Image

ജയ് ശ്രീരാം! സരയൂ, നിന്റെ തീരങ്ങളിലേക്ക് വീണ്ടും(ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 27 March, 2017
ജയ് ശ്രീരാം! സരയൂ, നിന്റെ തീരങ്ങളിലേക്ക് വീണ്ടും(ദല്‍ഹികത്ത് : പി.വി.തോമസ്)
അയോദ്ധ്യയിലെ സരയൂ നദിക്കരയിലെ രാജജന്മഭൂമി-ബാബരി മസ്ജിദ് തര്‍ക്കത്തിന് നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ട്. ആധുനിക ഭാരതതത്തിന്റെ ചരിത്രത്തില്‍ തന്നെ ഏഴ് പതിറ്റാണ്ടുകളോളം പഴക്കമുള്ള കലഹ ഭൂമിയാണ് അത്. അത് വീണ്ടും സജീവം ആവുകയാണ്.

കാഷായ വസ്ത്രധാരിയായ ഒരു ഹിന്ദുസന്യാസിയോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആയി സ്ഥാനം എടുത്തത് മാത്രം അല്ല ഇതിനു കാരണം. മറിച്ച് സുപ്രീം കോടതിയുടെ രണ്ട് പരാമര്‍ശനങ്ങള്‍ ആണ്. മാര്‍ച്ച് ആറാം തീയതിയിലെ ആദ്യ പരാമര്‍ശനത്തില്‍ സുപ്രീംകോടതി രാമജന്മഭൂമി-ബാബറി മസ്ജിദ് കേസില്‍ മുന്‍ ഉപപ്രധാനമന്ത്രിയും ബി.ജെ.പി.യുടെ മുതിര്‍ന്ന നേതാവുമായ എല്‍.കെ.അദ്വാനിക്കെതിരായിട്ടുള്ള ഗൂഢാലോചന കേസ് കീഴ്‌ക്കോടതി റദ്ദാക്കിയതും അതിനെ അലഹബാദ് ഹൈക്കോടതി ശരിവെച്ചതും പ്രഥമദൃഷ്ട്യാ തെറ്റാണെന്ന് കണ്ടെത്തി. ഗൂഢാലോചന കേസില്‍ മുരളി മനോഹര്‍ ജോഷിയും ഉമാഭാരതിയും ഉള്‍പ്പെട്ടിരുന്നു. സുപ്രീം കോടതി ആ കേസ് വീണ്ടും തുറക്കുകയാണ് സി.ബി.ഐ.യുടെ ഒരു അപ്പീലിനെ തുടര്‍ന്ന്. രണ്ടാമത്തെ പരാമര്‍ശനത്തിന് ചീഫ് ജസ്റ്റീസ് ഖെഹാര്‍ സിംങ്ങ് അടങ്ങുന്ന ബഞ്ച് രാമം മന്ദിര്‍  ബാബരി മസ്ജിദ് കേസ് കഴിയുമെങ്കില്‍ കോടതിക്ക് വെളിയില്‍ ഒത്തുതീര്‍പ്പില്‍ തീര്‍ക്കണമെന്ന് നിര്‍ദ്ദേശിച്ചു.
ഇത് എല്ലാവരെയും അത്ഭുതപ്പെടുത്തിയ ഒരു നീക്കം ആയിരുന്നു. ഇങ്ങനെ ഒരു പരാമര്‍ശനം മുഖ്യ ന്യായാധിപന്‍ നടത്തിയത് ബി.ജെ.പി. എം.പി. സുബ്രമണ്യന്‍ സ്വാമി സമര്‍പ്പിച്ച ഒരു അപ്പീല്‍ കേള്‍ക്കവെ ആണ്. അപ്പീലില്‍ സ്വാമി രാമക്ഷേത്ര ബാബരി മസ്ജിദ് എത്രയും വേഗം ഒരു തീരുമാനത്തില്‍ എത്തിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഈ രണ്ട് സംഭവ വികാസങ്ങളും അയോധ്യ രാഷ്ട്രീയത്തെ വീണ്ടും ചൂട് പിടിപ്പിച്ചിരിക്കുകയാണ്.

രാം ജന്മഭൂമി-ബാബരി മസ്ജിദിന്റെ ചരിത്രം ആധുനിക ഇന്‍ഡ്യ ചരിത്രത്തിലെ സുപ്രധാനമായ ഒരു ഏട് ആണ്. മറ്റ് യാതൊരു വിഷയവും ഇതു പോലെ ഒരു മതധ്രൂവീകരണത്തിന് വഴിതെളിച്ചിട്ടില്ല. കലാപകലുഷിതമായി രക്തം ചിന്തിയിട്ടില്ല.

ചരിത്രം വളരെ പഴയതാണ്. അതിനാല്‍ ചരിത്രാഖ്യാനത്തിന് പ്രസക്തിയുണ്ട്. 11 ലക്ഷത്തിലേറെ പഴക്കമുള്ള ത്രേതായുഗത്തിന്റെ അത്ര പഴക്കം ഉണ്ട് അതിന്. എന്നാല്‍ 16-ാം നൂറ്റാണ്ടിലാണ് കഥയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. മൂന്നാംഘട്ടം 1949-ലും. 1526-ല്‍ ലോദിവംശത്തിലെ എബ്രഹാം ലോദിയെ പാനിപ്പട്ടില്‍ വച്ച് തോല്‍പിച്ച് ബാബര്‍ മുഗള്‍ ഭരണത്തിന്റെ ആരംഭം കുറിച്ചു. 1528-ല്‍ ബാബറി മസ്ജിദ് അയോദ്ധ്യയില്‍ ബാബറുടെ മന്ത്രി സ്ഥാപിച്ചു. ഒരു ഹിന്ദുക്ഷേത്രം നശിപ്പിച്ചിട്ടാണ് ഈ മസ്ജിദ് അവിടെ നിര്‍മ്മിച്ചത് എന്ന ആരോപണം ആണ് ഈ വസ്തുതര്‍ക്കത്തിന്റെ മൂലാധാരം. നശിപ്പിക്കപ്പെട്ട ക്ഷേത്രം രാമജന്മഭൂമിയില്‍ നിലനിന്നിരുന്ന രാമക്ഷേത്രം ആയിരുന്നുവെന്ന് ആണ് വിശ്വാസം. അതുകൊണ്ട് ബാബറി മസ്ജിദ് ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരെ നടന്ന മുസ്ലീം അധിനിവേശ സംസ്‌ക്കാരത്തിന്റെ ചിഹ്നമായും ഇന്‍ഡ്യന്‍ ദേശീയതയോടുള്ള വെല്ലുവിളിയുടെ പ്രതീകമായും രാമക്ഷേത്ര മുന്നേറ്റത്തിന്റെ വക്താക്കള്‍ വാദിക്കുന്നു. എതിര്‍ വശത്ത് മുസ്ലീങ്ങള്‍ ഈ വാദത്തെ ഖണ്ഡിക്കുന്നു. കാലാകാലങ്ങള്‍ ആയി ബാബറി മസ്ജിദ് ഒരു മുസ്ലീം ആരാധനാലയം ആയിരുന്നുവെന്ന് അവര്‍ സമര്‍ത്ഥിക്കുന്നു. ഈ വാദപ്രതിവാദങ്ങള്‍ കാലാകാലങ്ങളായി തുടരവെ 1949-ല്‍ ഒരു രാത്രിയില്‍ ബാബറി മസ്ജിദിന്റെ വാതിലുകള്‍ കുത്തിത്തുറക്കപ്പെടുകയും അതിനുള്ളില്‍ ശ്രീരാമന്റെ വിഗ്രഹം പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു. ഇത് ജില്ലാ ഭരണാധികാരത്തിന്റെ ഒത്താശയോടെ ഹിന്ദുക്കള്‍ ആണ് ചെയ്തത് എന്ന് ആണ് ആരോപണം. മുസ്ലീങ്ങള്‍ സ്വാഭാവികമായും ഇതിനെ എതിര്‍ക്കുകയും കേസ് ഫയര്‍ ചെയ്യുകയും ചെയ്തു. ഗവണ്‍മെന്റ് ബാബറി മസ്ജിദ് ഒരു തര്‍ക്കഭൂമി ആയി പ്രഖ്യാപിച്ച് പൂട്ടിയിട്ടു. 1984-ല്‍ വിശ്വഹിന്ദു പരിക്ഷത്ത് രാമക്ഷേത്രനിര്‍മ്മാണത്തിനായി ഒരു മുന്നേറ്റം അദ്വാനിയുടെ നേതൃത്വത്തില്‍ ആരംഭിച്ചതോടെ വിഷയം രാഷ്ട്രം ആയി. 1989-ല്‍ ലോകസഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ബി.ജെ.പി.യുടെ ദേശീയ നിര്‍വഹണ സമിതി പാലംപൂറില്‍ വച്ച് ഹിമാചല്‍പ്രദേശ് രാമക്ഷേത്രനിര്‍മ്മാണം പാര്‍ട്ടിയുടെ അജണ്ടയായി അംഗീകരിച്ചു. ഇത് വലിയ ഒരു രാഷ്ട്രീയമാറ്റം ആയിരുന്നു. 1992 ഡിസംബറില്‍ അദ്വാനിയുടെ രഥയാത്രയുടെ പരിസമാപ്തിയോടെ ബാബറി മസ്ജിദ് ഹിന്ദുകരസേവകര്‍ ഇടിച്ചു നിരത്തി. ഇന്‍ഡ്യയുടെ ചരിത്രത്തിലെ ഒരു കറുത്ത അദ്ധ്യായം ആയിരുന്നു. തുടര്‍ന്നുണ്ടായ മത കലാപത്തില്‍ രണ്ടായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. 2002-ല്‍ രാം ജന്മഭൂമി-ബാബറി മസ്ജിദ് പ്രശ്‌നം ഒരു വസ്തുതര്‍ക്കമായി അലഹബാദ് ഹൈക്കോടതി വിചാരണ തുടങ്ങി. ഇതിനിടെ കോടതി നിര്‍ദ്ദേശപ്രകാരം ആര്‍ക്കിയോളൊജിക്കല്‍ സര്‍വ്വെ ഓഫ് ഇന്‍ഡ്യ തര്‍ക്കസ്ഥലത്തിന്റെ പൗരാണിക വാസ്തവ്യത തെളിയിക്കുവാനായി ഒരു പഠനം നടത്തി. പഠനപ്രകാരം മസ്ജിദിന്റെ അടിപ്രദേശത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തപ്പെട്ടു. പക്ഷെ, ഇതും ഖണ്ഡിക്കപ്പെട്ടു. രാമായണം കാവ്യഭാവന ആണെന്നും ചരിത്രം അല്ലെന്നും വാദിക്കപ്പെട്ടു. ഇന്‍ഡ്യക്കും ലങ്കക്കും ഇടയിലുള്ള രാമസേതുപോലും കവിഭാവനയാണ് വസ്തുത അല്ലെന്നും ഉള്ള തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുന്നു.

ഏതായാലും 2010 സെപ്റ്റംബറില്‍ അലഹബാദ് ഹൈക്കോടതി രാമജന്മഭൂമി-ബാബറി മസ്ജിദ് വസ്തുതര്‍ക്കത്തില്‍ വിധി പറഞ്ഞു. ഇത് പ്രകാരം ബാബറിമസ്ജിദ് നിലനിന്നിരുന്ന രണ്ടിലേറെ ഏക്കര്‍ സ്ഥലം മൂന്നായി വിഭജിച്ചു നല്‍കി. ഒരു ഭാഗം മുസ്ലീങ്ങള്‍ക്കും ബാക്കി രണ്ട് ഭാഗങ്ങള്‍ ഹിന്ദുക്കള്‍ക്കും. ഈ വിധിയും അപ്പീലില്‍ പോയി. ഇപ്പോള്‍ ബാബറി മസ്ജിദ്- രാമജന്മഭൂമി സംബന്ധിച്ച് ചുരുങ്ങിയത് മൂന്ന് നാല് കേസുകള്‍ സുപ്രീം കോടതിയിലും റായ്ബറേലി-അലഹബാദ് കോടതികളിലും ഉണ്ട്. ഇതില്‍ വസ്തു തര്‍ക്കവും ഗൂഢാലോചനയും മസ്ജിദ് തകര്‍ക്കലും ഉള്‍പ്പെടുന്നു. അദ്വാനിക്കും മറ്റും എതിരായി ഗൂഢാലോചന കേസ് കീഴ് കോടതി റദ്ദാക്കിയതിനെ സുപ്രീം കോടതി ന്യായീകരിച്ചില്ല. അത് ശരിയായ നീതിന്യായ വ്യവസ്ഥയുടെ പരിപാലനവും ആണ്. കീഴ്‌കോടതി ഇത് റദ്ദാക്കിയത് ചില സാങ്കേതിക കാരണങ്ങളാല്‍ ആയിരുന്നു. അതായത് മസ്ജിദ് തകര്‍ത്ത കേസില്‍ ഈ ഗൂഢാലോചനയും വരുന്നുണ്ട്. പക്ഷേ, അത് ശരിയല്ല. കാരണം ഗൂഢാലോചനയാണ് ഇതിന്റെ പ്രധാന പ്രതികളെ വെളിയില്‍ കൊണ്ടുവരുന്നത്. അല്ലാതെ പള്ളി തകര്‍ത്ത അറിയപ്പെടാത്ത അനേകം കരസേവകരിലൂടെ അല്ല. ആരാണ് ഈ വന്‍ അട്ടിമറിയുടെ ആസൂത്രകര്‍? ആരാണ് ഇന്‍ഡ്യന്‍ ഭരണഘടനയെ ഇത്തരത്തില്‍ ചതിച്ചത്? എന്തായിരുന്നു ഇതിന്റെ പിറകിലുള്ള ആസൂത്രണം? ഈ അര്‍ത്ഥത്തില്‍ സുപ്രീം കോടതിയുടെ പുതിയ ഇടപെടല്‍ വളരെ ആശ്വാസകരം ആണ്. ജനം എന്നെങ്കിലും ഇതിന്റെ സത്യാവസ്ഥ അറിയേണ്ടെ?

ഇനി മാര്‍ച്ച് 21-ാം തീയതിയിലെ മുഖ്യന്യായാധിപന്റെ മദ്ധ്യസ്ഥത സംബന്ധിച്ചുള്ള പരാമര്‍ശനം. ഇത് കേള്‍ക്കുവാന്‍ സുഖം ഉള്ളതാണ്. പക്ഷേ, പ്രാവര്‍ത്തികമാക്കുവാന്‍ വിഷമവും. പിന്നെ ഈ നിര്‍ദ്ദേശം പുറത്തുവന്ന രാഷ്ട്രീയ സാഹചര്യവും കണക്കിലെടുക്കണം. മുഖ്യന്യായാധിപന്‍ സ്വയം ഒരു മദ്ധ്യസ്ഥന്‍ ആകുവാന്‍ തയ്യാറായി മുമ്പോട്ട് വന്നു. ഇതും വളരെ ശ്വാഘനീയം ആണ്. അദ്ദേഹം ഒരു ഹിന്ദുവോ മുസ്ലീമോ അല്ല. സിക്കുകാരന്‍ ആണ്. ഇതും ശ്രദ്ധേയം ആണ്. പക്ഷേ, വിഷയം ഇതൊന്നും അല്ല.

രാം ജന്മഭൂമി-ബാബറി മസ്ജിദ് തര്‍ക്കം പോലുള്ള ഒരു വിഷയം സമാധാനപരമായി അവസാനിച്ച് കാണുവാന്‍ ആഗ്രഹിക്കാത്ത ഏത് ഇന്‍ഡ്യാക്കാരന്‍ ആണ് ഉള്ളത്? രണ്ട് മതസമൂഹങ്ങള്‍ തമ്മില്‍ ഈ വിഷയത്തിന്റെ പേരില്‍ പോരുകൂടി വിദ്വേഷം പടര്‍ത്തി നില്‍ക്കുകയാണ് വര്‍ഷാവര്‍ഷങ്ങള്‍ ആയി. ഇത് രാഷ്ട്രീയമായി മുതലെടുക്കുന്നത് മറ്റൊരു കാര്യം. ബാബറി മസ്ജിദിന്റെ അടിയില്‍ ഒരു ഹിന്ദുക്ഷേത്രം സ്ഥിതിചെയ്തിരുന്നോ? നൂറു ശതമാനം ചരിത്രരേഖകള്‍ ഇല്ല. പക്ഷേ, വിശ്വാസം അതാണ്. ആ ഹിന്ദു ക്ഷേത്രത്തിന്റെ അടിയില്‍ ഒരു ബുദ്ധക്ഷേത്രം ഉണ്ടായിരുന്നോ? അറിയില്ല. 11 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെയാണ് ശ്രീരാമന്‍ ജനിച്ചത് എന്നതിന് തെളിവ് എന്താണ്? അതാണ് വിശ്വാസം. മുഖ്യന്യായാധിപനും പറയുന്നത് രാമജന്മഭൂമി വിഷയം വൈകാരികം ആണ്. കോടതിക്ക് ഒരു വിധി പറയാം. ഇരുകക്ഷികളും അത് അനുസരിക്കുകയും വേണം. പക്ഷേ, ഇതുപോലുള്ള ഒരു വിഷയത്തില്‍ ഒരു സമവായം ആണ് നല്ലത്. ശരിയാണ്.

പക്ഷേ, ആരാണ് ബാബറി മസ്ജിദ് തകര്‍ത്തത്? അതേ ശക്തികള്‍ തന്നെയാണ് ഇന്ന് ഇന്‍ഡ്യും യു.പി.യും ഭരിക്കുന്നത്. അതു കൊണ്ടാണോ ആ മുന്‍കൈ കണക്കിലെടുത്തു കൊണ്ടാണോ മുഖ്യ ന്യായാധിപന്‍ ഇപ്പോള്‍ ഇങ്ങനെ ഒരു നടപടി നിര്‍ദ്ദേശിക്കുവാന്‍ മുതിര്‍ന്നത്. മുഖ്യ ന്യായാധിപന്റെ ഉദ്ദേശശുദ്ധിയെ ആരും ചോദ്യം ചെയ്യുകയില്ല. പക്ഷേ, രാഷ്ട്രീയ സാഹചര്യം ഒരു നീതിപൂര്‍വ്വമായ സമവായ സംരഭത്തിന് യോജിക്കുന്നതല്ല. അതുകൊണ്ട് തല്‍ക്കാലം അതല്ല വേണ്ടത്.

വേണ്ടത് ഭരണഘടനാപരമായ ഇന്‍ഡ്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് അനുയോജ്യമായ ഒരു കോടതി വിധിയാണ്. ഇതിന് മുമ്പ് എത്രപ്രാവശ്യം ആണ് ഈ പ്രശ്‌നത്തിന് കോടതിക്ക് വെളിയിലുള്ള ഒരു പരിഹാരത്തിന് ശ്രമം നടന്നിട്ടുള്ളത്. എല്ലാം പരാജയം ആയിരുന്നു. 1986-ല്‍ കാഞ്ചികമാകോടിയിലെ ശങ്കരാചാര്യരും മുസ്ലീം വ്യക്തി നിയമ ബോര്‍ഡിലെ നേതാക്കന്മാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. 1990 ല്‍ പ്രധാനമന്ത്രി ചന്ദ്രശേഖറും 1992 ല്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവും 2002- ല്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയും മറ്റും നടത്തിയ സമാധാനചര്‍ച്ചകളും പരാജയപ്പെട്ടു.

അതുകൊണ്ട് രാജമജന്മഭൂമി-ബാബരി മസ്ജിദ് വിഷയത്തില്‍ ഭരണഘടനാനുസൃതമായ, നിയമാനുസൃതമായ വിധി തന്നെ വേണം. ബാബറി മസ്ജിദ് തകര്‍ത്തവരെ ശിക്ഷിക്കണം. ഈ രാജ്യത്ത് നിയമവാഴ്ച ഈ വിഷയത്തില്‍ പുനസ്ഥാപിക്കപ്പെടണം. ആ ഉത്തരവാദിത്തത്വത്തില്‍ നിന്നും പരമോന്നത നീതിപീഠം ഒഴിവാകരുത്.


ജയ് ശ്രീരാം! സരയൂ, നിന്റെ തീരങ്ങളിലേക്ക് വീണ്ടും(ദല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക