Image

ആത്മ സാക്ഷാത്ക്കാരത്തിന്റെ വേറിട്ട വഴികള്‍

ത്രേസ്യാമ്മ തോമസ്, നാടാവള്ളില്‍ (കൊച്ചേച്ചി) Published on 15 March, 2012
ആത്മ സാക്ഷാത്ക്കാരത്തിന്റെ വേറിട്ട വഴികള്‍
ഡിസംബറിന്റെ പുണ്യദിനങ്ങളില്‍ ഉണ്ണിയേശുവിനു പിറക്കാന്‍ എന്റെ ഹൃദയത്തിന്റെ ആഴത്തില്‍ ഒരു നനുത്ത ശയ്യ ഒരുക്കുവാന്‍ മറിയവും യൗസേഫും സന്തോഷത്തിന്റെ അടരുകള്‍ സൃഷ്ടിക്കുമ്പോള്‍ പ്രത്യേകമായ വായനയ്ക്ക് ഞാന്‍ തിരഞ്ഞെടുത്ത ഗ്രന്ഥമാണ് സിദ്ധാര്‍ത്ഥ. നോബേല്‍ സമ്മാന ജേതാവായ ഹെര്‍മ്മന്‍ ഹെസ്സെയുടെ വിശ്വവിഖ്യാതമായ നോവല്‍.

ജീവിതത്തിന്റെ പലതട്ടുകളിലൂടെ കടന്ന് ആത്മാസാക്ഷാത്ക്കാരം നേടുന്ന സിദ്ധാര്‍ത്ഥ എന്ന യുവാവിന്റെ കഥയാണത്. മനസ്സിന്റെ തലത്തില്‍ നിന്നും ശരീരത്തിന്റെയും പിന്നെ ആത്മാവിന്റെ തലത്തിലേയക്കും പോകുന്ന ഈ കഥ ആദ്യന്തം ആകാംക്ഷയോടെ വായിച്ചു തീര്‍ക്കാന്‍ സാധിക്കുന്നു.

സിദ്ധാര്‍ത്ഥനും കളിക്കൂട്ടുകാരനായ ഗോവിന്ദനും ഒന്നിച്ചാണ് ഗുരുകുലത്തില്‍ പഠിക്കുന്നതും വ്രതാനുഷ്ഠാനങ്ങളില്‍ ഏര്‍പ്പെടുത്തുന്നതും അച്ഛന്മമാര്‍ക്കു പ്രയങ്കരമാകുന്നതും, സംയമനത്തിന്റെ , യൗവനത്തിന്റെ നാളുകളില്‍ രണ്ടുപേരും മാതാപിതാക്കളെ വിട്ട് ശ്രമണ സന്യാസിമാരാകുന്നു. ആയിടയ്ക്ക് ഗൗതമബുദ്ധനെ കാണുകയും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളും ആശയങ്ങളും മനസ്സിലാക്കുകയും ചെയ്യുന്നു. ഗോവിന്ദന്‍ ബുദ്ധശിഷ്യനായി മാറുന്നു. എന്നാല്‍ സിദ്ധാര്‍ത്ഥന്‍ ഗൗതമബുദ്ധന്റെ ആശയങ്ങളോടു യോജിക്കാതെ എല്ലാ ആചാര്യന്മാരെയും ഉപേക്ഷിച്ച് തന്റെ വഴിക്കു പോകുന്നു. കാമകലയില്‍ നിപുണയായ കമല എന്ന ദേവദാസി നല്‍കുന്ന സുഖങ്ങളിലും കാമസ്വാമിയോടു ചേര്‍ന്നുള്ള ലൗകിക നേട്ടങ്ങളിലും മനസ്സുടക്കി വര്‍ഷങ്ങള്‍ കടന്നുപോകുന്നു. പക്ഷെ അതൊന്നും സിദ്ധാര്‍ത്ഥന് പരിപൂര്‍ണ തൃപ്തി നല്‍കിയില്ല. ഒടുവില്‍ തന്റെ കൊട്ടാര സദൃശ്യമായ മാളികയും കമലയേയും ഉപേക്ഷിച്ച് പഴയ സന്യാസിയായി സിദ്ധാര്‍ത്ഥ തിരിച്ചു പോകുന്നു.

അദ്ദേഹം നദിക്കരയില്‍ പഴയ ഒരു പരിചയക്കാരനായ വാസുദേവന്‍ എന്ന തോണിക്കാരന്റെ അടുത്തെത്തി; ജീവിതം തുടങ്ങുന്നു. അവിടെ നദിയെ ഏകാഗ്രതയോടെ നോക്കിയിരുന്ന സിദ്ധാര്‍ത്ഥന്‍ പരിചിതമായ എല്ലാ മുഖങ്ങളും കൂടികലര്‍ന്ന് ഒഴുകുന്നത്; എല്ലാ ശബ്ദങ്ങളും ലയിച്ച് ഒന്നായിത്തീരുന്നത് അിറയുന്നു. എല്ലാ മനുഷ്യരും താളാത്മകമായ കാലാതീതമായ ഒരേക ഭാവത്തില്‍ പരസ്പരം ഖണ്ഡിക്കപ്പെട്ടിരിക്കുന്നത് അറിയുന്നു. യോഗാത്മക ചിന്തയിലേക്കും ജ്ഞാനോദയത്തിലേക്കും കടന്നുവന്ന അദ്ദേഹത്തിന്റെ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു. ആത്മീയമായ ബോധോദയം ഉണ്ടാകുന്നതുവരെ അശാന്തിയനുഭവിച്ച ബ്രാഹ്മണ യുവാവിന്റെ കഥ നല്ല വായനാനുഭവമാണ്.

രണ്ടു വ്യത്യസ്ഥമായ ജീവിത ദര്‍ശനങ്ങളാണ് സിദ്ധാര്‍ത്ഥ തരുന്നത്. രണ്ടു ബുദ്ധന്മാരുടെ കഥയാണത്. രണ്ടു സിദ്ധാര്‍ത്ഥന്മാരുടെ , ഗൗതമബുദ്ധന്‍ എന്ന സിദ്ധാര്‍ത്ഥനും ഹെസ്സെയുടെ ആത്മസൃഷ്ടിയായ സിദ്ധാര്‍ത്ഥനും. പൗരസ്ത്യ സംസ്‌ക്കാരത്തിന്റെ മാതൃകയായ ഗൗതമബുദ്ധന്‍ ജീവിത നിഷേധത്തിലൂടെ ആത്മസാക്ഷാത്ക്കാരം നേടുമ്പോള്‍ പാശ്ചാത്യ മാതൃകയായ സിദ്ധാര്‍ത്ഥ ജീവിതത്തിന്റെ എല്ലാ സുഖങ്ങളും അനുഭവിച്ച് അവസാനം അതിന്റെ നിസ്സാരത മനസ്സിലാക്കി ആത്മസാക്ഷാത്ക്കാരത്തിലെത്തിച്ചേരുന്നു.

ഒരു നല്ല വായനക്കാരന്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട മനോഹരമായ ഒരു നോവലാണിത്.

(ഹെര്‍മന്‍ ഹെസ്സെ 1877 ല്‍ ജര്‍മ്മനിയിലെ കാല്‍വില്‍ ജനിച്ചു. Steppenwolf, Narcissus and Goldmund, Glass Bead എന്നിവ അദ്ദേഹത്തിന്റെ നോവലുകളാണ്. 1946-ല്‍ നോബല്‍ സമ്മാനം ലഭിച്ചു. 1962-ല്‍ മരിച്ചു.)
ആത്മ സാക്ഷാത്ക്കാരത്തിന്റെ വേറിട്ട വഴികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക