Image

പ്രധാനമന്ത്രിയുടെ വഴിവിട്ട വിദേശ യാത്രയും നമോ-നവാസ് ജന്മദിന നയതന്ത്രവും(ഡല്‍ഹി കത്ത്:പി.വി.തോമസ്)

പി.വി.തോമസ് Published on 29 December, 2015
പ്രധാനമന്ത്രിയുടെ വഴിവിട്ട വിദേശ യാത്രയും നമോ-നവാസ് ജന്മദിന നയതന്ത്രവും(ഡല്‍ഹി കത്ത്:പി.വി.തോമസ്)
ഡിസംബര്‍ 24 ന് മോസ്‌ക്കോയില്‍ നിന്നും കാബൂള്‍ വഴി ഡല്‍ഹിയിലേക്ക് മടങ്ങുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ലാഹോറില്‍ ഒന്ന് ഇറങ്ങി. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് മോഡിയെ എയര്‍പോര്‍ട്ടില്‍ കാത്തുനില്‍പുണ്ടായിരുന്നു. അന്ന് ഷെരീഫിന്റെ ജന്മദിനം ആയിരുന്നു. അത് അറിയാമായിരുന്ന മോഡി മോസ്‌ക്കോയില്‍ വച്ച് ഷെരീഫിനെ ഫോണില്‍ വിളിക്കുകയുണ്ടായി ജന്മദിനം ആശംസിക്കുവാന്‍. അപ്പോള്‍ ഷെരീഫ് മോഡിയോട് പറഞ്ഞു അദ്ദേഹം ഇസ്ലാമാബാദില്‍ അല്ല അപ്പോഴെന്നും ലാഹോറിലാണ് ഉള്ളതെന്നും. അദ്ദേഹത്തിന്റെ ചെറുമകളുടെ വിവാഹം ആണ്. അതില്‍ പങ്കെടുക്കുവാനായി ലാഹോറില്‍ എത്തിയിരിക്കുകയാണ്. മാധ്യമങ്ങളില്‍ അച്ചടിച്ച് വരുന്ന കഥ പ്രകാരം ഷെരീഫ് അപ്പോള്‍ മോഡിയോട് ചോദിച്ചു! താങ്കള്‍ ഏതായാലും കാബൂളില്‍ നിന്നും ഡല്‍ഹിയിലേക്ക് പാക്കിസ്ഥാന്റെ മുകളിലൂടെയല്ലേ പറക്കുന്നത്. എങ്കില്‍ ലാഹോറില്‍ ഇറങ്ങി ചായകുടിച്ചിട്ട് പോയിക്കൂടെ? മോഡി സമ്മതിച്ചു. ലാഹോറില്‍ അദ്ദേഹം ഷെരീഫിന്റെ ജന്മഗ്രാമം സന്ദര്‍ശിച്ചു. ഷെരീഫിന്റെ മാതാവിന്റെ കാല്‍തൊട്ട് വന്ദിച്ചു. ഷെരീഫിന് വീണഅടും ജന്മദിന ആശംസകള്‍ നേര്‍ന്നു. ജന്മദിന സമ്മാനമായി ഇളം ചുവപ്പ് നിറമുള്ള ഒരു രാജസ്ഥാനി ടര്‍ബനും നല്‍കി. അതുപോലെ തന്നെ ഷെരീഫിന്റെ കൊച്ചു മകള്‍ക്ക് വിവാഹസമ്മാനമായി ഇന്‍ഡ്യന്‍ വസ്ത്രങ്ങളും നല്‍കി. ക്ഷണം മോസ്‌ക്കോയില്‍വച്ച് പൊടുന്നനെ ആയിരുന്നെങ്കിലും മോഡി സമ്മാനങ്ങള്‍ കരുതിയിരുന്നു എന്നുവേണം അനുമാനിക്കുവാന്‍. അതു അദ്ദേഹത്തിന്റെ ദീര്‍ഘദൃഷ്ടിയുടെ ഭാഗമായി കാണാം. അല്ലെങ്കില്‍ സമ്മാനങ്ങള്‍ കാബൂളിലെ ഇന്‍ഡ്യന്‍ എംബസിയില്‍ നിന്നോ മറ്റോ സംഘടിപ്പിച്ചതാകാം. ഇവിടത്തെ അടിസ്ഥാനപരമായ ഒരു ചോദ്യം ഈ സന്ദര്‍ശനം ആകസ്മികം ആയിരുന്നോ എന്നുള്ളതാണ്. അല്ല നേരത്തെ പ്ലാന്‍ ചെയ്തത് ആയിരുന്നെങ്കില്‍ അദ്ദേഹം ഒരു ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ എന്തുകൊണ്ട് പാര്‍ലിമെന്റിനെ വിശ്വാസത്തില്‍ എടുത്തില്ല? അദ്ദേഹം അദ്ദേഹത്തിന്റെ മന്ത്രിസഭയെ വിശ്വാസത്തില്‍ എടുത്തിരുന്നോ? ഇതു പോലുള്ള ഒരു സന്ദര്‍ശനത്തിന് ഒരു നിഗൂഡതയുടെ ആവശ്യം ഉണ്ടോ അത് മുന്‍കൂട്ടി തീരുമാനിച്ചത് ആയിരുന്നുവെങ്കില്‍? കാരണം സന്ദര്‍ശിക്കുന്ന രാജ്യം പാക്കിസ്ഥാന്‍ ആണ്. ഇന്‍ഡ്യയെ സംബന്ധിച്ചിടത്തോളം അതിന്റെ നയതന്ത്രബന്ധത്തിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനം ആണ് പാക്കിസ്ഥാന് ഉള്ളത്. ഇവിടെ സന്ദര്‍ശനം മോഡി എന്ന വ്യക്തിയും ഷെരീഫ് എന്ന വ്യക്തിയും തമ്മില്‍ അല്ല. ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയും തമ്മിലാണ് കണ്ടുമുട്ടല്‍. അതിന് ചരിത്രപരമായ പ്രാധാന്യവും പ്രസക്തിയും ഉണ്ട്. അതിനാല്‍  മോഡി ഇതിനെ വളരെ ലാഘവത്തോടെ വ്യക്തിപരമായ ഇഷ്ടാനുഷ്ടങ്ങളുടെ ഭാഗമായി കണക്കാക്കരുത്. എന്താണ് ഈ സന്ദര്‍ശനത്തിന്റെ നേട്ടം?

രാഷ്ട്രത്തലവന്മാര്‍ തമ്മില്‍ സൗഹൃദകണ്ടുമുട്ടലും സംഭാഷണവും ആധുനിക നയതന്ത്രബന്ധത്തിന്റെ മര്‍മ്മം ആണ്. ഇത് തര്‍ക്കമില്ലാത്തകാര്യം ആണ്. ആ വിധത്തില്‍ മോഡി-ഷെരീഫ് ത്വരിതസമാഗമത്തെ ശുഭകാമനയുടെ സ്വാഗതാര്‍ഹമായ ഒരു പ്രതീകം ആയി കണക്കാക്കുന്നതില്‍ തെറ്റില്ല. മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഷെരീഫ് അതിഥിയായിരുന്നു. പെട്ടെന്നുള്ള ക്ഷണം പെട്ടെന്നു തന്നെ സ്വീകരിച്ച് ദ്രുതഗതിയില്‍ പറന്ന് വരുകയായിരുന്നു ഷെരീഫ് ഇസ്ലാമാബാദില്‍ നിന്നും 2014 മെയ് 26ന്. അതിന് ശേഷം എന്ത് പുരോഗതി നേടി ഇന്‍ഡോ-പാക്ക്ബന്ധത്തില്‍? കാര്യമായിട്ടൊന്നും പുരോഗമിച്ചിട്ടില്ല. കാശ്മീരില്‍ ഭീകരപ്രവര്‍ത്തനം കുറഞ്ഞിട്ടില്ല. വെടിനിര്‍ത്തല്‍ ലംഘനം കുറഞ്ഞിട്ടില്ല അതിര്‍ത്തിയില്‍. ക്രിക്കറ്റ് കളി പുന:രാരംഭിച്ചിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനസംഭാഷണം പുനരാരംഭിച്ചിട്ടില്ല. വിദേശകാര്യ തലത്തിലുള്ള ഒരു സംഭാഷണം ഈ വര്‍ഷം ഇന്‍ഡ്യക്ക് റദ്ദാക്കേണ്ടതായി വന്നു. കാരണം പാക്കിസ്ഥാന്‍ സ്ഥാനപതി സംഭാഷണത്തിന് മുന്നോടിയായി വിഘടനവാദികളായ കാശ്മീര്‍ ഹുറിയത്ത് നേതാക്കന്മാരുമായി ചര്‍ച്ചക്ക് തയ്യാറായി. ഇപ്പോള്‍ വീണ്ടും ഇതൊക്കെ പുനരാരംഭിക്കുവാനുള്ള ശ്രമം നടക്കുന്നുണ്ട്. ഹുറിയത്തിനെയും പാക്കിസ്ഥാന്‍ സ്ഥാനപതിയെയും ഭയന്നിട്ട് വിദേശകാര്യ സെക്രട്ടറി തലത്തിലുള്ള സംഭാഷണം പാക്കിസ്ഥാനിലേക്ക് മാറ്റിയത്രെ! എന്ത് സമാധാനം! എന്ത് സഹവര്‍ത്തിത്വം. അപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ഷെരീഫിനെ സന്ദര്‍ശനം കൊണ്ട് യഥാര്‍ത്ഥത്തില്‍ ഇന്‍ഡോ-പാക്ക് ബന്ധത്തില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. വഷളായെങ്കിലേ ഉള്ളൂ. മുംബൈ ഭീകരാക്രമണത്തിലെ പ്രതികളെ പാക്കിസ്ഥാന്‍ ശിക്ഷിച്ചോ? മുംബൈ സ്‌ഫോടനകേസിലെ പ്രതിയായ ദാവൂദ് ഇബ്രാഹിമിനെ വിട്ടുതന്നോ? ഇല്ല. ഇതുകൊണ്ടൊന്നും സമാധാന സംഭാഷണങ്ങളും സൗഹൃദസന്ദര്‍ശനങ്ങളും അരുതെന്ന അല്ല പറയുന്നത്. പ്രത്യേകിച്ചും ഇന്‍ഡോ-പാക് വിഷയത്തില്‍ പെട്ടെന്ന് ഒരു ദിവസം കൊണ്ട് സമസ്ത പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാമെന്ന  വിശ്വാസവും ആര്‍ക്കും ഇല്ല.
നമോ-നവാസ് ജന്മദിന നയതന്ത്രം ആകസ്മികമായിക്കൊള്ളട്ടെ കരുതികൂട്ടിനേരത്തെ ആസൂത്രണം ചെയ്തത് ആയികൊള്ളട്ടെ. പക്ഷെ, നരേന്ദ്രമോഡിയുടെ ആദ്യ പാക്കിസ്ഥാന്‍ സന്ദര്‍ശനം ഒരു ഉച്ചകോടി തലത്തില്‍ ആയിരിക്കണമായിരുന്നു.  കാരണം ഒരു പാക്കിസ്ഥാന്‍ ഭരണാധികാരി ഇടപെടുമ്പോള്‍ മനസിലാക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ശരിയായിരിക്കാം മോഡി ഔട്ട് ഓഫ് ദ ബോക്‌സ് ചിന്തകന്‍ ആയിരിക്കാം. പുതിയ വഴിയും പുതിയ ശൈലിയും തേടുന്ന ഭരണാധികാരിയായിരിക്കാം. അതു കൊണ്ടായിരിക്കാം അദ്ദേഹം ഷെരീഫിനോട് കണ്ടപാടേ ചോദിച്ചതെന്ന് മാധ്യമങ്ങള്‍ എഴുതിയത്: നമുക്ക് എന്തുകൊണ്ട് യൂറോപ്യന്‍ രാഷ്ട്രനേതാക്കന്മാര്‍ കാണുന്നത് പോലെ വെറുതെ അങ്ങ് കണ്ട് കൂടാ. എന്ന്. നല്ലത്.

ഇവിടെ പ്രശ്‌നം ഇതൊന്നും അല്ല. ഇന്‍ഡ്യയും പാക്കിസ്ഥാനും ആണ്. പ്രധാനമന്ത്രി നരേന്ദ്രമോഡി അല്ല പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. പാക്കിസ്ഥാനിലെ ഒരു സിവിലിയന്‍ ഭരണാധികാരി നമ മാത്രം ആണ്. അവിടെ പട്ടാളത്തിന്റെയും, ഐ.എസ്.ഐ.യുടെയും മുള്ളാമാരുടെയും പിന്തുണയില്ലാതെ ഒന്നും നടക്കുകയില്ല. പ്രത്യേകിച്ചും ഇന്‍ഡോ-പാക്ക് ബന്ധത്തില്‍.

ഇവിടെ ചോദ്യം ഷെരീഫ് ആര്‍മിയെയും ഐ.എസ്.ഐ.യും  മുള്ളമാരെയും വിശ്വാസത്തില്‍ എടുത്തിരുന്നോ? അതില്ലെങ്കില്‍ ഈ സന്ദര്‍ശനത്തിന് വിപരീത ഗുണമേ ചെയ്യുകയുള്ളൂ. കാരണം പാക്കിസ്ഥാന്‍ പട്ടാളവും ഐ.എസ്.ഐ. എന്ന ചാരസംഘടനയും മുള്ളമാര്‍ എന്ന മതമൗലീക വാദികളും ആണ് പാക്കിസ്ഥാന്‍ ഭരിക്കുന്നത്. ഷെരീഫ് അല്ല. പക്ഷേ ഇന്‍ഡ്യക്ക് സൗഹൃദസംഭാഷണങ്ങളും സന്ദര്‍ശനങ്ങളും നടത്തിയേ പറ്റൂ. അത് കൊണ്ട് മോഡി നടത്തിയ മിന്നല്‍ സന്ദര്‍ശനം പ്രതിരൂപാത്മകമായും നയതന്ത്രപരമായും നല്ലതാണ്.

ഈ സന്ദര്‍ശനത്തില്‍ അവര്‍ എന്താണ് ചര്‍ച്ചചെയ്തത്? കാശ്മീര്‍? ഭീകരവാദം? ദാവൂദ്? വെടിനിര്‍ത്തല്‍ ലംഘനം? സര്‍ക്രീക്ക്? സിയാച്ചിന്‍? ഒന്നും ഇല്ല. ആര്‍ക്കും ഒന്നും അറിയുവാന്‍ സാധിക്കുകയില്ല. കാരണം മോഡി അദ്ദേഹത്തിന്റെ വിദേശ സന്ദര്‍ശനങ്ങളില്‍ മാധ്യമങ്ങളെ കൂടെ കൊണ്ടുപോകാറില്ല. വരുന്ന സ്‌റ്റോറികള്‍ വെറും പ്ലാന്റുകള്‍ ആണ്. ഓരോ ഉദ്യോഗസ്ഥന്മാരും അവര്‍ക്ക് തോന്നിയതുപോലെ യജമാനന് വേണ്ടരീതിയില്‍ സ്‌റ്റോറികള്‍ പ്ലാന്റ് ചെയ്യും. മോഡി- ഷെരീഫ് സംഭാഷണത്തെക്കുറിച്ച് ഇതുവരെ യാതൊരു ഔദ്യോഗിക വിശദീകരണവും ഇല്ല. നമ്മുടെ ജനാധിപത്യം, നല്ല ജനാധിപത്യം. നമ്മുടെ പ്രധാനമന്ത്രി, നല്ല പ്രധാനമന്ത്രി. നമ്മള്‍ ചൈനയോ, കൊറിയയോ ആണോ? അല്ല. ദ ഗ്രെയിറ്റ് ലീഡര്‍--- എന്ന് പറഞ്ഞുകൊട്ടിഘോഷിക്കുവാന്‍.

ഇന്‍ഡ്യയും പാക്കിസ്ഥാനും തമ്മില്‍ അടിസ്ഥാനപരമായ അകല്‍ച്ച ഉണ്ട്. ഇത് എല്ലാവര്‍ക്കും അറിയാം അത് പരിഹരക്കപ്പെടേണ്ടതാണ്. മൂന്നോ നാലോ യുദ്ധങ്ങള്‍ ഈ രാജ്യങ്ങള്‍ തമ്മില്‍ നടന്നു. ഇന്നും ഭീകര നിഴല്‍ യുദ്ധം നടക്കുന്നു. കാശ്മീര്‍ ഇതിന്റെ ചങ്കായി നിലകൊള്ളുന്നു. ഒരു സത്യപ്രതിജ്ഞ സന്ദര്‍ശനത്തിനോ ഒരു ജന്മദിന കൂടിക്കാഴ്ചക്കോ ഇതൊന്നും പരിഹരിക്കുവാന്‍ ആവുകയില്ല. എങ്കിലും ഓരോരോ കുഞ്ഞു ചുവടുവയ്പ്പുകളും നല്ലത് തന്നെ. പക്ഷേ, രാജ്യത്തോട് പറയണം എന്താണ് ഈ വക കണ്ട്മുട്ടലുകളില്‍ സംഭവിച്ചത് എന്ന്. എന്തേ? നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞനയതന്ത്രവും ഇപ്പോഴിതാ ജന്മദിന നയതന്ത്രവും ഗംഭീരം തന്നെ. ആഗോള തലത്തില്‍ വാര്‍ത്താ പ്രാധാന്യം ലഭിച്ചു. വാള്‍ സ്ട്രീറ്റ് ജേര്‍ണ്ണലും വാഷിങ്ങ്ടണ്‍ പോസ്റ്റും ന്യൂയോര്‍ക്ക് ടൈംസും ലോസ് ഏഞ്ചലസ് ടൈംസും ഇതിനെ അത്യത്ഭുതകരമെന്ന് കൊട്ടിഘോഷിച്ചു. ഇന്‍ഡ്യന്‍ ദിനപ്പത്രങ്ങളിലും ഇത് വെണ്ടക്കാ അക്ഷരത്തില്‍ ഒന്നാം പേജ് വാര്‍ത്തയായിരുന്നു. നല്ലത് തന്നെ. പക്ഷേ, എന്തായിരിക്കും അനന്തരഫലം?

കച്ചവട-നയതന്ത്ര-സാംസ്‌ക്കാരിക ബന്ധങ്ങളില്‍ ഇത് എന്തെങ്കിലും ശുഭവാര്‍ത്ത നല്‍കുമോ? ഭീകരവാദം? സര്‍ക്രീക്ക്? സിയച്ചിന്‍? സിയച്ചനില്‍ നിന്നും- ലോകത്തിലെ ഏറ്റവും ഉയരംകൂടി പടമുഖം- സേനയെ പിന്‍വലിച്ചാല്‍ ലക്ഷക്കണക്കിന് കോടിരൂപയുടെയും മനുഷ്യായുസിന്റെയും ലാഭം ആണ് ഇരു രാജ്യങ്ങള്‍ക്കും ലഭിക്കുക. കാശ്മീര്‍ എത്രയോ പതിറ്റാണ്ടുകളായി ഇരു രാജ്യങ്ങളുടെയും ഇടയില്‍ ഒരു ഹോമകുണ്ഡം ആയി നില കൊള്ളുന്നു. എത്ര ആയിരം ജീവിതങ്ങള്‍ ഇവിടെ ഹോമിക്കപ്പെട്ടു? ഇപ്പോഴും ഹോമിക്കപ്പെടുന്നു. അതൊക്കെ പരിഹരിക്കുവാന്‍ സാധിക്കുമോ? നയതന്ത്രം വെറും ജന്മദിന സത്യപ്രതിജ്ഞ ആര്‍ഭാടം അല്ല ശ്രീ മോഡിജി.

ഇതുപോലുള്ള തുടക്കങ്ങള്‍ നല്ലത് തന്നെ. പക്ഷേ, എത്രകാലം ഈ തുടക്കങ്ങളുമായി മാത്രം നമ്മള്‍ മുമ്പോട്ട് പോകും.? അവ വെറും നാടകീയ മുഹൂര്‍ത്തങ്ങള്‍ ആയി തരം താഴരുത്. വീണ്ടും ഞാന്‍ പറയുന്നു സംഭാഷണവും സമാധാനവും സംയോജനയും ഇരുരാജ്യങ്ങളും തമ്മില്‍ വേണം. പക്ഷേ, അത് ഇതുപോലുള്ള പര്യകലയായിട്ട് മാത്രം മാറരുത്. ഇതിനിടക്കാണ് ഇന്‍ഡ്യയും പാക്കിസ്ഥാനും ബംഗ്ലാദേശും ചേര്‍ന്നുള്ള അഖണ്ഡ ഭാരതം എന്ന ആശയവുമായി മുന്‍ ആര്‍.എസ്.എസ്. നേതാവും ബി.ജെ.പി. ജനറല്‍ സെക്രട്ടറിയുമായ  രാം മാധവ് രംഗപ്രവേശനം നടത്തിയിരിക്കുന്നത്. ഗംഭീരമായി. അഖണ്ഡഭാരതം എന്ന പഴയ ആശയം പൊടിതട്ടിയെടുത്ത് പാക്കിസ്ഥാനെയും ബംഗ്ലാദേശിനെയും ഹൈന്ദവവല്‍ക്കരിക്കുകയല്ലെന്ന് ആര്‍ക്കാണ് അറിയുവാന്‍ പാടില്ലാത്തത്? എന്തീ വികൃതികള്‍ രാംമാധവ്?

പ്രധാനമന്ത്രിയുടെ വഴിവിട്ട വിദേശ യാത്രയും നമോ-നവാസ് ജന്മദിന നയതന്ത്രവും(ഡല്‍ഹി കത്ത്:പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക