Image

മാമലകള്‍ക്കിടയില്‍ തെളിഞ്ഞു മകരജ്യോതി

അനില്‍ പെണ്ണുക്കര Published on 15 January, 2016
മാമലകള്‍ക്കിടയില്‍ തെളിഞ്ഞു മകരജ്യോതി
തിരുവാഭരണ വിഭൂഷിതനായ സ്വാമി അയ്യപ്പന് ദീപാരാധന നടത്തവേ, ശരണമന്ത്രങ്ങളാല്‍ സന്നിധാനം മുഖരിതമായ നേരം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. ജ്യോതി ദര്‍ശനത്തിനായി നാളുകളായി ശബരിമലയില്‍ മഞ്ഞും വെയിലുമേറ്റ് കാത്തുകിടന്ന ഭക്തജന ലക്ഷങ്ങള്‍ക്ക് ദര്‍ശന സായൂജ്യമേകി ഓരോ മിനിറ്റ് ഇടവിട്ട് മൂന്നു വട്ടമാണ് മാമലകള്‍ക്കിടയില്‍ മകരജ്യോതി തെളിഞ്ഞത്. തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തിയപ്പോള്‍ ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നത് ഭക്തര്‍ക്ക് നിര്‍വൃതിയായി. ജ്യോതി ദര്‍ശനത്തിന് ശേഷം ആത്മ സാക്ഷാത്കാരവുമായി അയ്യപ്പസ്വാമിമാരും മാളികപ്പുറങ്ങളും കൂട്ടത്തോടെ മലയിറങ്ങിത്തുടങ്ങി.
       
പന്തളം ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍നിന്നുള്ള തിരുവാഭരണ ഘോഷയാത്രയെ കൊടിമരച്ചുവട്ടില്‍ വെച്ച് സ്വീകരിച്ച ശേഷം സോപാനത്തില്‍ വെച്ച് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി എസ്.ഇ ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് തിരുവാഭരണ പേടകം ഏറ്റുവാങ്ങി. തുടര്‍ന്ന് ശ്രീ കോവിലിനുള്ളില്‍ കൊണ്ടു പോയി അയ്യപ്പസ്വാമിയ്ക്ക് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടത്തിയ സമയത്താണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞത്.
       
തിരുവാഭരണ ഘോഷയാത്രയെ വൈകീട്ട് അഞ്ച് മണിയോടെ ശരംകുത്തിയില്‍ വെച്ച് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.എല്‍. രേണുഗോപാല്‍, ഡോ അരുള്‍ ആര്‍.ബി കൃഷ്ണ തുടങ്ങിയ ഉദ്യോഗസ്ഥരുടേയും അയപ്പസേവാസംഘം പ്രവര്‍ത്തകരുടേയും  നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. കൊടിമരച്ചുവട്ടില്‍ വെച്ച് ദേവസ്വം മന്ത്രി വി.എസ് ശിവകുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ബോര്‍ഡ് അംഗങ്ങളായ അജയ് തറയില്‍, പി.കെ. കുമാരന്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, പി.സി. വിഷ്ണുനാഥ് എം.എല്‍.എ, റിട്ട. ജസ്റ്റിസ് അരിജിത് പസായത്, സ്‌പെഷല്‍ കമീഷണര്‍ കെ. ബാബു, ഗവ. ചീഫ് കോ ഓഡിനേറ്റര്‍ കെ.ആര്‍. ജ്യോതിലാല്‍, എ.ഡി.ജി.പി കെ. പത്മകുമാര്‍, ദേവസ്വം കമീഷണര്‍ സി.പി. രാമരാജ പ്രേമപ്രസാദ്, ദേവസ്വം ബോര്‍ഡ് വിജിലന്‍സ് എസ്.പി വി.ഗോപാല്‍കൃഷ്ണന്‍, പത്തനംതിട്ട കലക്ടര്‍ എസ്. ഹരികിഷോര്‍, പത്തനംതിട്ട എസ്.പി. ടി. നാരായണ്‍, ദേവസ്വം ചീഫ് എന്‍ജിനീയര്‍ (ജനറല്‍) ജി. മുരളീകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് സെക്രട്ടറി വി.എസ്. ജയകുമാര്‍, ഫെസ്റ്റിവല്‍ കണ്‍ട്രോളര്‍ ജി.എസ്. ബൈജു, അയ്യപ്പസേവാസംഘം ജനറല്‍ സെക്രട്ടറി എന്‍. വേലായുധന്‍ നായര്‍, പി.ആര്‍.ഒ മുരളി കോട്ടയ്ക്കകം എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ തിരുവാഭരണ ഘോഷയാത്രയെ തുടക്കംമുതല്‍ അനുഗമിച്ചിരുന്നു.
       
മകരം ഒന്നിന് വെളുപ്പിന് ഒരു മണിക്ക് പുഷ്പാലംകൃതമായ സന്നിധാനത്ത് തിരുനട തുറന്നു. തിരുവിതാംകൂര്‍ രാജവംശത്തിന്റെ ആസ്ഥാനമായ കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും കൊണ്ടു വന്ന് നെയ്യ് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര് അയ്യപ്പസ്വാമിയ്ക്ക് അഭിഷേകം ചെയ്തു 1.27ന് സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരരാശിയിലേക്ക് കടന്ന സമയത്ത് മകര സംക്രമപൂജ നടന്നു. തുടര്‍ന്ന് നടയടച്ച ശേഷം പൂജകള്‍ക്കും നെയ്യഭിഷേകത്തിനുമായി വെളുപ്പിന് മൂന്ന് മണിക്ക് നട തുറന്നു.
       
രാത്രി 9.30 ന് മാളികപ്പുറത്തമ്മയെ ആനപ്പുറത്തേറ്റി പതിനെട്ടാംപടിയുടെ മുന്‍വശത്തുകൂടി ഒരു പ്രദക്ഷിണം വച്ച് തിരികെ മാളികപ്പുറത്തേക്ക് പോവുന്ന ചടങ്ങും നടന്നു. ജനുവരി 19 വരെ മാളികപ്പുറത്തമ്മയുടെ എഴുന്നെള്ളത്ത് നടത്തും.
 
ശബരീശ പുണ്യം തേടാന്‍ പ്രശസ്ത നടന്‍ ജയറാമും തമിഴ് നടന്‍ ജയം രവിയും ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയും സന്നിധാനത്തെത്തി.

മാമലകള്‍ക്കിടയില്‍ തെളിഞ്ഞു മകരജ്യോതി മാമലകള്‍ക്കിടയില്‍ തെളിഞ്ഞു മകരജ്യോതി മാമലകള്‍ക്കിടയില്‍ തെളിഞ്ഞു മകരജ്യോതി മാമലകള്‍ക്കിടയില്‍ തെളിഞ്ഞു മകരജ്യോതി മാമലകള്‍ക്കിടയില്‍ തെളിഞ്ഞു മകരജ്യോതി മാമലകള്‍ക്കിടയില്‍ തെളിഞ്ഞു മകരജ്യോതി മാമലകള്‍ക്കിടയില്‍ തെളിഞ്ഞു മകരജ്യോതി മാമലകള്‍ക്കിടയില്‍ തെളിഞ്ഞു മകരജ്യോതി
Join WhatsApp News
santhosh 2016-01-19 18:42:31
അതിമനോഹര വിവരണം. മകരജ്യോതി നേരിൽ കണ്ട
അനുഭൂതി. വീണ്ടും വീണ്ടും എഴുതുക!!!



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക