Image

ബാല അടിമകള്‍ - കൊച്ചേച്ചി

ത്രേസ്യാമ്മ തോമസ്, നാടാവള്ളില്‍ (കൊച്ചേച്ചി) Published on 20 March, 2012
ബാല അടിമകള്‍ - കൊച്ചേച്ചി
എന്നെ ഏറ്റവും വിഷമിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന വിഷയം ഏതെന്നു ചോദിച്ചാല്‍ എന്റെ ഉത്തരം പെട്ടെന്നായിരിക്കും. 'ബാല അടിമത്തം'.

കൂലിപോലുമില്ലാതെ മണിക്കൂറുകളോളം കാഞ്ചീപുരം സാരിയുടെ ഊടും പാവും നെയ്യുന്ന: ദില്ലിയിലെയും മുബൈയിലെയും ഫാക്ടറികളില്‍ അഞ്ചുരൂപയ്ക്കു പന്ത്രണ്ടു മണിക്കൂറും പണിചെയ്യുന്ന; നരബലിക്കുവേണ്ടി ബ്രിട്ടനിലും ആഫ്രിക്കയിലും പാര്‍പ്പിച്ചിരിക്കുന്ന; അവയവ മോഷണത്തിനായി കൂട്ടത്തോടെ അടച്ചിട്ടിരിക്കുന്ന; ഒരു ദിവസം എത്രയോ പേരുടെ കാമപൂരണത്തിനായി വേശ്യാലയങ്ങളില്‍ കഴിയുന്ന കുഞ്ഞുബാല്യങ്ങള്‍! കളിയും ചിരിയും മറന്ന, ഒന്നുറക്കെ കരയാന്‍ പോലും കഴിയാത്ത നിസ്സഹായതയുടെ ബലിയാടുകള്‍! അവരുടെ മുഖം മനസ്സില്‍ തെളിയുമ്പോള്‍ എല്ലാ സന്തോഷങ്ങളും മറന്നുപോകുന്ന അവസ്ഥ വന്നു ചേരുന്നു.

മാതാപിതാക്കള്‍ വീട്ടിലെ പട്ടിണിമാറ്റാന്‍ മോഹന വാഗ്ദാനങ്ങളുമായി വരുന്നവര്‍ക്ക് കുട്ടികളെ വിറ്റുകഴിഞ്ഞാല്‍ അവര്‍ അന്നു മുതല്‍ അടിമകളായി മാറുന്നു. പുറംലോകം അവര്‍ക്ക് അന്യമാകുന്നു. ഭക്ഷണവും വെള്ളവും കിട്ടി ജോലിചെയ്യുന്ന വെറും മൃഗങ്ങളായി മാറുന്നു. ആഗോള മാര്‍ക്കറ്റുകളിലേക്ക് കൈമാറ്റം ചെയ്യാവുന്ന വെറും അറവുമാടുകള്‍!

ഇന്നു ലോകത്ത് ആകമാനം പത്തുകോടി അടിമകളുണ്ടെന്നാണ് കണക്ക്. 1808-ല്‍ അടിമക്കച്ചവടം നിര്‍ത്തിയെങ്കില്‍ അതില്‍ എത്രയോ കൂടുതലാണ് ഇന്ന് അടിമത്തം. മയക്കുമരുന്നു കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ നിയമവിരുദ്ധ വ്യവസായമാണിത്. പണ്ട് പരിമിതമായ തോതില്‍ നടന്നിരുന്ന അടിമവ്യാപാരത്തിനു പകരം ഇന്ന് ലോകവ്യാപകമായി വന്‍ വ്യവസായമായി ഇതു വളര്‍ന്നിരിക്കുന്നു. രാജ്യങ്ങളായും ഭൂഖണ്ഢങ്ങളായും തിരിച്ച് ആസൂത്രിതമായി ചെയ്യുന്ന വന്‍ വ്യവസായം! പ്രതിവര്‍ഷം നാല്പതിനായിരം കോടി ഡോളറിന്റെ അടിമക്കച്ചവടം! നമ്മുടെ കൊച്ചുകേരളത്തിലും അതിന്റെ അനുകരണനങ്ങളാണ് നാം കാണുന്നത്.

നാം എവിടെ എത്തി നില്‍ക്കുന്നു എന്നാലോചിക്കുമ്പോള്‍ പകച്ചുപോകുകയാണ്. ശക്തമായ പിന്തുണ ഭരണമേധാവികളില്‍ നിന്നുപോലും ലഭിക്കുമ്പോള്‍ ഈ കച്ചവടം മേല്‍ക്കുമേല്‍ പുഷ്ടിപ്രാപിക്കാതെ തരമില്ലല്ലൊ. ഈ വ്യാപാരം നടക്കുന്ന പ്രധാന കേന്ദ്രം ബ്രിട്ടനാണ്. ദുബായ് ലൈംഗിക കച്ചവടത്തിന്റെ അന്താരാഷ്ട്ര നഗരമായി പ്രഖ്യാപിച്ചിരിക്കുന്നു.

വിലയ്ക്കു വാങ്ങപ്പെട്ട ഒരു പന്ത്രണ്ടുകാരി പെണ്‍കുട്ടിയുടെ മുറിയിലേക്ക് ആദ്യമായി കൊണ്ടുവരപ്പെട്ടെ പുരുഷനെ കണ്ടപ്പോള്‍ താന്‍ എന്താണ് ഇയാള്‍ക്കുവേണ്ടി ചെയ്യേണ്ടത് എന്നു ചോദിച്ച ബാലികയുടെ മുഖം! അത്രയ്ക്കു നിഷ്‌ക്കളങ്കയായ ഒരു കുട്ടിയോടു ലോകം ചെയ്യുന്ന കൊടുംക്രൂരത! ഇങ്ങനെ ചവിട്ടിമെതിക്കപ്പെടുന്ന എത്ര ബാല്യകൗമാരങ്ങള്‍!

നരബലിക്കായി കൊണ്ടുപോകുന്നവരില്‍ കൂടുതലും ആഫ്രിക്കന്‍ വംശജരാണ്. കറുത്ത കുഞ്ഞുങ്ങളുടെ നീചരക്തം അതിനു പറ്റിയതാണെന്ന വെളുത്ത വര്‍ഗ്ഗം വിശ്വസിക്കുന്നു. വിദേശത്തേക്കു വില്ക്കപ്പെടുന്ന കുട്ടികള്‍ ദുര്‍മന്ത്രവാദികളുടെ പിടിയിലമരുന്നു. തല, കൈ, കാല് തുടങ്ങിയവയില്‍ മുറവുണ്ടാക്കി ചോരചോര്‍ത്തിയെടുക്കുകയും; നാക്കുമുറിച്ച് നിശബ്ദരാക്കുകയും ചെയ്യുന്നു. പിന്നീട് നരബലി ആവശ്യമുള്ളവര്‍ക്കു കൊടുക്കുകയും ചെയ്യുന്നു. ഇതെല്ലാം വെളിപ്പെടുത്തുന്ന ഏജന്റുമാര്‍ ഭയരഹിതരാണ്. കാരണം അവര്‍ പലതരത്തിലും സുരക്ഷിതരാണെന്നതാണ്.

ഉഗാണ്ടയില്‍ നിന്നും നാല് വര്‍ഷത്തിനുള്ളില്‍ ഒന്‍പതിനായിരം കുട്ടികളെ കാണാതായതായി കണക്ക്. നമ്മുടെ നാട്ടിലും എത്രയോ കുട്ടികള്‍ കാണാതാകുന്നു. അവര്‍ എവിടെയൊക്കെയായിരിക്കുമോ ചെന്നുപെട്ടിരിക്കുക?
ബാല അടിമകള്‍ - കൊച്ചേച്ചി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക