Image

മലയാളം സൊസൈറ്റി ഓഫ്‌ അമേരിക്ക: `ഉയരുന്ന സാമ്പത്തികം തകരുന്ന സംസ്‌ക്കാരം'

മണ്ണിക്കരോട്ട്‌ Published on 30 June, 2011
മലയാളം സൊസൈറ്റി ഓഫ്‌ അമേരിക്ക: `ഉയരുന്ന സാമ്പത്തികം തകരുന്ന സംസ്‌ക്കാരം'
ഹ്യൂസ്റ്റന്‍: `സമൂഹം നിരവധിയായി മുറിഞ്ഞതിന്റെ ഫലമായി ഇന്‍ഡ്യയിലെ കേരളീയരായി അമേരിക്കയില്‍ കുടിയേറിയവര്‍ ക്രമേണ മതത്തിന്റെ പേരിലും ദേവാലയത്തിന്റെ പേരിലും അറിയപ്പെടാന്‍ തുടങ്ങി. പിന്നീടത്‌ കേരളത്തിന്റെ കേവലം ഏതോ ഒരുപിടി മണ്ണിന്റെ പൗരരായി ചുരുങ്ങുകയും ചെയ്‌തു.' ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ്‌ അമേരിക്കയുടെ ജൂണ്‍ (ജൂണ്‍ 25 ശനി 2011) സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ജോര്‍ജ്‌ മണ്ണിക്കരോട്ട്‌.

പ്രസ്‌തുത സമ്മേളനം വൈകീട്ട്‌ 4 മണിയ്‌ക്ക്‌ സ്റ്റാഫൊര്‍ഡ്‌ സിറ്റിയിലുള്ള ഹെരിറ്റേജ്‌ ഇന്‍ഡ്യ റെസ്റ്റൊറന്റില്‍ സമ്മേളിച്ചു. `ഉയരുന്ന സാമ്പത്തികം തകരുന്ന സംസ്‌ക്കാരം' എന്ന വിഷയത്തെക്കുറിച്ചായിരുന്നു മുഖ്യപ്രഭാഷണവും ചര്‍ച്ചയും. മണ്ണിക്കരോട്ടിന്റെ അദ്ധ്യക്ഷതിയില്‍ നടന്ന സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോട്‌ ആരംഭിച്ചു. സ്വാഗതപ്രസംഗത്തിനു ശേഷം മുഖ്യപ്രഭാഷണം ആരംഭിച്ചു.

മണ്ണിക്കരോട്ടിന്റെ പ്രഭാഷണത്തില്‍ അമേരിക്കയിലെ മലയാളികളുടെ സാമ്പത്തിക നേട്ടത്തിനും കാലത്തിന്റെ മാറ്റത്തിനുമൊത്ത്‌ സംസ്‌ക്കാരം വളരുന്നില്ല എന്ന ഊന്നല്‍ പ്രകടമായിരുന്നു. നേതൃനിരയിലുള്ളവരാണ്‌ ഇത്തരം സംസ്‌ക്കാര തകര്‍ച്ചെയ്‌ക്ക്‌ പ്രധാന കാരണം. ദീര്‍ഘവീക്ഷണമില്ലാത്ത നൈമിഷികമായ നേട്ടം ലക്ഷ്യമാകുമ്പോള്‍ സാംസ്‌ക്കാരം വളരുകയല്ല തളര്‍രുകയാണ്‌ ചെയ്യുന്നതെന്ന്‌ അദ്ദേഹം അറിയിച്ചു.

അമേരിക്കയിലെ മലയാളികളുടെ സാംസ്‌ക്കാരിക വളര്‍ച്ചയില്‍ ഒരു സമൂലമാറ്റം അനിവാര്യമാണ്‌. അതിന്‌ ഇന്നത്തെ നേതാക്കള്‍ കാലത്തിന്റെ മുന്നേറ്റം മനസ്സിലാക്കണം. ഒന്നുമില്ലാതെ അക്ഷരാഭ്യാസംപോലുമില്ലാതെ അമേരിക്കയില്‍ കടന്നുകൂടിയിട്ടുള്ള പഞ്ചാബികളും ഗുജറാത്തികളും ഇന്ന്‌ അമേരിക്കയുടെ ഉന്നതശൃംഗങ്ങളിലെല്ലാം തങ്ങളുടെ സജീവ സാന്നിദ്ധ്യം ഉറപ്പിച്ചുകഴിഞ്ഞിരിക്കുന്നു. തങ്ങളില്‍ കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതില്‍ അവര്‍ കാണിക്കുന്ന മനോഭാവം നമ്മള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കണം.

മലയാളികളിലെ നേതൃത്വം പണംകൊണ്ട്‌ തുലാഭാരം ചെയ്യാതെ; അറിവ്‌, കഴിവ്‌, പരിചയം, പക്വത മുതലയാ മൂല്യങ്ങളില്‍ ഉറച്ചതാകണം. നമ്മുടെ കുറവുകളും ആവശ്യങ്ങളും മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിയുന്നവര്‍ക്കും അവസരം കൊടുക്കണം. അതോടൊപ്പം പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ നന്മകള്‍ ഉള്‍ക്കൊണ്ട്‌ ജീവിതരീതിയില്‍ മാറ്റം വരുത്തണം. എങ്കില്‍ മാത്രമെ അമേരിക്കയില്‍ മലയാളികളുടെ സംസ്‌ക്കാരം ഉയരുകയുള്ളു. മണ്ണിക്കരോട്ട്‌ അറിയിച്ചു.

മുഖ്യപ്രഭാഷണത്തിനു ശേഷം നടന്ന ചര്‍ച്ച വളരെ സജീവമായിരുന്നു. ജി. പുത്തന്‍കുരിശ്‌, എ.സി. ജോര്‍ജ്‌, ജോളി വില്ലി, സക്കറിയ വില്ലി, ടി.എന്‍. സാമുവല്‍, ഡോ. മോളി മാത്യു, വി.ഒ. വര്‍ഗീസ്‌, ജോണ്‍ കുന്നത്ത്‌. തോമസ്‌ വര്‍ഗ്ഗീസ്‌, മാത്യു വര്‍ക്കി, സുരേഷ്‌ ചിയേടത്ത്‌, മാത്യു നെല്ലിക്കുന്ന്‌, നൈനാന്‍ മാത്തുള്ള, ഈശോ ജേക്കബ്‌ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

എഴുത്തുകാരനായ എ.സി. ജോര്‍ജിന്റെ നന്ദി പ്രസംഗത്തോടെ സമ്മേളനം സമാപിച്ചു, മലയാളം സൊസൈറ്റിയെക്കുറിച്ച്‌ വിവരങ്ങള്‍ക്ക്‌: മണ്ണിക്കരോട്ട്‌ (പ്രസിഡന്റ്‌) 281 857 9221, ജോളി വില്ലി (വൈസ്‌ പ്രസിഡന്റ്‌) 281 998 4917, ജി. പുത്തന്‍കുരിശ്‌ (സെക്രട്ടറി) 281 773 1217
മലയാളം സൊസൈറ്റി ഓഫ്‌ അമേരിക്ക: `ഉയരുന്ന സാമ്പത്തികം തകരുന്ന സംസ്‌ക്കാരം'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക