Image

ഈ പിഞ്ചോമനകള്‍ കാത്തിരിക്കുന്നു; ജീവിക്കാന്‍ സഹായത്തിനായി

Published on 25 October, 2013
ഈ പിഞ്ചോമനകള്‍ കാത്തിരിക്കുന്നു; ജീവിക്കാന്‍ സഹായത്തിനായി
കണ്ണൂര്‍: കൈപിടിച്ച് കൂടെനടന്ന അച്ഛനെ നഷ്ടപ്പെട്ട ദുഃഖം ഈ കുരുന്നുകള്‍ക്ക് ഇനിയും മാറിയിട്ടില്ല. ഒപ്പം ശരീരമാകെ നുറുങ്ങുന്ന വേദനയും. സമപ്രായക്കാര്‍ ഓടിക്കളിക്കുമ്പോള്‍ ഇവര്‍ക്ക് നോക്കിനില്‍ക്കാനേ കഴിയൂ. ശരീരവും മനസ്സും തളര്‍ത്തുന്ന വേദന കടിച്ചമര്‍ത്തി.
കല്ല്യാശ്ശേരി കണ്ണപുരത്തെ ഏലിയന്‍ മനോജിന്റെ മക്കള്‍ സന്‍ജോഗും സായൂജുമാണ് 'മസ്‌കുലാര്‍ ഡിസ്‌ട്രോഫി' എന്ന അപൂര്‍വരോഗംബാധിച്ച് ദുരിതമനുഭവിക്കുന്നത്. കുട്ടികള്‍ വളരുന്നമുറയ്ക്ക് അവരുടെ ജീവനുതന്നെ ഭീഷണിയാവുന്നതരത്തില്‍ പേശികളും വളരുന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. ഇരിണാവ് ഹിന്ദു എല്‍.പി. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് സായൂജ്. സന്‍ജോഗ് മൂന്നാം ക്ലാസിലും. രണ്ടാഴ്ച മുമ്പാണ് കെട്ടിടനിര്‍മാണത്തൊഴിലാളിയായിരുന്ന മനോജ് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സണ്‍ഷേഡ് തകര്‍ന്നുവീണ് മരിച്ചത്.
കുടുംബത്തിന്റെ താങ്ങായിരുന്ന അച്ഛന്‍ മരിച്ചതോടെ കുട്ടികളുടെ തുടര്‍ചികിത്സ മുടങ്ങി. ചികിത്സയ്ക്കും കുടുംബത്തിന്റെ നിത്യചെലവിനുമുള്ള പണം കണ്ടെത്താനാവാതെ കഷ്ടപ്പെടുകയാണ് മനോജിന്റെ ഭാര്യ സ്മിതയും പ്രായമായ അമ്മയുമടങ്ങുന്ന കുടുംബം. മനോജിന്റെ പെങ്ങളുടെ വീട്ടിലാണ് സ്മിതയും മക്കളും ഇപ്പോള്‍ താമസിക്കുന്നത്. മനോജിന്റെ വീടിന്റെ പണി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പുതിയ വീടിനായി തറകെട്ടിയിരുന്നു. എന്നാല്‍ മനോജിന്റെ മരണത്തോടെ വീടുപണിയും നിലച്ചു.
കുട്ടികള്‍ക്കുവേണ്ട ചികിത്സാസഹായം കണ്ടെത്തുന്നതിനായി കല്ല്യാശ്ശേരി മണ്ഡലം എം.എല്‍.എ. ടി.വി.രാജേഷ് രക്ഷാധികാരിയും പഞ്ചായത്ത് പ്രസിഡന്റ് കെ.ഗോവിന്ദന്‍ ചെയര്‍മാനും പി.രമേശന്‍ കണ്‍വീനറുമായി സഹായകമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഇരിണാവ് സര്‍വീസ് സഹകരണബാങ്കിന്റെ പയ്യട്ടം ശാഖയിലെ 4530 നമ്പര്‍ എസ്.ബി. അക്കൗണ്ടിലേക്കോ ചെയര്‍മാന്‍, സന്‍ജോഗ്-സായൂജ് ചികിത്സാസഹായകമ്മിറ്റി, കെ.കണ്ണപുരം, പി.ഒ. ഇരിണാവ്. എന്ന വിലാസത്തിലോ സഹായം അയക്കാം. ഫോണ്‍: 9846658798, 9895508114.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക