കാപ്പാട്‌ Published on 29 March, 2012
സര്‍വീസ്‌ ചാര്‍ജ്‌
കാണുന്നോരൊക്കെ പരിചയഭാവത്തില്‍ ചിരിക്കുന്നത്രയെങ്കിലും നിലയും വിലയുമുണ്ടായിരുന്ന മാഷ്‌ വെറും ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഒരു കുപ്പത്തൊട്ടിയായി മാറി. പിന്തിരിപ്പന്‍, മൂരാച്ചി, അറുക്കീസന്‍, മുറിഞ്ഞ കൈക്ക്‌ ഉപ്പ്‌ തേക്കാത്തവന്‍, എരപ്പന്‍, കച്ചറക്കാരന്‍ എന്നിങ്ങനെയുള്ള സകലമാന വെടക്ക്‌ പ്രയോഗങ്ങളും വലിച്ചെറിയാനുള്ള ഒരു കുപ്പത്തൊട്ടി!

ഒരു ശനിയാഴ്‌ചയായിരുന്നു ശനിയുടെ ഈ അപഹാരം. അന്നു പത്രക്കാരന്‌ മാസാന്ത വരിസംഖ്യ കൊടുത്തപ്പോള്‍ അയാള്‍ പറഞ്ഞു:

` ഞാളിപ്പം എല്ലാരോടും നൂറ്റിരുപത്തഞ്ചാണു മാഷേ വാങ്ങുന്നത്‌. അല്ലാഞ്ഞാല്‍ ഞാക്കൊക്കൂല.'

പത്ര ഉടമകള്‍ അതതുകാലത്ത്‌ നിശ്ചയിക്കുന്ന സംഖ്യയല്ലേ ഞങ്ങള്‍ തരേണ്ടതുള്ളൂ. നിങ്ങള്‍ക്കുള്ള കമീഷനടക്കമാണ്‌ അവര്‍ സംഖ്യ നിശ്ചയിക്കുന്നത്‌.

ശരിയാ മാഷേ. പക്ഷേ, ഓര്‌ തരുന്ന കമീഷന്‍ ഞാക്ക്‌ ഒക്കുന്നില്ല.

ഒക്കുന്നില്ലെങ്കില്‍ നിങ്ങള്‍ അവരോട്‌ പറഞ്ഞ്‌ കമീഷന്‍ കൂട്ടി വാങ്ങണം. അല്ലാതെ വരിക്കാരായ ഞങ്ങള്‍ തരണമെന്നു പറയുന്നതിന്‍െറ ന്യായമെന്താണ്‌?

കൂട്ടിത്തരാന്‍ ഞാള്‌ പത്രക്കാരോടു പറഞ്ഞതാ. പക്ഷേ, ഓര്‌ തരുന്നില്ല.

പത്ര ഉടമകളാണു നിങ്ങളെ വിതരണപ്പണി ഏല്‍പിച്ചത്‌. അതുകൊണ്ട്‌ ഇത്‌ അവരും നിങ്ങളും തമ്മിലുള്ള ഇടപാടാണ്‌. ഞങ്ങള്‍ക്കിതില്‍ കാര്യമില്ല. ഇനി നിങ്ങളുടെ ആവശ്യം അംഗീകരിച്ച്‌ അവര്‍ കമീഷന്‍ കൂട്ടിത്തരാന്‍ തയാറാവുകയും ആ അധികത്തുക കണക്കാക്കി വരിസംഖ്യ കൂട്ടുകയും ചെയ്‌താല്‍ അതു ഞങ്ങള്‍ തരും. അല്ലാതെ നിങ്ങള്‍ക്കു നേരിട്ടെന്തെങ്കിലും തരേണ്ട ബാധ്യത ഞങ്ങള്‍ക്കില്ല.

എന്‍െറ ന്യായവാദങ്ങളൊന്നും ശ്രദ്ധിക്കാതെ അയാള്‍ കമീഷന്‍ തുകയുടെ അപര്യാപ്‌തതയുടെ കാര്യം ആവര്‍ത്തിക്കുകയും നഷ്ടക്കണക്കുകള്‍ വിശദീകരിക്കാന്‍ തുനിയുകയും ചെയ്‌തപ്പോള്‍, ഇതൊന്നും നിങ്ങള്‍ എന്നോടു പറയേണ്ട കാര്യങ്ങളല്ല. അവരെ പറഞ്ഞു ബോധ്യപ്പെടുത്തി പരിഹാരമുണ്ടാക്കുക എന്നു പറഞ്ഞ്‌ ഞാന്‍ പിന്‍വാങ്ങി. പിന്നീടൊന്നും പറയാതെ അയാള്‍ ഇറങ്ങിപ്പോയെങ്കിലും അയാളുടെ മുഖം വല്ലാതെ ഇരുണ്ടിരുന്നു. അന്നേരം ഗെയ്‌റ്റിനു പുറത്ത്‌ ഈ സംസാരം കേട്ടുനിന്നവരിലാരോ വിളിച്ചോദിച്ചു:

എന്തിനാ മാഷേ, ഒരു നാലുറുപ്പ്യക്ക്‌ ഇങ്ങനെ എച്ചിത്തരം കാട്ടുന്നത്‌?

തുടര്‍ന്ന്‌ വീട്ടുകാരിയുടെ വകയുള്ള മരം പെയ്യലായിരുന്നു അരമുക്കാല്‍ മണിക്കൂര്‍ നേരം. അവളുടെ കുത്തുവാക്കുകളും, കല്യാണം കഴിഞ്ഞകാലം തൊട്ട്‌ ഞാന്‍ ചെയ്‌തുകൂട്ടിയ?പീറത്തരങ്ങള്‍ എണ്ണിപ്പെറുക്കലും തീര്‍ത്ത അസ്വസ്ഥതയില്‍ മനസ്സു വെന്തിരിക്കുമ്പോഴായിന്നു അടുത്ത മാരണത്തിന്‍െറ വരവ്‌.

ഗ്യാസ്‌ സിലിണ്ടറുമായി വന്നവന്‍േറതായിരുന്നു ഊഴം. അഞ്ചു കിലോമീറ്ററിനുള്ളില്‍ വിതരണക്കൂലിയില്ലാതെ തന്നെ സിലിണ്ടര്‍ തരണമെന്നാണു നിയമമെന്നും അതുകൊണ്ട്‌ കൃത്യം 420 രൂപയേ കൊടുക്കാവൂ എന്നും ഒസ്യത്ത്‌ പറയുമ്പോലെ പറഞ്ഞുകൊടുത്തിട്ടും അതു ചെവിക്കൊള്ളാതെ വണ്ടിക്കാരന്‍ ചോദിക്കുന്നു 450 രൂപ. ഭാര്യ കൊടുക്കാറുണ്ടെന്ന കാര്യം എനിക്കറിയില്ലായിരുന്നു. ഏതായാലും ഞാന്‍ 420 രൂപ കൊടുത്തതും മൂര്‍ഖന്‍ പാമ്പിനെപ്പോലെ അവനൊന്നു ചീറ്റി. പിന്നെ കാശ്‌ എന്‍െറ കൈയിലേക്കിട്ടശേഷം സിലിണ്ടറുമെടുത്ത്‌ തിരിഞ്ഞൊരു നടത്തം!

തൊട്ടുടനെത്തന്നെ ഭാര്യയുടെ കാളിയാട്ടവും തുടങ്ങിയെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ? ഗ്യാസ്‌ കമ്പനിയുടെ സെയില്‍സ്‌ ഓഫിസറെ ഫോണില്‍ വിളിച്ച്‌ കാര്യം പറഞ്ഞതിനെത്തുടര്‍ന്ന്‌ ഒരുമണിക്കൂറിനകം അവന്‍തന്നെ സിലിണ്ടര്‍ തിരിച്ചുകൊണ്ടുവന്നുവെങ്കിലും തന്‍െറ നിഘണ്ടുവിലുള്ള സകലമാന പരിഹാസ പദങ്ങളും പ്രാക്കുകളും എന്‍െറ നേരെ പ്രയോഗിച്ചിട്ടാണ്‌ കക്ഷി മടങ്ങിപ്പോയത്‌.

ഉറഞ്ഞുതുള്ളിയതുകൊണ്ടോ, ശകാരിച്ചതുകൊണ്ടോ ഞാന്‍ നന്നാവില്ലെന്നു ബോധ്യപ്പെട്ടതുകൊണ്ടാവാം അന്നുരാത്രി വീട്ടുകാരി എന്നെ ഉപദേശിച്ചു നേരെയാക്കാനുള്ള വഴിയാണു തെരഞ്ഞെടുത്തത്‌. നാടോടുമ്പോള്‍ നടുവെ ഓടണമെന്നും മറ്റുള്ളവരെയൊക്കെ വെറുപ്പിച്ചാല്‍ ജീവിക്കാനാവില്ലെന്നും ശമ്പളം തെകയുന്നില്ലെന്നു പറഞ്ഞ്‌ സര്‍ക്കാര്‍ ജീവനക്കാര്‍ പണ്ടുപണ്ടേ ചെയ്‌തുപോരുന്ന എടപാട്‌ മറ്റുള്ളോരും തൊടങ്ങീന്നു കരുതിയാല്‍ മതിയെന്നുമൊക്കെ അവളങ്ങനെ ഗുണദോഷിച്ചു മുന്നേറവേ, ഞാനൊരു സംശയമുന്നയിച്ചു:

കരാറടിസ്ഥാനത്തില്‍ പണിയെടുക്കുന്ന ഒരു മാഷു മാത്രമായ എനിക്ക്‌ മാസാന്തം എത്ര കിട്ടുമെന്ന്‌ നിന്നോടു ഞാന്‍ പറഞ്ഞതാണല്ലോ. ഇങ്ങനെ സകല കാര്യത്തിനും സര്‍വീസ്‌ ചാര്‍ജ്‌ കൊടുക്കാന്‍ തൊടങ്ങ്യാല്‍ ചെലവിനുള്ള കാശ്‌ നെന്‍െറച്ഛന്‍ തര്വോ?

എന്‍െറച്ഛനല്ല, മക്കള്‌ തരും

മക്കളോ?

അതേ, നെങ്ങള്‌ കൊറേ മക്കളെ പഠിപ്പിക്കുന്നില്ലേ? മാസാന്തം ഇരുപത്തഞ്ചോ അയ്‌മ്പതോ ഗുരുദക്ഷിണയായി തരാന്‍ പറഞ്ഞാല്‍ അവര്‍ക്കതില്‍ സന്തോഷേണ്ടാവുള്ളൂ.

ആദ്യം അതൊരസംബന്ധമായി തോന്നിയെങ്കിലും കൂടുതലാലോചിച്ചപ്പോള്‍ സംഗതി കൊള്ളാമെന്നു തോന്നി.

പിറ്റേന്ന്‌ ഒന്നാമത്തെ പീര്യഡില്‍ പഠിപ്പിക്കാനുണ്ടായിരുന്ന ക്‌ളാസില്‍തന്നെ വിഷയമവതരിപ്പിച്ചുകൊണ്ട്‌ പിള്ളേരുടെ പ്രതികരണമറിയാനുള്ള തിടുക്കത്തിലായിരുന്നു ഞാന്‍. അതിനായി പീര്യഡ്‌ അവസാനിപ്പിക്കുന്നതിന്‌ പത്തുമിനിറ്റുമുമ്പുതന്നെ ഞാന്‍ ക്‌ളാസ്‌ നിര്‍ത്തി. ഒന്നുരണ്ട്‌ നുറുങ്ങു തമാശകളൊക്കെ പറഞ്ഞ്‌ കുട്ടികളെ ചിരിപ്പിച്ച ശേഷം ഞാന്‍ വിഷയമെടുത്തിടാന്‍ തുനിയവെ, മുന്‍ ബെഞ്ചിലിരിക്കുകയായിരുന്ന പൊക്കംകൂടിയ തന്‍േറടിപ്പയ്യന്‍ ഒരു പ്രധാന കാര്യം പറയാനുണ്ടെന്ന മുഖവുരയോടെ എഴുന്നേറ്റു:

എങ്ങോട്ടു തിരിഞ്ഞാലും സര്‍വീസ്‌ ചാര്‍ജ്‌ എന്നതാണല്ലോ സാറേ ഇന്നത്തെയൊരു രീതി. അതുകൊണ്ട്‌ ഞങ്ങളും ഒന്നു തീരുമാനിച്ചു...

ഹയ്‌, ഇതെന്തതിശയം! ഇതുതന്നെയല്ലേ ആറാം ഇന്ദ്രിയത്തിന്‍െറ പ്രവര്‍ത്തനം? അതോ മനപ്പൊരുത്തമോ? ഇതു രണ്ടുമല്ലെങ്കില്‍ പിന്നെ പിള്ളേരുടെ ഗുരുത്വഗുണമായിരിക്കും. എന്തായാലും എങ്ങനെ ഇവരുടെ മുന്നില്‍ വിഷയമവതരിപ്പിക്കുമെന്ന അങ്കലാപ്പും ചമ്മലും ഒഴിവായിക്കിട്ടിയല്ലോ.

സാറൊന്നും മറുപടി പറഞ്ഞില്ല. ഞാന്‍ പറഞ്ഞതു സാറ്‌ കേട്ടില്ലേ?

എന്തേ, എന്തേ പറഞ്ഞത്‌?

സാറേ, രാവിലെ തൊട്ട്‌ വൈകുന്നേരം വരെ ഞങ്ങളിങ്ങനെ സാറന്മാരുടെ മുന്നില്‍ ഇരുന്നുതരികയല്ലേ, നിങ്ങളുടെ വായിട്ടലക്കലും സഹിച്ചുകൊണ്ട്‌? ഇതിങ്ങനെ സൗജന്യമായി സഹിക്കേണ്ടതില്ലെന്നാണ്‌ ഞങ്ങള്‍ കൂട്ടായി തീരുമാനിച്ചിരിക്കുന്നത്‌. ഈ മാസം മുതല്‍ സാറന്മാരെല്ലാരും കൂടി ഒരു സംഖ്യ ഞങ്ങള്‍ക്കു സര്‍വീസ്‌ ചാര്‍ജായി തരണം. സംഖ്യ എത്രയാണെന്ന്‌ സാറന്മാര്‌ തീരുമാനിച്ചാല്‍ മതി. അത്‌ ഞങ്ങള്‌ പറയുന്നത്‌ ഗുരുത്വദോഷമായെങ്കിലോ എന്നൊരു ശങ്ക.

(കടപ്പാട്‌: മാധ്യമം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക