Image

ഭൗതിക ജീര്‍ണ്ണതകളുടെ അവശിഷ്ടങ്ങള്‍: വി.ജി. തമ്പി

വി.ജി. തമ്പി Published on 22 March, 2012
ഭൗതിക ജീര്‍ണ്ണതകളുടെ അവശിഷ്ടങ്ങള്‍: വി.ജി. തമ്പി

നാഗരികതകള്‍ അതുണ്ടാക്കിയ മാലിന്യമലകളില്‍ തന്നെ അടക്കം ചെയ്യപ്പെടാനാണ്‌ സാധ്യത. വായുവിലും വെള്ളത്തിലും മണ്ണിലും ഭാഷയിലും സംസ്‌കാരത്തിലും രാഷ്ട്രീയത്തിലും മതത്തിലും മാധ്യമങ്ങളിലും മാര്‍ക്കറ്റിലും മാലിന്യങ്ങള്‍ അടിഞ്ഞുകൂടുകയാണ്‌. ഖരദ്രവ്യ ആണവമാലിന്യങ്ങള്‍ ഉണ്ടാക്കുന്ന നിയന്ത്രിക്കാനാവാത്ത വിപത്തുകളുടെ ദുരന്തങ്ങള്‍ മാത്രമല്ല മാനുഷ്യനാഗരികത ഇന്ന്‌ നേരിടുന്നത്‌. തീര്‍ച്ചയായും മനുഷ്യനുണ്ടാക്കുന്ന ഭൗതിക ജീര്‍ണ്ണതകളുടെ അവശിഷ്ടങ്ങള്‍ എവിടെ സംസ്‌കരിക്കണമെന്നറിയാതെയുള്ള മാലിന്യഭീഷണി അതീവ ഗുരുതരമായ അവസ്ഥതന്നെയാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. അതോടൊപ്പം മനുഷ്യരിലേക്ക്‌ പടര്‍ന്നുകയറുന്ന ആന്തരിക വൈരുപ്യങ്ങളുടെ മാലിന്യഭാരവും ഇതോടൊപ്പം ചര്‍ച്ച ചെയ്യപ്പെടണം. ആര്‍ത്തികൊണ്ടും ആസക്തിക്കൊണ്ടും ഹിംസകൊണ്ടും വര്‍ഗ്ഗീയതകൊണ്ടും വംശീയസ്‌പര്‍ദ്ധകള്‍ക്കൊണ്ടും അഴിമതികൊണ്ടും മനുഷ്യജീവിതത്തിന്റെ അതിജീവനസാധ്യതകള്‍ തന്നെ തകര്‍ന്നുപോകുന്നു. ഉത്‌പാദനത്തിനും ഉപഭോഗത്തിനുമപ്പുറം മനുഷ്യജീവിതത്തിന്‌ മറ്റൊരു ലക്ഷ്യമില്ലാതായിരിക്കുന്നു. പുറമേക്ക്‌ കണ്ണഞ്ചിപ്പിക്കുന്ന പുരോഗതിയുടെ വേഷംകെട്ടലില്‍ മനുഷ്യന്റെ പൊള്ളയായ ശരീരത്തില്‍ ഉപഭോഗാസക്തിയുടെ തീ മാത്രമാണ്‌ എരിയുന്നത്‌. അയാള്‍ കൂടുതല്‍ അസന്തുലിതനും അരക്ഷിതനുമായിരിക്കുന്നു. സ്വതന്ത്രവിപണിയുടെ വേദാന്തങ്ങള്‍ക്കപ്പുറം മതങ്ങള്‍ക്കോ രാഷ്ട്രീയത്തിനോ മാധ്യമത്തിനോ മറ്റൊന്നും മുന്നോട്ടുവെയ്‌ക്കാനില്ല. മാലിന്യങ്ങളില്ലാത്ത മറ്റൊരു ജീവിതം സാധ്യമാണോ എന്ന ചോദ്യത്തിനു മുന്നിലാണ്‌ മനുഷ്യരാശി സ്‌തംഭിച്ചു നില്‍ക്കുന്നത്‌. ജാതിവര്‍ഗ്ഗ വര്‍ണ്ണ ലിംഗഭേദങ്ങള്‍ വെട്ടിമുറിച്ചിട്ട ഈ ലോകത്തില്‍ മനുഷ്യര്‍ക്ക്‌ ഒന്നായി ജീവിക്കാനുള്ള സാധ്യതകള്‍ എന്തെങ്കിലും ബാക്കിയുണ്ടോ? ചരിത്രത്തിന്റെയും ഭാവനയുടെയും അന്ത്യമെന്ന്‌ വിധിയെഴുതി തള്ളാവുന്ന വിധം മനുഷ്യജീവിതം ഒരു അസംബന്ധ ദുരന്തനാടകത്തിന്റെ അന്ത്യരംഗത്തിലെത്തിയോ? നമുക്ക്‌ കൂടുതല്‍ സാമൂഹ്യനീതിയാണ്‌ ആവശ്യമായിരിക്കുന്നത്‌. സ്വതന്ത്രവിപണിയുടെ ലോകം അളവറ്റ അനീതിയുടെയും അസമത്വങ്ങളുടെയും വിരൂപമായ സമൂഹങ്ങളെയാണ്‌ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്‌. ഉത്‌പാദനവും ഉപഭോഗവും മാത്രമാണോ മനുഷ്യജീവിതത്തിന്‌ അര്‍ത്ഥം കൊടുക്കുന്നത്‌. എല്ലാ മഹത്തായ മതങ്ങളും ദര്‍ശനങ്ങളും മനുഷ്യനെ ഒരു ആര്‍ത്തിക്കാരനായ ഉപഭോക്താവ്‌ എന്നതിലുപരി സ്രഷ്ടാവായിട്ടാണ്‌ പരിഗണിക്കുന്നത്‌. നമുക്ക്‌ നമ്മുടെ ജീവിതത്തെ സാമ്പത്തികശാസ്‌ത്രത്തിന്റെ അളവുകളിലേക്ക്‌ ചുരുക്കാനാവില്ല. സാമൂഹിക നീതി പുലരാത്ത സമൂഹം ഒരു നല്ല സമൂഹമല്ല. കവിതയില്ലാത്ത സമൂഹം സ്വപ്‌നങ്ങളില്ലാത്തതാണ്‌. അര്‍ത്ഥശൂന്യമായ പൊള്ളയായ ശബ്ദങ്ങളുടേതുമാത്രമാണ്‌. വ്യക്തികളെ തമ്മില്‍ കൂട്ടിയിണക്കുന്ന വിനിമയങ്ങളുടെ പാലങ്ങള്‍ തകര്‍ന്നുപോയിരിക്കുന്നു. ജീവിതത്തില്‍ കവിതയെ തള്ളിക്കളയുന്ന സമൂഹം ആത്മീയമൃത്യുവിലേയ്‌ക്കാണ്‌ നടന്നടുക്കുന്നത്‌......

നമ്മുടെ കാലഘട്ടത്തിലെ മഹാനായ കവി ഒക്ടോവിയാ പാസിന്റെ നിരീക്ഷണങ്ങളിലൂടെയാണ്‌ കടന്നുപോയത്‌. മെല്ലെ മെല്ലെ തെളിഞ്ഞുവരുന്ന ഉള്‍വെളിച്ചമുള്ള ആ കാഴ്‌ചകള്‍ നമ്മുടെ ലോകത്തെ നല്ലവണ്ണം അടയാളപ്പെടുത്തുന്നുണ്ട്‌. സാമൂഹ്യനീതിയുടെ ശ്വാസപടലങ്ങള്‍ ഞരമ്പുകളില്‍ പടര്‍ന്നുകയറുമ്പോഴാണ്‌ മനുഷ്യജീവിതം നകളിലേക്ക്‌ രൂപാന്തരപ്പെടുന്നത്‌. എന്നാല്‍ ആഗോളീകരണം എല്ലാവിധ രൂപാന്തരീകരണ സാധ്യതകളെയും തകര്‍ക്കുന്നു. നമ്മെ നിലനിര്‍ത്തുന്ന വിശപ്പുകളെന്താണ്‌? ഓരോ ജീവിതത്തെയും പമ്പരം കറക്കുന്ന അഗ്‌നിയെന്താണ്‌? മാര്‍ക്കറ്റിന്റെ അന്ധശക്തികളാണ്‌ നമ്മുടെ വിശപ്പുകളെയും ദാഹങ്ങളെയും നിയന്ത്രിക്കുന്നത്‌. നമുക്ക്‌ പുഴകള്‍ വേണ്ട. പുഴകളുടെ നല്ല ചിത്രങ്ങള്‍ മതി. സൗന്ദര്യത്തിലല്ല സെക്‌സിലാണ്‌ ഉട്‌അല്‍ തിരിച്ചറിയപ്പെടുന്നത്‌. സാമൂഹ്യനീതിയില്‍ വിശ്വാസമില്ല. ആത്മീയസ്വാതന്ത്ര്യത്തിനായുള്ള ദാഹമില്ല. അതിനാല്‍ പുഴകളല്ല പുഴകളുടെ ചിത്രങ്ങള്‍ കണ്ടാണ്‌ നാം ദാഹം തീര്‍ക്കുന്നത്‌. സ്‌നേഹത്തെ ആശ്രയിക്കാത്ത ലൈംഗികബന്ധങ്ങള്‍, ഉത്തരവാദിത്വങ്ങളില്ലാത്ത സാമൂഹിക ജീവിതം, അഴിമതിയില്‍ മാത്രം പുലരുന്ന ഭരണകൂടങ്ങള്‍, ദൈവത്തെ പടിയിറക്ക!ിവിട്ട മതങ്ങള്‍, വിപണിയുടെ കൂട്ടിക്കൊടുപ്പുകാരായ മാധ്യമസമൂഹം, ബുദ്ധിയെയും ഹൃദയത്തേയും വിഘടിപ്പിച്ചുനിര്‍ത്തിയ വിദ്യാലയങ്ങള്‍... ഉദാരവല്‍ക്കരണങ്ങള്‍ എന്നാല്‍ കമ്പോളവല്‍ക്കരണം എന്നുമാത്രമാണ്‌ അര്‍ത്ഥം. ആത്മാവിനെ പണയം വെച്ചുകൊണ്ടുളള ഭൗതിക പുരോഗതിയുടെ പാച്ചില്‍ ജീവിതത്തെ മാലിന്യകൂമ്പാരമാക്കിക്കഴിഞ്ഞു.

ഇരുപതാം നൂറ്റാണ്ടിന്റെ നെടുംതൂണുകളായി കരുതിയവയെല്ലാം അടിതെറ്റി വീണിരിക്കുന്നു. ഭീമാകാരമായ ഫിനാന്‍സ്‌ മൂലധന ശക്തികളെ ചെറുക്കാന്‍ സിവില്‍ സമൂഹത്തിന്‌ പുതിയ നൈതിക മാനദണ്ഡങ്ങള്‍ കണ്ടെത്തേണ്ടിവരും. പുതിയ ലോകക്രമത്തില്‍ മനുഷ്യന്റെ ഭാവനകളാണ്‌ ഏറ്റവുമധികം കയ്യേറ്റം ചെയ്യപ്പെടുന്നത്‌. മനുഷ്യന്റെ സ്വപ്‌നങ്ങളെയാണ്‌ ആദ്യം ഛേദിക്കുന്നത്‌. നമ്മുടെ ജീവിതം വ്യാജമോ സത്യമോ എന്നു തിരിച്ചറിയാനുള്ള ജൈവദര്‍ശനമാണ്‌ പുതിയ അന്വേഷണങ്ങളുടെയെല്ലാം കാതല്‍. സുതാര്യതയുടെ സൗന്ദര്യമുള്ള ജീവിതക്രമത്തെയാണ്‌ ഇതിനായി നാം സ്വപ്‌നം കാണേണ്ടത്‌. മറ്റൊരു ജീവിതത്തിനായുള്ള ബദല്‍ അന്വേഷണങ്ങള്‍ക്ക്‌ ആത്മീയസജ്ജീകരണം നേടുക എന്നതാണ്‌ പ്രധാനം. ഭാവി നമുക്കായി കരുതിവെച്ചിരിക്കുന്ന സാമൂഹ്യ നീതിയുടെ ലോകത്തെ ശ്വസിക്കാന്‍ നമുക്ക്‌ കഴിയണം. അകത്തും പുറത്തും കുമിഞ്ഞു കൂടുന്ന മാലിന്യ മലകളെ വെട്ടിമാറ്റിക്കൊണ്ട്‌, അവിടെ തുടങ്ങണം മറ്റൊരു ജീവിതത്തിന്റെ വീണ്ടെടുപ്പ്‌. അപ്പോള്‍ മാത്രം, വചനത്താല്‍ വെളിപ്പെട്ട നമ്മുടെ ലോകം കഴുകി വെടിപ്പാക്കപ്പെടും. കവിതകൊണ്ട്‌ പ്രബുദ്ധമാകും. ബോധോദയത്തിന്റെ വെളിച്ചം കാലത്തെ അളന്നെടുക്കും.

ഭൗതിക ജീര്‍ണ്ണതകളുടെ അവശിഷ്ടങ്ങള്‍: വി.ജി. തമ്പി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക