Image

ഓര്‍മ്മയില്‍..(കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 26 April, 2016
ഓര്‍മ്മയില്‍..(കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
പുതിയ കല്പടവുകള്‍ക്കയറിയന്നന്‍പിന്റെ
യറിവുകളേറെപ്പകര്‍ന്ന കാലം
ശ്രുതി മധുര സലില സംഗീതമായരുവികള്‍
ഹരികീര്‍ത്തനങ്ങളുരച്ച കാലം
മതിലാലകം വേര്‍പെടുത്താതെയൊരു നല്ല
സദ്യപോല്‍ ജന്മം രുചിച്ച കാലം
കനിവിന്റെ നെല്‍പ്പാടമരികെയുണ്ടായിരു
ന്നഴകാര്‍ന്ന ഗ്രാമങ്ങളായിരുന്നു
കതിരുകള്‍ മധു തൂകി നിന്നയക്കാലമെന്‍
കനവുപോലതിരമ്യമായിരുന്നു
മിഴികളന്നാര്‍ദ്ര നിലാവുപോ,ലൊരുമതന്‍
പനിനീരു തൂകിത്തുടുത്തിരുന്നു
സുമ തോരണങ്ങളണിഞ്ഞ ദ്രുമങ്ങള്‍ തന്‍
ശീതളഛായയൊന്നാസ്വദിക്കാന്‍
തെല്ലു വലുപ്പവുംകാട്ടാതെ പതിവുപോല്‍
കവിതകള്‍ പാടിനാമന്നണഞ്ഞു
കുളിരേകിയെങ്ങുമുയര്‍ന്ന സ്വരങ്ങള്‍ തന്‍
നിരകളാലോണം തളിരണിഞ്ഞു
ചേറുപുരണ്ടവര്‍ക്കകതാരിലൊരു, ഹരിത
ഗീതകം മുറിയാതുയര്‍ന്നിരുന്നു
മതിവരുന്നില്ലയെന്‍ സ്മരണയിലുണരുന്ന
പൊന്നോണമേ, മമ ഗ്രാമബാല്യം
നദിപോലെയൊഴുകിയകന്നുവല്ലോ, സൗമ്യ
ശാലീനഭാവം നുകര്‍ന്ന കാലം.
* * *
കനിവാകെവറ്റിയിപ്പുലരിതന്‍ ചിരി മാഞ്ഞ
പോലായി വാനവുമിന്നു പാരും
പേരിന്നുപോലുമില്ലാതെയായ് ശാന്തി തന്‍
നൈര്‍മ്മല്യകാവുമാപ്പൂ നിലാവും
വിധിയിന്നിതൊക്കെയുമെന്നു; കരുതുവാ
നാകില്ല, വ്യഥയാലുടഞ്ഞു ചിത്തം
കഥകഴിഞ്ഞെന്നപോല്‍ മൂകമായ്, കാരുണ്യ
കാവ്യങ്ങള്‍ കേള്‍പ്പിച്ച ജന്മഗ്രാമം
ഹര്‍മ്മ്യങ്ങളെങ്ങുമുയര്‍ന്നു മറഞ്ഞു പോയ്
നൈര്‍മ്മല്യ കോകിലാനന്ദഗീതം
വറ്റുന്നു പിന്നെയും സ്‌നേഹാര്‍ദ്ര സരസ്സുകള്‍
തെറ്റി വന്നീടുന്നൃതുക്കള്‍ പാരില്‍.
* * *
വല്ലാതെ നിലമറക്കുന്നവര്‍ പതിവു പോല്‍
തലമറന്നെണ്ണതേയ്ക്കാനുറയ്‌ക്കെ,
വിഷലിപ്ത ഹൃത്താലൊരുവന്റെ സൗഖ്യം
കെടുത്തിടാന്‍മാത്രമമര്‍ന്നിരിക്കെ

വന്നടുത്തെത്തുന്നതെങ്ങനെന്‍ ലോകമേ
യനുപമകാലങ്ങ,ളനുഭവത്താല്‍
സുഖനിദ്രയെന്തെന്നറിയുന്നതെങ്ങനെന്‍
കാലമേയരുമകളിനി,വരത്താല്‍
വീണടിഞ്ഞെത്രയി,ന്നിവിടെയീ ധരണിയി
ലീണങ്ങളാകേണ്ട ജീവിതങ്ങള്‍?
തിരികെയെത്തീടാന്‍ മടിക്കുന്നു കമനീയ
വര്‍ണ്ണങ്ങളകലെനിന്നീധരയില്‍
ശുഷ്‌ക ചിത്തങ്ങളില്‍ നിറയുമീ വൈകല്യം
ഹൃത്തിനേകില്ല! കൈവല്യസൂനം
വ്യര്‍ത്ഥമാക്കേണ്ടതല്ലവനിയില്‍ ജീവിതം;
ശക്തമാക്കേണ്ടതാണിറ്റു സ്‌നേഹം
വറ്റിടാനനുവദിച്ചീടായ്ക! കവിത പോല്‍
കാത്തുക്ഷിക്കേണ്ടതാണു കാലം
ചുറ്റുമിരുള്‍പ്പടര്‍ത്തീടും തടുക്കായ്കില്‍
മുറ്റിനില്‍ക്കുന്നതാം; ഛിദ്രഭാവം
കാവല്‍ നില്‍ക്കാ,മീപ്രപഞ്ച സുഖതാളം
തെളിമയോടുയരട്ടെ നിത്യകാലം
തളിരണിഞ്ഞീടാനൊരുങ്ങുന്നു: കേരളം:
തളരാതെസ്പന്ദിച്ചിടട്ടെ! ലോകം.
Join WhatsApp News
വിദ്യാധരൻ 2016-04-27 08:08:48
കനവുപോലെ രമ്യമായിരുന്ന കാലത്തെ കവി അതി മനോഹരമായി വർണ്ണിചിരിക്കുന്നു.  
"ശ്രുതി മധുര സലീല സംഗീതമായരുവികൾ 
ഹരികീർത്തനങ്ങൾ ഉരച്ച കാലം"  എന്ന ഭാഗം വായിച്ചപ്പോൾ കുമാരനാശാന്റെ 
"ഉല്ലോലമാം അരുവി ദൂരെ മുഴങ്ങിടുന്നു 
ഫുല്ലോല സൽസുമഗണംമണമേകിടുന്നു " എന്ന ഭാഗമാണ് മനസിലേക്ക് കയറിവന്നത്
'അൻപിന്റെ അറിവുകളെ പകർന്ന കാലം " ഇവിടെ കവി പരോക്ഷമായി നമ്മളോട് പറയാൻ ശ്രമിക്കുന്നത്  ഇന്നത്തെ അറിവുകൾ മനുഷ്യ സമൂഹത്തിൽ നമ്മളെ ഉയർത്തി പിടിക്കാനുള്ള അഹന്തയുടെ തൊങ്ങലുകൾ ആണോ എന്ന് ഞാൻ സംശയിക്കുന്നു 
"കൊതിയോടെ ജീവിതത്തെ രുചിച്ച കാലം" നദിപോലെ ഒഴുകി അകലുമ്പോൾ കവി ദുഖിതനായി കാണുന്നു . പക്ഷെ കനിവും ശാന്തിയും അന്യമായി കൊണ്ടിരിക്കുന്ന ഈ ലോകം കവിയെ അതീവ ദുഖത്തിൽ ആഴ്ത്തുന്നു .  ഈ-മലയാളിയിൽ  'ആനപ് നഷ്ടപ്പെട്ട' അഭ്യസ്തവിദ്യാരായവർ ജാതിയുടെയും മതത്തിന്റെയും പേരിൽ യുദ്ധം ചെയ്യുമ്പോൾ,  നാട്ടിൽ ഇന്ന പാർട്ടിക്കെ ശാന്തിയും അഭിവൃദ്ധ്യിയും ഉണ്ടാക്കാൻ സാദിക്കൂ എന്ന് വാദിക്കുമ്പോൾ, 
ക്രിസ്തുവിൽ കൂടിയല്ലാതെ രക്ഷയില്ല എന്ന് വാദിക്കുമ്പോൾ,  ഇവരെല്ലാം ചെയ്യുന്നത് ഇവരുടെ ആചാര്യന്മാർ പഠിപ്പിച്ച 'സ്നേഹം, കരുണ, ദയ എന്നൊക്കെയുള്ള സുകുമാര ഗുണങ്ങളെ തിരസ്കരിക്കുകയും ചെയുമ്പോൾ 
"വല്ലാതെ നില മറക്കുന്നിവർ 
വിഷലിപ്ത ഹൃത്തത്താലോരുത്തന്റെ 
സൗഖ്യം കെടുത്തുന്നു"
കാലം മനുഷ്യരിൽ വരുത്തുന്ന മാറ്റങ്ങളെ ഒപ്പി എടുത്ത്  ചിന്തിപ്പിക്കുവാൻ ഒട്ടേറെ വകകൾ നല്കുന്ന ഈ കവിത  ഭാഷകൊണ്ടും അർത്ഥ സൗഷ്ടവംകൊണ്ടും ഉന്നത നിലവാരം പുലർത്തുന്നു .  വൈകാരികവും കല്പനാപൂർണ്ണവുമായ നല്ല കവിതകൾ 
ആ മേധയിൽ വിരിയട്ടെ എന്നാശംസിക്കുന്നു .  നല്ല ഒരു കവിത ഈ പ്രഭാതത്തിൽ വായിച്ച സന്തോഷത്തോടെ അൻവർ ഷാ ഉമയനെല്ലൂരിന് എല്ലാ നന്മകളും നേരുന്നു  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക