Image

ചൈനീസ് കവിതകള്‍ മലയാളത്തില്‍ (നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)

Published on 29 January, 2017
ചൈനീസ് കവിതകള്‍ മലയാളത്തില്‍ (നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)
കവിത എപ്പോഴും പരീക്ഷണ വിധേയമായികൊണ്ടിരിക്കുന്നു. ഏത് ഭാഷയിലായാലും കവികള്‍ വ്യത്യസ്തമായ, നവീനമായ ആവിഷ്ക്കാരരീതികളും ആശയങ്ങളുമാണുഅവതരിപ്പിക്കുന്നത്. അങ്ങനെ ആധുനികത അതിന്റെ അസൂയാര്‍ഹമായ പദവിയില്‍ അഭിരമിക്കുമ്പോള്‍ആയിരത്തിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതപ്പെട്ട ചൈനീസ് കവിതകളെ നമുക്ക് പരിചയപ്പെടുത്തുകയാണ് ഡോക്ടര്‍ പി.സി. നായര്‍. പരിഭാഷയിലൂടെ ഒരു രാജ്യത്തെ ഭാഷയും സംസ്കാരവും ആചാരങ്ങളും സ്ഥലമാറ്റപ്പെടുന്നു. രണ്ട് സംസ്കാരങ്ങള്‍ക്ക് പരിചയപ്പെടാന്‍ ഒരവസരം ലഭിക്കുന്നു. മലയാളി വായനക്കാര്‍ക്കും മലയാള ഭാഷക്കും ഇതു മുതല്‍കൂട്ടാണ്.

അദ്ദേഹത്തിന്റെ മരതക വീണ എന്ന കവിതാസമാഹാരം ഇംഗ്ലീഷിലേക്ക് പരിഭാഷചെയ്യപ്പെട്ട ചൈനീസ് കവിതകളുടെ മലയാള പരിഭാഷയാണ്. പരിഭാഷ ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നതാണ് കവിതയെന്നു അമേരിക്കന്‍ കവി റോബര്‍ട്ട് ഫ്രോസ്റ്റ് പറഞ്ഞത് ഓര്‍ക്കുന്നു. ഇവിടെ പരിഭാഷ ചെയ്തിരിക്കുന്ന കവിതകള്‍ ചൈനീസ് ഭാഷയില്‍ നിന്നും ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തവ വീണ്ടും മലയാള ത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിരിക്കയാണ്. ഒരു ഭാഷയില്‍ നിന്നും മറ്റു ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോള്‍ വാക്കുകള്‍ക്ക് തുല്ല്യമായ പദങ്ങള്‍ കണ്ടെത്തുക പ്രയാസമാണ്. അതുകൊണ്ടാണ് പരിഭാഷ ഒരു കലയാണെന്നു പറയുന്നത്. പരിഭാഷകനു ഈ ഉദ്യമത്തില്‍ വളരെയേറെ ക്ലേ്‌ളശങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. രണ്ടു ഭാഷയിലും പ്രാവീണ്യമുള്ള ഒരാള്‍ക്കെ പരിഭാഷയോട് നീതിപുലര്‍ത്താന്‍ കഴിയു. എന്നിരുന്നാലും പരിഭാഷയില്‍ പൂര്‍ണ്ണത വരുത്തുക അസാദ്ധ്യമെന്നു തന്നെ പറയാം.
ചായയുടെ മണമാണ് സ്വാദല്ല ആസ്വദിക്കേണ്ടതെന്ന് ചൈനക്കാരുടെ ഇടയിലെ ഒരു ചൊല്ലാണ്. അവരുടെ കവിതകള്‍ വായിച്ച് മനസ്സിലാക്കുമ്പോഴാണ് അതിലെ കാവ്യ സുഗന്ധം വായനകാരനനുഭവപ്പെടുകയുള്ളു.. പരിഭാഷയിലൂടെ ആ സുഗന്ധം പ്രസരിപ്പിക്കാനുള്ള ഡോക്ടരുടെ ശ്രമം വിജയിച്ചിട്ടുള്ളതായി പല കവിതകളിലും പ്രകടമാണ്.

ടാങ്ങ് വംശകാലത്തെ ഒരു കവി കവിതയെ ഇങ്ങനെ നിര്‍വ്വചിച്ചിരിക്കുന്നു. കവിതയിലെ വിഷയം ഹ്രുദയഹാരിയായിരിക്കണം അതിനെ ആകര്‍ഷണീയമായ വിധത്തില്‍ പ്രയോഗിക്കണം, മുഴുനീളെ പ്രതിഭ വെട്ടിതിളങ്ങണം, ഭാസുരമായ, സുന്ദരമായ, ഉദാത്തമായ ശൈലിയില്‍ അതിനെ അവതരിപ്പിക്കണം. കവിതകള്‍ പരിഭാഷ ചെയ്തപ്പോള്‍ സ്വയം ഒരു കവിയും എഴുത്തുകാരനുമായ ഡോക്ടര്‍ നായര്‍ പ്രസ്തുത നിര്‍വ്വചനം മനസ്സില്‍ സൂക്ഷിച്ചിരുന്നുവെന്നു കവിതകള്‍ വായിക്കുമ്പോള്‍ ബോദ്ധ്യപ്പെടുന്നതാണ്. ആ കവികള്‍ ഇങ്ങനെ പറഞ്ഞു: "നില്‍ക്കൂ, അനൈശ്വരതയുടെ ഒരു നിമിഷം ഇതാ നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ കാഴ്ച്ച വെയ്ക്കുന്നു.' മനുഷ്യര്‍ക്കിടയില്‍ അലസമായി ചുറ്റിക്കറങ്ങുന്നതിനെക്കാള്‍ എത്രയോ അഭികാമ്യമാണ് എന്റെയീ മനോരാജ്യമെന്നു ചാങ്ങ് ചി ഹോ എന്ന കവി "അതിദൂരത്ത്'' എന്ന കവിതയില്‍ പറയുന്നു.

പരിഭാഷയെക്കുറിച്ച് അമേരിക്കന്‍ കവി എസ്ര പൗണ്ഡ് പറഞ്ഞത് രണ്ടു തരം പരിഭാഷകര്‍ ഉണ്ടെന്നാണ്. കവിതകള്‍ക്ക് വ്യാഖാനം നല്‍കികൊണ്ടുള്ള പരിഭാഷ, അല്ലെങ്കില്‍ പുതുതായി ഒരു കവിതയുണ്ടാകുന്ന പരിഭാഷ. ഒരു പക്ഷെ പദാനുപദ പരിഭാഷയെക്കാള്‍ മൂലക്രുതിയുടെ ഗുണവുംമണവും നില നിര്‍ത്താന്‍ സ്വതന്ത്ര പരിഭാഷ ഉത്തമമെന്നു ഡോക്ടര്‍ മനസ്സിലാക്കി കാണും. അതുകൊണ്ട് അദ്ദേഹം കവിതകള്‍ സ്വതന്ത്രമായി പരിഭാഷ ചെയ്തിരിക്കുന്നു. സ്വതന്ത്ര തര്‍ജ്ജമയേക്കാള്‍ പദാനുപദ (രൂപ ദ്ധന്ധനുത്സന്റരൂപ ന്ധത്സന്റ ന്ഥരൂപ ന്റന്ധദ്ധഗ്ന ) തര്‍ജ്ജമയാണ് മൂലക്രുതി ആസ്വാദകരമാക്കുന്നത് എന്നു പറയുന്നുണ്ടെങ്കിലും സ്വതന്ത്ര പരിഭാഷ ചിലപ്പോള്‍ മൂലക്രുതിയെക്കാളും മികച്ചതായി അനുഭവപ്പെടാം. പ്രത്യേകിച്ച് ക്രുതി ഏതു ഭാഷയില്‍ നിന്നാണ് പരിഭാഷ ചെയ്യപ്പെടുന്നതെന്നു കൂടി കണക്കിലെടുക്കുമ്പോള്‍.

ഇവിടെ ഡോക്ടര്‍ നായരെ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നം അദ്ദേഹം ഇംഗ്ലീഷില്‍ നിന്നും പരിഭാഷ ചെയ്യുന്ന ക്രുതി ആദ്യം എഴുതിയത് ചൈനീസ് ഭാഷയില്‍ ആണെന്നുള്ളതാണ്. അപ്പോള്‍ അദ്ദേഹത്തിനു ചൈനീസ് ഭാഷയും, സംസ്കാരവും, കവിതകള്‍ എഴുതിയ കാലഘട്ടവുമൊക്കെ മനസ്സിലാക്കേണ്ടത് അനിവാര്യമായി വരുന്നു. അതു ഒരു വെല്ലുവിളിയാണ്. അതുകൊണ്ട് ഡോക്ടര്‍ നായര്‍ ചൈനീസ് കവിതകളെക്കുറിച്ച് ഗഹനമായ ഒരു പഠനം നടത്തി വിസ്തരിച്ച് ഒരു മുഖവുര പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്. മാത്രമല്ല ഓരോ കവിതകളെക്കുറിച്ചുള്ള നിരൂപണങ്ങളും പഠനങ്ങളും കൊടുത്തിട്ടുണ്ട്.കവിതകള്‍ വായിക്കുമുമ്പെ ഈ മുഖവുര വായിക്കുന്ന വായനകാരന് സ്വയം ഗവേഷണങ്ങള്‍ നടത്താതെ തന്നെ കവിതകള്‍ കൂടുതല്‍ ആസ്വാദകരമാക്കാന്‍ കഴിയും. തര്‍ജ്ജമ കവിതകളുടെ പശ്ചാത്തലം അറിഞ്ഞ് കൊണ്ട് വായിക്കുമ്പോള്‍ അത് കൂടുതല്‍ ഹ്രുദയാവര്‍ജ്ജകമാകും; ആസ്വാദകരമാകും. പരിഭാഷകന്‍ എഴുതി വച്ച മുഖവുരയില്‍ മാത്രം ത്രുപ്തിപ്പെടണമെന്നില്ല. താല്‍പ്പര്യമുള്ള വായനകാര്‍ക്ക് അവരുടേതായ കാഴ്ച്ചപ്പാടിലൂടെ കവിതകളെ നോക്കി കണ്ട് അവയുടെ കാവ്യഗുണവും, ആശയവും, അലങ്കാരഭംഗികളുമൊക്കെ പഠനവിധേയമാക്കുകയോ, കൂടുതല്‍ ചൈനീസ് കവിതകളെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുകയോ ആവാം. മുഖവുരയില്‍ പറയുന്നുടാങ്ങ് വംശ കാലത്ത് ചീനയില്‍ ജീവിച്ചിരുന്ന പന്ത്രണ്ടു കവികളുടെ ഇരുപത്തിനാനാല് കവിതകളാണു അദ്ദേഹം തര്‍ജ്ജമ ചെയ്തിരിക്കുന്ന തെന്ന്്. ടാങ്ങ് വംശ കാലം ശ്രേഷ്ഠമായ കവിതകളുടെ ഔന്നത്യകാലമായിരുന്നു. ഈ കവിതകള്‍ ആ കാലഘട്ടത്തി ല്‍ എഴുതപ്പെട്ടവയാണ്. ടാങ്ങ് വംശകാലം എ.ഡി.618 മുതല്‍ 904 വരെയെന്നു പരിഭാഷകന്‍ തന്റെ മുഖവുരയില്‍ പറയുന്നു.

ഡോക്ടര്‍ നായരുടെ പരിഭാഷ വായിക്കുമ്പോള്‍ഒരു വിദേശഭാഷയുടെമലയാള ആവിഷ്കാരമെന്നതിനെക്കാള്‍തനിമലയാളത്തിന്റെ മാധുര്യം ഇറ്റുന്ന സൗന്ദര്യാനുഭൂതിവായനകാരനത് പകരുന്നു. പരിഭാഷകന്‍ വാസ്തവത്തില്‍ ഒരു പുനര്‍ സ്രുഷ്ടി നടത്തുകയാണ്. വാക്കുകള്‍ ഒരിക്കല്‍ പറഞ്ഞാല്‍ അവ മരിച്ച്‌പോയി എന്നു എമിലി ഡിക്കന്‍സന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പരിഭാഷകന്‍ വാക്കുകളെ വീണ്ടും ജീവിപ്പിക്കുന്നു.മൂലകവിക്ക് കവിത എഴുതുമ്പോള്‍ ഉണ്ടായ അനുഭവങ്ങളും അനുഭൂതിയും ഒരിക്കല്‍ കൂടി പരിഭാഷകനും അനുഭവപ്പെടണം. അതേസമയം ഭാഷ പണ്ഡിത്യവും വേണം. ഓരൊ വാക്കുകള്‍ ഏതര്‍ത്ഥതില്‍ കവി ഉപയോഗിച്ചെന്ന് മനസ്സിലാക്കി അതിനു യോജിച്ച പദങ്ങള്‍ കണ്ടു പിടിച്ച് പരിഭാഷ ചെയ്യുകയാണു നല്ല പരിഭാഷകര്‍. ഡോക്ടര്‍ നായരുടെ പണ്ഡിതോചിതമായ മുഖവുരയില്‍ നിന്നും പരിഭാഷ കര്‍മ്മം അതീവ ഗൗരവത്തോടും സൂക്ഷ്മതയോടുമാണു ചെയ്തിട്ടുള്ളതെന്ന് ഊഹിക്കാം.

ഓരോ രാജ്യത്തേയും സാഹിത്യം പ്രതിഫലിപ്പിക്കുന്നത് അവിടത്തെ ഭാഷയും സംസ്കാരവുമാണ്. അവിടത്തെ ജനങ്ങളുടെ അനുഭവങ്ങളും ജീവിതദര്‍ശനങ്ങളുമാണ്. കണ്‍ഫൂഷ്യസ് ധാര്‍മ്മികമായ സ്വഭാവരൂപീകരണത്തില്‍ കവിതാപഠനത്തിനു പ്രധാനമായ ഒരു സ്ഥാനമുണ്ടെന്ന് വിശ്വസിച്ചിരുന്നു. തത്വചിന്തകളും മതങ്ങളും കവിതാവികാസത്തില്‍ ഗണ്യമായ പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം വിശ്വസിച്ചുപോന്നു. കവികള്‍ ഈ തത്വചിന്താഗതിയെ പോഷിപ്പിച്ചിരുന്നുവെന്നു അവരില്‍ ചിലരുടെ കവിതകളില്‍ സ്പഷ്ടമാണ്.ഓ തടാകമേ! നിന്റെ പാദങ്ങള്‍ അടിവച്ചു മുന്നോട്ടു പോയേക്കാം എന്നാല്‍ നിന്റെയത്മാവില്‍ എന്നെന്നും ജ്വലിക്കുന്ന താരകയുണ്ടാവുമെന്നൊക്കെ അവര്‍ക്ക് എഴുതാന്‍ കഴി ഞ്ഞത് അതുകൊണ്ടായിരിക്കും.

ചൈനക്കാരുടെഭാഷ വ്യത്യസ്തമെങ്കിലുംഅവരുടെ സംസ്കാരത്തിലും, ചിന്തകളിലും ആചാരങ്ങളിലും ഭാരതീയ സംസ്ക്രുതിയുടെ പ്രതിഫലനങ്ങള്‍ കാണാവുന്നതാണ്. കൂടാതെ കവിതകളില്‍ പ്രകടമാകുന്ന മാനുഷികവികാരങ്ങളായ പ്രണയം, വിദ്വേഷം, വഞ്ചന, പ്രക്രുതി എന്നിവയ്ക്ക് ഭാഷയും മണ്ണും എന്ന വേര്‍ത്തിരിവ് ഇല്ലല്ലോ. ഈ വരികള്‍ ശ്രദ്ധിക്കുക.

മരതകമനോഹരമായ
ഗിരിസാനുക്കളിലൂടെ
പനിനീര്‍ കുസുമങ്ങളുടെ മിനുപ്പും
മുന്തിരിച്ചാറിലെ കൊഴുപ്പും
ഒന്ന് ചേര്‍ന്ന കോമളമായ മുഖാരവിന്ദമുള്ള
തരുണി

സ്വതന്ത്രപരിഭാഷയിലൂടെ ഡോക്ടര്‍ നായര്‍ മലയാള ഭാഷയെ സമ്പന്നമാക്കിയിരിക്കയാണ്.ഒരു മലയാളിയുടെ ഭാവനാവിലാസങ്ങളില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല്‌ള സഹസ്രാബ്ദങ്ങള്‍ക്ക്് മുമ്പ് ചൈനയില്‍ ജീവിച്ചിരുന്നഒരു കവിയുടേതും എന്നറിയുമ്പോള്‍ നമ്മള്‍ വിസ്മയാധീനരാകുന്നു. സാഹിത്യത്തിനു അതിരുകളില്ല.അതിന്റെ ഭാവവും രൂപവും ഒന്നു തന്നെ. വിഭിന്ന ഭാഷയില്‍ അതു പറയുന്നു എന്നാല്‍ പരിഭാഷ ചെയ്യുമ്പോള്‍ എല്ലാവര്‍ക്കും മനസിലാകുന്ന വിധം, അവരുടെ സാഹിത്യ സാംസ്കാരിക തലങ്ങളോട് ചേരുന്ന വിധം നിര്‍വ്വഹിക്കുകയെന്ന ഉദ്ദേശ്യം ഡോക്ടര്‍ നായര്‍ നിറവേറ്റിയിട്ടുണ്ട്. ഭാരതത്തിലെ നാട്ടുരാജാക്കന്മാരും അവര്‍ പോറ്റിയ കവികളും രാജപ്രീതിക്ക് വേണ്ടിരചിച്ച കവിതകള്‍ സാഹിത്യത്തിനു മുതല്‍കൂട്ടായിട്ടുണ്ട്. അതേപോലെ ടാങ്ങ് വംശകാലത്ത് കവികളെ രാജാക്കന്മാര്‍ ആനുകൂല്യങ്ങളും പാരിതോഷികങ്ങളും നല്‍കി പരിപാലിച്ചിരുന്നുവെന്നു നമ്മള്‍ മനസ്സിലാക്കുന്നു. ചൈനീസ് കവിതകളുടെ സുവര്‍ണ്ണകാലത്തെ കവിതകള്‍ കണ്ടെത്തി, തിരഞ്ഞെടുത്ത്, പരിഭാഷപ്പെടുത്തി മലയാളി വായനകാരേ കാവ്യാനുഭൂതിയുടെ അഭൗമതലങ്ങളിലേക്ക് പരിഭാഷകന്‍ കൊണ്ടുപോകുന്നു.

കാവ്യസൗകുമാര്യവും, കാല്‍പ്പനികതയും കൈകോര്‍ത്ത് നില്‍ക്കുന്ന കവിതകള്‍, വിരഹത്തിന്റെ, പ്രക്രുതിദ്രുശ്യങ്ങളുടെ, പ്രണയാര്‍ദ്ര മുഗ്ദ്ധഭാവങ്ങളുടെ കവിതകള്‍. ദുരൂഹതകള്‍ സ്രുഷ്ടിക്കാത്ത രചനാതന്ത്രം. കവിതകള്‍ക്ക് ആധുനിക കവിതകളിലെ മുക്തഛന്ദസ്സുകളോട് സാമ്യം തോന്നുമെങ്കിലും മൂലക്രുതിയിലെ വരികളുടെ എണ്ണവും, താളവുമൊക്കെ സ്വതന്ത്ര പരിഭാഷയായത്‌കൊണ്ട്വ്രായനകാരന്‍ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ ടാങ്ങ് വംശത്തെ കവികള്‍ ദുരൂഹതയില്‍നിന്ന് വിട്ടു നിന്നിരുന്നുവെന്ന് മനസ്സിലാക്കാം.സുതാര്യമായ ബിമ്പങ്ങളും, കാല്‍പ്പനികഭാവങ്ങളും, ഹ്രുദയഹാരിയായ ഭാഷയും അവര്‍ ഉപയോഗിച്ചു.സഹ്രുദയനായ ഒരു മലയാളി വായനകാരനു കവിതകളെല്ലാം തന്നെ മനസ്സിലാക്കാന്‍ എളുപ്പവും ആനന്ദം പകരുന്നവയുമാണ്. കവിതയുടെ എല്ലാ സൗന്ദര്യഭാവങ്ങളും പരിഭാഷ ചെയ്യപ്പെടുമ്പോള്‍ ഉള്‍കൊള്ളുന്നില്ല എന്നുള്ളത് പൂര്‍ണ്ണമായി ശരിയല്ലെന്ന് ഈ കവിതകള്‍ വായിക്കുമ്പോള്‍ നമുക്ക് അനുഭവപ്പെടുന്നു. അത് പരിഭാഷകന്റെ അഭിജ്ഞ്ത്വമായി പരിഗണിക്കേണ്ടതാണ്. കവിയുടെ കലാപരമായ നിസര്‍ഗ്ഗനൈപുണ്യം പരിഭാഷയെ മികച്ചതാക്കാന്‍ സഹായിച്ചിട്ടുണ്ട്. പരിഭാഷ ചെയ്യുമ്പോള്‍ മൂലക്രുതിയെഴുതിയെക്കുറിച്ച് ഒരു അടിക്കുറിപ്പ് നല്‍കിയെങ്കില്‍ വായനകാര്‍ക്ക് ഉപകാരപ്രദമാകുമായിരുന്നു. ഉദാഹരണത്തിനു മൂലക്രുതിയെഴുതിയത് എത്ര വരികളില്‍, ചൈനക്കാരുടെ രീതിയനുസരിച്ച് ഏതു വിഭാഗത്തില്‍പ്പെടുന്നു (വ്രുത്തം, താളം, തുടങ്ങിയവ) എന്നൊക്കെയുള്ള വിവരണങ്ങള്‍. മുഖവുരയില്‍ പൊതുവായി ഇതെക്കുറിച്ച് പ്രസ്താവിച്ചിട്ടുള്ളത് വിസ്മരിക്കുന്നില്ല.
അന്നത്തെ കവികള്‍ സൗന്ദര്യാരാധകരും, പ്രണയാതുരരും ആയിരുന്നുവെന്ന് അവരുടെ കവിതകള്‍ സാക്ഷ്യം വഹിക്കുന്നു. തടാകത്തെക്കുറിച്ച് ഒരു കവിയുടെദര്‍ശനം ശ്രദ്ധിക്കുക.

വസന്തകാലത്ത്
ഒരു മനോഹരചിത്രം പോലെയാണവള്‍,
ഈ ഷാങ്ങ് തടാകം
(ഷാങ്ങ് മദ്ധ്യ ചൈനയിലെ അതിമനോഹരമായ ഒരു തടാകം)

ഉഷസ്സിലെ താരകയെപ്പോലെ
സൗച്ചവാന്‍ തടാകത്തിലെ
ജലത്തിനു മങ്ങിയ നിറം
(സൗച്ചവാന്‍ ഓമി പര്‍വ്വത സാനുക്കളിലുള്ളൊരു തടാകം)

കാല്‍പ്പനികത ഓളം വെട്ടുന്ന വരികളാല്‍ സമ്രുദ്ധമാണു മിക്ക കവിതകളും. പരിഭാഷകന്റെ സഹ്രുദയത്വവും ഭാഷാസ്വാധീനവും കവിതകളില്‍ പ്രകടമാണ്.

തുഷാരബിന്ദുക്കള്‍
ഇറ്റിറ്റ് വീഴുന്ന നിശീഥിനിയില്‍
വീണാതന്ത്രികള്‍
മധുരഗാനം പൊഴിച്ച്‌കൊണ്ടിരുന്നു

രാവ് വിരിച്ച നിഴല്‍പോലെ
കണ്ണു ചിമ്മികൊണ്ട് ഒഴുകുന്ന
കുഞ്ഞരുവികള്‍

ആകാശഗംഗയില്‍ പൗര്‍ണ്ണമി ചന്ദ്രന്‍
നൗകനയിച്ച് കൊണ്ടങ്ങനെ പോകവേ
മാമക ഹ്രുത്തിലെന്തോ തടഞ്ഞു പിന്നെ
സ്പന്ദനമൊട്ടൊക്കെ നിലച്ച് പോലായി

ശാന്തമായ നിശീഥിനിയുടെ ഒഴുക്കില്‍
അവളുടെ നേത്രങ്ങള്‍
അനിയന്ത്രിതമായി നിറഞ്ഞു
പിന്നെയവള്‍ പൊട്ടിക്കരഞ്ഞു

മരച്ചില്ലകളില്‍ നിന്ന്
ഒലിച്ചിറങ്ങിയ തുഷാരബിന്ദുക്കളോട്
അസൂയകാട്ടി
മിന്നാമിനുങ്ങുകള്‍
ഒളിപരത്തിപ്പറന്നു

മലയാളത്തില്‍ ഒരു കാലത്ത് കവികള്‍ തമ്മില്‍ തമ്മില്‍ എഴുത്തുകുത്തുകള്‍ നടത്തിയിരുന്നത് കവിതകളിലൂടെയായിരുന്നു. ചീനകാരും അതെപോലെ കവിതകള്‍ എഴുതിയിരുന്നുവെന്നു ഡോക്ടര്‍ തന്റെ മുഖവുരയില്‍ എഴുതിയിട്ടുണ്ട്. കവിതയിലെ വിഷയങ്ങള്‍ ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുക്കുന്ന ഓരൊ നിമിഷങ്ങളായിരുന്നു. ഡോക്ടര്‍ നായരെഉദ്ധരിക്കട്ടെഃ "അന്നത്തെ കവികളുടെ ശീലം മനസ്സില്‍ എന്തു ഉദിക്കുന്നുവോ അതെഴുതുകയെന്നായിരുന്നു''
ഈ കവിതാസമാഹാരം വളരെ ശ്രദ്ധയോടും കലാപരമായ മിഴിവോടും കൂടിയാണു ഒരുക്കിയിട്ടുള്ളത്. വായനകാരെ ചൈനീസ് സുവര്‍ണ്ണ കാവ്യലോകത്തിലേക്ക് കൂട്ടികൊണ്ടുപോയി അവരുടെ കവിതകളെ ആസ്വദിപ്പിച്ച് കാവ്യഭാവനയുടെ മഴവില്‍ വര്‍ണ്ണങ്ങളെ കാട്ടി തന്ന് മറ്റ് ഭാഷകളിലെ സാഹിത്യക്രുതികളിലേക്ക് താല്‍പ്പര്യം ജനിപ്പിക്കുകയാണ് പരിഭാഷകന്‍. പ്രത്യേകിച്ച് ഭാരതീയ കവികളുടെ, മുഖ്യമായി മലയാളി കവികളുടെ കവിതകളും അതിലെ ഭാഷപ്രയോഗവും, ഉപമയും പ്രമേയങ്ങളുമൊക്കെയായി ചൈനീസ് കവിതക്കുള്ള സാദ്രുശ്യത്തെക്കുറിച്ച് സാഹിത്യകുതുകുകളായവര്‍ക്ക് ഗവേഷണം നടത്താനുംഈ കാവ്യസമാഹാരം പ്രചോദനം നല്‍കുന്നു. കാവ്യാനുഭുതികളുടെ ഒരു ലോകംതുറന്നു തരുന്ന ഈ പുസ്തകം സഹ്രുദരായ വായനകാരെ ആകര്‍ഷിക്കാതിരിക്കില്ല.

ഡോക്ടര്‍ പി.സി.നായര്‍ക്ക് നന്മകള്‍ നേരുന്നു.
(പുസ്തകത്തിന്റെ കോപ്പിക്ക് ഡോക്ടര്‍ പി.സി. നായരുമായി ബന്ധപ്പെടാവുന്നതാണ്. ഇ-മെയില്‍. pcnair111@yahoo.com)

ശുഭം
ചൈനീസ് കവിതകള്‍ മലയാളത്തില്‍ (നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
Sudhir 2017-01-29 15:56:34
മാത്യു അർണോൾഡിന്റെ ക്രിട്ടിസിസം ഓഫ് ലൈഫ് ആണ് കവിതയെന്ന അഭിപ്രായം അവർ പെട്ടെന്ന് ഓർമ്മിച്ച് കാണും. മാത്യു അർണോൾഡ് പറഞ്ഞത് കവിതകൾ മനുഷ്യനെ നന്നാക്കാൻ വേണ്ടി ഉപയോഗിക്കണമെന്നാണ്. കവിതകളിൽ ധാർമികമായ ആശയങ്ങൾ മാത്രം പ്രകടിപ്പിക്കണമെന്നാണ്. ഈ അഭിപ്രായത്തോട് പല ഇഗ്ളീഷ് വിമർശകരും  കവികളും വിയോജിച്ചിരുന്നു. ടി. എസ്. എലിയാട്ട് അർണോൾഡിന്റെ അഭിപ്രായത്തെപ്പറ്റി ഇങ്ങനെ അഭിപ്രായപ്പെട്ടു. "frigid to anyone who has felt the full surprise and elevation of a new experience of poetry.

കവിത എല്ലാവര്ക്കും ആസ്വദിക്കാൻ കഴിയില്ലെന്നത് ശരിയാണ്  പ്രത്യേകിച്ച് ആധുനിക കവിതകൾ. പ്രണയവും, പ്രകൃതിസൗന്ദര്യവും, ആലങ്കാരിക പ്രയോഗങ്ങളും നിറഞ്ഞ കവിതകൾ മനുഷ്യ മനസ്സുകൾക്ക് ആനന്ദം നല്കുമല്ലോ? അത്തരം അനുഭൂതികൾ അവനിൽ ഒരു പുതിയ ദര്ശനം സൃഷ്ടിക്കാൻ പര്യാപ്തമാണ്. കവിതകളെ കുറിച്ച് എത്രയോ വ്യാഖ്യാനങ്ങൾ, വിമർശനങ്ങൾ നമ്മൾ വായിക്കുന്നു.  കവികൾ പക്ഷെ അതേപോലെ എഴുതുന്നില്ല കാരണം കവിതകൾ ഉണ്ടാക്കുകയല്ലല്ലോ അവ എഴുതപ്പെടുകയല്ലേ?
വിദ്യാധരൻ 2017-01-29 16:35:48
കുറിച്ചോളു ആധുനിക കവിതയൊക്കെ 
കുറിച്ചോളു കാല്പനിക കവിതകളും 
എന്നാൽ മനുഷ്യ മനസിലെന്നും 
ഒന്നേ നില്പ്പൂ മനുഷ്യകവിത മാത്രം 
ഉണ്ടാവണം അതിൽ അവന്റെ ഗന്ധം 
ഉണ്ടാവണമതിലവൻ സ്പന്ദനങ്ങൾ 
മർദ്ദനം പീഡനം വിവേചനങ്ങൾ 
ക്രുദ്ധരാം ഭരണ നേതൃത്വങ്ങൾ,
പടരുന്നു ലോകത്തിലാകമാനം 
പട നീക്കത്തിന് കവികളെ സമയമായി 
എടുക്കുക നിങ്ങടെ തൂലികൾ 
അടരാടു അനീതിക്കെതിരെ നിങ്ങൾ 
മനസ്സിൽ കയറാത്ത കവിതകൊണ്ട് 
മനുഷ്യരാശിക്കെന്തു നേട്ടം
കവിതകൾ ശ്രേഷ്ഠർക്കു മാത്രമായാൽ 
ഇവിടെ വീണ്ടും അരമന ഉയരുകില്ലേ?
വേണ്ടിനി കൊട്ടാര കവികളാരും 
വേണ്ടിനി അവരുടെ ശ്രേഷ്ഠ കവിതകളും 
എഴുതുക ലളിതമാം കവിത നിങ്ങൾ 
പൊഴിയട്ടെ അത് ഞങ്ങടെ ചുണ്ടിൽ നിന്നും
പടരുന്നു ലോകത്തിലാകമാനം 
പട നീക്കത്തിന് കവികളെ സമയമായി 
എടുക്കുക നിങ്ങടെ തൂലികൾ 
അടരാടു അനീതിക്കെതിരെ നിങ്ങൾ  
James Mathew, Chicago 2017-01-29 17:13:07
ചൈനീസ് കവിതകളുടെ മണവും സ്വാ ദും അനുഭവപ്പെട്ടു.  കൂടുതൽ അതാസ്വദിക്കാൻ ആഗ്രഹവും ഉണ്ടായി. എഴുത്തുകാരന്റെ ഭാഷയും ശൈലിയും നന്നായിരിക്കുന്നു.
andrew 2017-01-30 06:39:29

Art should be free and strong like the wind which flows with no boarders,walls & boundaries. Art must come as inspiration to spread goodness. When it flows out of the inner self of a selfless human,language won't be a barrier. Like music, it can be enjoyed even if we don't understand the verses.

Great creative imagination. Thanks to the translator and introducer.

Let us hope to see more like these rather than hate spreading articles.  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക