Image

എം ടിയുടെ പരാമര്‍ശം ; തുഞ്ചന്‍ ഉത്സവത്തിനെതിരെ പ്രതിഷേധം

അനില്‍ പെണ്ണുക്കര Published on 28 January, 2017
എം ടിയുടെ പരാമര്‍ശം ; തുഞ്ചന്‍ ഉത്സവത്തിനെതിരെ പ്രതിഷേധം
നോട്ടു നിരോധനവുമായി ബന്ധപ്പെട്ടു എം.ടി  വാസുദേവന്‍ നായര്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരായി വിവാദങ്ങള്‍ കത്തി പടരവെ തുഞ്ചന്‍ ഉത്സവത്തിനെതിരെയും വിവാദവുമായി ഒരുകൂട്ടം ആളുകള്‍ രംഗത്ത്. മലയാള ഭാഷാപിതാവിനെ വിസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പേരില്‍ ഇന്ന് തുഞ്ചന്‍ ഉത്സവം ആരംഭിക്കാനിരിക്കെ സംഘാടകര്‍ക്കെതിരെ പ്രതിഷേധവുമായി പൗരസമിതി എന്ന പേരില്‍ പ്രതിഷേധവുമായി ഫ്‌ലക്‌സുകള്‍ . തുഞ്ചന്‍ സ്മാരക ട്രസ്റ്റിനെതിരെയാണ് പ്രതിഷേധം. സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം കത്തിപ്പടരുകയാണ്. തിരൂര്‍ നഗരത്തില്‍ നൂറുകണക്കിന് ഫഌ്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു കഴിഞ്ഞു.സുതാര്യമല്ലാത്ത തുഞ്ചന്‍ സ്മാരക ട്രസ്റ്റ് പിരിച്ചുവിടുക, കണക്കുകള്‍ ജനങ്ങളെ ബോധിപ്പിക്കുക, മുമ്പ് തുഞ്ചന്‍പറമ്പില്‍ നടന്ന തീപിടുത്തത്തെ കുറിച്ച് പുനരന്വോഷണം നടത്തുക, ട്രസ്റ്റിനെ കുറിച്ച് സമഗ്രമായി അന്വേഷിക്കുക, എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തുഞ്ചന്‍പറമ്പിലും പരസ്യങ്ങളിലും വ്യാപകമായി തിരൂര്‍ പൗരാവലിയുടെ പേരില്‍ ഫഌ്‌സുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

തുഞ്ചത്തെഴുത്തച്ഛനുമായി തുഞ്ചന്‍ ഉത്സവത്തിന് യാതൊരു ബന്ധവുമില്ലെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇടതുപക്ഷ അനുഭാവികളായ എഴുത്തുകാര്‍ തലപ്പത്തുള്ള തുഞ്ചന്‍ സ്മാരക ട്രസ്റ്റും കേന്ദ്ര സാഹിത്യ അക്കാദമിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിക്കെത്തുന്ന കേന്ദ്ര സാഹിത്യ അക്കാദമി അംഗങ്ങളായ എഴുത്തുകാരുടെ മുഴുവന്‍ ചിലവും വഹിക്കുന്നത് അക്കാദമിയാണ്. ഈ ഫണ്ട് മറച്ചുവെച്ചുകൊണ്ട് സംഘാടകര്‍ പണപ്പിരിവിനിറങ്ങിയതും വിവാദമായിരുന്നു.

തുഞ്ചന്‍ സ്മാരക ട്രസ്റ്റ് രൂപീകൃതമായപ്പോഴും എംടി അതിന്റെ സാരഥ്യം ഏറ്റെടുത്തപ്പോഴും മലയാളികള്‍ അങ്ങേയറ്റം സന്തോഷിച്ചു. പ്രവാസികളടക്കം ധാരാളം പേര്‍ ട്രസ്റ്റിന് സാമ്പത്തിക സഹായം നല്‍കാന്‍ മത്സരിച്ചു. പിന്നീടാണ് ട്രസ്റ്റിന്റെ യഥാര്‍ത്ഥ മുഖം ഭാഷാസ്‌നേഹികള്‍ക്ക് മനസിലായി തുടങ്ങിയത്. ട്രസ്റ്റിന്റെ ഭരണം സുതാര്യമല്ലെന്ന് വ്യക്തമായതോടെ പണത്തിന്റെ വരവ് നിലച്ചു. അതോടെ സംഘാടകര്‍ പിരിവും ആരംഭിച്ചു. എന്നാല്‍ ഇങ്ങനെ പിരിക്കുന്ന പണത്തിനും കണക്കുകളില്ല. എംടിയുടെ നേതൃത്വത്തില്‍ തുഞ്ചന്‍ ലൈബ്രറിക്കുവേണ്ടി തിരൂര്‍ അര്‍ബന്‍ ബാങ്കില്‍ നിന്നും സംഭാവന ആവശ്യപ്പെട്ടതനുസരിച്ച് ഒരുലക്ഷത്തി എഴുപത്തേഴായിരം രൂപ അനുവദിച്ചിരുന്നു പക്ഷേ ഈ പണം എവിടെ പോയെന്ന് ആര്‍ക്കും അറിയില്ല.

ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് തുഞ്ചന്‍പറമ്പില്‍ തീപിടുത്തം ഉണ്ടായത്. ലക്ഷക്കണക്കിന് രൂപയുടെ മരങ്ങള്‍ കത്തി നശിച്ചുയെന്നാണ് അന്ന് പറഞ്ഞത്. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കത്തിപ്പോയത് മുഴുവന്‍ പാഴ് മരങ്ങളായിരുന്നുയെന്ന് കണ്ടെത്തി. ലക്ഷങ്ങളുടെ മരം കടത്തിയത് ഒരു ട്രസ്റ്റ് അംഗത്തിന്റെ വീട്ടിലേക്കാണെന്നും ആരോപണമുണ്ട്. സര്‍ക്കാരിനെ സ്വാധീനിച്ച് അന്വേഷണവും അട്ടിമറിച്ചു. വിജയദശമിദിനത്തില്‍ വിദ്യാരംഭത്തിനായി വരുന്നവരെ നിയന്ത്രിക്കുന്നതിനും മറ്റും സൗജന്യമായി സേവനം ചെയ്യുന്ന പല സംഘടനകളെയും പേരില്‍ പണം എഴുതി എടുക്കുന്നുന്നതായും ആരോപണം ഉയരുന്നു.
തിരൂരിലെത്തുന്ന പലരുടെയും സുഖവാസ കേന്ദ്രമായിട്ടാണ് ഇന്ന് തുഞ്ചന്‍പറമ്പ് ഉപയോഗിക്കുന്നത്.

തുഞ്ചന്‍ ഉത്സവത്തിലെ പ്രധാന പരിപാടികളായ തുഞ്ചന്‍ സ്മാരക പ്രഭാഷണത്തിന്റെ വിഷയമാണ് ഏറ്റവും ശ്രദ്ധേയം. ആവിഷ്‌ക്കാര സ്വാതന്ത്ര്യം നേടുന്ന എട്ട് ഭീഷണികള്‍. ഇവയെല്ലാം വിശദീകരിച്ചുകൊണ്ടാണ് നോട്ടീസുകളും ഫ്‌ലെക്‌സുകളും നിരന്നിരിക്കുന്നു. കഴിഞ്ഞ തവണ വരെ തുഞ്ചന്‍ ഉത്സവം നടത്താന്‍ ഓടി നടന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട് എന്നതാണ് കൗതുകം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക