Image

ജെല്ലിക്കെട്ട്: അപപാഠങ്ങളുടെ ഇല്ലിക്കെട്ട്! (മനോജ് മനയില്‍)

Published on 21 January, 2017
ജെല്ലിക്കെട്ട്: അപപാഠങ്ങളുടെ ഇല്ലിക്കെട്ട്! (മനോജ് മനയില്‍)
ജെല്ലിക്കെട്ടില്‍ തമിഴന്റെ കൂട്ടായ്മയെക്കുറിച്ച് വാതോരാ തെ സംസാരിക്കുന്ന ഒരു ന്യൂനപക്ഷമെങ്കിലും മലയാളത്തി ലുണ്ട് എന്നത് നമ്മുടെ വിവരക്കേട് പ്രളയകാലം വരെ നില നില്ക്കും എന്നതിനെ സാക്ഷ്യപ്പെടുത്തുന്നു.. തമിഴന്റെ അതി വൈകാരികതയെയാണു യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ, ചരിത്രത്തിന്റെ ഇത്തിരിവെട്ടം പുരളാതെ മഹത്തായ കൂട്ടുകെട്ടെന്നൊക്കെ ഉളുപ്പില്ലാതെ തട്ടിവിടുന്നത്. ഇതില്‍ അപനിര്‍മിക്കപ്പെട്ട നവഹൈന്ദവതാ ബിംബങ്ങളെ നെഞ്ചേറ്റിയവരും ഉല്പതിഷ്ണുക്കള്‍ എന്നു വരുത്തി ജീവിക്കുന്ന ആചാര്യ നാമങ്ങളും ഉണ്ടെന്നത് ഭീതിതമായ ഒരു ഭാവി കാലത്തിനെ നാം അഭിമുഖീകരിക്കുന്നു എന്ന വിപല്‍ സൂചന നല്‍കുന്നു.

തമിഴന്റെ സാമൂഹ്യ ചരിത്രം ഒന്നാകെ പരിശോധിച്ചാല്‍ അവന്റെ അതിവൈകാരികത കേവലം തമിഴ്‌നാടെന്ന ഭൂമിശാസ്ത്രത്തിനപ്പുറം കടന്നിട്ടില്ല എന്നു കാണാം. അവന്റെ ആവശ്യങ്ങള്‍ എന്നും അവന്റേതു മാത്രമായിരുന്നു. അതാണു തമിഴന്റെ മാനിഫെസ്റ്റോ. അത്തരം കൂട്ടായ്മകളില്‍ അവനു കക്ഷിരാഷ്ട്രീയ ഭേദം ഒരു കാലത്തും ഉണ്ടായിരുന്നില്ല. ഇന്ന് മറീന ബീച്ചില്‍ ഒരു കൊടിയുടേയും പിന്‍ബലം ഉണ്ടായിരുന്നില്ല എന്നു സാഭിമാനം വീമ്പിളക്കുന്നവര്‍ അറിയുന്നില്ല, തികച്ചും സങ്കുചിതമായ തമിഴന്റെ ആവശ്യങ്ങള്‍ക്ക് ഒരു കൊടിയുടെ നിറവും അവര്‍ നോക്കില്ല. അതാണു അവരുടെ ചരിത്രം. അതിനെ ഐതിഹാസികമായ ഹിന്ദു വിജയം എന്നുവരെ ചിലര്‍ പറഞ്ഞുകണ്ടു. സഹതാപൂര്‍വമേ ഇത്തരക്കാരെ കാണന്‍ കഴിയുള്ളു.

തമിഴ്‌നാട്ടില്‍ പണ്ടും ഇന്നും എന്നും നിലനില്ക്കുന്ന ഒരു അതിവൈകാരികതാ വിഷയമാണു തമിഴന്റെ ഭാഷാ പ്രേമം. ഹിന്ദി എന്ന നമ്മുടെ രാഷ്ട്രഭാഷയെ തമിഴന്‍ കാണുന്നത് ശത്രുതാ മനോഭാവത്തോടു കൂടിത്തന്നെയാണു. ഇതാവട്ടെ നമ്മുടെ സ്വാതന്ത്ര്യപൂര്‍വ കാലത്തുതന്നെ തുടങ്ങി എന്നു പറഞ്ഞാല്‍ ഒരു പക്ഷേ പലരും നെറ്റി ചുളിക്കും. അതാണു സത്യം.

ഇന്നു മറീന ബീച്ചില്‍ തടിച്ചു കൂടിയ കൂട്ടയ്മയെ പുകഴ്ത്തുന്നവര്‍ മനസ്സിലാക്കേണ്ടതു, പണ്ട് ഹിന്ദിക്കെതിരെ തടിച്ചു കൂടിയത് ഇതിനേക്കാള്‍ പതിന്മടങ്ങായിരുന്നു. കൂട്ടായ്മയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ഹിന്ദിക്കെതിരെ തമിഴന്റെ രോഷം. എത്രയോ ജീവനുകളെ കുരുതി കൊടുത്തായിരുന്നു അതിന്റെ പ്രയാണം. 1937ല്‍ മദ്രാസ് പ്രവിശ്യയിലെ പള്ളിക്കുടങ്ങളില്‍ ഹിന്ദി നിര്‍ബന്ധമാക്കുന്നതിനെതിരെ സി.രാജഗോപാലാചാരിയുടെ നേതൃത്വത്തില്‍ നടന്ന സമരമാണു ആദ്യത്തേത്. തുടര്‍ന്ന് അതു കാട്ടുതീ പോലെ പടര്‍ന്നു പിടിച്ചു. എത്ര ജീവനുകള്‍ പൊലിനു എന്നതിനു ഇന്നും സര്‍ക്കാരിന്റെ കൈയില്‍ കണക്കുകള്‍ ഇല്ല എന്നതാണു വാസ്തവം. 'ഉടല്‍ മണ്ണുക്ക്, ഉയിര്‍ തമിഴുക്ക്' എന്നതാണു തമിഴന്റെ മുദ്രാവാക്യം. ഇതുകേട്ടു നാളിതുവരെ പുച്ഛിച്ചു ചിരിച്ച മലയാളികള്‍ ഇന്നു തമിഴന്റെ കൂട്ടായമയെ വാനോളം പുകഴ്ത്തണമെങ്കില്‍ അതില്‍ മറ്റെന്തോ ഒളിച്ചിരിപ്പുണ്ട്.

ഒരുകാലത്ത് തമിഴ്‌നാട്ടില്‍ എവിടെ ഹിന്ദി ബോര്‍ഡു കളുണ്ടോ അതെല്ലാം കരി ഓയില്‍ ഒഴിച്ച് നശിപ്പിക്കുക എന്നതായിരുന്നു തമിഴന്റെ രീതി. തമിഴ്‌നാട്ടിലെ ഒരു റെയില്‍വേ സ്റ്റേഷനിലും ഹിന്ദി അക്ഷരങ്ങള്‍ കാനൂമാ യിരുന്നില്ല. അതെല്ലാം കരി ഓയിലില്‍ കുളിച്ചു കിടന്നു. അന്നെല്ലാം മലയാളികള്‍ തമിഴന്റെ ഭാഷാവര്‍ഗീയതെ ക്കുറിച്ച് പ്രബന്ധങ്ങള്‍ രചിച്ചു.
1965ലാണു തമിഴ്‌നാട്ടില്‍ ഹിന്ദി വിരോധം കൊടുമ്പിരി ക്കൊള്ളുന്നത്. അന്നു തമിഴ്‌നാട്ടിലെ തിരുച്ചി ജില്ലയില്‍ കിഴപഴുവരു ഗ്രാമത്തില്‍ ചിന്നസ്വാമി എന്ന കര്‍ഷകന്‍ ദേഹത്ത് പെട്രോളൊഴിച്ച് സ്വയം തീ കൊളുത്തി മരി ക്കുന്നത്. അന്നൊരു റിപ്പബ്‌ളിക് ദിനമായിരുന്നു.

ഈ ബലിദാനത്തിനു തമിഴര്‍ കൊടുത്ത പേരു 'തീക്കുളി' എന്നായിരുന്നു. തൊട്ടടുത്ത ദിവസം ദ്രാവിഡ മുന്നേറ്റകഴകം പ്രവര്‍ത്തകനായ ടി.എന്‍. സിവലിംഗം മദ്രാസിലെ കോടമ്പാക്കത്ത് ആത്മഹത്യ ചെയ്തു. തുടര്‍ന്ന് ആ വര്‍ഷം മാത്രം ഹിന്ദിയുടെ പേരില്‍ 9 പേരാണു ആത്മഹത്യ ചെയ്തത്! പിന്നീട് എത്രയോ 'തീക്കുളികള്‍' അരങ്ങേറി. പലതും രേഖകളില്‍ പോലും ഇല്ലാതെ മറഞ്ഞു പോയി. അന്നു ലാല്‍ ബഹദൂര്‍ ശാസ്ത്രിയാണു ഇന്ത്യന്‍ പ്രധാന മന്ത്രി. രാജ്യത്തിന്റെ അഖണ്ഡതയെ വെല്ലുവിളിക്കുന്ന തരത്തില്‍ സമരം രൂക്ഷമായി. ഇന്നു മറീന ബീച്ചില്‍ എണ്ണിയെടുക്കാന്‍ പാകത്തില്‍ ജനക്കൂട്ടം വന്നു നിറഞ്ഞപ്പോള്‍ ചരിത്രമറിയാത്ത പുത്തന്‍ കൂറ്റുകാര്‍ അതാണു നിസ്സീമം എന്നു പറഞ്ഞു വായാടുമ്പോള്‍ ഓര്‍ക്കുക, നെഹ്രുവിനു ശേഷം പ്രധാനമന്ത്രി പദത്തിലെത്തുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയെ വരെ നടുക്കിയ ദേശവിരുദ്ധ പ്രക്ഷോഭമായിരുന്നു തമിഴ്‌നാട്ടില്‍ അര്‍ങ്ങേറിയത്. അതും ഹിന്ദിക്കെതിരെ! ഒടുവില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിക്ക് മുട്ടു മടക്കേണ്ടി വന്നു. ഹിന്ദി അടിച്ചേല്പ്പിക്കില്ല, ഇംഗ്‌ളീഷ് ടരും എന്നു വിജ്ഞാപനം ഇറക്കേണ്ടി വന്നു മഹാനായ ആ മനുഷ്യനു.

അതേ പാതയാണു ഇന്നും ജെല്ലിക്കെട്ടിന്റെ ഓര്‍ഡിനന്‍സു മായി തമിഴ്‌നാട് നില്ക്കുമ്പോള്‍ നമുക്കു മനസ്സിലാകുന്നത്. കാലമേ മാറിയുള്ളു. അക്രമാസക്തമായ രക്തയോട്ടം ഇപ്പോഴും തമിഴന്റെ സിരകളില്‍ അഭംഗുരം ഒഴുകുന്നു. ഇതാണു നമ്മുടെ നവമാധ്യമ കങ്കാണിമാര്‍ക്ക് ദേശപ്രേമമായി അനുഭവപ്പെടുന്നത്!

1968ല്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു ത്രിഭാഷാ പദ്ധതി ആവിഷ്‌കരിച്ചു. ഒരോ സംസ്ഥാനത്തിലും മുന്നു ഭാഷകള്‍ നിര്‍ബന്ധമായും വിദ്യാര്‍ഥികള്‍ പഠിച്ചിരിക്കണം. ഇതായിരുന്നു ഈ പദ്ധതി. ഒന്നു അവിടുത്തെ മാതൃഭാഷ. രണ്ട് ഹിന്ദി. മൂന്ന് ഇംഗ്ലീഷ്. ഈ പദ്ധതിയെച്ചൊല്ലി തമിഴ്‌നാട്ടില്‍ നടന്ന പുകിലുകള്‍ പ്രമാദമായിരുന്നു. ഒരു കാരണവശാലും ഹിന്ദി പഠിക്കാനോ, പഠിപ്പിക്കാനോ അവര്‍ തയ്യാറായില്ല. അന്നും രാജ്യത്ത് സര്‍ക്കാര്‍ ഉണ്ടായിരുന്നു. അവര്‍ക്ക് നോക്കി നില്ക്കാനെ കഴിഞ്ഞുള്ളു എന്നതും നമുക്ക് പാഠമാകേണ്ടതാണു.

പിന്നീട് അധികാരത്തില്‍ വന്ന ജയലളിതയുടെ ഹിന്ദിക്കെതിരെയുള്ള പ്രസിദ്ധമായ ഒരു പ്രസംഗമുണ്ട്. 'ക്വിറ്റ് ഇന്ത്യ എന്നു ബ്രിട്ടീഷുകാരോട് നാം പറഞ്ഞു. അവര്‍ക്ക് കാര്യം മനസ്സിലായി. കാരണം അതു ഇംഗ്‌ളീഷില്‍ ആയി രുന്നു. അതെങ്ങാനും ഹിന്ദിയിലായിരുന്നു പറഞ്ഞിരുന്നതെങ്കില്‍ അവര്‍ക്കു മനസ്സിലാകാനേ പോകുമായിരുന്നില്ല!' ഇതാണു എന്നും തമിഴന്റെ രാഷ്ട്രീയം!
ഇതുമാത്രമോ, തമിഴന്റെ അതിവൈകാരിതയ്ക്ക് എത്രയെത്ര ഉദാഹരണങ്ങള്‍!

പ്രേമം മൂത്ത് നടി ഖുശ്ബുവിനു ദേവാലയം പണിയുകയും, ഖുശ്ബു വിവാഹേതേര ലൈംഗിക ബന്ധത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അതേ ദേവാലയം അടിച്ചു തകര്‍ത്തവരുമാണു ഇക്കൂട്ടര്‍. ഇതേ അതി വൈകാരികതയാണു മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട്ടിലെ മല യാളികളുടെ കടകളും മറ്റും തമിഴന്‍ അടിച്ചു തകര്‍ത്തത്. ഇതേ അതി വൈകാരികതയാണു കാവേരി നദീ തര്‍ക്കത്തിലും നാം കണ്ടത്.

തമിഴന്‍ തങ്ങളുടെ ഇഷ്ടനായകന്റെ കൂറ്റന്‍ ഹോര്‍ഡിംഗ്‌സില്‍ പാലൊഴിക്കുമ്പോള്‍, ഇഷ്ടനായകന്റെ സിനിമ റിലീസാകുമ്പോള്‍ കാണിക്കുന്ന കോപ്രായങ്ങളെ എല്ലാം പുച്ഛത്തോടെ മാത്രം കണ്ടിരുന്ന മലയാളിയ്ക്ക് ഇപ്പോള്‍ എന്താണു ജെല്ലിക്കെട്ടിനോട് ഇത്ര പ്രേമം വരാന്‍ കാരണം? ഇതു തികച്ചും ഒരു ദുഷ്ടലാക്കിന്റെ പിന്നണി ഗൂഢാലോ ചനയാണെന്നു കാണാന്‍ സാധിക്കും. അതാവട്ടെ തികച്ചും നമ്മുടെ നാടിനെ പിന്നാക്കം നയിക്കാന്‍ പോന്നതുമാണു. അതിങ്ങനെ ഉപസംഹരിക്കാം:

1. ജെല്ലിക്കെട്ടു നടന്നാല്‍ അതിന്റെ മറപറ്റി, എക്കാലവും കേരളത്തിലെ ഹിന്ദു യുവതികള്‍ തങ്ങളുടെ അടുക്കളയില്‍ തന്നെ കഴിയാന്‍ പാകത്തില്‍ ശബരിമലയില്‍ യുവതി പ്രവേശനം നിരോധിച്ചു കൊണ്ടു ഉത്തരവു വാങ്ങാം.
2. ജെല്ല്‌ലിക്കെട്ടില്‍ കാളയാണെങ്കില്‍ നമ്മുടെ ക്ഷേത്രോല്‍സവങ്ങളില്‍ ആനെയെന്ന മിണ്ടാപ്രാണിയെ കൊല്ലാക്കൊല ചെയ്യുന്നത് തുടരാം.
3. ക്ഷേത്രങ്ങളില്‍ വെടിക്കെട്ടെന്ന മാരണം നടത്തി കാലാകാലങ്ങളില്‍ ഭക്തജനങ്ങളുടെ ജീവനും സ്വത്തിനും അപായം വരുത്തി വെക്കാം.

ഈ ഓര്‍ഡിനന്‍സ് അംഗീകരിച്ചത് കേന്ദ്ര സര്‍ക്കാര്‍ ആണെന്നത് ഹിന്ദുവിന്റെ വിജയമായി കൊണ്ടാടുന്നതും ഇതേ മണ്ടത്തരത്തിന്റെ രാഷ്ട്രീയ മറുപുറം മാത്രമാണു. ഇതാണു ജെല്ലിക്കെട്ട് നല്‍കുന്ന അപപാഠങ്ങളുടെ ഇല്ലിക്കെട്ട്.
ജെല്ലിക്കെട്ട്: അപപാഠങ്ങളുടെ ഇല്ലിക്കെട്ട്! (മനോജ് മനയില്‍) ജെല്ലിക്കെട്ട്: അപപാഠങ്ങളുടെ ഇല്ലിക്കെട്ട്! (മനോജ് മനയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക