Image

മിനിക്കുട്ടിയെന്ന സൂസമ്മ (നീണ്ടകഥ: അദ്ധ്യായം - 22 അവസാന ഭാഗം: സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)

Published on 19 January, 2017
മിനിക്കുട്ടിയെന്ന സൂസമ്മ (നീണ്ടകഥ: അദ്ധ്യായം - 22 അവസാന ഭാഗം: സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)
സൂസമ്മയുടെ ജീവിതത്തിനും അവളുടെ ചിന്തകള്‍ക്കും എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിച്ചുതുടങ്ങിയിരിക്കുന്നു. ഇന്നുവരെ തന്റെ മാതാപിതാക്കളം സഹോദരിയും അടങ്ങിയ കുടുംബത്തിന്റെ ഭദ്രത മാത്രമായിരുന്നു അവളുടെ ചിന്താവിഷയം. എന്നാല്‍ ഇന്നവള്‍ അവളെപ്പറ്റി ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. സ്വന്തവിവാഹത്തെപ്പറ്റിയോ ഒരു കുടുംബജീവിതത്തെപ്പറ്റിയോ അവള്‍ ചിന്തിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അജിത് എന്ന സ്‌നേഹധനനായ ഒരു യുവാവ് തന്റെ മനസ്സില്‍ ഇടം തേടിയിരിക്കുന്നു. തന്റെ ഇന്നുവരെയുള്ള എല്ലാ ജീവിതരഹസ്യങ്ങളും അറിയാവുന്ന ഒരേ ഒരു വ്യക്തി. ഒരുമിച്ചുള്ള ഒരു ജീവിതത്തെപ്പറ്റി ഇതുവരെ ഇരുവരും സംസാരിച്ചിട്ടില്ല. എങ്കിലും അയാള്‍ തന്നെ സ്‌നേഹിക്കുന്നതായി തനിക്കനുഭവപ്പെടുന്നു. അജിത്തിനോടൊപ്പം ഒരു ജീവിതം താനും ആഗ്രഹിക്കുന്നില്ലേ?

സമൂഹജീവിയായ ഒരു സാധാരണക്കാരിയുടെ ചിന്തകള്‍ സൂസമ്മയുടെ മനസ്സിലും വിഹരിക്കാന്‍ തുടങ്ങി. "പാവപ്പെട്ടവള്‍ എങ്കിലും, ഒരുത്തമ ക്രിസ്തീയകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന താന്‍ ഒരു ഹിന്ദുവുമായി വിവാഹബന്ധത്തിലേര്‍പ്പെടാന്‍ മാതാപിതാക്കള്‍ അനുമതി നല്കുമോ? അജിത്തിന്റെ പിതാവ് ഇച്ചാച്ചന്റെ ഉറ്റസുഹൃത്ത് ആണെങ്കിലും, ഈ വിവാഹത്തിന് അയാള്‍ അനുകൂലിക്കുമോ?'

അവളുടെ മനസാക്ഷി അവളെ ഉപദേശിച്ചു: ""നീ ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല. ജാതിയും മതവും മനുഷ്യനിര്‍മ്മിതമാണ്. സമൂഹത്തിന്റെ അച്ചടക്കജീവിതത്തിനും ക്രമസമാധാനത്തിനും വേണ്ടി മനുഷ്യരാല്‍ സൃഷ്ടിക്കപ്പെട്ടതാണ് ജാതിയും മതവും. ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും സഹവര്‍ത്തിത്ത്വത്തോടെ ജീവിക്കുന്ന ഒരു ഗ്രാമത്തിലല്ലോ നീ വളര്‍ന്നത്. ഏതൊരു വ്യക്തിയും ദൈവത്തെ അറിഞ്ഞ്, നന്മതിന്മകളെ തിരിച്ചറിഞ്ഞ്, നന്മയെ സ്വീകരിക്കുവാനും തിന്മയെ ഉപേക്ഷിക്കുവാനും തയ്യാറാവണം. അവിടെ ദൈവാനുഗ്രഹം ഉണ്ടാകും.'' ആ വിധത്തില്‍ ചിന്തിച്ചപ്പോള്‍ അവള്‍ക്കു കൂടുതല്‍ സ്വസ്ഥഥ അനുഭവപ്പെട്ടു.
ഭാവിയെപ്പറ്റി അജിത് ഒന്നും സംസാരിച്ചിട്ടില്ല. അവന്‍ എന്തെങ്കിലും ഒന്നു സൂചിപ്പിച്ചിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ സൂസമ്മയ ആഗ്രഹിക്കുന്നു. വാരാന്ത്യങ്ങളില്‍ പലപ്പോഴും അജിത് സൂസമ്മയെ സന്ദര്‍ശിക്കാറുണ്ട്. സുന്ദരമായ ഒരു സായാഹ്നത്തില്‍ അവര്‍ സാധാരണ പോകാറുള്ള ഉദ്യാനത്തിലെ ബഞ്ചില്‍ ഇരിക്കുമ്പോള്‍ അയാള്‍ സൂസമ്മയുടെ കരങ്ങള്‍ ഗ്രഹിച്ചുകൊണ്ട് ചോദിച്ചു:- ""സൂസമ്മേ, നാം പരസ്പരം സ്‌നേഹിക്കുന്നു. നമുക്കൊരുമിച്ചു ഒരു ജീവിതം തുടങ്ങരുതോ?''

താന്‍ കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍. ഹൃദയം നിറഞ്ഞ ഒരു പുഞ്ചിരി മാത്രമായിരുന്നു അവള്‍ അയാള്‍ക്കു കൊടുത്ത മറുപടി. അത് അയാളുടെ മനസ്സിന് കുളിര്‍മ പകര്‍ന്നു. മൗനം വാചാലമാകുന്ന നിര്‍വൃതിയുടെ സായാഹ്നം. ജാതിയുടെയോ മതത്തിന്റെയോ ആയ ചോദ്യങ്ങള്‍ ഇരുവരും പരസ്പരം ഉന്നയിച്ചില്ല. ആരുടെയും അനുവാദത്തിനുവേണ്ടി കാത്തുനിന്നുമില്ല.

ഇതിനോടകം, സൂസമ്മ തന്റെ ജോലിയില്‍ ഏവര്‍ക്കും പ്രിയപ്പെട്ടവളായിക്കഴിഞ്ഞിരുന്നു. അവളുടെ നിഷ്ക്കളങ്കമായ പെരുമാറ്റവും ആത്മാര്‍ത്ഥത നിറഞ്ഞ സേവനതല്പരതയും ഏവരും ഇഷ്ടപ്പെട്ടു. അതുപോലെ തന്നെ അജിത്തും ആത്മാര്‍ത്ഥതയുള്ള നല്ല സുഹൃത്തുക്കളെ സമ്പാദിച്ചിരുന്നു. അവരില്‍ ചിലരുടെ സഹായത്തോടെ സൂസമ്മയും അജിത്തും രജിസ്റ്റര്‍ ഓഫീസിലെത്തി വിവാഹരജിസ്റ്ററില്‍ ഒപ്പുവച്ചു ഭാര്യാഭര്‍ത്താക്കന്മാരായി. അന്നു വൈകുന്നേരം, ആശുപത്രിയ്ക്കടുത്തുള്ള റസ്റ്റോറണ്ടില്‍ വച്ചു സുഹൃത്തുക്കള്‍ക്കുവേണ്ടി ഒരു ചായസത്ക്കാരം നടന്നു. ഒരു പുതിയ കുടുംബം അവിടെ ഉടലെടുത്തു.
നവദമ്പതികളായ അജിത്തും സൂസമ്മയും, രണ്ടുപേരുടെയും ജോലിയുടം സൗകര്യമനുസ്സരിച്ചു ഒരു ഫ്‌ളാറ്റു വാടകയ്ക്ക് എടുത്തു. ഒരു പക്ഷെ, സൂസമ്മയുടെ ജീവിതത്തിലെ ഏറ്റവും സ്വച്ഛമായ ദിവസങ്ങളാണ് ഇപ്പോള്‍ നടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ ആദ്യയാത്ര ഉദയവര്‍മ്മ-രാജശ്രീ ദമ്പതികളുടെ അടുത്തേക്കായിരിക്കണം, അവരുടെ അനുഗ്രഹം വാങ്ങണം, രണ്ടുപേരും ഒരേ അഭിപ്രായക്കാരാണ്. തന്റെ ആദ്യജാതനെ ഒന്നുകാണണം, വാരി എടുക്കണം, ഒരു മുത്തം നല്കണം, ഇവയെല്ലാം സൂസമ്മയുടെ തീവ്രമായ അഭിലാഷങ്ങളായിരുന്നു. എന്നാല്‍ ആ ചിന്തകള്‍ ഭര്‍ത്താവുമായി പങ്കുവയ്ക്കാന്‍ അവള്‍ അശക്ത ആയിരുന്നു.

കല്യാണത്തിനുവേണ്ടി ഏതാനും ദിവസം രണ്ടുപേരും അവധി എടുത്തിരുന്നു. ഇനി ഒരു യാത്രയ്ക്കുവേണ്ടി അവധു അനുവദിച്ചുകിട്ടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു, എങ്കിലും ഒരാഴ്ചത്തെ അവധി ഇരുവര്‍ക്കും അനുവദിച്ചുകിട്ടി. കാഷ്മീരില്‍ എത്തിയ ആ യുവമിഥുനങ്ങള്‍ നേരെ ഉദയവര്‍മ്മയുടെ ബംഗ്ലാവിലേക്കാണു പോയത്. അവരെ രണ്ട ഗയിറ്റുകാവല്‍ക്കാരന്‍ ഭവ്യമായി അവരെ അഭിവാദനം ചെയ്തു. ബംഗ്ലാവിന്റെ മുറ്റത്തെത്തിയ അവര്‍ തികച്ചും അപരിചിതയായ ഒരു മധ്യവയസ്ക്കയെ വരാന്തയില്‍ കണ്ടു. ഉദയവര്‍മ്മയും രാജശ്രീയും സ്ഥലംമാറി പോയി എന്നും പുതിയ മേല്‍വിലാസമോ ഒന്നും അവര്‍ക്കറിയില്ല എന്നുമാണ് അവരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. അവിടെനിന്നും അവര്‍ നേരേ അജിത് ജോലി ചെയ്തിരുന്ന മിലിട്ടറി ആശുപത്രിയിലേക്കാണു പോയത്, എങ്കിലും ഉദയവര്‍മ്മയുടെ പുതിയ ഔദ്യോഗിക സ്ഥലത്തെപ്പറ്റി യാതൊരു വിവരവും ലഭിച്ചില്ല. നിരാശയോടെ എങ്കിലും മടങങുക അല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. താന്‍ ജന്മം കൊടുത്ത കുഞ്ഞിനെ ഒരു നോക്കുകാണുവാന്‍ ആ മാതൃഹൃദയം തുടിച്ചുകൊണ്ടിരുന്നു. യാത്രയില്‍ ഇരുവരും അധികം സംസാരിച്ചില്ല. തന്റെ പ്രാണപ്രേയസിയുടെ മനോഗതം പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ കഴിവുള്ള സ്‌നേഹധനനായ അജിത് അവളെ തന്റെ മാറോടുചേര്‍ത്ത് നെറുകയില്‍ ചുംബിച്ചു. ആ സാന്ത്വനത്തില്‍ അവളുടെ എല്ലാ വേദനകളും പോയ്മറഞ്ഞു.

(നോവല്‍ അവസാനിച്ചു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക