Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് തോമസ് Published on 22 January, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

നടിയെ ആക്രമിച്ച കേസുമായി  ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിനെ  ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി ഉത്തരവ്. ഇടക്കാല ഉത്തരവിലാണ് ഹൈക്കോടതിയിലെ ജസ്റ്റിസ് പി ഗോപിനാഥ് ചോദ്യം ചെയ്യാമെന്ന് വ്യക്തമാക്കിയത്. ഈ മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. 27-ന് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്നും പ്രോസിക്യൂഷനോട് ഹൈക്കോടതി നിര്‍ദേശിച്ചു. 
*********************
മുംബൈയില്‍ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ച് ഏഴ് പേര്‍ മരിച്ചു. 16 പേര്‍ പരിക്കുകളോടെ ചികിത്സയിലാണ്. മുംബൈയിലെ ഭാട്ടിയ ആശുപത്രിക്ക് സമീപമുള്ള കമലാഹൈറ്റ്‌സ് എന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. 
രാവിലെ 7 മണിയോടെയാണ് കെട്ടിടത്തിന്റെ 18ാം നിലയില്‍ തീ പടര്‍ന്നത്. തീയും പുകയും വേഗത്തില്‍ പടര്‍ന്നതോടെ മുകള്‍ നിലയിലുള്ളവരും കുടുങ്ങി. 13 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി മൂന്ന് മണിക്കൂറിലേറെ പണിപ്പെട്ടാണ് തീയണച്ചത്. 
************************
പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന് നിയമോപദേശം. നിയമോപദേശം കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ബാബു ആണ് നിയമോപദേശം നല്‍കിയത്. കന്യാസ്ത്രീക്ക് വേണ്ടി അഭിഭാഷകന്‍ ജോണ്‍ എസ്.റാഫും അപ്പീല്‍ നല്‍കും.
*******************
സംസ്ഥാനത്ത് ഞായറാഴ്ച ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ സമാനനിയന്ത്രണങ്ങള്‍ ശനിയാഴ്ച അര്‍ധരാത്രി നിലവില്‍ വരും. രാത്രി 12 മുതല്‍ ഞായറാഴ്ച അര്‍ധരാത്രി വരെയാണ് കേരളം വീണ്ടും അടച്ചിടുന്നത്. കര്‍ശന നിയന്ത്രണം നടപ്പാക്കാന്‍ വഴിനീളെ പരിശോധനയുമായി പൊലീസ് ഇറങ്ങും. ലംഘിക്കുന്നവര്‍ക്കെതിരെ കേസും പിഴയുമുണ്ടാവും.
***************
കൊവിഡ്  പടരുന്നതിനിടെ സിപിഎം ജില്ലാ സമ്മേളനങ്ങള്‍ നടത്തുന്നതിനെ ഹൈക്കോടതി വിമര്‍ശിച്ചതിന് പിന്നാലെ ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനം  മാറ്റി. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്നും പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ അറിയിച്ചു. 
*************
ഉത്തര്‍പ്രദേശില്‍ കോണ്‍ഗസ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി താനായിരിക്കില്ലെന്ന് പ്രിയങ്കാ ഗാന്ധി. സമാജ്വാദി പാര്‍ട്ടിക്കെതിരെയും പ്രിയങ്കാ ഗാന്ധി വിമര്‍ശനമുന്നയിച്ചു. സമാജ് വാദി പാര്‍ട്ടിയുടേതും ബിജെപിയുടേതും ഒരേ രാഷ്ട്രീയമെന്നാണ് പ്രിയങ്കയുടെ വിമര്‍ശനം. ഒരേതരം രാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കളാണ് ഇരു പാര്‍ട്ടികളുമെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.
*************************
കൊവിഡിന്റെ മൂന്നാം തരംഗം നേരിടുന്നതില്‍ സംസ്ഥാനത്തെ ആരോഗ്യവകുപ്പ് പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആരോഗ്യവകുപ്പ് നിശ്ചലമാണ്. രണ്ടു മാസം മുന്‍പ് കിട്ടിയ മുന്നറിയിപ്പ് പോലും സംസ്ഥാന സര്‍ക്കാര്‍ കണക്കിലെടുത്തില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. മൂന്നാം തരംഗത്തില്‍ സ്വകാര്യ ആശുപത്രികളാണ് ജനത്തിന് ആശ്രയമാകുന്നത്. പാവപ്പെട്ടവര്‍ക്ക് ഒരു സൗകര്യവുമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
************************
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് പടര്‍ന്നു പിടിക്കുന്നു. ഇവിടുത്തെ 239 തടവുകാര്‍ക്ക് ഇതിനോടകം രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി തടവുകാര്‍ക്കിടയില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തിയിരുന്നു. രോഗം സ്ഥിരീകരിച്ചവരെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി. ഗുരുതര രോഗികളെ ആശുപത്രിയിലേക്കും മാറ്റി.

Join WhatsApp News
മയക്കുമരുന്ന് 2022-01-22 12:10:05
*മയക്കുമരുന്നുമായി തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ പോലിസ് പിടിയിൽ, മെഡിക്കൽ കോളേജിലെ 15 ഡോക്ടർമാർ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന് മൊഴി*
മയക്കുമരുന്നു ഡോക്ടർ 2022-01-22 12:16:37
ഇന്ന് മെഡിക്കൽ കോളെജ് പോലീസ് മയക്കുമരുന്നും ആയി അറസ്റ്റ് ചെയ്ത ഡോക്ടറുടെ വീഡീയോ പത്രക്കാർ ഇട്ടു . അതില്ലെ മനുഷ്യവകാശം ചോദ്യം ചെയ്തു വന്നിരിക്കുന്നത് ഒരു ഡോക്ടർ ആണ് . പുഷ്പഗിരിയില്ലെ ഡോക്ടർ ആണ് . പോലീസും നിയമ സംവീധാനവും ഈ നാട്ടില്ലെ യുവ ജനങ്ങളെ ലഹരിയിൽ നിന്ന് കര കയറ്റാൻ പല പദ്ധതികളും നടപ്പിലാക്കുംമ്പോൾ ഇവിടെ മയക്കുമരുന്നു വിൽപ്പന നടത്തിയ ഡോക്ടർക്ക് വേണ്ടി ഐക്യ ധാർഡ്യം പ്രഖ്യാപിക്കുന്ന ഡോക്ടർമാരെ കാണുംമ്പോൾ പേടി തോന്നുന്നു. ഇവരുടെ അടുത്തേക്കാണ് നാം ചികൽസയ്ക്ക് പോകേണ്ടത് എന്ന് ഓർക്കുംമ്പോൾ ആണ് ഭയം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക