Image

അനര്‍ഘനിമിഷത്തില്‍ നീയും ഞാനുമെന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുമ്പോള്‍.. (ശ്രീപാര്‍വതി)

Published on 19 January, 2017
അനര്‍ഘനിമിഷത്തില്‍ നീയും ഞാനുമെന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുമ്പോള്‍.. (ശ്രീപാര്‍വതി)
നീയും ഞാനുമെന്ന യാഥര്‍ത്ഥ്യത്തില്‍ നിന്ന് ഒടുവില്‍ നീ മാത്രം അവശേഷിയ്ക്കാന്‍ പോകുന്നു... ഒരു യാത്രയ്ക്ക് മുന്‍പുള്ള പ്രതിധ്വനി പോലെയാണ് ചില വാക്കുകള്‍ കേള്‍വിയെ കടന്നു ഹൃദയത്തിലെത്തുന്നത്. ഒന്നുമവശേഷിപ്പിച്ച് യാത്ര പോകരുതെന്ന് എത്ര വിചാരിച്ചാലും നടക്കാറില്ല. പിന്നില്‍ ബാക്കി നിര്‍ത്തുന്ന ഓരോ ഓര്‍മ്മകളിലേയ്ക്കും പ്രിയമുള്ളതിലേയ്ക്കും പിന്നെയും വന്നു ചേരേണ്ടതുണ്ടെന്ന സത്യം എത്ര വലുതാണ്.

ഒരു കവിത വായിക്കുന്ന സുഖമാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ "അനര്‍ഘനിമിഷം" സമ്മാനിക്കുന്നത്. ചെറുകഥ എന്നാണു വിളിപ്പേരെങ്കിലും കാവ്യ സുഖമുള്ള നീണ്ടെഴുത്താണത്. ഏറ്റവും പ്രിയപ്പെട്ട ഒരാളോട് ഏറ്റവും നിശബ്ദമായ യാത്രാമൊഴി നടത്തുന്ന മറ്റൊരാള്‍. അങ്ങനെയൊരു യാത്രാമൊഴിയിലേയ്ക്ക് സഞ്ചരിയ്ക്കാന്‍ തോന്നുന്നു.

അനര്‍ഘനിമിഷം ആദ്യമായി കടന്നെത്തുന്നത് കൗമാര വായനകളിലേക്കാണ്. തുടിച്ചു നില്‍ക്കുന്ന വിരഹത്തേക്കാള്‍ വരികള്‍ക്കിടയിലെ അപാരമായ സ്‌നേഹത്തിന്റെ ആഴങ്ങളിലേക്കേ നോക്കാന്‍ സാധിച്ചുള്ളൂ. മഹാരഹസ്യമായിരിക്കുമ്പോഴും പരസ്പരം തിരയാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. കാലങ്ങളെത്രയോ അപാരമായ കാരുണ്യത്തോടെ പരസ്പരം സ്‌നേഹിക്കുകയും സഹിക്കുകയും ചെയ്യുമ്പോഴും സൗകര്യം പോലെ വായിക്കപ്പെടാവുന്ന ഗ്രന്‍ഥങ്ങളായി നിലകൊള്ളുന്ന മനുഷ്യര്‍. അവര്‍ മനുഷ്യര്‍ തന്നെ ആകണമെന്നുണ്ടോ? "നീ" "ഞാന്‍" എന്നെ രണ്ടു സെക്കന്‍ഡ് പേഴ്‌സണ്‍ വിളികള്‍, അത് ആര്‍ക്കിടയിലുമാകാം. ഒന്നേയുള്ളൂ പറയേണ്ടതായി അത്, അവരിരുവരും തമ്മില്‍ അത്രമാത്രം സ്‌നേഹത്തിലാണ് എന്നതാണ്.പരസ്പരം എപ്പോഴാണ് പരിചയപ്പെട്ടത് എന്നത് പോലും എന്നാണെന്നുള്ളത് കണ്ടെത്താന്‍ ഇരുവരും ശ്രമിക്കുന്നുണ്ട്,

നനഞ്ഞ വൈക്കോലിന്റെ മണത്തിനുള്ളിലൂടെ നാം ഭൂതകാലങ്ങളിലേയ്ക്ക് യാത്ര തിരിക്കുന്നു... മനസ്സിന്റെ നിഗൂഢതകളിലേയ്ക്ക് വലയെറിഞ്ഞു പരസ്പരം തിരച്ചില്‍ നടത്തുന്നു,എവിടെ വച്ചാണു നാം ഒന്നാക്കപ്പെട്ടതെന്ന അന്വെഷണം.. ഗുല്‍മോഹര്‍ ചുവട്ടിലെ ചുവന്ന പൂക്കളിലാണു നാം ആദ്യം തിരഞ്ഞത്.. ഏതൊക്കെയോ യാത്രാവഴികളില്‍ ഗുല്‍മോഹര്‍ നമുക്ക് തണലൊരുക്കിയിട്ടുണ്ട്. പിന്നെ നാം ആദിമ മനുഷ്യന്റെ നഗ്‌നതയിലേയ്ക്ക് ചേക്കേറുന്നു. അവിടെ നാം നിശബ്ദരാണു. മൗനം നമുക്കിടയില്‍ സംവദിക്കുന്നു, ഭാഷയില്ലാതെ, പ്രണയമെന്തെന്നറിയാതെ, നാമൊരേ വഴികളാകുന്നു... യാത്ര തുടരുന്നു... മിന്നാമിനുങ്ങുകള്‍ ഒരേ കൂടു തുറന്ന് പുറത്തു വരുന്നതു പോലെ ഏതോ ഒന്നില്‍ നിന്നും നാം ചിതറിത്തെറിച്ചു പലയിടങ്ങളില്‍ വീണതാണത്രേ... ശരീരമില്ലാതെ ആത്മാവൊട്ടി ,പല ആത്മാക്കളിലൊന്നായി നാം കിടന്നിരുന്നു... പക്ഷേ എപ്പൊഴോ നമ്മുടെ ഹൃദയങ്ങള്‍ പരസ്പരം വച്ചു മാറ്റപ്പെട്ടു... സ്വന്തം ഹൃദയം നഷ്ടപ്പെട്ട അരൂപികളായി നാം പരസ്പരമറിയാതെ എത്രയോ യുഗങ്ങള്‍, തമ്മില്‍ തിരഞ്ഞ്, പലപ്പോഴും കണ്ടു.

കണ്ടെടുത്ത്... മതിയാകുന്നതേയില്ല, എന്തു ചെയ്തിട്ടും ഹൃദയം തിരികെ ലഭിക്കുന്നതേയില്ല... തമ്മില്‍ കൊരുത്തിരിക്കുന്ന നമ്മുടെഹൃദയങ്ങള്‍ ഇപ്പോഴും അതു തന്നെ തേടുന്നു... കണ്ടെത്തിയെങ്കിലും വച്ചു മാറാനും തിരികെ നേടാനുമാകാതെ ഒന്നിനൊന്നോട് കലഹിച്ച് കൊണ്ടേയിരിക്കുന്നു...

പരസ്പരം യാത്ര പറഞ്ഞു പിരിയുന്നതോടെ ഒരിക്കല്‍ മുളപൊട്ടിയ സ്‌നേഹം ഇല്ലാതായിപ്പോകുമെന്നു കരുതുന്നുണ്ടോ? നീയും ഞാനും എന്നുള്ള യാഥാര്‍ത്ഥ്യത്തില്‍ നിന്നും അവസാനം നീ മാത്രമായി അവശേഷിച്ചാലും കാത്തിരിപ്പ് തുടരുകയാണ്. യുഗങ്ങള്‍ കടന്നും പരസ്പരം വച്ച് മാറപ്പെട്ട ഹൃദയങ്ങള്‍ തിരഞ്ഞുള്ള യാത്ര അനാദിയായി തുടരും. ബഷീറിനോളം അതറിഞ്ഞവര്‍ ആരുണ്ടാകും? അനുരാഗത്തിന്റെ ദിനങ്ങളെ കുറിച്ചും പ്രിയപ്പെട്ടവളായ ദേവിയെ കുറിച്ചും പ്രണയത്തോടെ എഴുതിയ ബഷീറിന് അത്തരം മറവികള്‍ ഉണ്ടാകുന്നതേയില്ല. പിന്നെയും നീ മാത്രം എന്ന യാഥാര്‍ത്ഥ്യത്തിലേയ്ക്ക് പേന ചൂണ്ടുമ്പോള്‍ ഒരു ഭയപ്പെടുത്തല്‍ അത്രയേ ഉദ്ദേഹിച്ചിട്ടുണ്ടാകൂ. കാലമിത്രയുമായിട്ടും സ്‌നേഹിക്കുന്നവളെ കുറിച്ച് ഒന്നുമറിയാതെ ദിവസങ്ങള്‍ കടന്നു പോകുമ്പോള്‍ അറിവ് എന്നത് സ്വയം വെറുപ്പിനുള്ള കാരണമായി തീരുന്നു. എത്രയറിഞ്ഞാലും അറിയാന്‍ പിന്നെയും അവള്‍ക്കുള്ളില്‍ എന്തെങ്കിലുമൊക്കെ ബാക്കിയുണ്ടാകും. സ്ത്രീ എന്ന രഹസ്യത്തിന്റെ കടലാഴങ്ങള്‍ കണ്ടവര്‍ അല്ലെങ്കിലും ആരുണ്ട്? ചിലര്‍ യാത്രകള്‍ നടത്താറുണ്ട് , കടലിനുള്ളിലെ ചുഴികളോടും വന്‍കരകളോടും കലഹിച്ച് തുഴഞ്ഞു കുഴഞ്ഞ് തീരത്ത് വന്നു വിശ്രമിക്കുന്നവര്‍. അതിന്റെ ഏറ്റവും ആഴത്തിലുള്ള നിശ്ശബ്ദതയെയും ഇരുട്ടിനെയും ഭയപ്പെട്ടു ഒളിഞ്ഞു മടങ്ങുന്നവര്‍. ഭയങ്ങളെ ഭേദിച്ചവനെ കണ്ടെത്തല്‍ സുഗമമാക്കാന്‍ കഴിയൂ.

സ്ത്രീയെന്ന കടലിനെ അതിന്റെ നിശ്ശബ്ദതയിലെത്തി ചുംബിച്ചിട്ടു വന്ന ബഷീറിന് അനര്‍ഘനിമിഷത്തില്‍ അനിവാര്യമായ വേര്‍പിരിയലിനെ കുറിച്ച് എഴുതേണ്ടി വന്നുവെങ്കില്‍ അത് കാലത്തിന്റെ അനിവാര്യത എന്നെ പറയാനാകൂ. പരിചിതരായവര്‍ യാത്രയാക്കപ്പെട്ട ആ നിത്യമായ ഇടത്തേയ്ക്ക് സഞ്ചരിയ്ക്കുമ്പോള്‍ മരണത്തിനും ജീവിതത്തിനും ഇടയില്‍ ഉള്ള ജീവിതത്തിലെ അനര്‍ഘനിമിഷത്തിന്റെ സ്മരണയാണ് ഈ കഥാകാവ്യം. പലപ്പോഴും യാത്രയുടെ അന്ത്യത്തിലെ ആ നിമിഷങ്ങളില്‍ തന്നെയാണ് ജീവിതം ഒന്നാകെ കുറച്ച് നിമിഷങ്ങളിലേയ്ക്ക് ചുരുങ്ങി വരുന്നത്. ഒറ്റ നിമിഷത്തില്‍ നടത്തുന്ന ജീവിത യാത്രയില്‍ ചിലത് കണ്ടെത്തപ്പെടും.

യാത്രയ്ക്കുള്ള നിമിഷം അടുത്ത് വരുന്നു... വളരെ അടുത്ത് വരുന്നു. ഇക്കാലമത്രയും നീ എന്നത് എന്റെ രഹസ്യങ്ങളിലേയ്ക്ക് തുറന്നിട്ട വാതിലുകളായിരുന്നു. എല്ലാമറിഞ്ഞു കൊണ്ടും എല്ലാം സഹിച്ച് കൊണ്ടും നീയെന്നെ സ്‌നേഹിച്ചു. വെറുത്തപ്പോള്‍ പോലും സ്‌നേഹത്തിലേക്ക് ഹൃദയമെത്തി. എങ്കിലും എപ്പോഴും ഓരോ ജന്മങ്ങള്‍ക്കും ശരീരങ്ങള്‍ക്കു അവസാനമുണ്ട്. അന്വേഷണം തുടരാന്‍ വീണ്ടുമെത്താതെ വയ്യ... ഒരാളെ അവശേഷിപ്പിച്ച് പോയാലും വീണ്ടുമെത്താമെന്ന വാക്കുകള്‍ വരികള്‍ക്കപ്പുറം എവിടെ നിന്നോ മുഴങ്ങുന്നു...
അനര്‍ഘനിമിഷത്തില്‍ നീയും ഞാനുമെന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുമ്പോള്‍.. (ശ്രീപാര്‍വതി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക