Image

2014-ലെ ഫോമാ കണ്‍വെന്‍ഷന്‌ ഫിലാഡല്‍ഫിയ തയാറെടുക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 14 June, 2011
2014-ലെ ഫോമാ കണ്‍വെന്‍ഷന്‌ ഫിലാഡല്‍ഫിയ തയാറെടുക്കുന്നു
ഫിലാഡല്‍ഫിയ: 2014-ലെ ഫോമാ കണ്‍വെന്‍ഷന്‍ ഏറ്റെടുത്തു നടത്തുവാന്‍ പൂര്‍ണ്ണ തയാറെടുപ്പോടെ ഫിലാഡല്‍ഫിയ ഒരുങ്ങുന്നു. പ്രധാനപ്പെട്ട മലയാളി സംഘടനകളായ മാപ്പും, കലയും സംയുക്തമായി ഈ ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുന്നു.

ജൂണ്‍ അഞ്ചാംതീയതി ഹോംകോംഗ്‌ റെസ്റ്റോറന്റില്‍ കൂടിയ മാപ്പിന്റേയും കലയുടേയും പ്രതിനിധി സമ്മേളനം ഐകകണ്‌ഠ്യേനയാണ്‌ ഇതു സംബന്ധിച്ചുള്ള തീരുമാനമെടുത്തത്‌. മാപ്പ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ എം. മാത്യുവിന്റേയും കല പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യുവിന്റേയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളില്‍ രാജന്‍ ടി. നായര്‍, കോര ഏബ്രഹാം, വര്‍ഗീസ്‌ ഫിലിപ്പ്‌, രാജപ്പന്‍ നായര്‍, റോയി ജേക്കബ്‌, സണ്ണി ഏബ്രഹാം, ഷാജി ജോസഫ്‌, ജോണ്‍സണ്‍ മാത്യു, ജോര്‍ജ്‌ എം. കുഞ്ചാണ്ടി, മാത്യു പി. ചാക്കോ, ഫിലിപ്പ്‌ ജോണ്‍ എന്നിവര്‍ സജീവ പങ്കാളിത്തംവഹിച്ചു.

ഫൊക്കാനയ്‌ക്ക്‌ പുതുജന്മം നല്‍കിയ 1986-ലെ സുപ്രധാന കണ്‍വെന്‍ഷന്‌ മാപ്പും കലയും സംയുക്തമായി സാരഥ്യംവഹിച്ച്‌ വിജയപഥത്തിലെത്തിച്ചതിന്റെ ഗതകാല ഓര്‍മ്മകളും അനുഭവ സമ്പത്തും പലരും പങ്കുവെച്ചു.

2014-ലെ കണ്‍വെന്‍ഷന്‌ നായകത്വം വഹിക്കുന്നതിന്‌ ഫോമയുടെ അടുത്ത പ്രസിഡന്റുസ്ഥാനത്തേയ്‌ക്ക്‌ ജോര്‍ജ്‌ മാത്യുവിനെ നോമിനേറ്റ്‌ ചെയ്യാനും പൊതുധാരണയായി. പ്രൊഫഷണല്‍ അക്കൗണ്ടന്റും സാമൂഹ്യ-രാഷ്‌ട്രീയതലത്തില്‍ വളരെ സ്വാധീനവുമുള്ള ജോര്‍ജ്‌ മാത്യു മുമ്പ്‌ രണ്ടുപ്രാവശ്യം ഫൊക്കാനയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ഈ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കായി റീജിയനിലെ മറ്റ്‌ സംഘടനകളെക്കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ വിപുലമായ ഒരു മീറ്റിംഗ്‌ വിളിച്ചുകൂട്ടുവാനും തീരുമാനിച്ചു. പ്രസിഡന്റ്‌ ബേബി ഊരാളിയും, എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയും നടപ്പില്‍വരുത്തിക്കൊണ്ടിരിക്കുന്ന ഫോമയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സമ്മേളനം സമ്പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.
2014-ലെ ഫോമാ കണ്‍വെന്‍ഷന്‌ ഫിലാഡല്‍ഫിയ തയാറെടുക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക