Image

ഒരു രക്തബന്ധത്തിന്റെ കഥ (നിലയ്ക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍- 2: ഫ്രാന്‍സിസ് തടത്തില്‍)

Published on 27 January, 2017
ഒരു രക്തബന്ധത്തിന്റെ കഥ (നിലയ്ക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍- 2: ഫ്രാന്‍സിസ് തടത്തില്‍)
അന്നൊരു തിങ്കളാഴ്ചയായിരുന്നു. സമയം ഏതാണ്ട് പത്തു മണി .

“അയാള്‍ എത്തും കൃത്യം 9.30 നു തന്നെ ബ്യൂറോ ഓഫീസില്‍ ഹാജരാകും . അപ്പോള്‍ തുടങ്ങും നിന്റെ കഷ്ട കാലവും ദു:ഖ വെള്ളിയും .”

തലേന്ന് ന്യൂസ് ഡസ്കില്‍ നിന്ന് അന്നത്തെ ഡസ്ക് ചീഫിന്റെ ചുമതലയുള്ള ഡേവിസ് പൈനാടത്ത് (ഇന്നത്തെ തൃശൂര്‍ ദീപിക ന്യൂസ് എഡിറ്റര്‍ ) എന്നെ ആധി കേറ്റാന്‍ നമ്പറിട്ടതാണ് . എന്റെ ഉള്ളില്‍ ഭയപ്പാട് ഒട്ടുമില്ലെങ്കിലും എന്തോ ഒരു പന്തികേട് ..

രാവിലെ 9.3ം ആയപ്പോള്‍ മുതല്‍ ഞാന്‍ അസ്വസ്ഥനായി . പേപ്പറുകള്‍ അടുക്കി വയ്ക്കുന്നു . മേശപ്പുറം വൃത്തിയാക്കുന്നു . എന്റെ മുമ്പില്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി ഒട്ടേറെ പത്രങ്ങള്‍ . ഒരു ഗമയ്ക്ക് ഇരിക്കട്ടെ എന്നു കരുതി ദ ഹിന്ദു പത്രം വായിക്കുന്നതു പോലെ നടിച്ചിരുന്നു . 10 മണിയായപ്പോള്‍ സോഡാക്കുപ്പി പോലത്തെ ഗ്ലാസും ധരിച്ച് കയ്യില്‍ ഒരു ബ്രീഫ്‌കെയ്‌സുമായി ഒരു കട്ടിമീശക്കാരന്‍ ഗൗരവത്തോടെ കയറി വരുന്നു . ആളെ എനിക്കു നേരത്തെ അറിയാം . അതുകൊണ്ടു തന്നെ മുറിയില്‍ കയറിയ ഉടന്‍ തന്നെ ഞാന്‍ ചാടിയെണീറ്റു . എവിടെ ..? ആലുവാ മണപ്പുറത്തു കണ്ട പരിചയം പോലുമില്ല .

പെട്ടിയും സാധനങ്ങളും ഒതുക്കി വച്ച ശേഷം ബ്യൂറോ ചീഫിന്റെ കസേരയില്‍ ഇരുന്ന ഫ്രാങ്കോ ലൂയിസ് എന്ന എന്റെ ബോസ് ആദ്യം തന്നെ ക്യാബിനിലേക്കു വിളിപ്പിച്ചു . ബ്യൂറോയിലെ കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി . 1995 വരെ തൃശൂര്‍ ബ്യൂറോയുടെ ചുമതലക്കാരനായിരുന്ന അലക്‌സാണ്ടര്‍ സാമിനെ തൃശൂര്‍ റസിഡന്റ് എഡിറ്ററായി നിയമിച്ചതു മൂലം ഏതാണ്ട് നാഥനില്ലാ കളരിയായിരുന്നു തൃശൂര്‍ ബ്യൂറോ . കേവലം ട്രെയ്‌നിയായിരുന്ന എനിക്കായിരുന്നു ബ്യൂറോയുടെ ചുമതല കുറച്ചു കാലം . പിന്നീട് എന്റെ ഒരു വര്‍ഷം സീനിയറായ ജോജോ വള്ളിയില്‍ എത്തി . ജോജോയ്ക്ക് കേവലം മൂന്നു മാസമേ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞുള്ളു. അതിനു ശേഷം ചില്‍ഡ്രന്‍സ് ഡൈജസ്റ്റിന്റെ ചുമതലക്കാരനായി പോയി .

ഫ്രാങ്കോ ലൂയീസ് എത്തു ന്നതോടെ ബ്യൂറോ ചീഫ് എന്ന അധിക ഭാരം ഒഴിവായി കിട്ടുമല്ലോ എന്നായിരുന്നു കരുതിയിരുന്നത് . പൊതുവേ പരുക്കനായ ഫ്രാങ്കോയുടെ കണ്ഠത്തില്‍ നിന്ന് അപ്പോള്‍ ഒരു മധുര ധ്വനി “ ഡാ , പ്രാഞ്ചീ , ഞാന്‍ വന്നിരിക്കുന്നത് പണിയെടുക്കാനല്ല , നിന്നെപ്പോലെയുള്ളവന്മാരെ കൊണ്ടു പണിയെടുപ്പിക്കാനാണ് . എന്നിട്ട് ഞാനിവിടെ റിലാക്‌സ് ചെയ്തങ്ങട്ട് ഇരി്ക്കും . ദേ , പൈനാടത്ത് പറഞ്ഞത് നൂറു ശതമാനം ശരിയാണെന്നു തോന്നുന്നു . ഇയാള്‍ പണി തുടങ്ങീ! ഞാനും ഫ്രാങ്കോ ലൂയീസും തമ്മില്‍ വ്യക്തിപരമായി വലിയൊരു അടുപ്പത്തിന്റെ കഥയുണ്ട് . അത് പിന്നീട് വിവരിക്കാം .

ആദ്യദിവസം പത്ര സമ്മേളനങ്ങളും ലൊട്ടു ലൊടുക്ക് ഡെയ്‌ലി ബീറ്റ്‌സുമായി കടന്നു പോയി . പിറ്റേദിവസം ദീപിക പത്രത്തിന്റെ ഒന്നാം പേജില്‍ ഒരു സ്‌റ്റോറി “ അതിരപ്പിള്ളി –വാഴച്ചാല്‍ ജലവൈദ്യുത പദ്ധതി സര്‍വേയ്ക്ക് അനുമതി “ ഫ്രാങ്കോ ലൂയീസിന്റെ ആദ്യ ബൈലൈന്‍ . ഞാന്‍ ഞെട്ടി ..ഇങ്ങേരിതെപ്പം എഴുതി ? എന്തായാലും രാവിലെ ഓഫീസില്‍ വന്നപ്പോള്‍ ആദ്യത്തെ ചുമതല കിട്ടി . ഫോട്ടോഗ്രാഫര്‍ ജോസുമൊത്ത് ആതിരപ്പിള്ളിക്കു പോകുക . നല്ല കളര്‍ ചിത്രങ്ങള്‍ എടുക്കണം . നാട്ടുകാരുടെയും വൈദ്യുതി ബോര്‍ഡിന്റെയും പ്രതികരണങ്ങള്‍ ആരാഞ്ഞ് ഒരു അസല്‍ ഫീച്ചര്‍ ടൈപ്പ് സ്‌റ്റോറി തയാറാക്കുക . അടുത്ത ഞായറാഴ്ചയാണ് തൃശൂര്‍ ദീപിക യൂനിറ്റില്‍ കളര്‍ പ്രിന്റിംഗ് ഉല്‍ഘാടനം .ആദ്യത്തെ കളര്‍ ചിത്ര ഫീച്ചര്‍ അതിരപ്പിള്ളി ആയിരിക്കണം .ബ്യൂറോയില്‍ വെറും ഈച്ച് പ്രസ്താവനകളും പ്രതികരണങ്ങളും എഴുതി ശീലിച്ച എനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു . കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ട ത്തെ കുറിച്ച് , അതിമനോഹരമായി , കവിതാത്മകമായി എഴുതാമായിരുന്ന ഫീച്ചര്‍ എത്രകണ്ട് മോശമാക്കാമോ അത്രകണ്ട് മോശമാക്കി എഴുതി പിറ്റേന്നു രാവിലെ തന്നെ ചീഫിന്റെ മേശപ്പുറത്തു വച്ചു .ചീഫ് എത്തി . വായന തുടങ്ങി . ഏതാനും നിമിഷങ്ങള്‍ക്കകം എന്റെ തലയില്‍ എന്തോ പതിച്ചിരിക്കുന്നു …! നോക്കുമ്പോള്‍ ഞാനെഴുതിയ പത്തു പേജു വരുന്ന ലേഖനം യാതൊരു ദാക്ഷിണ്യവുമില്ലാതെ എന്റെ നേര്‍ക്കു വലിച്ചെറിഞ്ഞിരിക്കുകയാണ് ..... പിന്നാലെ ഒരാക്രോശവും …” ഡാ , പ്രാഞ്ചീ …ഇങ്ങനെയാണോടാ എഴുതുന്നത് ? ഇതെന്താടാ കാണിച്ചു വച്ചിരിക്കുന്നത് ? “ ഒരു കൊടും കുറ്റവാളിയെ എന്ന പോലെ അദ്ദേഹം എന്നെ തുറിച്ചു നോക്കി . ഞാനാകട്ടെ , തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട കുറ്റവാളി രാഷ്ട്രപതിയുടെ മുമ്പില്‍ ദയാഹര്‍ജിയുമായെന്ന പോലെ അദ്ദേഹത്തെ ദയനീയമായി നോക്കി . “ പോയി മാറ്റിയെഴുതെടാ…” ~ഒന്നല്ല , ഏഴുവട്ടം ഞാന്‍ മാറ്റിയെഴുതി . ഓരോ തവണയും അല്‍പം ദയാവായ്പിനായി ഞാന്‍ അദ്ദേഹത്തെ നോക്കി . എഴുത്തിന്റെ കാര്യത്തില്‍ യാതൊരു നീക്കുപോക്കുമില്ലാതിരുന്ന ഫ്രാങ്കോ ലൂയിസ് ഏഴാം വട്ടം തിരുത്തി എഴുതിയ എന്റെ ഫീച്ചറില്‍ കൈവയ്പ് നടത്തി . അവിടെയും ഇവിടെയുമായി തിരുത്തലുകളും പൊളിച്ചെഴുത്തലുകളും .ഫൈനല്‍ റൗണ്ട് എഴുതിയ ലേഖനവും മടക്കി പിടിച്ചു കൊണ്ട് വെളിയന്നൂരിലുള്ള ഓഫീസിലേക്കു പോയ അദ്ദേഹം രാത്രി എട്ടു മണിക്കു മടങ്ങി വന്നു .
പലവട്ടമായി മാനസികമായി പീഡിപ്പി്ച്ചതു മൂലം എന്റെ മനസില്‍ അദ്ദേഹത്തോട് പ്രത്യേക സ്‌നേഹമൊന്നും തോന്നിയില്ല . ഓഫീസില്‍ തിരിച്ചെത്തിയ ശേഷം ബ്യൂറോ അടച്ച് പോകാന്‍ നേരം അദ്ദേഹം ചോദിച്ചു ..” നീ വല്ലതും കഴിച്ചോ ?” ഇല്ല ..ഞാന്‍ മറുപടി പറഞ്ഞു . “ എങ്കില്‍ വാ …” ഞാന്‍ പറഞ്ഞു …ഞാന്‍ പിന്നെ കഴിച്ചോളാം .

“ അതെന്താ , ഞാന്‍ വാങ്ങിത്തന്നാല്‍ നീ കഴിക്കില്ലേ ?” ഭക്ഷണ കാര്യത്തില്‍ വല്യ ഭാവമില്ലാത്ത ഞാന്‍ അദ്ദേഹത്തെ അനുഗമിച്ചു . തൃശൂരിലെ എലൈറ്റ് ബാറില്‍ നിന്നു രണ്ടു പെഗും ഭക്ഷണവും . ആദ്യത്തെ പെഗ് അടിച്ചപ്പോള്‍ തന്നെ ആ മുരടന്‍ മുഖത്തെ രൗദ്ര ഭാവം മാറി .
“ എടാ പ്രാഞ്ചീ , നിന്റെ പേരില്‍ ആദ്യമായി അച്ചടിച്ചു വരുന്ന ലേഖനത്തിന് നല്ല നിലവാരം വേണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട് . അതു കൊണ്ടാണ് നിന്നെ ഇത്രയും വേദനിപ്പിക്കേണ്ടി വന്നത് .” എന്നിട്ടും മനം തെളിയാതിരുന്ന എന്റെ തോളത്ത് ഒന്നു തൊട്ടു ., പിന്നെ ഒരു തലോടലും …തീര്‍ന്നൂ …..ഫ്രാങ്കോ ലൂയീസ് എന്ന അതികായന്റെ മനക്കട്ടി . പിന്നെ ഒരു മഞ്ഞുരുകുന്നതു പോലെ …..അകാലത്തില്‍ പിതാവിനെ നഷ്ടപ്പെട്ട ബാലനെ പോലെ …..ഫ്രാങ്കോ എന്ന കടും വെട്ടു സ്വഭാവക്കാരന്‍ ഒരു നിഷ്കളങ്ക ബാലനെപ്പോലെ എന്നെ ആരാധനയോടെ നോക്കി സംസാരിക്കാന്‍ തുടങ്ങി . ഏതാനും മണിക്കൂറുകള്‍ക്കു മുമ്പു വരെ എന്തേ ഈ മനുഷ്യന്‍ ഇങ്ങനെ എന്നു ചിന്തിച്ച എനിക്കു തെറ്റി . എനിക്കു പ്രിയപ്പെട്ടതാകുമെന്നു കരുതിയ ഫ്രാങ്കോ സാര്‍ എനിക്കേറ്റവും വേണ്ടപ്പെട്ടവനാകുന്നതിന്റെ ആദ്യ പടിയായിരുന്നു അത് .

ഞങ്ങള്‍ തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത് അദ്ദേഹം തൃശൂരിലേക്കു സ്ഥലം മാറി വന്നതിന്റെ ഏതാനും മാസങ്ങള്‍ക്കു മുമ്പു മാത്രമാണ് . ആ ബന്ധം പിന്നീടു വളര്‍ന്നു പന്തലിച്ച് ഇന്നു ഞാന്‍ ആരായിരിക്കുന്നുവോ ആ അവസ്ഥയ്ക്കു വെള്ളവും വളവും തണലും നല്‍കി പരിപോഷിപ്പിച്ച് വളര്‍ത്തിക്കൊണ്ടു വന്നതിന്റെ പിന്നില്‍ ആ വലിയ മനുഷ്യന്റെ ഉദാത്തമായ പിന്തുണയും പരിശ്രമവുമാണ് . ഞങ്ങള്‍ തമ്മില്‍ അന്നു തുടങ്ങിയ ബന്ധത്തിന് ഒരു പേരുണ്ട് …രക്തബന്ധം ….ജീവീത ജൈത്രയായത്രയില്‍ ആ രക്തബന്ധത്തിന് എന്തെല്ലാം അര്‍ഥമുണ്ടെന്ന് എന്നെ പഠിപ്പിച്ച ആദ്യ പാഠമാണിത് . ആ മഹാമനുഷ്യന്റെ പാദങ്ങളില്‍ കൃതജ്ഞതാ കുസുമങ്ങളര്‍പ്പിച്ചു കൊണ്ട് രക്തബന്ധത്തിന്റെ ആ കഥ ഇവിടെ തുടങ്ങട്ടെ :

1995ല്‍ തൃശൂര്‍ ദീപിക ഡെസ്കില്‍ നിന്നും എന്റെ സുഹൃത്തും സബ് എഡിറ്ററുമായ ജോജി ജോസഫിന്റെ ഒരു കോള്‍ വന്നു . “ ഫ്രാന്‍സിസ് , നമ്മുടെ ഫ്രാങ്കോ സാറിന്റെ അപ്പന് യൂറിന്‍ ബ്ലാഡറില്‍ ഒരു താക്കോല്‍ ദ്വാര ശസ്ത്രക്രിയ ….മൂന്നു കുപ്പി രക്തം വേണം . നീയതു സംഘടിപ്പിച്ചു തരണം . “ അതിനെന്താ നോക്കട്ടെ എന്നായി ഞാന്‍ . ഗ്രൂപ്പ് ഒ പോസിറ്റീവ് . ഡസ്കില്‍ ആയതിനാല് ്‌ജോജിക്ക് ഫ്രാങ്കോ സാറുമായി നല്ല ബന്ധമുണ്ട് . ജന്മം കൊണ്ടു തൃശൂര്‍ക്കാരനാണെങ്കിലും കര്‍മ്മം കൊണ്ടു പല ദേശക്കാരനായിരുന്നതിനാല്‍ ഫ്രാങ്കോ സാറിന് തൃശൂരില്‍ അത്ര വലിയ ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല . മാത്രവുമല്ല , താക്കോല്‍ ദ്വാര ശസ്ത്രക്രിയയാണ് . സങ്കീര്‍ണമായ ശസ്ത്രക്രിയയൊന്നുമല്ല താനും .

ശസ്ത്രക്രിയ ദിവസം രാവിലെ എട്ടിനു മുമ്പേ മൂന്നിനു പകരം പതിനഞ്ചു ഡോണര്‍മാര്‍ രക്തം കൊടുക്കാന്‍ തയാറായി തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ഹോസ്പിറ്റലിനു മുന്നിലെത്തി. ശസ്ത്ര ക്രിയ തുടങ്ങി ഏതാനും മണി്ക്കൂറുകള്‍ക്കുള്ളില്‍ തിയറ്ററിനുള്ളില്‍ നിന്നും അറിയിപ്പുകള്‍ വന്നു തുടങ്ങി . ബിപി കൂടി…….രക്തസ്രാവം ഇരട്ടിച്ചു …….രക്തം കയറ്റുന്നത് മതിവരുന്നില്ല …. ഉടനെ ബ്ലഡിനു വേണ്ടിയുള്ള നെട്ടോട്ടമായി …ഓരോ തവണയും ഫ്രാങ്കോ സാര്‍ ജോജിയെക്കാണും . ജോജി എന്നെ വിളിക്കും …ഞാന്‍ ആളുകളെ സംഘടിപ്പിക്കും .മൂന്നു കുപ്പി എന്നിടത്തു പത്തു കുപ്പിയായി . ജോജിയുയുടെ നിയന്ത്രണം നഷ്ടപ്പെട്ടു . എനിക്കും ഫ്രാങ്കോ സാറിനുമിടയിലെ മധ്യവര്‍ത്തിയായാണ് താന്‍ നില്‍ക്കുന്നതെന്ന് ജോജി വെളിപ്പെടുത്തി . ഉടന്‍ ഫ്രാങ്കോ സാര്‍ എന്നെ നേരില്‍ കണ്ടു . “ ഫ്രാന്‍സിസ് , എന്തു വില കൊടുത്തും രക്തം വേണം . എന്റെ ബൈക്ക് കൊണ്ടു പൊയ്‌ക്കോളുക . “ ഞാന്‍ ബൈക്കുമായി ഒന്നിനു പുറകെ ഒന്നായി ഡോണര്‍മാരെ ആശുപത്രിയിലെത്തിച്ചു . മൊത്തം 21 പേരുടെ രക്തം കയറ്റി . കുറച്ചു പേരുടെ രക്തം സ്റ്റാന്‍ഡ് ബൈ ആയി സൂക്ഷിച്ചു . പിന്നെയും തരാന്‍ തയാറായവര്‍ പത്തിലേറെപ്പേര്‍ . ഇതെല്ലാം ഞാന്‍ ബ്യൂറോയില്‍ ജോലി ചെയ്തിരുന്നതു കൊണ്ട് സൃഷ്ടിച്ച ബന്ധങ്ങളില്‍ നിന്നും ഉടലെടുത്തവയായിരുന്നു . ഏതാണ്ട് മൂന്നു മണിയായപ്പോള്‍ ആരും രക്തത്തിനു വേണ്ടി വിളിക്കാതായി . ആറു മണിയായപ്പോള്‍ സംഗതികള്‍ എവിടെ വരെയായി എന്നറിയാന്‍ ആശുപത്രി വരെ ചെന്നു ഞാന്‍ . അന്തരീക്ഷം ശോകമൂകം ….ആരും ഒന്നും മിണ്ടു ന്നില്ല . ഞാന്‍ ഫ്രാങ്കോ സാറിനെ മാറ്റി നിര്‍ത്തി കാര്യമാരാഞ്ഞപ്പോള്‍ അദ്ദേഹം പൊട്ടിക്കരഞ്ഞു .
“ എന്റെ അപ്പച്ചന്‍ പോയെടാ…. നിന്റെ പരിശ്രമങ്ങളെല്ലാം വെറുതെയായി …”
മറ്റുള്ളവരുടെ വേദന എനിക്കു മനസിലാകും . പക്ഷേ അവരെ ആശ്വസിപ്പിക്കുന്നതെങ്ങനെയെന്ന് ഇന്നു വരെ ഞാന്‍ പഠിച്ചിട്ടില്ല . ആ അറിവില്ലായ്മ കൊണ്ട് കുറേ നേരം അദ്ദേഹത്തിനൊപ്പം ഒരു വാക്കു പോലും ഉരിയാടാതെ ഞാന്‍ നിന്നു . പിന്നീടെപ്പോഴോ അദ്ദേഹം പറഞ്ഞു .. എന്റെ ആ നില്‍പ് അദ്ദേഹത്തിനു വളരെ ആശ്വാസം പകര്‍ന്നിരുന്നുവെന്ന് .

പത്തുമണിയായപ്പോഴേക്കും അപ്പച്ചന്റെ മൃതദേഹം ആംബുലന്‍സില്‍ സ്വദേശമായ കൊട്ടേക്കാടിനു കൊണ്ടു പോയി . ഇടക്കാല ബ്യൂറോ ചീഫ് ആയ ജോജി എനിക്ക് പിടിപ്പതു ജോലിയും തന്നിട്ട് സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയി . ഉച്ചകഴിഞ്ഞ് ഞാന്‍ കൊട്ടേക്കാട് എത്തുമ്പോഴേയ്ക്കും സംസ്കാരം കഴിഞ്ഞ് എല്ലാവരും സെമിത്തേരിയില്‍ നിന്നു പിരിയാന്‍ തുടങ്ങുകയായിയുന്നു. ഇതിനിടെ രണ്ടു കണ്ണുകള്‍ എന്നെ മാത്രം തിരയുകയായിരുന്നുവെന്ന് ഞാനറിഞ്ഞിരുന്നില്ല … മറ്റാരുമായിരുന്നില്ല .. ഫ്രാങ്കോ ലൂയീസ് സാര്‍..

സെമിത്തേരിയില്‍ തടിച്ചു കൂടിയ ബന്ധുമിത്രാദികളെല്ലാം േേനാക്കി നില്‍ക്കെ ഫ്രാങ്കോ സാറെന്നെ ബദ്ധാലിംഗനം ചെയ്തു പറഞ്ഞു ഛ മോനേ , പോയല്ലോടാ .. .നിന്റെ രാപകലില്ലാത്ത രക്തത്തിനു വേണ്ടിയുള്ള ഓട്ടം വെറുതെയായി പോയില്ലേ ..? ദേ … കിടക്കുന്നതു കണ്ടോ ? ശവകുടീരത്തെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു .
നീ എവിടെയായിരുന്നു ? നിന്നെ ഞാന്‍ എവിടെയൊക്കെ തെരക്കി ?
പശുവും ചത്തു മോരിലെ പുളിയും പോയി . പിന്നെ എനിക്കെന്താ അവിടെ കാര്യമെന്നായിരുന്നു ഞാന്‍ കരുതിയത് . എനിക്കാണെങ്കില്‍ ആരെയും പരിചയമില്ല . എല്ലാവരും എന്നെ തുറിച്ചു നോക്കുന്നു .

അതിരിക്കട്ടെ , ഇത്രമേല്‍ നീയെന്നെ സഹായിക്കാന്‍ ഞാനും നീയും തമ്മില്‍ എന്തു ബന്ധമാണുള്ളത്? അപ്രതീക്ഷിതമായ ആചോദ്യത്തിനു മറുപടിയായി ഞാന്‍ പറഞ്ഞു .
അതാണ് രക്തബന്ധം . രക്തം സാഹോദര്യത്തെ ബന്ധിപ്പിക്കുന്നു. സാഹോദര്യം സ്‌നേഹത്തെയും . അങ്ങനെ സ്‌നേഹബന്ധം രക്തബന്ധമാകുന്നു . –“

അന്നു തുടങ്ങിയ ആ സ്‌നേഹ ബന്ധം –രക്തബന്ധം ഇന്നും ഞങ്ങള്‍ കാത്തു പരിപാലിച്ചു പോരുന്നു . പിന്നീട് ഇപ്പോഴും ആ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് അവര്‍ എന്നെ കാണുന്നത് . എനിക്ക് അസുഖമാണന്നറിഞ്ഞപ്പോള്‍ അതും ബ്ലഡ് ക്യാന്‍സര്‍ ആണന്നറിഞ്ഞപ്പോള്‍ ആദ്യം വാവിട്ടു കരയുകയും പിന്നീടു പലവട്ടം ധൈര്യപ്പെടുത്തുകയും ചെയ്ത ഫ്രാങ്കോ സാര്‍ ..എനിക്കദ്ദേഹം ഒരു ഗുരുനാഥനോ സുഹൃത്തോ മാത്രമല്ല …അവരിലൊക്കെ എത്രയോ മുകളിലാണ് …സാറിന്റെ ഓരോ വാക്കുകളും എനന്റെ ആത്മധൈര്യത്തെ വളര്‍ത്തുന്നതായിരുന്നു … അപ്പോഴും ..ഇപ്പോഴും …
അതിരപ്പിള്ളി –വാഴച്ചാല്‍ ഫീച്ചര്‍ എഴുതിയ രാത്രിയില്‍ പത്രത്തിന്റെ ആദ്യ കോപ്പി (കളര്‍ കോപ്പി ) അച്ചടിച്ചു വരാന്‍ പ്രസിനു പുറത്തു കാത്തിരിക്കുകയായിരുന്നു . മാസ്റ്റ് ഹെഡിനു താഴെ സൂപ്പര്‍ ലീഡ് സ്‌റ്റോറിയായി അച്ചടിച്ചു വന്ന ഫീച്ചര്‍ വായിച്ചു പൂര്‍ത്തിയായി കഴിഞ്ഞപ്പോളാണ് പൈനാടത്തിന്റെ കമന്റ് “ ഫ്രാന്‍സിസേ കലക്കീട്ടോ. ;ചെലവു ചെയ്യണേ ...” അപ്പോഴാണ് ഫീച്ചറിനൊപ്പം എന്റെ ബൈലൈന്‍ ഉള്ള കാര്യം ശ്രദ്ധയില്‍ പെട്ടത് . പിന്നെ ഒരലര്‍ച്ചയായിരുന്നു . ഒരെഴുത്തുകാരനു കിട്ടുന്ന ആദ്യത്തെ അംഗീകാരം ! അപ്പോഴാണ് എലൈറ്റ് ഹോട്ടലില്‍ വച്ച് ഫ്രാങ്കോ ലൂയീസ് പറഞ്ഞ വാക്കുകള്‍ ഓര്‍മയില്‍ വന്നത് “ നിന്റെ പേരില്‍ പത്രത്തില്‍ അച്ചടിച്ചു വരുന്ന ലേഖനങ്ങള്‍ നീ എഴുതിയതാണെന്നു വായനക്കാര്‍ അനുഭവിച്ചറിയണം . എന്നാല്‍ ബൈലേന്‍ ഇട്ടതിനു ശേഷമാണ് അദ്ദേഹം ഇതു പറഞ്ഞതെന്നു ഞാനറിഞ്ഞത് പത്രം അച്ചടിച്ചു വന്നതിനു ശേഷം മാത്രം . അതു വരെ എത്രയോ നല്ല സ്‌റ്റോറികള്‍ എഴുതിയാലും ട്രെയ്‌നി എന്ന കാരണത്താല്‍ സ്വലേ ആയി തഴയപ്പെടുകയായിരുന്നു . എന്തായാലും പിന്നീട് എനിക്കു പുറകോട്ടു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല . എന്റെ വളര്‍ച്ച മുന്നോട്ടു മാത്രമായി ….കുതിച്ചു കൊണ്ടേയിരുന്നു ….

see also
ഒരു രക്തബന്ധത്തിന്റെ കഥ (നിലയ്ക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍- 2: ഫ്രാന്‍സിസ് തടത്തില്‍)ഒരു രക്തബന്ധത്തിന്റെ കഥ (നിലയ്ക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍- 2: ഫ്രാന്‍സിസ് തടത്തില്‍)ഒരു രക്തബന്ധത്തിന്റെ കഥ (നിലയ്ക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍- 2: ഫ്രാന്‍സിസ് തടത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക