സിപിഎം സമ്മേളനങ്ങള്‍ക്കെതിരായ ഹൈക്കോടതി പരാമര്‍ശത്തിന് പിന്നാലെ സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി വെച്ചു. പുതിയ തീയ്യതി കോവിഡ് സാഹചര്യം അനുസരിച്ച് തീരുമാനിക്കുമെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി.നിലവിലെ ജില്ലാ സെക്രട്ടറി ആര്‍ നാസറാണ് ഇക്കാര്യം അറിയിച്ചത്.
ഈ മാസം 28 മുതല്‍ 30 വരെയായിരുന്നു ആലപ്പുഴ ജില്ലാ സമ്മേളനം നടക്കാനിരുന്നത്. ആലപ്പുഴ സമ്മേളനത്തില്‍ ക്രമീകരണങ്ങള്‍ ഉണ്ടാവുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ തന്നെ അറിയിച്ചിരുന്നു. വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ സിപിഐഎം തൃശൂര്‍, കാസര്‍കോട് ജില്ലാ സമ്മേളനങ്ങള്‍ രണ്ട് ദിവസമാക്കി വെട്ടിക്കുറച്ചിരുന്നു. കൊവിഡ് സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഞായറാഴ്ച ലോക്ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലായിരുന്നു തീരുമാനം.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ 50 പേരില്‍ കൂടുതലുള്ള പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനത്തിന് എന്താണ് ഇത്ര പ്രത്യേകത എന്നും കോടതി ചോദിച്ചു. നിലവിലെ മാനദണ്ഡം യുക്തിസാഹം ആണോയെന്നും നിയന്ത്രണങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്നും കോടതി വ്യക്തമാക്കിരുന്നു.