Image

സ്വപ്‌നഭൂമിക (നോവല്‍: 26 - മുരളി ജെ നായര്‍)

മുരളി ജെ നായര്‍ Published on 23 May, 2015
സ്വപ്‌നഭൂമിക (നോവല്‍: 26 - മുരളി ജെ നായര്‍)
ഇരുപത്തിയാറ്
ഇപ്പോള്‍ താഴെ നിന്നു ശബ്ദമൊന്നും കേള്‍ക്കുന്നില്ല. ഡാഡി പോയിരിക്കും. എന്തൊരു വഴക്കായിരുന്നു ഡാഡിയും മമ്മിയും കൂടി!
എന്തായിരുന്നു കാരണമെന്ന് മനസിലായിട്ടില്ല.
താന്‍ കുളിക്കാന്‍ കയറുന്നതിനു മുമ്പു തന്നെ ഡാഡിയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടിരുന്നു. എന്തോ പന്തികേടുണ്ടെന്നു തോന്നി. കുളികഴിഞ്ഞ് ബെഡ്‌റൂമിലേക്കു നടക്കവേ വീണ്ടും കേട്ടു ഡാഡിയുടെ ആക്രോശം.
'നിനക്കു തോന്നിയ പോലൊക്കെ നീയും ചെയ്യ്. നീയായിട്ടെന്തിനാ കുറയ്ക്കുന്നത്?'
മമ്മിയുടെ മറുപടിയൊന്നും കേട്ടില്ല.
തന്റെയും വിനോദിന്റെയും പ്രശ്‌നമായിരിക്കാനാണു സാദ്ധ്യത. അല്ലെങ്കില്‍ തന്റെ മാത്രം പ്രശ്‌നമായിരിക്കും. സന്ധ്യ കണ്ണാടിയില്‍ കണ്ട പ്രതിരൂപത്തെ നോക്കി പുഞ്ചിരിച്ചു.
എന്തായിരിക്കാം ഇന്നത്തെ വഴക്കിനു കാരണം?
പണത്തെച്ചൊല്ലി രണ്ടുപേരും കൂടി വഴക്കടിക്കുന്നത് ഒത്തിരി കണ്ടിട്ടുണ്ട്. മമ്മി പാടുപെട്ടുണ്ടാക്കുന്ന പണം ഡാഡി ഓരോ ബിസിനസ് പരിപാടി വഴി ഇല്ലാതാക്കുന്നതിനെപ്പറ്റി മമ്മിക്ക് വളരെ എതിര്‍പ്പുണ്ട്. ഇതേപ്പറ്റി തന്നോടും അനിലിനോടും മമ്മി സംസാരിക്കുമായിരുന്നു.
മുതിര്‍ന്ന തലമുറയിലെ മലയാളികള്‍ക്ക് പണത്തോടുള്ള മനോഭാവം വളരെ വിചിത്രമായിത്തോന്നിയിട്ടുണ്ട്. ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ വേണ്ടി നാം ഉണ്ടാക്കുന്നതല്ലേ പണം? അതു നമ്മെ ഭരിക്കാന്‍ തുടങ്ങിയാലോ?
നല്ലൊരു നാളെയെക്കരുതി പണം മിച്ചം വയ്ക്കുന്നതു മനസിലാക്കാം. എന്നാല്‍ അമിതമായി സമ്പാദിക്കാനുള്ള ഈ ആഗ്രഹമോ?
താനും കൂട്ടുകാരും ചേര്‍ന്ന് ചര്‍ച്ചചെയ്യാറുള്ള വിഷയം. മലയാളികളുടെ എന്റര്‍ടെയിന്‍മെന്റ് സങ്കല്പവും അമേരിക്കക്കാരുടെ സങ്കല്പവും തമ്മില്‍ എന്ത് അന്തരം! ഒരു സിനിമയ്‌ക്കോ നാടകത്തിനോ പുറത്തുനിന്ന് ആഹാരം കഴിക്കാനോ ഒരിക്കലും പോയിട്ടില്ലാത്ത മലയാളികള്‍ എത്ര! ഈയിടെ ഒരു സുഹൃത്ത് പറയുന്നതു കേട്ടു. ഇരുപതു വര്‍ഷം അമേരിക്കയില്‍ക്കഴിഞ്ഞ്, ബുദ്ധിജീവിയെന്നും സ്വയം അഭിമാനിക്കുന്ന ഒരു മല്യാളിയെപ്പറ്റി. അമേരിക്കന്‍ റെസ്റ്റോറന്റില്‍ ചെന്നിട്ട് മെനുവില്‍ നിന്ന് എന്തൊക്കെയാണ് ഓര്‍ഡര്‍ ചെയ്യേണ്ടതെന്നു പോലും പുള്ളിക്കാരന് അറിയില്ലായിരുന്നത്രെ!
സന്ധ്യ ഡ്രസ് ചെയ്ത് താഴത്തെ നിലയിലേക്കിറങ്ങി വന്നു.
മമ്മി സോഫയില്‍ പത്രവും മറിച്ചു നോക്കി ഇരിപ്പാണ്.
ഇരിപ്പു കണ്ടാലറിയാം, പത്രത്തിലൊന്നുമല്ല ശ്രദ്ധ, മനസ് വേറെ എങ്ങോ ആണ്.
സഹതാപം തോന്നി.
അടുത്തു ചെന്നിരുന്ന് മമ്മിയുടെ തോളിലൂടെ കൈയിട്ടു.
' മാറിയിരി പെണ്ണേ.' മമ്മി കയര്‍ത്തു, പുഞ്ചിരിയോടെ, 'കൊഞ്ചല്‍ കൊറെ കൂടുന്നുണ്ട്.'
'ഞാനെന്തു ചെയ്തു മമ്മി?'
'ഒന്നും ചെയ്തില്ല, ചെയ്യുകയും വേണ്ട,' മമ്മി ശകരാരിക്കുന്നതായി നടിച്ചുകൊണ്ടു പറഞ്ഞു. അവനവന്റെ കാര്യം നോക്കിയങ്ങു കഴിഞ്ഞാല്‍ മതി.
'എന്തായിരുന്നു ഇന്നത്തെ പ്രശ്‌നം?' വിഷയം മാറ്റിക്കൊണ്ടു ചോദിച്ചു. ബഹളം കേട്ടല്ലോ?'
മമ്മി ഒരു നിമിഷം തറപ്പിച്ചു നോക്കി.
'അതോ,' മമ്മി ഒന്നു നിര്‍ത്തി, 'ഞങ്ങള്‍ നിങ്ങളുടെ കാര്യം സംസാരിക്കുകയായിരുന്നു.'
'റിയലീ! ഞങ്ങളുടെ കാര്യം സംസാരിക്കുന്നത് ഇത്ര ബഹളം വച്ചു വേണോ?'
തന്റെ പൊട്ടിച്ചിരി മമ്മിയെ ചൊടിപ്പിച്ചെന്നു തോന്നുന്നു.
'സന്ധ്യേ.'
മമ്മിയുടെ പെട്ടെന്നുള്ള ഭാവമാറ്റം ശ്രദ്ധിച്ചു. കരയാന്‍ പോവുകയാണോ? ഓ, നോ!
'മോളേ മമ്മി ഇനി എത്രനാള്‍ ഇങ്ങനെ തീ തിന്നണം?'
അന്തം വിട്ടുപോയി. എന്താ മമ്മി ഇപ്പറയുന്നത്?
'വാട്ട് ഹാപ്പന്‍ഡ്?'
'ഒന്നും സംഭവിച്ചില്ല അല്ലേ? വിനോദിനുവേണ്ടി വാങ്ങിച്ച കടയെച്ചൊല്ലിയായിരുന്നു ഇന്നത്തെ പോര്.'
'കടയ്‌ക്കെന്തു പറ്റി? വേറെ ആളെവച്ച് ഇപ്പഴും നടക്കുന്നുണ്ടല്ലോ?'
'അതുപോരാ നിന്റെ ഡാഡിക്ക്,'
മമ്മി അല്പനേരത്തേക്ക് മൂകയായി. സ്വന്തമായി ഒരു ബിസിനസ് എംപയര്‍ ഉണ്ടാക്കാന്‍ നോക്കുകയല്ലാരുന്നോ?
'എന്താ ഡാഡി അങ്ങനെയൊക്കെ പ്ലാന്‍ ചെയ്യുന്നത്? സ്വന്തം ജീവിതം പ്ലാന്‍ ചെയ്താല്‍ പോരേ? ഞങ്ങളയെങ്കിലും വെറുതെ വിട്ടുകൂടെ?'
'നിനക്കതൊന്നും പറഞ്ഞാല്‍ മനസിലാവില്ല മോളെ,' മമ്മി കണ്ണു തുടച്ചു, കാശില്ലാത്തതിന്റെ വിഷമം നീ അറിഞ്ഞിട്ടില്ല.'
പണ്ടു പല തവണ കേട്ടിട്ടുള്ള വാക്കുകള്‍. ഇനി ഇതു തുടരാന്‍ അനുവദിച്ചുകൂടാ.
'മമ്മിക്ക്  എപ്പഴാ ഇന്നു ഡ്യൂട്ടി?'
'ഈവനിങ്ങാ,' മമ്മി വാച്ചില്‍ നോക്കി.
'അതു കഴിഞ്ഞ്  നൈറ്റും ചെയ്താലോ എന്നാലിചിക്കുകയാ.'
ഡാഡിയില്‍ നിന്നു രക്ഷനേടാന്‍ മമ്മി കാണുന്ന ഉപായം.
'വിനോദിനെ പിക്കു ചെയ്യാന്‍ പോകണ്ടേ?' മമ്മിയുടെ ചോദ്യം.
പോകണം. മൂന്നുമണി കഴിഞ്ഞ് ഇവിടെ നിന്നു പോയാല്‍ മതി. അപ്പോഴേക്കേ ഫ്രീ ആകുകയുള്ളൂവെന്നു പറഞ്ഞു.
'ഇപ്പഴത്തെ ജോലിയെപ്പറ്റി കംപ്ലയിന്റൊന്നും പറഞ്ഞില്ലല്ലോ.'
'ഇല്ല. വളരെ എന്‍ജോയബ്ള്‍ ആണെന്നാ പറഞ്ഞത്, മോട്ടലിന്റെ ഉടമസ്ഥര്‍ നല്ല ആളുകളാണത്രെ.'
'എവിടെയെങ്കിലുമൊന്ന് ഉറച്ചുനിന്നു കിട്ടിയാല്‍ മതിയായിരുന്നു.' മമ്മി പറഞ്ഞു.
'നൗ ഹീ സീംസ് റ്റൂ ബി ഹാപ്പി.'
'ഇപ്പോള്‍ നിന്നോടു ദേഷ്യപ്പെടാറൊന്നും ഇല്ലല്ലോ?' മമ്മി തന്റെ കണ്ണുകളിലേക്കുറ്റു നോക്കി.
ഒരു നിമിഷം ആലോചിച്ചു. എന്തു പറയണം?
'ഏയ്, ഇല്ല,' സന്തോഷം നടിച്ചു കൊണ്ടു പറഞ്ഞു. 'ഹീ ഈസ് ഫൈന്‍.'
കഴിഞ്ഞ ഒന്നു രണ്ടു ദിവസമായുള്ള ഭാവമാറ്റം മമ്മിയോട് എങ്ങനെ പറയും? അന്നു വിനു തന്റെ നേരെ കൈയോങ്ങിയ വിവരം പറഞ്ഞതു തന്നെ അബദ്ധമായെന്നു തോന്നിയിരുന്നു.
ഇനി മമ്മിയെ കരയിക്കാന്‍ വയ്യ!
'ഇനി നിങ്ങളായി, നിങ്ങളുടെ പാടായി.' മമ്മി പറഞ്ഞു.
'ബാക്കിയൊള്ളോരും കൊറേക്കാലം സൈ്വര്യമായൊന്നു കഴിയട്ടെ.'
'എന്താ മമ്മീ, എന്തുണ്ടായി?'
'എത്ര പാടുപെട്ടാ ഇത്രയൊക്കെ ആക്കിയെടുത്തതെന്നറിയാമോ മോള്‍ക്ക്?'
പലപ്രാവശ്യം കേട്ടിട്ടുള്ള ചോദ്യം. മറുപടി പറയാന്‍ പ്രയാസമുള്ള പ്രശ്‌നം. 'എന്റെ ത്യാഗത്തിനു കൂലി താ' എന്ന മട്ടിലുള്ള യാചനയുടെ ശബ്ദം!
മലയാളികള്‍ക്കാകെയുള്ള സ്വഭാവമാണെന്നു തോന്നുന്നു മക്കള്‍ക്കുവേണ്ടി കഷ്ടപ്പെട്ട കണക്കുപറയുക! അമേരിക്കയില്‍ വരുന്നതിനു മുമ്പ് കേരളത്തിലും വടക്കേ ഇന്ത്യയിലുമൊക്കെ കഷ്ടപ്പെട്ടതിന്റെ കണക്കു വേറെയും. അമേരിക്കയില്‍ പണത്തിനുവേണ്ടിയുള്ള പരക്കം പാച്ചിലിനെ സാധൂകരിക്കുന്ന കണക്കുകള്‍!
പക്ഷേ ഇവരൊക്കെ ആര്‍ക്കുവേണ്ടിയാണു സമ്പാദിക്കുന്നതെന്ന കാര്യം തന്നെ മറന്നുപോകുന്നതുപോലെ!
മക്കളുടെ വിവാഹം കഴിഞ്ഞശേഷവും സമ്പാദിച്ചു കൂട്ടിക്കൊണ്ടേയിരിക്കുന്ന എത്രയോ മാതാപിതാക്കള്‍! കഷ്ടം!
മമ്മി എഴുന്നേറ്റു.
'മണി രണ്ടു കഴിഞ്ഞു.'
മമ്മി മുകളിലേക്കുള്ള പടികള്‍ കയറുന്നതു നോക്കിയിരുന്നു. മുഖത്ത് നിസ്സംഗത വരുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മനസില്‍ എന്തോ എരിഞ്ഞുകൊണ്ടിരിക്കുന്നു എന്നതു സ്പഷ്ടം.
തന്റെ പ്രശ്‌നങ്ങളെപ്പറ്റി ആരോടാണ് ഒന്നു സംസാരിക്കുക? മമ്മിയോടു പറ്റില്ല. ഇനിയും ആ കരഞ്ഞു വീര്‍ത്ത മുഖം കാണാന്‍ വയ്യ!
കഴിഞ്ഞ കുറേ ദിവസങ്ങളായി വിനുവിന്റെ സ്വഭാവത്തില്‍ പ്രകടമായ മാറ്റം കാണുന്നുണ്ട്. അതോ തോന്നലാണോ?
എന്തൊക്കെയോ മനസിലായ മട്ടു കാണുന്നുണ്ട്. ജോബിയുമായാണ് പ്രധാന കൂട്ടുകെട്ട് എന്നതു തന്നെ അങ്കലാപ്പുണ്ടാക്കുന്ന കാര്യമാണ്.
ഈയിടെയായി മദ്യപാനവും കൂടുന്നുണ്ട്. ഇന്ത്യാക്കാര്‍ക്ക്, വിശേഷിച്ചും കേരളീയര്‍ക്ക് മദ്യത്തോട് എന്ത് ആസക്തിയാണ്‍
'മലയാളികള്‍ പുരുഷത്വം പ്രകടിപ്പിക്കാനുള്ള ഉപാധിയായിട്ടാണ് മദ്യത്തെ കാണുന്നത്,' ഒരിക്കല്‍ സുഹൃത്ത് സില്‍വിയ പറഞ്ഞ വാക്കുകള്‍, 'അതുപോലെ തന്നെ സിഗററ്റുവലിയും മീശവയ്ക്കലും.'
വിചിത്രമായ തമാശ തന്നെ.
വിനുവിന് എന്തായാലും പുകവലി ഇല്ലല്ലോ, അത്രയും ആശ്വാസം.
ഇന്നലെ വൈകീട്ടത്തെ സംഭവം ഒരു ഷോക്കായിരുന്നു. എട്ടു മണിക്കു ശേഷമായിരുന്നു വിനു വീട്ടിലെത്തിയത്. നല്ലവണ്ണം കുടിച്ചിരുന്നു. ഡ്രസ് മാറാന്‍ കിടപ്പുമുറിയിലേക്കു പോയ വിനുവിനെ താനും പിന്തുടര്‍ന്നു.
'എന്താ വിനു ഇത്?'
വളരെ സൗമ്യമായിട്ടാണ് ചോദിച്ചത്.
'ഏത്?' പരുഷമായിരുന്നു മറുചോദ്യം.
'ഈ കുടി?'
'എന്താ കുടിച്ചാല്‍?'
'വിനു' അടുത്തുചെന്ന് ചേര്‍ന്നു നിന്നു.
'ഉം?'
ചുമലില്‍ കൈവയ്ക്കാനാഞ്ഞു.
'ഛി!' പെട്ടെന്നായിരുന്നു പ്രതികരണം. കൈ തട്ടിമാറ്റി.
'എന്റടുത്ത് ഈ നാടകമൊന്നും വേണ്ട, കേട്ടോ?'
'നാടകമോ? എന്താ വിനു ഈ പറേന്നത്?'
'ലുക്ക്, ഞാനൊരു വിഡ്ഡിയാണെന്ന് ആരും കരുതണ്ട.'
വിനു ദേഷ്യത്തില്‍ ഷര്‍ട്ട് ഊരി മൂലയിലേക്കെറിഞ്ഞു.
'എല്ലാവരുടേയും കളി എനിക്കു മനസിലാകുന്നുണ്ട്. എത്രത്തോളം പോകുമെന്നു നോക്കട്ടെ.'
'എന്താ വിനു ഇത്, എന്തുണ്ടായി?'
'അതു തന്നെയാ ഞാനും ചോദിക്കുന്നത്,' വിനുവിന്റെ സ്വരത്തിനു മൂര്‍ച്ചയേറി, നിന്നോടു മാത്രമല്ല, നിന്റപ്പനോടും അമ്മയോടും. എന്തൊക്കയാ ഉണ്ടായതെന്ന് ആരെങ്കിലുമൊന്നു തെളിച്ചു പറ.'
തളര്‍ന്നുപോയി. ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞുകൊടുത്ത മട്ടുണ്ട്.
വിനു ബാത്‌റൂമിലേക്കു കയറി കതകു ശക്തിയായി വലിച്ചടച്ചു. ആകെ ക്ഷോഭിച്ചിരിക്കയാണ്.
എന്തുകൊണ്ടോ പിന്നീട് അതേപറ്റിയൊന്നും വിനു പറഞ്ഞതേയില്ല. അതു കൂടുതല്‍ അങ്കലാപ്പു സൃഷ്ടിച്ചു. എന്തായിരിക്കാം ഈ മനുഷ്യന്റെ മനസില്‍.
ഇതൊക്കെ ആരൊടെങ്കിലും ഒന്നു സംസാരിച്ചാല്‍ കൊള്ളാമെന്നു തോന്നിയിരുന്നു. ആരോടു സംസാരിക്കും?
മമ്മി താഴേക്കിറങ്ങി വന്നു. ജോലിക്കു പോകാന്‍ തയ്യാറായി വന്നിരിക്കയാണ്.
'സീ യു, മോളേ.'
'സീ യൂ.'
മമ്മി കതകു തുറന്ന് ഇറങ്ങിപ്പോകുന്നതു നോക്കിയിരുന്നു.
പാവം മമ്മി! എത്രമാത്രം കണ്ണീരൊഴുക്കിയിരിക്കുന്നു. എല്ലാം താന്‍ കാരണം. പിന്നെ ഡാഡിയുടെ പ്രത്യേക സ്വഭാവം കാരണവും.
തന്റെ ജീവിതത്തിലെങ്കിലും അതൊന്നും സംഭവിക്കാന്‍ പാടില്ല. വിനുവുമായി എങ്ങനെയെങ്കിലും പൊരുത്തപ്പെട്ടു പോയേ പറ്റൂ. എങ്ങനെയാണ് ആ മനുഷ്യനെ ഒന്നു പൊരുത്തപ്പെടിത്തിയെടുക്കുക? ഇപ്പോഴിതാ പുതിയ പ്രശ്‌നങ്ങളും!
വാച്ചില്‍ നോക്കി,
മൂന്നുമണിക്കിറങ്ങണം, വിനുവിനെ പിക്ക് ചെയ്യാന്‍.
വൈകുന്നേരം ജോബിയുമൊത്ത് പുറത്തു പോകാനുള്ള അവസരം ഉണ്ടാക്കരുത്.
സിനിമയ്ക്കു പോയാലൊ? മുമ്പ് ഒന്നു രണ്ടു തവണ പറഞ്ഞപ്പോള്‍ വിനു ഒഴിഞ്ഞു മാറിയതാണ്. നാട്ടില്‍ വച്ച് സിനിമ ഹരമായി കൊണ്ടു നടന്നിരുന്ന ആളാണ്. തന്റെ കൂടെ ഇംഗ്ലീഷ് സിനിമയ്ക്കു വന്നിട്ട്, ഡയലോഗൊന്നും മനസിലാകാതെ 'ചമ്മി'പ്പോകുക എന്ന പേടിയായിരിക്കും! അമേരിക്കന്‍ ഉച്ചാരണം മുഴുവന്‍ മനസിലാകുന്നില്ല എന്ന അത്ര പെട്ടെന്നെങ്ങനെ സമ്മതിച്ചു കൊടുക്കും?
അറിയാതെ ചിരിച്ചുപോയി.
വീടുപൂട്ടി പുറത്തേക്കിറങ്ങുമ്പോഴും വൈകുന്നേരത്തെപ്പറ്റിയുള്ള പ്ലാനിങ്ങായിരുന്നു മനസില്‍.
ഒരു സിനിമയ്ക്കു പൊയ്ക്കളയാം. വിനുവിനെക്കൊണ്ട് എങ്ങനെയെങ്കിലും സമ്മതിപ്പിച്ചെടുക്കണം. അതുകഴിഞ്ഞ് ഡിന്നര്‍ പുറത്തു നിന്നു കഴിക്കാം.
മനസു വീണ്ടും സന്തോഷിക്കാന്‍ തുടങ്ങി. താനായിട്ട് ഇനി പുതിയ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കുകയില്ല. തീര്‍ച്ച.
മോട്ടലിലെത്തി, കൗണ്ടറില്‍ ദൊരൈസ്വാമിയാണ്. മുമ്പൊരിക്കല്‍ കണ്ടിട്ടുണ്ട്.
'ഹലോ, സന്ധ്യ.' പുഞ്ചിരിയോടെ അഭിവാദ്യം ചെയ്തു.
'ഹലോ.'
'വിനു കുറച്ചു മുമ്പ് ഇവിടെയുണ്ടായിരുന്നു.' ദൊരൈസ്വാമി തെല്ലിട നിര്‍ത്തി, 'ചിലപ്പോള്‍ മുകളില്‍ക്കാണും, മിസിസ് പട്ടേലുമായി സംസാരിച്ചുകൊണ്ടു പോകുന്നതു കണ്ടു. അവരുടെ മുറിയിലേക്കായിരിക്കും പോയത്.'
'എത്രയാ നമ്പര്‍?'
'പതിനാറ്.'
സ്റ്റെയഴ്‌സിനു നേരെ നടന്നു.
മുറിയുടെ വാതില്‍ അടഞ്ഞു കിടന്നു.
പതുക്കെ വാതിലില്‍ മുട്ടി.
മറുപടി കിട്ടാഞ്ഞപ്പോള്‍ വീണ്ടും മുട്ടി. വാതിലിനപ്പുറത്ത് അനക്കം കേട്ടു. ചെയിന്‍ ഇട്ട് വാതില്‍ തുറക്കുന്ന ശബ്ദം. അല്പം തുറന്ന വാതിലിനിടയിലൂടെ മിസിസ് പട്ടേലിന്റെ മുഖം. പെട്ടെന്നുള്ള ഭാവമാറ്റം ശ്രദ്ധിച്ചു.
'ഹലോ സന്ധ്യാ.'
ചെയിന്‍ എടുത്ത് വാതില്‍ മുഴുവന്‍ തുറന്നു. എന്തോ പന്തികേടു പോലെ അവര്‍ പെട്ടെന്ന് ചുററും കണ്ണോടിച്ചു. മുടി അഴിഞ്ഞുലഞ്ഞു കിടക്കുന്നു.
'വിനു.'
'യെസ്, ഹീ ഈസ് ഹിയര്‍.' മിസിസ് പട്ടേല്‍ ചിരിക്കാന്‍ ശ്രമിച്ചു. 'ബാത്‌റൂമിലാണ്.'
മൈ ഗോഡ്! എന്തൊക്കെയാണിത്?
'പ്ലീസ് സിറ്റ് ഡൗണ്‍.' മിസിസ് പട്ടേല്‍ പറഞ്ഞു.
പ്രജ്ഞേയറ്റ് കസേരയിലേക്കിരുന്നു.


സ്വപ്‌നഭൂമിക (നോവല്‍: 26 - മുരളി ജെ നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക